23 Nov 2012

ഔഷധസസ്യകൃഷി - കേരകർഷകർക്ക്‌ ഒരു കൈത്താങ്ങ്‌; ആയുർവേദത്തിന്‌ അനുഗ്രഹം



കേരളത്തിലെ കാർഷികമേഖല പലവിധ സമ്മർദ്ദങ്ങളും നേരിടുന്ന സാഹചര്യമാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഉൽപന്നങ്ങളുടെ വിലക്കുറവും, ഉത്പാദനക്കുറവും കാലാവസ്ഥാവ്യതിയാനവും എല്ലാം ഇന്ന്‌ കർഷകരെ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരിക്
കുകയുമാണ്‌. എല്ലാ മേഖലയിലും വിലക്കയറ്റം താണ്ഡവമാടുമ്പോൾ കാർഷികവിളകൾക്ക്‌ കർഷകന്‌ ലഭിക്കുന്ന വില താഴേയ്ക്കു പോകുന്നത്‌ ആശങ്കയുണ്ടാക്കുന്നു. ഇതിന്‌ പലവിധ കാരണങ്ങൾ ഉണ്ടെങ്കിലും തനിവിള സമ്പ്രദായത്തിലുള്ള കൃഷി ഈ സാഹചര്യത്തിന്‌ കൂടുതൽ ഇടയാക്കുന്നുണ്ട്‌ എന്നത്‌ സമ്മതിക്കേണ്ടിയിരിക്കുന്നു.
കേരളത്തിൽ തെങ്ങ്‌, റബ്ബർ, കാപ്പി, തേയില, ഏലം, കശുവണ്ടി എന്നീ വിളകൾ തനിവിളസമ്പ്രദായത്തിൽ കൃഷിചെയ്തു വരുന്നതായാണ്‌ കണ്ടുവരുന്നത്‌. നാളികേരം ഒഴികെ മറ്റു വിളകൾക്ക്‌ വില കൂടിയും കുറഞ്ഞും നീങ്ങുന്നുണ്ടെങ്കിലും നാളികേരത്തിന്റെ വിലയിടിവ്‌ വളരെ നാളായി തുടർന്നുകൊണ്ടിരിക്കുന്നു. നാളികേരം വിൽക്കുവാൻപോലും കഴിയാതെ കർഷകർ ബുദ്ധിമുട്ടുന്ന ഈ സമയത്ത്‌ ഉൽപന്നവൈവിദ്ധ്യവൽക്കരണത്തിലും കർഷകകൂട്ടായ്മകളിലും കൂടി കർഷകരെ സംഘടിപ്പിക്കുന്നതിൽ നാളികേര ബോർഡ്‌ മുമ്പന്തിയിൽ ഉണ്ട്‌ എന്നത്‌ സ്വാഗതാർഹമാണ്‌. നാളികേര കർഷകർ തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയായി മറ്റു പലവിധ വിളകളും പരീക്ഷിക്കുന്നുണ്ടെങ്കിലും ഒരു സംഘടിത ഇടവിളകൃഷി പരീക്ഷിക്കേണ്ട സാഹചര്യം ഇന്ന്‌ ഉടലെടുത്തിട്ടുണ്ട്‌. ഇവിടെയാണ്‌  തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയായി ഔഷധസസ്യകൃഷിയുടെ പ്രസക്തി.
ലോകത്താകമാനം ആയുർവേദമരുന്നുകളും ആയുർവേദചികിത്സയും പ്രചരിച്ചുകൊണ്ടിരിക്കുമ്പോൾ, ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിൽ ഏറ്റവും അത്യാവശ്യമായ ഔഷധസസ്യങ്ങളുടെ ലഭ്യതക്കുറവ്‌ ഔഷധനിർമ്മാതാക്കൾക്ക്‌ തലവേദന ആകുകയാണ്‌. ഈ അവസരം കർഷകർക്ക്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. കേരളത്തിൽ ഇന്ന്‌ ആയുർവേദമരുന്നുനിർമ്മാണസ്ഥാപനങ്ങളും ചികിത്സാലയങ്ങളും ധാരാളമായി വളർന്നുവരുന്നു എന്നതിനാൽ നാളികേരകർഷകരും ഔഷധനിർമ്മാതാക്കളും നാളികേരബോർഡും ചേർന്ന്‌ തെങ്ങിൻതോപ്പിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന ഔഷധസസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുകയാണെങ്കിൽ കർഷകർക്കും നിർമ്മാതാക്കൾക്കും ഒരുപോലെ ഗുണപ്രദമാകും എന്നത്‌ പ്രസ്താവ്യമാണ്‌.
കേരളത്തിന്റെ പല ഭാഗങ്ങളിലും ഔഷധസസ്യകൃഷി പരിമിതമായ തോതിൽ നടക്കുന്നുണ്ടെങ്കിലും സംഘടിതരൂപം കൈവരിച്ചിട്ടില്ല. കർഷകകൂട്ടായ്മയിലൂടെ കൃഷി വ്യാപനവും വിപണനവും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം വ്യാപിപ്പിക്കുവാൻ ഇന്ന്‌ സാഹചര്യം അനുകൂലമാണ്‌. അതിനാൽ തെങ്ങിൻതോപ്പിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന ചില ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നത്‌ ഉചിതമായിരിക്കും.
ആയുർവേദ മരുന്നുനിർമ്മാണത്തിന്‌ വളരെ കൂടുതലായി ഉപയോഗിക്കുന്ന പല ഔഷധസസ്യങ്ങളും തെങ്ങിൻതോപ്പിൽ കൃഷി ചെയ്യാമെങ്കിലും കേരളത്തിൽ വിപണനസാധ്യത കൂടുതൽ ഉള്ളവ തെരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌.
ഔഷധസസ്യങ്ങൾ വ്യക്ഷവിളകൾ, കുറ്റിച്ചെടികൾ, വള്ളികളായി പടർന്നു കയറുന്നവ, ഏകവർഷികൾ എന്നിങ്ങനെ വിവിധ തരത്തിലുണ്ട്‌. അവയിൽ ചിലതിനെ പരിചയപ്പെടാം.

