23 Nov 2012

ചൗട്ട ഗാർഡൻസ്‌ - വിത്തുത്പാദന തോട്ടത്തിന്‌ ഒരു മാതൃക


കെ. എം. വിജയൻ

കേരളത്തിലെ ആദ്യ സ്വകാര്യ വിത്തുത്പാദന തോട്ടം - ചൗട്ട ഗാർഡൻസ്‌ - കാസർഗോഡ്‌ ജില്ലയുടെ വടക്ക്‌ - കിഴക്ക്‌ അതിർത്തിയിൽ കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന "മീയപ്പദവ്‌" ഗ്രാമത്തിൽ ഉപ്പള പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്നു.  കാസർഗോഡ്‌ ടൗണിൽ നിന്നും 31 കിലോമീറ്റർ ദൂരെ, കർണ്ണാടക അതിർത്തിയിൽ നിന്നും 15 കിലോ മീറ്റർ അകലെയായി ആണ്‌ ഗാർഡൻ സ്ഥിതി ചെയ്യുന്നത്‌.  ഉപ്പള പുഴയുടെ കരയിൽ, മൂന്ന്‌  വശത്തും കുന്നുകളാൽ ചുറ്റപ്പെട്ട ഗാർഡൻ സങ്കരയിനം തെങ്ങിൻ തൈ ഉത്പാദനത്തിന്‌ ഒരുങ്ങുകയാണ്‌.
ബോട്ടണിയിൽ ബിരുദവും, സൈറ്റോജനറ്റിക്സിൽ ഡോക്ടറേറ്റുമുള്ള ഡോ. കൃഷ്ണാനന്ദ ചൗട്ടയാണ്‌ ഈ തോട്ടത്തിന്റെ സ്ഥാപകനും ഉടമയും. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ 6 വർഷം അദ്ധ്യാപകനായിരുന്ന ഡോ. ചൗട്ട തന്റെ ഇഷ്ടവിഷയമായ കൃഷിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നു. ഡോ. ചൗട്ടയുമായി നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങൾ:
താങ്കൾ വിത്തുത്പാദന തോട്ടം ആരംഭിച്ചതു 2003-04 കാലയളവിൽ ആയിരുന്നല്ലോ. അക്കാലത്ത്‌ വിത്തുത്പാദന തോട്ടം എന്ന ആശയം തികച്ചും നൂതനമായിരുന്നു. ഈ ആശയത്തിന്റെ പിന്നിലെ പ്രചോദനം എന്തായിരുന്നു?
50 ഏക്കർ ഉള്ള ഒരു തോട്ടം ആണ്‌ ഞങ്ങളുടെ കുടുംബത്തിന്‌ മീയപ്പദവിൽ ഉള്ളത്‌. അതിൽ പ്രധാനകൃഷി അടയ്ക്കയാണ്‌. കൂട്ടത്തിൽ തെങ്ങും കൊക്കോയും വാഴയും മറ്റും കൃഷി ചെയ്തിരുന്നു. 2003ൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ​‍ാമുൻ ഡയറക്ടർ ഡോ. കെ.യു.കെ. നമ്പൂതിരിയും നാളികേര വികസന ബോർഡ്‌ മുൻ മുഖ്യനാളികേര വികസന ഓഫീസർ ശ്രീ. എം. തോമസ്‌ മാത്യുവും ഗാർഡൻ സന്ദർശിക്കുകയുണ്ടായി. തോട്ടം സന്ദർശനത്തിനുശേഷം ഡോ. നമ്പൂതിരിയാണ്‌ കൃഷി ചെയ്യാതെ കിടന്നിരുന്ന ഭൂമിയിൽ ഒരു നാളികേര വിത്തുത്പാദന തോട്ടം സ്ഥാപിക്കുവാൻ നിർദ്ദേശിച്ചതു. ശ്രീ. തോമസ്‌ മാത്യു അതിനെ പൈന്താങ്ങുകയും ബോർഡിൽ നിന്ന്‌ അർഹതയുള്ള സബ്സിഡി അനുവദിക്കാമെന്ന്‌ ഉറപ്പും നൽകി. ഭാവിയിൽ മുതൽക്കൂട്ടായേക്കാവുന്ന ഈ പദ്ധതിയെക്കുറിച്ച്‌ അന്നുതന്നെ എന്റെ സഹോദരങ്ങളോട്‌ സംസാരിക്കുകയും, 10 ഏക്കർ സ്ഥലം തോട്ടത്തിനായി വിനിയോഗിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
ഏതെല്ലാം ഇനത്തിൽപെട്ട തെങ്ങുകളാണ്‌ നടീൽ സാമഗ്രികളുടെ ഉത്പാദനത്തിനായി നട്ടുവളർത്തിയിരിക്കുന്നത്‌? അവ ശേഖരിച്ചതു എവിടെ നിന്നെല്ലാമാണ്‌?
