23 Nov 2012

നാളികേര ടെക്നോളജി മിഷൻ - സംരംഭകർക്ക്‌ അവസരങ്ങൾ



നാളികേര ഉൽപന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണത്തിലൂടെയും മൂല്യവർദ്ധന ത്വരിതപ്പെടുത്തുകയും വഴി മത്സരാധിഷ്ഠിതമായ ഇന്നത്തെ ചുറ്റുപാടുമായി പൊരുത്തപ്പെട്ട്‌ പോകുവാൻ കേരമേഖലയെ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ 2001-02 ൽ നാളികേര ടെക്നോളജി മിഷൻ പദ്ധതിക്ക്‌ അനുമതി ലഭിച്ചതു. ഈ നേട്ടത്തിന്‌ അന്നത്തെ ബോർഡ്‌ ചെയർമാനും കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഹോർട്ടി കൾച്ചറൽ കമ്മീഷണറുമായിരുന്ന ഡോ.എച്ച്‌.പി. സിംഗിന്റെ സംഭാവന ഈ അവസരത്തിൽ സ്മരണീയമാണ്‌. കേരകർഷകർക്ക്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങൾ തുടങ്ങാൻ അവസരങ്ങൾ ഒരുക്കുകയും അവയ്ക്ക്‌ വിപണി കണ്ടുപിടിക്കുന്നതിന്‌ വേണ്ട സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ നൽകുകയുമാണ്‌ നാളികേര ടെക്നോളജി മിഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ഗുണഭോക്താക്കൾ തയ്യാറാക്കി നൽകുന്ന പ്രോജക്ട്‌ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതി പ്രകാരം യൂണിറ്റ്‌ സ്ഥാപിക്കുന്നതിനു വേണ്ടി വരുന്ന ചെലവിന്റെ 25 ശതമാനം പരമാവധി 50 ലക്ഷം രൂപ വരെ വായ്പാ ബന്ധിത മൂലധന സബ്സിഡിയായി നൽകുന്നു.  ഇതിലേക്കായി പദ്ധതിച്ചെലവിന്റെ 40 ശതമാനമെങ്കിലും ദീർഘകാല വായ്പയായി എടുത്തിരിക്കണം.  ഈ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന കേര വ്യവസായ സംരംഭത്തിന്റെ ഒരു പ്രോജക്ട്‌ തയ്യാറാക്കി പൊതുമേഖല ബാങ്കുകളോ സഹകരണ ബാങ്കുകളോ വഴി, ബാങ്കിന്റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ട്‌ സഹിതം ബോർഡിൽ സമർപ്പിക്കണം. പദ്ധതി തയ്യാറാക്കാൻ സംരംഭകരെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരേയും തെരഞ്ഞെടുത്തിട്ടുണ്ട്‌.


പദ്ധതി അനുമതി ലഭിച്ചുകഴിഞ്ഞ്‌ ദീർഘകാല വായ്പയുടെ 50 ശതമാനം എടുത്ത്‌ കഴിഞ്ഞാൽ മൊത്തം സബ്സിഡി തുകയുടെ 50 ശതമാനം മുൻകൂറായി ഗുണഭോക്താവിന്റെ വായ്പാ അക്കൗണ്ടിലേക്ക്‌ സബ്സിഡി റിസർവ്വ്‌ ഫണ്ട്‌ (കരുതൽ ധനം) ആയി നൽകുന്നു. ബാക്കി സബ്സിഡി തുക യൂണിറ്റ്‌ വിജയകരമായി പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമ്പോൾ വായ്പാ ബന്ധിത സബ്സിഡിയായി സബ്സിഡി റിസർവ്വ്വ്‌ ഫണ്ടിലേക്ക്‌ നിക്ഷേപിക്കുന്നു. വായ്പാ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക്‌ സംരംഭകൻ പലിശ കൊടുക്കേണ്ടതില്ല. ബാക്കി തുകയ്ക്കുള്ള വായ്പയ്ക്ക്‌ മാത്രം സംരംഭകർ പലിശ കൊടുത്താൽ മതിയാകും.