1. കയ്പൻ പടവലം/ കാട്ടുപടവലം
സാധാരണ പടവലത്തിന്റെയും പാവലിന്റെയും കുടുംബത്തിൽപ്പെടുന്ന പടർന്നുകയറുന്ന ഒരു വള്ളിച്ചെടിയാണിത്‌. ഇതിന്റെ എല്ലാ ഭാഗങ്ങൾക്കും അതീവ കയ്പ്‌ അനുഭവപ്പെടുന്നതാണ്‌. ഇതിന്റെ കായ്‌ വളരെ ചെറുതാണെങ്കിലും കായുടെ പുറംഭാഗത്തിന്‌ സാധാരണ പടവലത്തിന്റെ പ്രകൃതമാണുള്ളത്‌. ചെറിയ തോതിൽ രോമങ്ങളും കാണപ്പെടുന്നു. സാധാരണ പടവലത്തിന്റെ കൃഷിരീതിതന്നെയാണ്‌ ഇതിനും വേണ്ടത്‌. നല്ല അകലത്തിൽ നട്ടുവളർത്തിയിരിക്കുന്ന തെങ്ങിൻതോപ്പിൽ രണ്ടുവരി തേങ്ങുകളുടെ ഇടയിൽ ഇതിനെ വളർത്തിയെടുക്കാം. തെങ്ങിനെ കാലാക്കിക്കൊണ്ട്‌ പന്തൽ ഇട്ടാണ്‌ പടർത്തേണ്ടത്‌. 5 മുതൽ 6 അടി വരെ അകലത്തിൽ എടുത്ത കുഴികളിൽ 5-6 വിത്തുകൾ വീതമിട്ട്‌ മെയ്മാസത്തിലോ ഒക്ടോബറിലോ കൃഷിയിറക്കാം. ~ഒക്ടോബറിലെ കൃഷിക്ക്‌ നനകൊടുക്കേണ്ടതിനാൽ ജലലഭ്യത ഉറപ്പാക്കണം. ചെടി വളർന്നു പന്തലിൽ കയറിയാൽ ജൈവവളമിട്ട്‌ അരികുകയറ്റി മണ്ണിട്ടുകൊടുത്താൽ വളർച്ച വേഗത്തിൽ ആക്കാൻ സാധിക്കും. നട്ട്‌ 60-70 ദിവസത്തിനുള്ളിൽ പൂവും കായും ഉണ്ടായിത്തുടങ്ങും. ആദ്യം മൂപ്പെത്തുന്ന കായ്കളിൽനിന്ന്‌ വിത്തുകൾ ശേഖരിച്ചതിനുശേഷം വള്ളിയൊന്നാകെ പറിച്ച്‌ ഉണക്കി, കെട്ടുകളാക്കി വിപണനം നടത്താവുന്നതാണ്‌. നട്ട്‌ അഞ്ചുമുതൽ ആറുമാസം കഴിയുമ്പോൾ ആണ്‌ വള്ളികൾ നന്നായി മൂത്തുവരുന്നത്‌. മെയ്‌ മാസം നടുന്നത്‌ സെപ്തംബർ അവസാനവും ഒക്ടോബറിൽ നടുന്നത്‌ ഫെബ്രുവരി-മാർച്ചിലും വിളവ്‌ എടുക്കാവുന്നതാണ്‌. ഒരു ഏക്കറിൽനിന്ന്‌ 250 മുതൽ 300 കി. ഗ്രാം ഉണങ്ങിയ വള്ളി ലഭിക്കും. ഒരു കിലോ വിളവിന്‌ 110 മുതൽ 120 രൂപ വരെ വില ഇപ്പോൾ ലഭിക്കുന്നുണ്ട്‌. നന്നായി ശ്രദ്ധിച്ചാൽ ഒരു വർഷം രണ്ടുതവണയായി വിളവ്‌ എടുക്കാവുന്നതാണ്‌.
2. ഓരില
ദശമൂലത്തിലെ ചേരുവയായ ഒരു ചെറു ചെടിയാണ്‌ ഇത്‌. പയറുവർഗവിളയായതിനാൽ തെങ്ങിൻതോപ്പിൽ നടുന്നത്‌ നൈട്രജന്റെ വർദ്ധനവിനെ സഹായിക്കുകയും ചെയ്യും. ഏകദേശം ഒരു മീറ്റർവരെ ഉയരത്തിൽ വളരുന്നതായി കണ്ടുവരുന്നു. ഓരില എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നീരൊഴുക്കു കൂടിയ മണ്ണിൽ വളർച്ച കുറയുന്നതായിട്ടാണ്‌ കാണുന്നത്‌. നന്നായി ജൈവവളം ചേർത്ത്‌ ഉഴുതു പാകപ്പെടുത്തിയ മണ്ണിൽ മെയ്‌ പകുതിയോടുകൂടി വിത്ത്‌ നാലിരട്ടി ഉണങ്ങിയ മണൽ ചേർത്ത്‌ വിതച്ചുകൊടുക്കുന്നതാണ്‌ കൃഷിരീതി. ഏകദേശം ഒക്ടോബർ മാസത്തോടുകൂടി വിത്ത്‌ ശേഖരിച്ചതിനുശേഷം ചെടി പറിച്ച്‌ ഉണക്കി വിപണനം നടത്താവുന്നതാണ്‌. രണ്ടാംവർഷം നിർത്തിയാലും ചെടി ഉണങ്ങിപ്പോവില്ല എന്നതും ശ്രദ്ധേയമാണ്‌. ഒരു ഏക്കറിൽനിന്ന്‌ 500 കിലോ ഗ്രാം മുതൽ 700 കിലോ ഗ്രാം വരെ ഉണങ്ങിയ ചെടി ലഭിക്കുന്നതായി കണ്ടുവരുന്നു. കിലോഗ്രാമിന്‌ 50 മുതൽ 55 രൂപവരെ വില ലഭിക്കുന്നുണ്ട്‌.