10 ഏക്കർ സ്ഥലത്ത്‌ ആകെ 715 തെങ്ങുകളാണ്‌ നട്ടുവളർത്തിയിരിക്കുന്നത്‌. 100 ഗംഗാബോണ്ടം, 50 മലയൻ കുറിയ മഞ്ഞ, 150 പ്രതാപ്‌, 150 ചാവക്കാട്‌ കുറിയ ഓറഞ്ച്‌, 250 പശ്ചിമതീര നെടിയ ഇനം, 15 ചാവക്കാട്‌ കുറിയ പച്ച എന്നീ ഇനങ്ങളാണ്‌ ഇവിടെയുള്ളത്‌. നടീൽ വസ്തുക്കൾ ബാംഗ്ലൂരിലെ വിജയകുമാർ ഗാർഡൻ, നാളികേര വികസന ബോർഡിന്റെ മാണ്ഡ്യ,  ഡിഎസ്പി ഫാം,ഗോവ, കാസർഗോഡ്‌   സിപിസിആർഐ എന്നിവിടങ്ങളിൽ നിന്നാൺ​‍്‌ നടീൽ വസ്തുക്കൾ ശേഖരിച്ചതു.
നടീൽ സാമഗ്രികളുടെ ഉത്പാദനത്തിനായി തെങ്ങ്‌ വെച്ച്‌ പിടിപ്പിക്കുമ്പോൾ പരിപാലന രീതിയിൽ എന്തെല്ലാം കാര്യങ്ങളാണ്‌ ശ്രദ്ധിക്കേണ്ടത്‌?
തികച്ചും ശാസ്ത്രീയമായ രീതികൾ തന്നെ അവലംബിക്കണം. ശരിയായ അകലം നൽകി വേണം തൈകൾ നൽകേണ്ടത്‌. ഇതിനായി ഒരു ഘനമീറ്റർ വലുപ്പമുള്ള കുഴികളെടുത്ത്‌ അതിൽ മേൽമണ്ണും, ചാണകപ്പൊടിയും സമാസമം ചേർത്ത്‌ മൂന്നിൽ രണ്ട്‌ ഭാഗം മൂടിയതിനുശേഷം വേണം തൈകൾ നടേണ്ടത്‌. തോട്ടത്തിൽ കൃത്യമായി ജലസേചനം നൽകുവാനുള്ള ജലസ്രോതസ്സ്‌ ഉണ്ടായിരിക്കണം. സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കേണ്ടത്‌. ശുപാർശ അനുസരിച്ചുള്ള ജൈവ - രാസവളങ്ങളും വിള പരിപാലനമുറകളും അവലംബിക്കണം.

തെങ്ങുകളിൽ രോഗ-കീട ബാധ ഉണ്ടാകാറുണ്ടോ? എന്തെല്ലാം പ്രതിരോധ നടപടികളാണ്‌ കൈക്കൊള്ളുന്നത്‌? രോഗ, കീട ബാധയുള്ള തെങ്ങുകളുടെ പരിചരണരീതികൾ എന്തെല്ലാമാണ്‌? അവയിൽ നിന്നും നടീൽ വസ്തുക്കൾ ശേഖരിക്കാറുണ്ടോ?
