എന്മകജെ– എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച വഴികളിലൂടെ

കെ.എം.ഇർഷാദ്


ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചതും ഏറ്റവും ആദ്യം ഈ കീടനാശിനി ദുരന്തത്തിന്റെ അലയൊലികള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും ചെയ്‌ത പ്രദേശമാണ്‌ എണ്‍മകജെ. കേരളത്തിന്റെ ഏറ്റവും വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമം. പ്രകൃതി കനിഞ്ഞരുളി സൗന്ദര്യം നല്‍കിയ ഭൂപ്രദേശങ്ങള്‍. എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തില്‍ മണ്ണിനും ജലത്തിനും മായം ചേര്‍ക്കപ്പെട്ടെങ്കിലും എങ്ങും പച്ചപ്പ്‌ നിറഞ്ഞ കാഴ്‌ചകളോടെയാണ്‌ എണ്‍മകജെ കാഴ്‌ചക്കാരെ സ്വാഗതം ചെയ്യുന്നത്‌. എണ്‍മകജെ കഴിഞ്ഞ കുറെ വര്‍ഷമായി ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ സ്ഥിരമായി ഇടംപിടിച്ചു.

1975 മുതല്‍ തളിച്ചു തുടങ്ങിയ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ദുരന്തത്തിന്റെ പര്യായമായി എണ്‍മകജെ അറിയപ്പെട്ടു. പ്രശസ്‌ത എഴുത്തുകാരന്‍ അംബികസുതന്‍ മാങ്ങാട്‌ എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രമേയമാക്കി രചിച്ച നോവലിന്‌ നല്‍കിയ പേരും `എണ്‍മകജെ’ എന്ന്‌ തന്നെയായിരുന്നു. അതും ഈ നാടിനെ പ്രശസ്‌തമാക്കിത്തീര്‍ത്തു. കീടനാശിനി പ്രയോഗത്തിന്റെ വലിയ രക്തസാക്ഷിത്വ ഭൂമികളായ പെഡ്രെ, സ്വര്‍ഗ തുടങ്ങിയ പ്രദേശങ്ങള്‍ എണ്‍മകജെയിലാണ്‌.പെഡ്രെ സ്വദേശിയായ ശ്രീപെഡ്രെ എന്ന കര്‍ഷകനും പത്രപ്രവര്‍ത്തകനും കൂടിയായ സാമൂഹ്യ പ്രവര്‍ത്തകനാണ്‌ ഈ ദുരന്തത്തെക്കുറിച്ച്‌ ആദ്യം പുറംലോകത്തെ അറിയിച്ചത്‌. പെര്‍ളയാണ്‌ എണ്‍മകജെയുടെ തലസ്ഥാനം. ചെറിയ ടൗണ്‍. വ്യത്യസ്‌തരായ ജനവിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശം. കന്നട, മലയാളം, തുളു, മറാഠി, ബ്യാരി ഭാഷകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.പെര്‍ളയ്‌ക്കടുത്തുള്ള മണിയംപാറയും പെര്‍ളയില്‍ നിന്ന്‌ 5 കി.മീ. ദൂരമുള്ള അട്‌ക്കസ്ഥലയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മനോഹര പ്രദേശങ്ങളാണ്‌.

പെര്‍ള ടൗണില്‍ ബുധനാഴ്‌ച തോറും നടക്കുന്ന ആഴ്‌ചച്ചന്ത പ്രാദേശിക വിപണനത്തിന്റെ വലിയ സാധ്യതകള്‍ തുറക്കുന്നു. അതോടൊപ്പം കര്‍ഷകര്‍ക്ക്‌ മികച്ച അവസരങ്ങളും നല്‍കുന്നു. ഷിറിയ, അട്‌ക്കസ്ഥല തുടങ്ങിയ പുഴകള്‍ പെര്‍ളയുടെ പരിസരത്തായി ഒഴുകുന്നു. സര്‍പ്പമല, മണിയംപാറ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങള്‍ ഈ നാടിന്‌ ആഢ്യത്വം നല്‍കുന്നു. പെര്‍ള, പെഡ്രെ, സ്വര്‍ഗ തുടങ്ങിയ പ്രദേശങ്ങള്‍ അടങ്ങുന്ന എണ്‍മകജെ പഞ്ചായത്ത്‌ 1952ലാണ്‌ രൂപം കൊണ്ടത്‌. വടക്കും കിഴക്കും കര്‍ണാടകയുമായി അതിര്‌ പങ്കിടുന്ന ഈ പഞ്ചായത്തില്‍ പ്രധാനമായും കവുങ്ങ്‌, തെങ്ങ്‌, നെല്ല്‌, കുരുമുളക്‌, വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകരാണ്‌ അധിവസിക്കുന്നത്‌. കവുങ്ങ്‌ കൃഷിയും എണ്‍മകജെയിലെ പ്രധാന കൃഷിയാണ്‌. അതില്‍ ബജകുടില്‍കാവ്‌ വളരെയധികം ചരിത്രപ്രാധാന്യമുള്ളതാണ്‌. ബജകൂടിലെ ഗോജന്യ ആയുല്‍വ്വേദ മരുന്ന്‌ ഉല്‍പാദക കേന്ദ്രം, മരുന്നുല്‍പാദനത്തിനും ഗോ സംരക്ഷണത്തിനും പ്രശസ്‌തമാണ്‌. കേരളത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാസര്‍കോട്‌ ഇനം പശുക്കളെ വളര്‍ത്തുന്ന കേന്ദ്രമാണിത്‌. അതുപോലെ രാജസ്ഥാന്‍ ഇനങ്ങളും ഇവിടെ വളര്‍ത്തുന്നുണ്ട്‌.