3. മൂവില
ദശമൂലത്തിൽപ്പെടുന്ന പടർന്നുവളരുന്ന ചെറു ചെടിയാണ്‌ ഇത്‌. കൃഷിരീതി, പരിചരണം, വിളസംഭരണം എന്നിവയെല്ലാം ഓരിലയുടെ രീതിയിൽ ചെയ്യാവുന്നതാണ്‌. ഒന്നുമുതൽ രണ്ടുവർഷം നിർത്തിയതിനുശേഷം പറിച്ചെടുക്കുന്നത്‌ വിളവ്‌ കൂടുതൽ ലഭിക്കാൻ സഹായിക്കും. ഒരു ഏക്കറിൽനിന്ന്‌ 600 മുതൽ 750 കിലോഗ്രാം വരെ വിളവ്‌ ലഭിക്കാറുണ്ട്‌. കിലോഗ്രാമിന്‌ 55 രൂപമുതൽ 60 രൂപവരെ ലഭിക്കുന്നതാണ്‌.
4. കച്ചോലം 
ഇഞ്ചിയുടേയും മഞ്ഞളിന്റേയും കുടുംബത്തിൽപ്പെടുന്ന ഈ സസ്യത്തിന്റെ പ്രകണ്ടങ്ങളാണ്‌ ഔഷധയോഗ്യമായ ഭാഗം. ഒരുകാലത്ത്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും ധാരാളമായി കൃഷി ചെയ്തിരുന്ന ഒരു ഇനമായിരുന്നു ഇത്‌. ഇന്ന്‌ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേയ്ക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു. ഇഞ്ചി കൃഷി  ചെയ്യുന്നതുപോലെ കൃഷി ചെയ്യാവുന്നതാണ്‌. ജൈവവളം ചേർത്ത്‌ നന്നായി കിളച്ചൊരുക്കി ചെറിയ വാരങ്ങൾ എടുത്ത്‌ കിഴങ്ങുകൾ നട്ടുകൊടുക്കാം. നട്ടതിനുശേഷം പുതയിട്ടു കൊടുക്കണം. കിഴങ്ങുകൾ കിളിർത്തു വന്നതിനുശേഷം വീണ്ടും വളം ചേർത്ത്‌ മണ്ണ്‌ കയറ്റിക്കൊടുക്കുന്നതാണ്‌ കൃഷിരീതി. 8 മുതൽ 10 മാസത്തിനുശേഷം ഇലകൾ പഴുത്ത്‌ കരിഞ്ഞുതുടങ്ങുമ്പോൾ കിഴങ്ങുകൾ കിളച്ച്‌ ശേഖരിക്കാം. കിഴങ്ങുകൾ അരിഞ്ഞ്‌ ആദ്യം തണലിലും പിന്നീട്‌ വെയിലിലും ഉണക്കി വിപണനം നടത്താം. ഒരു ഏക്കറിൽനിന്ന്‌ 1 മുതൽ 2 ടൺ വരെ ഉണക്ക കച്ചോലം ലഭിക്കും. കിലോഗ്രാമിന്‌ 100 രൂപ മുതൽ 110 രൂപവരെ വില ലഭിക്കുന്നതാണ്‌.
5. നീലയമരി
പയറുവർഗ്ഗത്തിൽപ്പെടുന്ന ഒരു ചെറുചെടിയാണ്‌ നീലയമരി. പ്രകൃതിദത്തമായ നീലം ലഭിക്കുന്നതിനാൽ 'നീലി' എന്നും അറിയപ്പെടുന്നു. പ്രസിദ്ധമായ നീലിഭൃംഗാദി കേശതൈലത്തിലെ ചേരുവയാണ്‌. ധാരാളം ശാഖകളോടുകൂടി ഏകദേശം ഒരു മീറ്റർവരെ ഉയരത്തിൽ വളരും. ഇതിന്‌ നീല കലർന്ന പച്ച ഇലയാണുളളത്‌.
വിത്ത്‌ വഴിയാണ്‌ ഇതിന്റെ പ്രജനനം നടത്തുന്നത്‌. നന്നായി കിളച്ച്‌ ജൈവവളം ചേർത്തുകൊടുത്ത മണ്ണിൽ വിത്ത്‌ നേരിട്ട്‌ വിതച്ചുകൊടുത്തോ നഴ്സറികളിൽ വിത്ത്‌ പാകി കിളിർപ്പിച്ച്‌ തൈകൾ പറിച്ചു നട്ടോ കൃഷി ആരംഭിക്കാവുന്നതാണ്‌. മഴ കുറവുണ്ടെങ്കിൽ നനച്ചുകൊടുക്കണം. ഇടയകലം കുറഞ്ഞ്‌ തണൽകൂടിയ തെങ്ങിൻതോപ്പിൽ ഇതിന്റെ കൃഷി വിജയകരമല്ല. തൈകൾ പറിച്ചുനടുമ്പോൾ ആണ്‌ കൂടുതൽ വിളവ്‌ ലഭിക്കുന്നത്‌. വിത്തുകൾ വളരെ ചെറുതായതിനാൽ നാലിരട്ടി മണൽ ചേർത്തുവേണം വിതയ്ക്കേണ്ടത്‌. തൈകൾ പറിച്ച്‌ നടുമ്പോൾ വരമ്പുകൾ എടുത്ത്‌ അതിൽ 60 സെ.മി. അകലത്തിൽ നടുന്നതാണ്‌ നല്ലത്‌. നട്ട്‌ ചെടി വളർന്നുവരുന്നതിനനുസരിച്ച്‌ മാസത്തിൽ ഒരിക്കൽ ചാണകപ്പൊടി, എല്ലുപൊടി, കമ്പോസ്റ്റ്‌ മുതലായ വളങ്ങൾ ചേർത്തു മണ്ണു കയറ്റുന്നത്‌ ചെടികൾ ശക്തിയായി തഴച്ചുവളരുവാൻ സഹിയ്ക്കും. സെപ്തംബർ-ഒക്ടോബർ മാസത്തിൽ നട്ടുകൊടുത്ത്‌ നനച്ചു വളർത്തിയാൽ ഇതിന്റെ ഇലയ്ക്ക്‌ ഏറ്റവും ഡിമാന്റുള്ള ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിളവ്‌ എടുക്കാം. നട്ട്‌ മൂന്നു മാസം കഴിഞ്ഞാൽ ആദ്യവിളവെടുപ്പ്‌ നടത്താം. തറനിരപ്പിൽനിന്ന്‌ 15 മുതൽ 20 സെ.മീ. വരെ ഉയരത്തിൽവെച്ച്‌ ചെടി ശാഖകളോടുകൂടി മുറിച്ചെടുക്കാം. ഇതിനുശേഷം വളം ചേർത്ത്‌ നനച്ചുകൊടുത്താൽ രണ്ടുമാസം കൂടുമ്പോൾ വിളവ്‌ എടുക്കാവുന്നതാണ്‌. ശരിയായി നനച്ചു സംരക്ഷിച്ചാൽ രണ്ടു വർഷംവരെ ഇതിൽനിന്ന്‌ ഇലകളും തണ്ടും ശേഖരിക്കാവുന്നതാണ്‌. രണ്ട്‌ വർഷത്തിനുശേഷം പറിച്ചെടുത്ത്‌ വേര്‌ ഉണക്കി വിപണനം നടത്തുകയും ചെയ്യാം. നന്നായി സംരക്ഷിച്ചാൽ ഒരു കൃഷിയിൽനിന്ന്‌ 2 മുതൽ 3 ടൺവരെ ഇലകളും 500 കി.ഗ്രാം വേരും ലഭിക്കും.
