നോവൽ/ആഭിജാത്യം- 7

ശ്രീദേവിനായർ

 പെട്ടെന്ന് ഒരു യാത്ര ,എപ്പോഴും അദ്ദേഹം അങ്ങനെയാണ്. രാവിലെ കുട്ടികള്‍ക്കൊപ്പം യാത്രതിരിക്കുമ്പോള്‍ എന്തിനെന്നോ എവിടേയ്ക്കെന്നോഒന്നും തിരക്കാനുള്ള സമയം കിട്ടിയില്ല.അല്ലെങ്കില്‍ അതിന്റെ ആവശ്യം തോന്നിയതുമില്ല. ഒരു വീട്ടില്‍ താമസിക്കുന്നവര്‍ എന്നാല്ലാതെ കൂടുതല്‍ ബന്ധം ചില അവസരങ്ങളില്‍ തോന്നാറേയില്ല. ജീവിതത്തിന്റെ ഏടുകളില്‍ ചിലപ്പോഴൊക്കെ നാം അറിയാതെ കുറിച്ചിടുന്ന ചില വരികള്‍ വീണ്ടുംനോക്കുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അല്പം പോലും സ്വാധീനിക്കാന്‍ കഴിയാത്ത വ ആയിപ്പോയിയെന്ന് വിധിയെഴുതാറുമുണ്ട്.

അതുപോലെ നിസ്സഹായ അവസ്ഥയില്‍ ഒന്നും തോന്നാറില്ല. ഉള്‍ക്കൊള്ളാന്‍ വൈഷമ്യം തോന്നുന്നവ എങ്ങനെ മനസ്സിലോട്ടു പ്രവേശിക്കും? യാന്ത്രികമായി ചലിച്ച കാലുകള്‍ക്കൊപ്പം മനസ്സും നടന്നു.അറിയാത്ത കാര്യങ്ങള്‍ അറിയാനുള്ള മനസ്സിന്റെ ആകാംക്ഷനടപ്പിന്റെ വേഗത കൂട്ടിയില്ല.പകരം നിസ്സഹകരണം കാണിച്ച കാലുകളെ ബലമായി വലിച്ചു നടന്നു. എന്തോ അനര്‍ത്ഥങ്ങള്‍.......വേട്ടയാടപ്പെടാന്‍ പോകുന്ന മാന്‍ പേട പോലെ ..മനസ്സ് തേങ്ങുന്നു. തന്നെ മാത്രം ശ്രദ്ധിച്ച് മുഖത്തു നോക്കി പേടിയോടെ കൂടെ നടക്കുന്ന അപ്പു....

അവന്റെ കൈകള്‍ തന്റെ ഉള്ളം കൈകളില്‍ ഭദ്രം1എങ്കിലും അവന്റെ കൈകളിലെ ചൂട്..വിയര്‍ത്തു നനഞ്ഞ് ..... അവനെ നോക്കി ..അവന്‍ തന്നെയും..എന്തോ പറയാന്‍ ആഞ്ഞ അവന്റെ ചുണ്ടുകളില്‍...വിളര്‍ത്ത ചിരി.... പാവം.....താന്‍ അവനെ ശരീരത്തോട് ചേര്‍ത്തു നിര്‍ത്തി.സ്വന്തം മകനെ എന്ന പോലെ. മോനെ,നിന്നെ ഞാന്‍ ആര്‍ക്കുംവിട്ടുകൊടുക്കില്ല.നിന്റെ സ്വന്തം അമ്മയ്ക്കുപോലും .മനസ്സ് മന്ത്രിച്ചു. തലേദിവസത്തെ സംസാരത്തില്‍ നിന്ന് ഏറെക്കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തനിയ്ക്കു കഴിഞ്ഞിരുന്നു. അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളായി മാത്രം താന്‍ അവരെ കണ്ടാല്‍ മതിയെന്ന രവിയേട്ടന്റെ വാക്കുകള്‍ക്കപ്പുറം പുതിയതായി തനിയ്ക്കൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല,എങ്കിലും ആള്‍ക്കാരും ബന്ധുബലവുമുള്ള ഏതോ നല്ലകുടുംബത്തിന്റെ മക്കള്‍ ആണ് അവര്‍ എന്ന് പറയാതെ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. വേരുതേടിയുള്ള യാത്രയില്‍ കുട്ടികള്‍ അറിയാതെ അവരെ പിന്തുട്രേണ്ടിവന്നൊരമ്മയുടെ മനസ്സായിരുന്നു അപ്പോള്‍.
പുരാതനമായ ആവീടിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗതകൂടിയതുപോലെ.വീണ്ടുംവീണ്ടും ചുമതലയുടെഭാരം കൂടുകയാണോ?