എല്ലാ വര്‍ഷവും നടത്തുന്ന എണ്‍മകജെ നേമോത്സവം പ്രശസ്‌തമാണ്‌. പിലിച്ചാമുണ്ഡി, രക്തേശ്വരി പരിവാര ദൈവങ്ങളുടെ പേരില്‍ അഞ്ചുദിവസങ്ങളിലായാണ്‌ ഉത്സവം നടക്കുന്നത്‌. ഭൂതക്കോലങ്ങളുമായി ബന്ധപ്പെട്ടാണ്‌ ഈ ഉത്സവം നടക്കുന്നത്‌. ബല്ലാ രാജാക്കന്മാരുടെ കാലം തൊട്ടേ നടന്നുവരുന്നു. ഏതാണ്ട്‌ 470 വര്‍ഷത്തെ പഴക്കമുണ്ട്‌ എണ്‍മകജെ നേമോത്സവത്തിന്‌. എണ്‍മകജെ തറവാടിന്റെ ഉത്സവമായാണ്‌ ഇത്‌ നടക്കുന്നത്‌. എണ്‍മകജെ തറവാട്‌ പുരാതനമായ തറവാടും ശേഷിപ്പുകളും അടങ്ങിയതാണ്‌. 1994ല്‍ നടന്ന തീപിടിത്തത്തില്‍ ക്ഷേത്രവും മറ്റും കത്തിനശിച്ചെങ്കിലും പിന്നീട്‌ പുനരുദ്ധാരണം നടത്തി. തറവാടിന്റെ പ്രധാന വ്യക്തി `യജമാനെ’യാണ്‌. ഇപ്പോഴത്തെ `യജമാനെ’ വിശ്വനാഥ റായിയാണ്‌. സാംസ്‌കാരിക രംഗത്തും എണ്‍മകജെയുടെ സാന്നിധ്യം കാണാന്‍ കഴിയും. യക്ഷഗാന രംഗത്തെ പ്രശസ്‌ത കലാകാരന്‍ കൃഷ്‌ണ ഭട്ട്‌ എണ്‍മകജെ, പെര്‍ള സ്വദേശിയാണ്‌. പഡ്രെ ചന്തു സ്‌മാരക നാട്യനിലയം കലാ-സാംസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. അതുപോലെ തന്നെ പെര്‍ളയിലെ നളന്ദ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ ജില്ലയിലെത്തന്നെ പ്രമുഖ കോളേജുകളില്‍ ഒന്നാണ്‌. കാട്ടുകുക്കെ ക്ഷേത്രത്തിലെ ഷഷ്‌ടി ഉത്സവം, ബജകൂഡ്‌ലു ക്ഷേത്രോത്സവം തുടങ്ങിയവ ഈ നാടിന്റെ പ്രധാന ഉത്സവങ്ങളാണ്‌.
അതുപോലെ വിവിധ പള്ളികളിലെ ഉറൂസുകളും ക്രിസ്‌ത്യന്‍ പള്ളികളിലെ പെരുന്നാളുകളും ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്‌. പെര്‍ള, മണിയംപാറ, മൈര, ഉക്കിനടുക്കം എന്നിവിടങ്ങളിലെ മുസ്ലിം പള്ളികളും സുബ്രായ ക്ഷേത്രം, ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, മഹാലിംഗേശ്വര ക്ഷേത്രം, ധൂമാവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും മണിയംപാറ, ഉക്കിനടുക്കം തുടങ്ങിയ ഇടങ്ങളിലെ ക്രിസ്‌ത്യന്‍ പള്ളികളും ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?