6. രാമച്ചം
പുല്ലുവർഗ്ഗത്തിൽപ്പെടുന്ന ഒരു സുഗന്ധവിളയാണ്‌ രാമച്ചം. ഇതിന്റെ വേരിൽനിന്ന്‌ ലഭിക്കുന്ന തൈലം വളരെ വ്യാവസായികപ്രാധാന്യം ഉള്ളതാണ്‌. ആയുർവേദൗഷധങ്ങളിൽ ഇതിന്റെ വേരാണ്‌ ഉപയോഗിക്കുന്നത്‌. വേര്‌ എടുത്തതിന്‌ ശേഷം മണ്ണിൽ പുതച്ചു സൂക്ഷിക്കുന്ന ചുവട്ടിൽനിന്നും വരുന്ന ചിനപ്പുകൾ ആണ്‌ നടുവാൻ ഉപയോഗിക്കുന്നത്‌. മണൽ കലർന്ന മണ്ണിൽ കൃഷി ചെയ്യുന്നതാണ്‌ കൂടുതൽ വിളവ്‌ ലഭിക്കാൻ സഹായകം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിലെ തീരദേശമേഖലകൾ ആണ്‌ കൃഷിക്ക്‌ ഏറ്റവും ഉത്തമം. രണ്ടുവരി തെങ്ങുകൾക്കിടയിലുള്ള സ്ഥലങ്ങളിലോ പറമ്പിന്റെ വരമ്പ്‌ അരികുകൾക്കിടയിൽ മണ്ണൊലിപ്പ്‌ തടയുവാൻ വേണ്ടിയോ നട്ടുകൊടുക്കാം. മെയ്‌ മാസത്തിൽ കൃഷി ആരംഭിക്കുന്നതാണ്‌ അഭികാമ്യം. കിളച്ച്‌ പാകപ്പെടുത്തിയ മണ്ണിൽ കൂനയെടുത്തോ, വാരങ്ങൾ എടുത്തോ ചിനപ്പുകൾ നട്ടുകൊടുക്കാം. ചെടികൾതമ്മിൽ 45 സെ.മി. ഉം വരികൾ തമ്മിൽ 60 സെ.മി. ഉം അകലം കൊടുക്കണം. ജൈവവളം ചേർത്ത്‌ ഇടയ്ക്ക്‌ മണ്ണ്‌ കയറ്റിക്കൊടുക്കുന്നത്‌ വേര്‌ കൂടുതൽ ലഭിക്കാൻ സഹായിക്കും. ഒന്നര വർഷം വളർച്ച എത്തിയാൽ വേര്‌ പൊട്ടാതെ കിളച്ച്‌ എടുത്ത്‌ മണ്ണ്‌ കളഞ്ഞ്‌ വേര്‌ വെട്ടി വെയിലിൽ ഉണക്കി വിപണയിൽ എത്തിക്കാം. ഒരേക്കറിൽനിന്ന്‌ 1 ടൺ മുതൽ 1.5 ടൺവരെ വിളവ്‌ പ്രതീക്ഷിക്കാം. ഇപ്പോൾ കിലോഗ്രാമിന്‌ 65 മുതൽ 70 രൂപ വരെ വിപണിയിൽ ലഭിക്കുന്നുണ്ട്‌.
7. ഇരുവേലി
തുമ്പച്ചെടിയുടെ കുടുംബത്തിൽപ്പെടുന്ന ഹൃദ്യമായ മണമുള്ള ഒരു ചെറുചെടിയാണ്‌ ഇത്‌. പനികൂർക്ക/കന്നിക്കൂർക്ക എന്ന ചെടിയോട്‌ വളരെ സാമ്യമുള്ള ഒരു സസ്യമാണിത്‌. ഇതിന്റെ തണ്ടാണ്‌ ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌. എല്ലാത്തരം മണ്ണിലും ഇത്‌ വളരുമെങ്കിലും നല്ല നീർവാർച്ചയുള്ള മണ്ണാണ്‌ ഉത്തമം. അതുകൊണ്ട്‌ കേരളത്തിലെ തീരപ്രദേശജില്ലകളിലെ തെങ്ങിൻതോപ്പിൽ കൃഷി ചെയ്യുവാൻ വളരെ അനുയോജ്യം.
2-3 മുട്ടുകളുള്ള ഇളം തണ്ടിന്റെ അഗ്രഭാഗമാണ്‌ നടുവാൻ ഉപയോഗിക്കുന്നത്‌. വേരു പിടിപ്പിച്ച തണ്ടുകൾ നടുകയോ തലപ്പുകൾ നേരിട്ടു നട്ടോ കൃഷി ചെയ്യാവുന്നതാണ്‌. കാലവർഷാരംഭത്തോടുകൂടി നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ചാണകപ്പൊടിയോ ജൈവവളങ്ങളോ ചേർത്ത്‌ വാരങ്ങൾ എടുത്ത്‌ തലപ്പുകൾ നടാം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. 20 സെ.മി. എങ്കിലും അകലം കൊടുക്കണം. വേപ്പിൻപിണ്ണാക്ക്‌ ചേർത്ത്‌ കൊടുക്കുന്നത്‌ ചെടിയിൽ കാണുന്ന വാട്ടരോഗം തടയുവാൻ സഹായിക്കും. നട്ടതിനുശേശം ഒന്നിടവിട്ട മാസങ്ങളിൽ വളം ചേർത്ത്‌ മണ്ണ്‌ കയറ്റുന്നത്‌ നല്ലതാണ്‌. കളകൾ പതിവായി നീക്കം ചെയ്യുകയും വേണം. മഴ വളരെ കുറവുണ്ടെങ്കിൽ നനച്ചുകൊടുക്കുന്നത്‌ ഗുണകരമാണ്‌.
