23 Nov 2012

ഇരുപതാണ്ടിന്റെ നാൾവഴികളിലൂടെ...

സഞ്ജയ്‌ എം.എസ്‌,
ഒൻപതാം തരം, ഫാത്തിമമാതാ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, പിറവം

നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിൽ അദ്ധ്യാപക വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ലേഖനം

ഒരുപക്ഷേ ഇത്തരമൊരു ആത്മകഥ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇതിലെഴുതുന്ന ഓരോ വരിയും മുൻകൂട്ടി തീരുമാനിച്ചവയല്ല. ഞാനാകുന്ന കൊന്നത്തെങ്ങ്‌ ദൈവത്തിന്റെ അനുഗ്രഹമായി തോന്നിയേക്കാം. പ്രപഞ്ചകർത്താവായ അദ്ദേഹവുമായുള്ള ഓരോ സംഭാഷണത്തിനിടയിലും ഈ സമസ്യ കടന്നുവന്നിട്ടുണ്ട്‌. നിരവധി സങ്കീർണ്ണതകൾ അനുഭവിച്ചിട്ടും ഞാൻ ഇരുപത്തിയഞ്ച്‌ കൊല്ലമായി തല ഉയർത്തിപ്പിടിച്ച്‌ നിൽക്കുന്നു. എന്നാൽ അന്ത്യനാളുകൾ അടുത്തു എന്ന്‌ മനസ്സിലാകുമ്പോൾ നാം അനുഭവിക്കുന്ന നിഗോ‍ൂഢമായ  ഒരു ഭീതി (അതെത്ര മനക്കരുത്തുണ്ടായാലും), നാമറിയാതെ വന്ന്‌ പൊതിയും.

ഏതൊരാത്മകഥയേയും പോലെ ഞാൻ പതിവുശൈലിയിൽ ജനനം മുതൽ തുടങ്ങുന്നു. ഗാന്ധിജിപോലും സത്യാന്വേഷണ പരീക്ഷണ കഥയിൽ അവലംബിച്ച അതേസ്ഥിരം ശൈലി. ഉണ്ണി ആ പുസ്തകം ഇരുന്ന്‌ വായിച്ചതു (ഒരു ഒക്ടോബർ 2 -​‍ാം തീയതി) ഞാനിന്നും തെളിമയോടെ ഓർക്കുന്നു. എറണാകുളം ജില്ലയിലെ മണീട്‌ എന്ന പ്രദേശത്താണ്‌ എന്റെ ജന്മം എന്ന്‌ പറയാം (വെറും കേട്ടറിവ്‌). ഇവിടുത്തെ ഏറ്റവും തലയെടുപ്പുള്ള തെങ്ങ്‌ ഞാനാണെന്ന്‌ പറയേണ്ടതില്ലല്ലോ. ഒരുപക്ഷേ അതിന്റെ തെല്ലൊരഹങ്കാരം എനിക്കുണ്ടെന്ന്‌ കുട്ടിക്കോളൂ. ആ അഹങ്കാരത്തിന്‌ ദൈവം ക്ഷമിക്കട്ടെ. ഇവിടുള്ള ഒരു വീട്ടിലേക്കാണ്‌ ഞാൻ ആദ്യം എത്തിപ്പെട്ടത്‌. അവിടുത്തെ കാരണവർ എനിക്കാദ്യമായി കുടിനീർ പകർന്നുനൽകി (അതിന്‌ ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു). തുടക്കത്തിൽ ഞാൻ പുലർത്തിയ ആശങ്ക എനിക്കിപ്പോൾ ഇല്ല കേട്ടോ. ബാല്യകാല സ്മരണകളിൽ ഏറ്റവും കടുത്തത്‌ ഏത്‌ എന്ന്‌ ചോദിച്ചാൽ ഞാൻ കുടുങ്ങും, പുതിയൊരു നാമ്പ്‌ മുളച്ചപ്പൊഴും നൈട്രജനും പൊട്ടാസ്യവും പലരൂപത്തിൽ ഞാൻ ആവാഹിച്ചതും അവയുമായി ചങ്ങാത്തം കൂടിയതുമൊക്കെ വർണ്ണാഭമായ കുട്ടിക്കാലം നിങ്ങൾക്ക്‌ മാത്രമല്ല, ഞങ്ങൾക്കുമുണ്ട്‌. പക്ഷേ, യൂണിസെഫ്‌ പോലുള്ള സംഘടനകളില്ല, ശിശുദിനമില്ല. 2010 ഏപ്രിൽ 1 ന്‌ നടപ്പിലാക്കിയ എല്ലാ 14 വയസ്സിനുതാഴെയുള്ള കുട്ടികൾക്കും ഭക്ഷണവും വിദ്യാഭ്യാസവും എന്ന ബില്ലുകളും ഞങ്ങൾക്കില്ല. നിങ്ങൾക്കൊരുപക്ഷേ ആശ്ചര്യം തോന്നിയേക്കാം, എന്നിരുന്നാലും പറയാതെ വയ്യ ഞാൻ എന്റെ ഗൃഹപ്രവേശം നടത്തിയത്‌ ഒരു ജൂൺ 5-​‍ാം തീയതിയാണ്‌. ദൈവത്തിന്റെ മറ്റൊരു വിചിത്രമായ ജീവിതചിത്രം. 1972ൽ തീരുമാനിച്ച പരിസ്ഥിതി ദിനമായിരുന്നു അതെന്ന്‌ അന്നാരോർക്കുന്നു.
ബാല്യം വിട്ട്‌ കൗമാരത്തിന്റെ സുവർണ്ണ വാതിലുകൾ മലർക്കെ എന്റെ മുന്നിൽ തുറന്നു. ഇളം നാമ്പുകൾ മാറി ഞാൻ ശക്തി നേടി. എന്തെന്നില്ലാത്ത ഒരു മനക്കട്ടി എനിക്ക്‌ വന്നുചേർന്നു. ഇതിനിടയിൽ എനിക്ക്‌ ചുറ്റും പലമാറ്റങ്ങളും വന്നു. എന്നോടൊപ്പം വളർന്ന മറ്റു തെങ്ങുകൾ വളർന്നത്തെത്ര, തളർന്നത്തെത്ര. കൗമാരത്തിന്റെ മധ്യത്തിൽ ഞാൻ ആദ്യമായി കായ്ച്ചപ്പോൾ എനിക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്ക വയ്യ. തളപ്പിട്ട്‌ ഒരു വ്യക്തി എന്റെ മേൽകയറി. അരോഗദൃഢഗാത്രനായ ആ വ്യക്തിയുടെ തഴമ്പ്‌ ഇന്നെനിക്ക്‌ സുപരിചിതം. പക്ഷേ, പുതിയ ആധുനിക സജ്ജീകരണങ്ങൾ വന്നെന്നുമാത്രം. ഈ നാളുകൾക്കിടയിൽ നടന്ന ചില സംഭവങ്ങൾ വിട്ടുപോയി. എന്റെ ശത്രുവായ കൊമ്പൻ ചെല്ലിയാണ്‌ ഈ കഥയിലെ വില്ലൻ. എന്റെ കവിളുകളിൽ കയറിയിരുന്ന്‌ പുതിയ നാമ്പുകൾ മുളയ്ക്കും മുമ്പേ നശിപ്പിച്ചു തുടങ്ങി. വേദന കൊണ്ട്‌ ഞാൻ പിടയുമ്പോഴും അവൻ എന്നെ ആഞ്ഞാഞ്ഞു കടിച്ചുകൊണ്ടിരുന്നു. താണുകേണപേക്ഷിച്ചിട്ടും അവൻ കൂട്ടാക്കിയില്ല. ഒടുവിൽ വീട്ടുകാർ കമ്പ്‌ വെച്ച്‌ കുത്തി അവനെ ശരിപ്പെടുത്തി. പിന്നീട്‌ തുരിശും മണലും കുമ്മായവും ചേർന്ന മിശ്രിതം ഉപയോഗിച്ചും എന്നെ രക്ഷിച്ചു. ഏതൊരു കഥയിലേയും കറുത്ത അദ്ധ്യായം പോലെ അവ ഞാൻ മറക്കാനാഗ്രഹിക്കുന്നു. ഈ കാലയളവിൽ ഞാൻ പലരീതിയിലും മനുഷ്യനെ സഹായിച്ചു. അമ്പലത്തിലും പള്ളിയിലും കൊടി തോരണമായും അടുപ്പിലെ ചൂട്ടായും ക്രിക്കറ്റിലെ സ്റ്റാമ്പായും ബാറ്റായും കൊപ്രയാട്ടി ഭക്ഷ്യഎണ്ണയായും  പലരീതിയിൽ ഹരിതാഭ നിറഞ്ഞ കേരളത്തിനെ ഭക്ഷ്യ സമ്പത്ത്‌ കൊണ്ടു നിറയ്ക്കാനും സാധിച്ചു.