പ്രധാന കീടങ്ങൾ കൊമ്പൻ ചെല്ലിയും മണ്ഡരിയും ആണ്‌. കൊമ്പൻ ചെല്ലിയുടെ ആക്രമണം ഉണ്ടാകാതിരിക്കുവാനായി പാറ്റാ ഗുളിക (നാഫ്തലിൻ) ചെറിയ സുഷിരങ്ങളിട്ട പ്ലാസ്റ്റിക്‌ കവറിലിട്ട്‌ തെങ്ങിന്റെ മണ്ടയിൽ കൂമ്പിന്റെ തൊട്ടുതാഴെയുള്ള മൂന്ന്ഓലക്കവിളുകളിൽ വർഷത്തിൽ മൂന്ന്‌ പ്രാവശ്യം നിക്ഷേപിക്കുന്നു. ഈ കീടത്തിന്റെ പ്രജനനം തടയുന്നതിന്‌ ഗാർഡൻ ശുചിയായി സൂക്ഷിക്കുകയും ചെയ്യുന്നു. മണ്ഡരിക്കെതിരെ വർഷത്തിൽ രണ്ട്‌ തവണ ഒരു ശതമാനം വീര്യമുള്ള അസാഡിറാക്ടിൻ  തളിച്ചുകൊടുക്കുന്നു. തോട്ടത്തിൽ ചെമ്പൻ ചെല്ലി പോലുള്ള മറ്റ്‌ കീടങ്ങളുടെ ആക്രമണം കാര്യമായി കാണുന്നില്ല.
പ്രധാനമായി കണ്ടുവരുന്ന രോഗം കൂമ്പ്ചീയൽ ആണ്‌. ഇതിനെതിരെ ബോർഡോമിശ്രിതവും ബോർഡോ കുഴമ്പും ഉപയോഗിക്കുന്നു. മറ്റു രോഗങ്ങളൊന്നും കാണാറില്ല
രോഗകീട ബാധയുള്ള തെങ്ങുകളിൽ നിന്നും നടീൽ വസ്തുക്കൾ ശേഖരിക്കാറില്ല.
വിത്തുതേങ്ങ ശേഖരിക്കുന്ന രീതി വിശദീകരിക്കാമോ?
 രോഗ കീടബാധയില്ലാത്തതും ആരോഗ്യമുളളതുമായ മാതൃവൃക്ഷങ്ങളിൽ നിന്നുമാണ്‌ വിത്തുതേങ്ങ സംഭരിക്കുന്നത്‌. ജനുവരി - ഏപ്രിൽ മാസങ്ങളിലാണ്‌ സംഭരണം നടത്താറുള്ളത്‌. ഉയരം കുറഞ്ഞ തെങ്ങിൽ നിന്നും നേരിട്ടും ഉയരം കൂടിയവയിൽ നിന്നും കയറുപയോഗിച്ച്‌ കെട്ടിയിറക്കിയുമാണ്‌ വിത്തുതേങ്ങ സംഭരിക്കുന്നത്‌.
വിത്തുതേങ്ങയിൽ നിന്നും തൈകൾ ഉത്പാദിപ്പിക്കുന്നത്‌ എപ്രകാരം ആണ്‌? ആരോഗ്യമുള്ള തൈകളുടെ ഉത്പാദനം എത്ര ശതമാനം വരും?
തണലിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുതേങ്ങ മഴയുടെ ആരംഭത്തോടെ (ജൂൺ - ജൂലൈ) നഴ്സറിയിൽ പാകുന്നു. പുഴമണലും ജൈവാംശമുള്ള മണ്ണും ചേർത്ത്‌ ഒന്നര മീറ്റർ വീതിയിലും ഒരടി ഉയരത്തിലും ആവശ്യത്തിന്‌ നീളമുള്ള നഴ്സറി തവാരണകളുണ്ടാക്കി അവയിൽ കുത്തനെയാണ്‌ വിത്തുതേങ്ങ പാകുന്നത്‌. നന്നായി വെള്ളം ഉള്ളവ മാത്രമേ പാകുവാൻ ഉപയോഗിക്കുകയുള്ളൂ. ഓരോ ഇനത്തിൽപെട്ട വിത്തുതേങ്ങ പ്രത്യേകം പ്രത്യേകം തവാരണകളിലാണ്‌ പാകുന്നത്‌.  സാധാരണയായി 60 - 70 ശതമാനത്തിൽ കുറയാതെ മുളയ്ക്കുകയും അവയിൽ നിന്നും 90 ശതമാനം ഗുണമേന്മയുള്ള തൈകൾ ലഭിക്കുകയും ചെയ്യുന്നുണ്ട്‌. വേഗം കിളിർത്തതും, നല്ല കണ്ണാടിക്കണമുള്ളതും, കൂടുതൽ ഓലകളുള്ളതുമായ തൈകളാണ്‌ തെരഞ്ഞെടുക്കുന്നത്‌.
ഏതുപ്രായത്തിലുള്ള തൈകളാണ്‌ വിപണനം ചെയ്യുന്നത്‌? നഴ്സറി പരിപാലനം എപ്രകാരമാണ്‌?
8-9 മാസം മുതൽ 12 മാസം വരെ പ്രായമുള്ള തൈകളാണ്‌ വിപണനം നടത്തുന്നത്‌. 6 മാസം പ്രായമുള്ള തൈകൾക്കും ആവശ്യക്കാർ വരാറുണ്ട്‌.
നഴ്സറിയിൽ യഥാസമയം കളനിയന്ത്രണം നടത്തുന്നു. ജലസേചനത്തിന്‌ സ്പ്രിംഗ്ലർ ജലസേചന രീതിയാണ്‌ അവലംബിക്കുന്നത്‌. ഉപ്പള പുഴയിൽ നിന്നും തോട്ടത്തിൽ സ്ഥിതിചെയ്യുന്ന വലിയ രണ്ട്‌ കുളങ്ങളിൽ സംഭരിക്കുന്ന വെള്ളം ഇതിനായി ഉപയോഗിക്കുന്നു. രോഗ-കീട ആക്രമണത്തിനെതിരെ കൃത്യമായ നിയന്ത്രണ രീതികൾ അവലംബിക്കുന്നുണ്ട്‌. ചിതലിന്റെ ആക്രമണത്തിനെതിരെ വേപ്പിൻ പിണ്ണാക്കും, കുമിൾ രോഗങ്ങൾക്കെതിരെ ബോർഡോ മിശ്രിതവുമാണ്‌ ഉപയോഗിക്കുന്നത്‌. നല്ല ചൂട്‌ കാലത്ത്‌ തണൽ നൽകാറും ഉണ്ട്‌.
വർഗ്ഗസങ്കരണം നടത്തുന്നുണ്ടോ ?
ഇതുവരെ വർഗ്ഗസങ്കരണം നടത്തിയിട്ടില്ല. ഭാവിയിൽ തീർച്ചയായും ലക്ഷ്യം വർഗ്ഗസങ്കരണം തന്നെയാണ്‌.  കുറിയയിനം വിത്തുതേങ്ങയുടെ നഴ്സറിയിൽ നിന്നും 10-30 ശതമാനം പ്രകൃതിദത്ത സങ്കരയിനം തൈകൾ ലഭിക്കാറുണ്ട്‌.
വിത്തുതോട്ടം സ്ഥാപിക്കുവാൻ മീയപ്പദവ്‌ തന്നെ തെരഞ്ഞെടുക്കുവാൻ കാരണമെന്താണ്‌ ?
വിത്തുത്തോട്ടം തുടങ്ങുവാൻ തികച്ചും അനുയോജ്യമായ സ്ഥലമാണെന്നാണ്‌ ഡോ. നമ്പൂതിരിയും ശ്രീ. എം. തോമസ്‌ മാത്യുവും അഭിപ്രായപ്പെട്ടത്‌ കൂടാതെ ആവശ്യത്തിന്‌ വെള്ളവും, വളക്കുറുള്ള മണ്ണും മറ്റ്‌ സാഹചര്യങ്ങളും കൂടി ഒത്തിണങ്ങിയതിനാലും ആണ്‌ ഈ സ്ഥലം തെരഞ്ഞെടുത്തത്‌.