നട്ട്‌ എട്ടു മാസത്തിനുശേഷം പൂക്കൾ ഉണ്ടാകുന്നതോടുകൂടി ചെടി പറിച്ചെടുത്ത്‌ തണ്ടുകൾ ചെറു കഷണങ്ങളായി മുറിച്ച്‌ വെയിലിൽ ഉണക്കി വിപണനം നടത്താവുന്നതാണ്‌. തണ്ടിന്റെ പുറംതൊലി ചീകി കളയുന്നത്‌ ഉണക്കം വേഗത്തിൽ ആവാൻ സഹായിക്കും. ഒരു ഏക്കറിൽനിന്ന്‌ 750 കി.ഗ്രാം വരെ ഉണങ്ങിയ തണ്ട്‌ ലഭിക്കും. ഒരു കിലോയ്ക്ക്‌ 120 മുതൽ 130 രൂപവരെ വില ലഭിക്കുന്നുണ്ട്‌.
8. കറ്റാർവാഴ
കട്ടിയുള്ള പോളപോലത്തെ ഇലകളോടുകൂടി വളരുന്ന ഒരു ചെടിയാണ്‌ ഇത്‌. ചുവട്ടിൽനിന്ന്‌ വളർന്നുവരുന്ന ചിനപ്പുകൾ (കന്നുകൾ) ആണ്‌ നടുവാൻ ഉപയോഗിക്കുന്നത്‌. പൂർണമായും തണലുള്ള തെങ്ങിൻതോപ്പിൽ  കൃഷി ചെയ്യുവാൻ പറ്റിയതല്ല. നല്ല ഇടയകലം ഉള്ള തെങ്ങിൻതോപ്പിൽ രണ്ടു വരി തെങ്ങുകൾക്കിടയിലുള്ള സ്ഥലം കൃഷിക്ക്‌ തിരഞ്ഞെടുക്കാം. ജൈവവളം ചേർത്ത്‌ കിളച്ച്‌ വാരങ്ങൾ എടുത്തോ ഉയർന്ന തടങ്ങളിലോ കൃഷി ചെയ്യാവുന്നതാണ്‌. ചെടികൾ തമ്മിൽ 45 സെമി അകലം കൊടുക്കണം. ഇടയ്ക്ക്‌ കളയെടുത്ത്‌ ഇടയിളക്കി വളം ചേർത്ത്‌ കൊടുക്കണം. ജലസേചനം വളരെ കുറച്ച്‌ ആവശ്യമുള്ള ഒരു ചെടിയാണ്‌.
നട്ട്‌ ആറുമാസത്തിനുശേഷം മൂപ്പെത്തിയ അടിവശത്തെ പോളകൾ മുറിച്ചെടുത്ത്‌ വിപണനം നടത്താം. ഓരോ പ്രാവശ്യം വിളവെടുത്തതിനു ശേഷം ജൈവവളം ചേർത്ത്‌ മണ്ണ്‌ കയറ്റിക്കൊടുക്കണം. ഈ രീതിയിൽ രണ്ടു വർഷം തുടർച്ചയായി പോളകൾ ശേഖരിക്കാവുന്നതാണ്‌. ഒരു ഏക്കറിൽനിന്ന്‌ 6 ടൺവരെ പോളകൾ ലഭിക്കും. പരിചരണത്തിന്റെ ഏറ്റക്കുറവനുസരിച്ച്‌ വിളവ്‌ വ്യത്യാസപ്പെട്ടിരിക്കും. ഒരു കിലോഗ്രാം പോളക്ക്‌ 5 രൂപ വരെ വില ലഭിക്കുന്നുണ്ട്‌.
9. ആടലോടകം
ചിറ്റാടലോടകം, വലിയ ആടലോടകം എന്നിങ്ങനെ രണ്ടുതരം കാണപ്പെടുന്നു. ഇവ രണ്ടും മരുന്നുനിർമ്മാണത്തിൽ ഉപയോഗിക്കുന്നു. കൂടുതൽ വളർച്ച കാണിക്കുന്നത്‌ വലിയ ആടലോടകം ആണ്‌. ധാരാളം ഇലകളുള്ള ഒരു കുറ്റിച്ചെടിയാണിത്‌.
ആടലോടകത്തിന്റെ മുട്ടുകളോടുകൂടിയ തലപ്പ്‌ മുറിച്ചുനട്ടാണ്‌ കൃഷി ചെയ്യേണ്ടത്‌. കാലവർഷാരംഭത്തിൽ ഉഴുതു പാകപ്പെടുത്തിയ മണ്ണിൽ ചെറിയ വരമ്പുകൾ കോരിയോ കൂനയെടുത്തോ കമ്പുകൾ നട്ടുകൊടുക്കാം. ജൈവവളം കൂടുതൽ കൊടുത്താൽ വളരെ വേഗത്തിൽ വളർന്നുവരുന്നു. തോട്ടത്തിന്റെ അതിരുകളിൽ ജൈവവേലിയായും നട്ടുവളർത്താവുന്നതാണ്‌.
ചെടികൾതമ്മിൽ 30 സെ.മി. അകലവും വരമ്പുകൾതമ്മിൽ 60 സെ.മി. അകലവും കൊടുക്കണം. നട്ട്‌ രണ്ടു മുതൽ മൂന്നു മാസം കഴിഞ്ഞ്‌ ഒരു പ്രാവശ്യം കള പറിച്ചുകൊടുക്കണം. നനച്ചുകൊടുത്തില്ലെങ്കിലും വളർന്നു കൊള്ളും. നനച്ചുകൊടുത്താൽ വളരെ ഉയർന്ന വിളവ്‌ ലഭിക്കും.