യൗവ്വനത്തിന്റെ കാലയളവിൽ എനിക്ക്‌ ചുറ്റും പല മാറ്റങ്ങളും വന്നു. ആട്ടിൻകാട്ടവും ചാണകവും മാറി രാസവളങ്ങളെത്തി. എന്റെ മുമ്പിൽ പൈതൃകസമ്പത്തായി വിളങ്ങിനിന്ന നാലുകെട്ട്‌ പൊളിച്ചുനീക്കപ്പെട്ടു. ഓണക്കാലത്ത്‌ പൂത്തുലഞ്ഞ്‌ നിന്ന തുമ്പയും മുക്കൂറ്റിയും മറ്റ്‌ പല പൂക്കളും തൊടിയിൽ നിന്ന്‌ മാഞ്ഞുപോയി. ഇവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരുരീതിയിൽ എന്റെ ജീവിതവുമായി ബന്ധപ്പെട്ടിരുന്നു. യുഗാന്തരങ്ങളോളം കാത്തുസൂക്ഷിച്ച ഒരാത്മബന്ധം. അവ ലോറികളിൽ കൊണ്ടുപോകുമ്പോൾ എന്റെ ശരീരഭാഗം അറ്റുപോയത്‌ പോലെ തോന്നി. അപ്പോഴെല്ലാം എനിക്കാശ്വാസമായത്‌ ദൈവവുമായി നടത്തിയ ചില സംഭാഷണങ്ങളാണ്‌. ഇന്നിതാ എന്റെ അന്ത്യവും അടുത്തിരിക്കുന്നു. എനിക്ക്‌ മുന്നിലുള്ള വൻകിട ഫ്ലാറ്റിന്‌ ഞാനപവാദമാകുന്നതു വരെ മാത്രം എനിക്ക്‌ ആയുസ്സ്‌.  അല്ലെങ്കിൽ സായിപ്പ്‌ ഗെറ്റൗട്ട്‌ അടിക്കുന്നതുവരെ.. അതുവരെ മാത്രം......

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...