27 Apr 2013

കമ്മ്യൂണിസ്റ്റ്


ഷഫീക്  എസ്. കെ 



കുഞ്ഞുകുട്ടന്‍റെ
അഞ്ചാം പിറന്നാളിനാണ്
കൊച്ചമ്മിണി കുട്ടനാട്ടിലെ-
യൊരുകുടില്‍ ജനിച്ചത്‌
ഇരുവരുടെയും ദൈവങ്ങള്‍
താഴ്ന്ന ജാതിക്കാരായി

ചേറിന്റെ മണമുള്ള
താരാട്ടും കള്ളിന്റെ-
മണമുള്ള കൊഞ്ചലും
കൊച്ചമ്മിണിക്ക് കുളിരേകി

പാട്ടുപാടും പുഴയും
നൃത്തം വെക്കും പാടവും
കൂട്ടുകൂടാനെത്തി ..

രാത്രി കൊച്ചമ്മിണിക്ക്
ഭയമാണ്
ഉടമകളായ ചില
ചെന്നായ്ക്കള്‍
അമ്മക്ക് ചുറ്റും
കലപിലകൂട്ടി
കടിച്ചുകീറും
അച്ഛന്‍ അടിമയാണ് ..

ഋതുക്കള്‍ മാറി വന്നു
അധരം തുടുത്തു
കൊച്ചമ്മിണിക്ക്
മുലകള്‍വന്നു ....

ഇടവം കഴിഞ്ഞുള്ള
നിലാവില്‍
കൊച്ചമ്മിണി നിലവിളിച്ചു
നിലാവ് മുഖം പൊത്തി
കണ്ണടച്ചു പുഴയും പാടവും

ചെന്നായ്ക്കള്‍ക്ക്
വിളക്ക് കാണിച്ച അടിമ
കുഞ്ഞുട്ടന്‍റെ കണ്ണില്‍
അണയാത്ത അഗ്നി
കൊച്ചമ്മിണിപിന്നെ
പുറത്തിറങ്ങിയില്ല

കൊച്ചമ്മിണിയുടെ
കരച്ചില്‍ കേട്ട്
കുട്ടനാട്ടില്‍ കമ്മ്യൂണിസ്റ്റ്‌ വന്നു
ഇ എം എസ് മന്ത്രിയുമായി
അന്നു കുട്ടനാട്ടില്‍
ചെന്നായ്ക്കള്‍ കുരച്ചില്ല

കുഞ്ഞുട്ടന്‍ കൊച്ചമ്മിണിക്ക്
പുടവകൊടുത്തു
അന്നൊരു മഴതോര്‍ന്നു
നിലാവ് പുറത്ത് വന്നു
കുടമടക്കി പുഴ ചിരിച്ചു
പാടവും

കൊച്ചമ്മിണിയുടെ കുടിലില്‍
ഇ എം എസ് ദൈവമായി ....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...