ആടലോടകം സമൂലമായും, ഇല, വേര്‌ എന്നിവ പ്രത്യേകമായും ഉപയോഗിക്കാറുണ്ട്‌. സമൂലമായി ഉപയോഗിക്കുമ്പോൾ പച്ചയായിട്ടാണ്‌ ഉപയോഗിക്കേണ്ടത്‌. വേരിന്റെ ആവശ്യത്തിന്‌ ഉണക്കിയും ഉപയോഗിക്കുന്നു. നട്ട്‌ രണ്ടു വർഷത്തിനുശേഷം പറിച്ചെടുത്ത്‌ ഇലനീക്കി ഉണക്കി വിൽപന നടത്തുന്നതാണ്‌ കർഷകർക്ക്‌ എന്തുകൊണ്ടും നല്ലത്‌. ഒരു ഏക്കറിൽനിന്ന്‌ 2 മുതൽ 3 ടൺ ഉണക്ക ഉൽപ്പന്നം ലഭിക്കും. ഇപ്പോൾ ഉണക്ക ഉൽപന്നത്തിന്‌ 35 രൂപവരെ വില ലഭിച്ചുകാണുന്നു.
10. ശതാവരി
പടർന്നുകയറി വളരുന്ന ഒരു ഭംഗിയുള്ള സസ്യമാണ്‌ ഇത്‌. ഇതിന്റെ പല ഇനങ്ങളും അലങ്കാരത്തിന്‌ നട്ടു വളർത്താറുണ്ട്‌. വന്യമായി കാണുന്ന മുള്ളുകൾ ഉള്ള ഇനമാണ്‌ മരുന്നുനിർമ്മാണത്തിന്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ ഇല വളരെ ചെറുതും നല്ല പച്ചനിറം ഉള്ളതുമാകയാൽ കാഴ്ചയ്ക്ക്‌ വളരെ ഭംഗിയുള്ളതാണ്‌.
കാലവർഷാരംഭത്തിൽ നല്ലവണ്ണം കിളച്ച്‌ ജൈവവളം ചേർത്ത്‌, മൂന്നടി അകലത്തിൽ ഒരടി ആഴമുള്ള കുഴി തയ്യാറാക്കി വേരു പിടിപ്പിച്ച തൈകൾ നട്ടുകൊടുക്കാം. നട്ട്‌ ഒരു മാസം കഴിയുമ്പോൾ വള്ളികൾ നല്ലവണ്ണം പടർന്നുതുടങ്ങും. അപ്പോൾ കമ്പുകൾ നാട്ടി പടർത്തിക്കൊടുക്കണം. ഇടയ്ക്ക്‌ കള പറിച്ചുകൊടുക്കുകയും ജൈവവളം ചേർക്കുകയും വേണം. ആദ്യവർഷം അവസാനം വള്ളികൾ ഉണങ്ങി പോകുമെങ്കിലും അടുത്ത കാലവർഷത്തോടുകൂടി വീണ്ടും ശക്തിയായി വളർന്നുവരും. രണ്ടാംവർഷം അവസാനം തുലാവർഷമഴയ്ക്കു ശേഷം വള്ളികൾ മുറിച്ചതിനുശേഷം കിഴങ്ങുകൾ പറിച്ചെടുക്കാം. ഒരു ഏക്കറിൽനിന്ന്‌ 5000 മുതൽ 6000 കി.ഗ്രാം വരെ കിഴങ്ങ്‌ ലഭിക്കും. കിഴങ്ങ്‌ പച്ചയായി വിപണിയിൽ എത്തിക്കാം. ഇപ്പോൾ കിലോഗ്രാമിന്‌ 25 രൂപവരെ വില ലഭിക്കുന്നുണ്ട്‌.
11. തിപ്പലി
കുരുമുളകിന്റെ കുടുംബത്തിൽപ്പെടുന്ന ഇത്‌ തെങ്ങിൻതോപ്പിൽ നന്നായി വളർന്നുവരുന്നതാണ്‌. ജീവതിപ്പലി എന്ന ഇനം വള്ളിയായി പടർന്നു കയറുന്നതാണെങ്കിലും സുവാലി തിപ്പലി, ഉണ്ടത്തിപ്പലി എന്നയിനങ്ങൾ കുറ്റിച്ചെടിയായി വളരുന്നതാണ്‌. ആയുർവേദമരുന്നുനിർമ്മാണക്കമ്പനികൾ കൂടുതലും ഉപയോഗിക്കുന്നത്‌ സുവാലി തിപ്പലി ആയതിനാൽ ഇതിന്റെ കൃഷിക്കാണ്‌ പ്രധാന്യം കൊടുക്കേണ്ടത്‌.
മൂന്നുമുതൽ നാലു മുട്ടുകൾ ഉള്ള വള്ളിയാണ്‌ നടാൻ ഉപയോഗിക്കുന്നത്‌. വേരുപിടിപ്പിച്ച വള്ളികൾ നടുന്നതാണ്‌ ഉചിതം. നന്നായി കിളച്ചൊരുക്കിയ മണ്ണിൽ ചെറിയ വാരങ്ങൾ എടുത്ത്‌ ഇതിൽ രണ്ടടി അകലത്തിൽ കുഴികൾ എടുത്ത്‌ ജൈവവളം ചേർത്ത്‌ കുഴി മൂടി കാലവർഷാരംഭത്തിൽ വേരുപിടിപ്പിച്ച തൈകൾ നട്ടുകൊടുക്കാം. ചെടികൾ ഒരു മാസംകൊണ്ട്‌ വളർന്നുവരാൻ തുടങ്ങും. കള പറിച്ച്‌ കിളിർക്കാത്ത കുഴികളിൽ വീണ്ടും തൈകൾനട്ട്‌ വളം ചേർത്ത്‌ മണ്ണു കയറ്റി കൊടുക്കണം. മഴ കുറവാണെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കണം.