വിത്തുത്പാദന തോട്ടത്തിൽ ആദ്യത്തെ തെങ്ങിൻ തൈ നട്ട്‌ ഉദ്ഘാടനം നിർവ്വഹിച്ചതു നാളികേര വികസന ബോർഡ്‌ മുൻ ചെയർമാൻ ശ്രീമതി. മിനി മാത്യു ഐഎഎസ്‌ ആണ്‌.
വിത്തുതേങ്ങയും കരിക്കും മറ്റും ശേഖരിക്കുന്നതിന്‌ തെങ്ങുകയറ്റ തൊഴിലാളികളുടെ ദൗർലഭ്യം ഉണ്ടോ?
എന്റെ തോട്ടത്തിൽ പരമ്പരാഗത രീതിയിൽ തെങ്ങുകയറുന്ന രണ്ട്‌ തൊഴിലാളികൾ ഉണ്ട്‌. അതുകൊണ്ട്‌ ഇതുവരേയും തേങ്ങയിടുന്നതിനും വിത്തുതേങ്ങ സംഭരിക്കുന്നതിനും തൊഴിലാളികളുടെ ദൗർലഭ്യം ഉണ്ടായിട്ടില്ല.
കരിക്കിന്‌ നല്ല ഡിമാന്റ്‌ ആണുള്ളത്‌. കുറിയ ഇനത്തിന്‌ 15 രൂപവരേയും നെടിയ ഇനത്തിന്‌ 10-12 രൂപവരേയും ലഭിക്കുന്നു. ആവശ്യക്കാർതന്നെ കരിക്ക്‌ സംഭരിക്കുന്നതിനാൽ, അതിനായി പ്രത്യേകം തൊഴിലാളികളുടെ ആവശ്യം ഉണ്ടാകാറില്ല.

വിത്തുതേങ്ങയുടേയും, തൈകളുടേയും പ്രതിവർഷ ഉത്പാദനം എത്രയാണ്‌?
എന്റെ തോട്ടത്തിൽ നിന്നും കുറഞ്ഞത്‌ 5000 വിത്തുതേങ്ങ ഉത്പാദിപ്പിക്കാമെങ്കിലും അതിന്‌ ഡിമാന്റ്‌ കുറവായതിനാൽ അത്രയും ഉത്പാദിപ്പിക്കാറില്ല. എന്നാൽ തൈകൾക്ക്‌ ഡിമാന്റ്‌ ഉള്ളതിനാൽ തൈകൾ വളർത്തിയാണ്‌ വിപണനം   നടത്തുന്നത്‌. വർഷതോറും 1000ൽ കുറയാതെ വിവിധയിനങ്ങളിൽപ്പെട്ട തൈകൾ ഉത്പാദിപ്പിച്ച്‌ വിതരണം നടത്തുന്നുണ്ട്‌.
വിത്തുത്പാദനതോട്ടത്തിന്റെ നിർമ്മാണത്തിന്‌ എത്രരൂപ ചെലവായി? ബോർഡിൽ നിന്ന്‌ സാമ്പത്തിക സഹായം കിട്ടിയിരുന്നോ? തോട്ടത്തിൽ നിന്ന്‌ എന്ത്‌ വരുമാനം ലഭിക്കുന്നുണ്ട്‌?
പ്രാരംഭച്ചെലവായി തോട്ടത്തിന്റെ നിർമ്മാണത്തിന്‌ 30 ലക്ഷം രൂപ ചെലവായി ഭൂമി ഒരുക്കൽ, വേലിയുടെ നിർമ്മാണം, കുഴിയെടുത്ത്‌ നടീൽ നടത്തുക, ജലസേചന സൗകര്യം ഒരുക്കുക, നടീൽ വസ്തുക്കളുടെ വില എന്നിവ ഉൾപ്പെടെയാണ്‌ ഇത്രയും ചെലവുണ്ടായത്‌. ബോർഡിൽ നിന്നും 3 വർഷങ്ങളിലായി 6 ലക്ഷം രൂപ സബ്സിഡി ലഭിച്ചു.