താങ്ങാന്‍ ശേഷിയുള്ളവര്‍ക്കേ ദൈവം ഭാരം ചുമക്കാന്‍ തരുകയുള്ളുഎന്ന് പഴമക്കാര്‍ പറയുന്നതില്‍ തെറ്റില്ലെന്നോ? മുജ്ജന്മപാപ പുണ്യങ്ങള്‍ ഈജന്മത്തിലും പിന്തുടരുമെന്ന് കേട്ടിട്ടുണ്ട്.തന്നെവിടാതെ പിന്തുടരുന്ന ഈ വിധി യും അതുതന്നെയായിരിക്കുമോ?ചെരുപ്പു ഊരിവച്ച് താനും കുട്ടികളും അകത്തു കയറി.തന്റെ കൈകള്‍ ബലമായിപ്പിച്ച് അപ്പു പിന്നോട്ട് വലിക്കാന്‍ വ്രഥാശ്രമം നടത്തി ഇഷ്ടമില്ലാത്തപോലെ തുടുത്ത് ചുമന്നഅവന്റെ മുഖം അതു വിളിച്ച് പറയുന്നതുപോലെ,തിളക്കമുള്ള കറുത്ത സിമന്റിട്ട തറ കണ്ണാടിപോലെ തിളക്കമുള്ളതായി തോന്നി.ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെതോന്നിയെങ്കിലുംനല്ല വൃത്തിയും വെടിപ്പുമുള്ള നല്ല ഉള്‍വശം. നടത്തം അവസാനിച്ചതു ഉള്‍വശത്തുള്ള ഒരു വലിയ മുറിയുടെ മുന്നിലായിരുന്നു.അവിടെ ഒരു കട്ടിലില്‍ നരകയറിയ ഒരു വല്യമ്മ കിടക്കുന്നുണ്ടായിരുന്നു.അവശത തോന്നിക്കുന്ന മുഖം.എങ്കിലും ചൈതന്യമുള്ള ആമുഖത്ത് സന്തോഷത്തിന്റെ നേരിയ ലാഞ്ചന കണ്ടു.ആരെന്നോബന്ധമെന്നോ അറിയാനാവാതെ മിണ്ടാതെ നിന്നു.ഒന്നു ചിരിച്ചു.

തങ്ങളെക്കണ്ടതും അടുത്തിരുന്ന ഒരു സ്ത്രീ എഴുനേറ്റുനിന്നു ബഹുമാനത്തോടെ രവിയേട്ടനോട് വിശേഷം പറഞ്ഞു. വല്യമ്മയുടെ ആരോഗ്യനിലയൊക്കെ വിസ്തരിച്ചു.രവിയേട്ടന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുനിന്നു.കൊണ്ടു ചെന്ന സാധനങ്ങളൊക്കെ വാല്യക്കാരന്‍ കാറില്‍ നിന്നും എടുത്ത് വീട്ടില്‍ കൊണ്ടുവച്ചു. അപ്പോള്‍?ഈ വീട്?ഇവരൊക്കെ?ഒന്നും മനസ്സിലാകുന്നില്ല.കൂട്ടിയാലും കിഴിച്ചാലും ദേവിയെന്ന തനിയ്ക്ക്.... മനസ്സിലാക്കാന്‍ പറ്റാത്ത കാര്യങ്ങളുടെ കുരുക്ക് മാത്രമോ ജീവിതം? ഒറ്റയല്ല താനിന്ന്! പക്ഷേ പറക്കമുറ്റാത്ത രണ്ടു കുട്ടികളും തന്നൊപ്പം..ഇപ്പോള്‍.......! തങ്ങള്‍ മൂവരുമേതോ ഒഴുക്കില്‍ ഒഴുകിവന്ന ദിശയറിയാതെ അലയുന്ന ജീവിതങ്ങള്‍ മാത്രമോ? ദുഃഖമല്ല,സന്തോഷമല്ല,മറ്റേതോ വികാരമാണ് അപ്പോള്‍ തോന്നിയത്.

 ഒന്നിരിക്കാനായി ചുറ്റും നോക്കി.അതു മനസ്സിലാക്കിയതുപോലെ ആ സ്ത്രീ ഒരു കസേര മുന്നില്‍ ഇട്ടു തന്നു.ചുറ്റുംനോക്കാതെ ഇരുന്നു. തല കറങ്ങുന്നതുപോലെ.......വെള്ളം...ചുണ്ടുകള്‍ അനങ്ങി....രവിയേട്ടന്റെ കൈകള്‍ താങ്ങിയതു ഓര്‍മ്മയുണ്ട്. ഉണര്‍ന്നപ്പോള്‍ അകത്തു ഒരു മുറിയില്‍ കട്ടിലില്‍ കിടക്കുന്ന തന്റെ നെഞ്ചില്‍ ചേര്‍ന്ന് കുട്ടികള്‍ ര്ണ്ടും കരഞ്ഞു വീര്‍ത്ത മുഖവുമായി. എണീറ്റിരുന്നു.തനിയ്ക്കെന്തുപറ്റി? ശരീരത്തിന്റെ ക്ഷീണത്തെക്കാളും മനസ്സീന്റെ ക്ഷീണമാണ് തന്റേതെന്ന് തിരിച്ചറിയാന്‍ ഇപ്പോല്‍ തനിയ്ക്കു കഴിവുണ്ടെന്ന് മനസ്സിലായി.തനിയ്ക്ക് താനും.പുരയ്ക്കു തൂണും....എന്നല്ലേ? എന്തായാലും നേരിടാമെന്ന് തന്നെ മനസ്സ് കരുതുകയായിരുന്നു. കാരണം താനിന്ന് രണ്ടുമക്കളുള്ള ഒരു അമ്മയാണല്ലോ? പോരെങ്കില്‍ നിഗൂഡത നിറഞ്ഞ ഭൂതകാലമുള്ള ഒരു ഭര്‍ത്താവിനൊപ്പവുമാണല്ലോ? ചിരിക്കണോ കരയണോ എന്ന് അറിയാതെ മനസ്സ്...അസ്വസ്ഥമായി. ---------------------------

തുടരും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