ആറാംമാസം മുതൽ വിളവെടുക്കാം. നന്നായി പാകമായ കായ്കൾ കടുംപച്ചനിറമാകുമ്പോൾ പറിച്ചെടുത്ത്‌ വെയിലിൽ ഉണക്കി വിപണനം നടത്താവുന്നതാണ്‌. ഒരു വർഷത്തിൽ മൂന്നു പ്രാവശ്യം വിളവ്‌ ലഭിക്കും. ഓരോ വിളവെടുപ്പിനുശേഷവും ചെറുതായി കമ്പുകൾ കോതിക്കൊടുക്കുന്നത്‌ നന്നായി കായ്‌ പിടിക്കാൻ സഹായിക്കും. രണ്ടുമുതൽ മൂന്നു വർഷംവരെ കായ്‌ ലഭിക്കും. മൂന്നാം വർഷത്തെ വിളവെടുപ്പിനുശേഷം ചെടി പറിച്ചെടുത്ത്‌ വേര്‌ വെട്ടി ഉണക്കി അതും വിൽപന നടത്താവുന്നതാണ്‌. ഒരു ഏക്കറിൽനിന്ന്‌ 500 മുതൽ 700 കി.ഗ്രാം വരെ കായ്കൾ ലഭിക്കും.
13. കൊടുവേലി
അര മീറ്റർവരെ ഉയരത്തിൽ വളരുന്ന ഒരു ചെറുചെടിയാണിത്‌. തിരുവാതിരപ്പൂവ്‌ എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. കേരളത്തിൽ ചുവന്ന നിറത്തിലുള്ള ചെത്തിക്കൊടുവേലി എന്നയിനം ആണ്‌ പ്രചാരത്തിൽ ഉള്ളത്‌. എന്നാൽ വെള്ളപ്പൂവ്‌ ഉള്ള വെള്ളക്കൊടുവേലി എന്നയിനവും മരുന്നുനിർമ്മാണത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌.
ഇതിന്റെ തണ്ടു മുറിച്ചു നട്ടാണ്‌ വംശവർദ്ധനവ്‌ നടത്തുന്നത്‌. കിളച്ചു പാകപ്പെടുത്തിയ മണ്ണിൽ നന്നായി ജൈവവളം ചേർത്ത്‌ വാരങ്ങൾ എടുത്ത്‌ കാലവർഷത്തോടുകൂടി നാലു മുട്ടുകൾവീതം ഉള്ള കമ്പുകൾ നട്ടുകൊടുക്കുന്നു. അരയടി അകലം കൊടുത്തു നട്ടാൽ മതി. ഏകദേശം ഒരു മാസത്തോടുകൂടി കമ്പുകൾ വേര്‌ പിടിച്ച്‌ കിളിർത്ത്‌ വന്നുതുടങ്ങും. ഈ സമയത്ത്‌ കള പറിച്ച്‌ വളം ചേർത്ത്‌ മണ്ണ്‌ കയറ്റിക്കൊടുക്കണം. രണ്ടുമൂന്നു പ്രാവശ്യം ജൈവവളം ചേർത്ത്‌ കൊടുക്കുന്നതും വേനലിൽ ചെറിയ നന കൊടുക്കുന്നതും കൂടുതൽ വിളവ്‌ ലഭിക്കാൻ സഹായിക്കും.
ഇതിന്റെ അൽപം തടിച്ച വേര്‌ ആണ്‌ ഔഷധത്തിന്‌ ഉപയോഗിക്കുന്നത്‌. നട്ട്‌ ഒന്നര വർഷത്തിനു ശേഷം കിളച്ച്‌ വേര്‌ ശേഖരിച്ച്‌ വിപണനം നടത്താം. ഒരു ഏക്കറിൽനിന്ന്‌ 3.5 മുതൽ 4 ടൺ വേര്‌ ലഭിക്കും. പച്ചയായി വിൽക്കാവുന്നതാണ്‌. ഇപ്പോൾ വിപണിയിൽ 70 രൂപ വില ലഭിക്കുന്നുണ്ട്‌.
മേൽ വിവരിച്ച ചെറുചെടികൾപോലെ വളരെ പ്രാധാന്യമുള്ള വൃക്ഷവിളകളും ആയുർവേദത്തിൽ ഉണ്ട്‌. ദശമൂലത്തിലെ വൃക്ഷവിളകൾ എന്തുകൊണ്ടും ഇതിൽ വളരെ മുൻഗണന അർഹിക്കുന്നതാണ്‌. ഇവയെല്ലാം തന്നെ തെങ്ങിൻതോപ്പിൽ ഇടവിളയായി വളർത്താവുന്നതുമാണ്‌.
ദശമൂലത്തിലെ വലിയ പഞ്ചമൂലങ്ങളായ കൂവളം, കുമിഴ്‌, പൂപ്പാതിരി, പലകപ്പയ്യാനി, മുഞ്ഞ എന്നിവ ഒരു തോട്ടത്തിൽ ഒന്നിച്ച്‌ നട്ടുവളർത്തുന്നത്‌ വരും കാലങ്ങളിൽ വലിയ ആദായം ലഭിക്കുവാൻ സഹായകമാകും എന്ന്‌ നിസ്സംശയം പറയാം.
14. കൂവളം
കൂവളം, കൂളകം എന്നീപേരുകളിൽ അറിയപ്പെടുന്ന ഒരു ചെറുമരമാണ്‌ ഇത്‌. മുള്ളുകൾ ധാരാളം ഉള്ള നാടൻ ഇനങ്ങളും, മുള്ളുകൾ കുറഞ്ഞ്‌ വളരെ വേഗത്തിൽ വളരുന്ന ഉത്തരേന്ത്യൻ ഇനവും ഇന്ന്‌ പ്രചാരത്തിലുണ്ട്‌. വളരെ വേഗം വളരുമെന്നതിനാൽ ഉത്തരേന്ത്യൻ ഇനം തെരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌. തെങ്ങിൻതോപ്പിൽ 10 അടി ആകലത്തിൽ ഒരടി കുഴിയെടുത്ത്‌ ജൈവവളം ചേർത്ത്‌ കാലവർഷാരംഭത്തോടെ തൈകൾ നടാം. നട്ട്‌ ആദ്യ രണ്ടു വർഷംപരിചരിച്ചാൽ പിന്നെ വലിയ പരിചരണം കൂടാതെ വളർന്നുകൊള്ളും. പത്തുവർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും വെട്ടി വേര്‌ വിൽക്കാവുന്നതാണ്‌. ഇതിന്റെ ഇലയും കായും മരുന്നു നിർമാണത്തിന്ന്‌ ആവശ്യമാണ്‌. കൊത്തി ഉണക്കിയ വേരിന്‌ ഇപ്പോൾ 40 മുതൽ 45 രൂപവരെ വില ലഭിക്കുന്നുണ്ട്‌.