രോഗ-കീട പരിചരണരംഗത്ത്‌ പുതിയ പുതിയ ഗവേഷണങ്ങൾ നടത്തുന്നതിനോടൊപ്പം സാങ്കേതികവിദ്യകൾ  വികസിപ്പിച്ചെടുക്കുന്നതിനും, ഇത്തരം സാങ്കേതിക വിദ്യ സ്വീകരിച്ച്‌ സംരംഭങ്ങൾ തുടങ്ങുന്നതിനും ടെക്നോളജി മിഷൻ താങ്ങും തണലുമായി. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിൽ മൂല്യവർദ്ധനവിലൂന്നിയുള്ള വ്യവസായ സംരംഭരംഗത്ത്‌ ഗണ്യമായ നേട്ടങ്ങൾ കൈവരിക്കുവാൻ ടെക്നോളജി മിഷന്‌ സാധിച്ചു. 197 വ്യവസായ യൂണിറ്റുകളാണ്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണരംഗത്ത്‌ വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം നിലവിൽ വന്നത്‌. ഇവയിൽ കരിക്കിൻവെള്ള പായ്ക്കിംഗ്‌ യൂണിറ്റുകളെ കൂടാതെ എടുത്ത്‌ പറയേണ്ട യൂണിറ്റുകൾ കർണ്ണാടകയിലും, തമിഴ്‌നാട്ടിലും കേരളത്തിലും ആരംഭിച്ച ആക്ടിവേറ്റഡ്‌ കാർബൺ യൂണിറ്റുകൾ, കേരളത്തിൽ തൃശൂരിലെ അത്താണിയിൽ ആരംഭിച്ച ?സൂര്യശോഭ?യെന്ന മിൽക്ക്‌ പൗഡർ യൂണിറ്റ്‌, ജമ്മു- കാശ്മീരിലും കർണ്ണാടകത്തിലും ആരംഭിച്ച ചിരട്ടപ്പൊടി യൂണിറ്റുകൾ, കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ആരംഭിച്ച മോസൺസ്‌ എക്സ്ട്രാക്ഷൻസിന്റെ വെർജിൻ വെളിച്ചെണ്ണ യൂണിറ്റ്‌, എറണാകുളം ജില്ലയിലെ കാലടിയിൽ ആരംഭിച്ച നെസ്കോ ഫുഡ്സ്‌ എന്ന ചിരട്ടക്കപ്പിൽ പായ്ക്ക്‌ ചെയ്യുന്ന തേങ്ങാപ്പാൽ ഐസ്ക്രീം യൂണിറ്റ്‌ എന്നിവയാണ്‌.
എന്നാൽ ഈ നേട്ടങ്ങളൊന്നും തന്നെ നമ്മൾ തൃപ്തരായി കൈയുംകെട്ടി നോക്കിയിരിക്കുവാൻ മാത്രം പര്യാപ്തമല്ല. സംസ്ക്കരണത്തിന്റേയും മൂല്യവർദ്ധനവിന്റേയും കാര്യത്തിൽ മറ്റ്‌ രാജ്യങ്ങളുടെ വളർച്ചയുമായി തട്ടിച്ച്‌ നോക്കുമ്പോൾ നാം എവിടെയുമെത്തിയിട്ടില്ല; എന്നാൽ വിലയിലെ അസ്ഥിരത ഒഴിവാക്കി കർഷകന്‌ സ്ഥിരവരുമാനവും ഉയർന്ന ലാഭവും ലഭ്യമാക്കുവാനിതുവേണം താനും.
വ്യക്തിഗത സംരംഭങ്ങൾ ഈ രംഗത്ത്‌ വിജയിക്കുന്നത്‌ അപൂർവ്വമാണ്‌. കേരകർഷകർക്കിടയിലെ അസംഘടിതസ്വഭാവം ഈ രംഗത്തെ വളർച്ചയ്ക്ക്‌ വിഘാതമാകുന്നുവേന്ന്‌ മനസ്സിലാക്കിയാണ്‌ നാളികേര  ഉത്പാദകസംഘങ്ങൾക്ക്‌ ഈയടുത്തിടെ രൂപം കൊടുത്തുതുടങ്ങിയത്‌. 1600ലധികം ഉത്പാദക സംഘങ്ങൾ ഇതിനോടകം രൂപം കൊണ്ടുകഴിഞ്ഞു.
ഇനി ഉത്പാദക സംഘങ്ങളടേയും അവയിൽ നിന്നും രൂപം കൊള്ളുന്ന ഫെഡറേഷനുകളുടേയും കമ്പനികളുടേയും ഊഴമാണ്‌ സംരംഭകത്വത്തിലേക്ക്‌ കടന്ന്‌ വരികയെന്നുള്ളത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...