കഴിഞ്ഞ വർഷം വിത്തുത്പാദന തോട്ടത്തിൽ നിന്നും 2 ലക്ഷം രൂപ ആദായം ലഭിക്കുകയുണ്ടായി.

നാളികേര വികസന ബോർഡ്‌ നടപ്പിലാക്കിയ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?
തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെക്കുറിച്ച്‌ ആർക്കാൺ​‍്‌ അറിയാത്തത്‌. എനിക്ക്‌ തൊഴിലാളികൾ ഉള്ളതിനാൽ ചങ്ങാതിമാരുടെ സേവനം ആവശ്യമായി വന്നിട്ടില്ല ഇതുവരെ. എന്റെ തൊഴിലാളികളെ ചങ്ങാതിക്കൂട്ടം പരിശീലനത്തിന്‌ അയയ്ക്കുവാൻ താൽപര്യമുണ്ട്‌.  തെങ്ങ്‌ കയറ്റപരിശീലനത്തിനൊപ്പം, ശാസ്ത്രീയ തെങ്ങുകൃഷിരീതികളും, തെങ്ങിന്റെ സങ്കരണത്തിലും, രോഗ കീടനിയന്ത്രണ മാർഗ്ഗങ്ങളിലും മറ്റും അറിവുണ്ടായാൽ അത്‌ എന്റെ തോട്ടത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ ഒരു മുതൽക്കൂട്ടായിരിക്കും.
ഭാവി പരിപാടികൾ എന്തെല്ലാമാണ്‌? തോട്ടം വിപുലീകരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ?
സ്ഥലപരിമിതികാരണം തോട്ടം വിപുലീകരിക്കുവാൻ തൽക്കാലം ഉദ്ദേശ്യമില്ല. ഭാവിയിൽ തെങ്ങിൽ സങ്കരണം നടത്തി സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌.
വിത്തുത്പാദന തോട്ടങ്ങൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്‌ സ്വന്തം അനുഭവത്തിൽ നിന്നും ഉപദേശം/ നിർദ്ദേശം എന്തെങ്കിലും നൽകുവാനുണ്ടോ?
തീർച്ചയായും, സങ്കരയിനം തെങ്ങിൻ തൈകൾക്ക്‌ നല്ല ഡിമാന്റ്‌ ഉള്ളതിനാൽ അവയുടെ ഉത്പാദനത്തിലേക്ക്‌ താൽപര്യവും സൗകര്യവും ഉള്ളവർ കടന്നുവരണമെന്നാണ്‌ എന്റെ അഭിപ്രായം.  കർണ്ണാടകയിലെ ദാവൺഗരെ കൃഷി വിജ്ഞാന കേന്ദ്രം  സന്ദർശിക്കാറുണ്ട്‌. അവിടെ ഒരു വിത്തുത്പാദന തോട്ടം ആരംഭിക്കുന്നതിന്‌ ആവശ്യമായ ഉപദേശം  നൽകികഴിഞ്ഞു. ഈ രംഗത്തേക്ക്‌ വരുവാൻ ഉദ്ദേശിക്കുന്നവർക്ക്‌ ആവശ്യമായ മാർഗനിർദേശം നൽകുവാൻ സദാ തയ്യാറാണ്‌.
മേൽവിലാസം: ഡോ കൃഷ്ണാനന്ദചൗട്ട,ചൗട്ടാരതോട്ട, മീയപ്പദവ്‌ പി.ഒ, മീഞ്ച ഗ്രാമം, കാസർഗോഡ്‌.
മൊബെൽ: 9447193984.
ഫീൽഡ്‌ ഓഫീസർ, 
നാളികേര വികസന ബോർഡ്‌, കൊച്ചി -11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...