15. കുമിഴ്‌
കുമിൾ എന്നപേരിലും അറിയപ്പെടുന്ന ഒരു വൃക്ഷമാണ്‌ ഇത്‌. ഇതിന്റെ തടി കൊത്തു പണിക്ക്‌ ധാരാളം ഉപയോഗിക്കുന്നു. സാമാന്യം വലിയ മരം ആകുന്നതിനാൽ തെങ്ങിന്‌ ശല്യം ഉണ്ടാക്കാത്തവിധം വളർത്തണം. തൈകൾ തമ്മിൽ 15 അടി അകലം കൊടുക്കണം. തൈ നടാൻ എടുക്കുന്ന കുഴിക്ക്‌ ഒന്നര അടി വലിപ്പം വേണം. 15 വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും വെട്ടി വേര്‌ വിൽക്കാവുന്നതാണ്‌. ഇപ്പോൾ വേരിന്‌ 40 രൂപവരെ വില ലഭിക്കുന്നുണ്ട്‌.
16. പൂപ്പാതിരി
ഒരു വലിയ വൃക്ഷമായി വളരുന്നതിനാൽ തോട്ടത്തിന്റെ അതിരുകളിൽ നട്ടുവളർത്തണം. തൈകൾ നട്ട്‌ആദ്യരണ്ടുവർഷത്തെ പരിചരണം കഴിഞ്ഞാൽ പിന്നീട്‌ തനിയെ വളർന്നുകൊള്ളും നട്ട്‌ 15 വർഷത്തിനുശേഷം വെട്ടി വേര്‌ മരുന്നുനിർമ്മാണത്തിനും തടി, മറ്റ്‌ നിർമ്മാണാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം.  ഇപ്പോൾ വേരിന്‌ 40 മുതൽ 45 രൂപവരെ വില ലഭിക്കാറുണ്ട്‌.
17. പലകപ്പയ്യാനി
തെങ്ങിൻതോപ്പിൽ ഇടവിളയായി കുരുമുളക്‌ വളർത്തുന്നവർക്ക്‌ പറ്റിയ ഒരു താങ്ങുമരമാണ്‌ ഇത്‌. രണ്ടു വരി തെങ്ങുകൾക്കിടയിൽ 8 അടി അകലത്തിൽ കുഴികൾ എടുത്ത്‌ വർഷക്കാലത്ത്‌ തൈകൾ നട്ടുവളർത്താം. തൈകൾ നട്ട്‌ മൂന്നു വർഷം കഴിഞ്ഞ്‌ കുരുമുളക്‌ വള്ളികൾ പടർത്തിക്കൊടുക്കാം. 10 വർഷത്തിനുശേഷം എപ്പോൾ വേണമെങ്കിലും വെട്ടി വേര്‌ ശേഖരിക്കാം. ഇപ്പോൾ 45 മുതൽ 50 രൂപ വരെ വിലയുണ്ട്‌.
18. മുഞ്ഞ
രൂക്ഷഗന്ധമുള്ള ഇലയാണ്‌ ഇതിന്റെ പ്രത്യേകത. ഒരു ചെറുവൃക്ഷമായി വളരുന്നതാകയാൽ 8 അടി അകലം കൊടുത്ത്‌ തെങ്ങിൻതോട്ടത്തിൽ വളർത്താം. കമ്പുകൾ മുറിച്ചു നട്ട്‌ വളർത്തിയെടുക്കാം. നട്ട്‌ എട്ടുമുതൽ 10 വർഷം കഴിഞ്ഞ്‌ വെട്ടി വേര്‌ ശേഖരിച്ച്‌ വിപണനം നടത്താം. ഇപ്പോൾ കിലോഗ്രാമിന്‌ 25 രൂപ മുതൽ 30 രൂപ വരെ വില ലഭിക്കാറുണ്ട്‌.
ഔഷധ വൃക്ഷവിളകൾ തോട്ടത്തിൽ ഒന്നിച്ച്‌ നട്ടുവളർത്താൻ ശ്രദ്ധിക്കണം. വിപണി വളരെ വേഗം ലഭിക്കാൻ ഇത്‌ സഹായിക്കും.
മേൽപ്പറഞ്ഞ വിളകൾ കൂടാതെ മറ്റ്‌ പല ഔഷധസസ്യങ്ങളും തെങ്ങിൻതോപ്പിൽ നട്ടുവളർത്താവുന്നവയാണ്‌. പ്രാദേശികാവശ്യം ഇതിന്റെ മുഖ്യ ഘടകമായി എടുക്കേണ്ടതാണ്‌. ഔഷധസസ്യനിർമ്മാതാക്കളുടെ ആവശ്യം കണക്കിലെടുത്ത്‌ ഓരോ പ്രദേശത്തും വിളകൾ ക്രമീകരിക്കേണ്ടതാണ്‌. വിപണനത്തിൽ കർഷകക്കൂട്ടായ്മ അത്യന്താപേക്ഷിതമാണ്‌. നാളികേര ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാളികേര ഉത്പാദക സംഘങ്ങൾക്ക്‌ ഈ ദൗത്യം ഏറ്റവും നന്നായി നിറവേറ്റാൻ കഴിയുമെന്ന്‌ ഉറപ്പിക്കാം.
ഇത്തരം കൃഷിയും വിപണനവും കർഷകർക്ക്‌ ഒരു കൈത്താങ്ങും ആയുർവേദത്തിന്റെ നിലനിൽപ്പിന്‌ അടിസ്ഥാനവുമായി പടർന്ന്‌ പന്തലിക്കട്ടെയെന്ന്‌ പ്രത്യാശിക്കാം.

കോട്ടയ്ക്കൽ ആര്യവൈദ്യശാല
കാർഷികവിഭാഗം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...