23 Nov 2012

നാളികേര സംരംഭകനാകാം ബോർഡിന്റെ പദ്ധതികളിലൂടെ


ശ്രീകുമാർ പൊതുവാൾ

ഗ്രാമീണ വികസനവും ഭക്ഷ്യസുരക്ഷയും ചെറുകിട വ്യവസായ വികസനവും ഉറപ്പാക്കുന്ന പ്രധാന മേഖലയായി നാളികേര സംസ്ക്കരണം വളർന്ന്‌ കഴിഞ്ഞു. അന്താരാഷ്ട്ര വമ്പന്മാർ മുതൽ അന്തർദേശീയ സർക്കാർ ഏജൻസികളും സർക്കാരേതര സംഘടനകളും വരെ ഇവിടെ മാറ്റുരയ്ക്കുന്നു. ബോർഡിന്റെ നാളികേര സംസ്ക്കരണ പരിശീലന പരിപാടികൾ ലക്ഷ്യം വെയ്ക്കുന്നത്‌ കർഷകരേയും വീട്ടമ്മമാരേയും ചെറുകിട സംരംഭകരേയുമാണ്‌. പല പരിശീലന പരിപാടികളും വനിതകളെ ലക്ഷ്യമിട്ടുള്ളതാണ്‌.വനിതകളെ സംബന്ധിച്ചിടത്തോളം നാളികേര സംസ്ക്കരണം വരുമാനവർദ്ധനവിനും ഭക്ഷ്യസുരക്ഷയ്ക്കും ഉതകുന്ന അനായാസ ഉപാധിയാണ്‌.


ഒട്ടധികം പേർക്കും സ്വന്തം കുടുംബത്തിന്‌ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യാനും ആവശ്യമെങ്കിൽ സമീപത്തുള്ളവർക്ക്‌ വിൽപ്പന നടത്തുവാൻ പര്യാപ്തമായവിധം തയ്യാറാക്കുവാനും സാധിക്കും. പരിശീലനം വഴി ആർജ്ജിക്കുന്ന അറിവ്‌ തയ്യാറാക്കിയ ഉൽപന്നങ്ങൾ കൂടുതൽ കാലം സൂക്ഷിച്ചുവെയ്ക്കുവാനും ഭക്ഷ്യസുരക്ഷയ്ക്കാവശ്യമായ മുൻകരുതലുകൾ എടുക്കുവാനും സഹായകരമാകും. ചെറിയ സംരംഭങ്ങളിലേർപ്പെടുന്ന പലർക്കും ദൂരസ്ഥലങ്ങളിൽ വിപണനം ചെയ്യുവാനായി പായ്ക്ക്‌ ചെയ്ത ഉൽപന്നം നിർമ്മിക്കുക എന്ന ആശയം പോലും അപരിചിതമായ കാര്യമാണ്‌. അതുകൊണ്ടുതന്നെ പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്‌ വ്യവസ്ഥിതമായ ഉത്പാദനവും പായ്ക്കറ്റിലാക്കലും, വിപണനം, ഉത്പാദന പ്രക്രിയയിലെ വിവിധ ഘട്ടങ്ങളിൽ മേൽനോട്ടം വഹിക്കൽ, സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുക മുതലായ പരിചയമില്ലാത്ത കാര്യങ്ങൾ പരിചയപ്പെടുത്തുക എന്നുള്ളതാണ്‌.


നമ്മുടെ നാട്ടിൽ സുലഭമായിട്ടുള്ള തേങ്ങ ഉപയോഗിച്ചുള്ള വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌, പ്രത്യേകിച്ച്‌ കർഷകതലത്തിൽ തന്നെ, എല്ലാത്തരത്തിലും അനുകൂലമായ സാഹചര്യങ്ങളാണ്‌ നിലവിലുള്ളത്‌. പക്ഷേ; ഈ മേഖലയിലെ സാദ്ധ്യതകളൊന്നുംതന്നെ പൂർണ്ണമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്‌ മാത്രം. വിളവെടുപ്പിന്‌ ശേഷം തേങ്ങ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വരുത്തുന്ന പിഴവുകൾ,  കാര്യക്ഷമമല്ലാത്ത സംസ്ക്കരണ രീതികൾ, ഗുണമേന്മയും ശുചിത്വവും പാലിക്കുന്നതിലുള്ള ശ്രദ്ധക്കുറവ്‌, താഴ്‌ന്ന നിലവാരത്തിലുള്ള പായ്ക്ക്‌ ചെയ്യൽ എന്നിവ നാളികേരാധിഷ്ഠിത വ്യവസായങ്ങൾ ഉയർന്ന്‌ വരുന്നതിനുള്ള പ്രതിബന്ധങ്ങളാണ്‌.
മേൽപ്പറഞ്ഞ പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുന്നതിനായി ബോർഡ്‌ വനിതകൾക്കും സ്വാശ്രയസംഘങ്ങൾക്കും സർക്കാരേതര സംഘടനകൾക്കും നാളികേരോത്പാദക സംഘങ്ങൾക്കും സംരഭകർക്കും പരിശീലനം നൽകുന്നു. ലഭ്യമായ വിഭവങ്ങൾ പരമാവധി വിനിയോഗം ചെയ്യാൻ പ്രാപ്തരാക്കുന്നവിധം അവരിലെ സംരംഭകത്വകഴിവുകൾ വികസിപ്പിക്കുക, കാര്യക്ഷമമായ സംസ്ക്കരണ രീതി അവലംബിക്കുവാനും,ചെലവ്‌ കുറഞ്ഞ പായ്ക്കിംഗ്‌ രീതികൾ ഉപയോഗിക്കുവാനും, ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുവാനും ഉൽപന്നത്തിന്‌ നിർദ്ദിഷ്ട ഗുണമേന്മ നിലവാരം പാലിക്കുവാനും പ്രാപ്തരാക്കുകയെന്നതുമാണ്‌ പരിശീലനപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. നേതൃത്വഗുണങ്ങൾ വളർത്തുക, വിപണന സൂത്രങ്ങൾ പറഞ്ഞുകൊടുക്കുക, ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങളിൽ അവലംബിച്ച്‌ വരുന്ന ഗുണനിലവാര നിയന്ത്രണത്തിനും ഗുണനിലവാരപരിപാലനത്തിനുമുള്ള സംവിധാനങ്ങൾ പരിചയപ്പെടുത്തുക എന്നിവയും പരിശീലന പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്‌.
ബോർഡിന്റെ ആലുവയിൽ വാഴക്കുളത്തുള്ള പരിശീലന കേന്ദ്രത്തിൽ പ്രധാനമായും മൂന്ന്‌ തരത്തിലുള്ള പരിശീലന പരിപാടികളാണുള്ളത്‌.
​ ‍1]  തേങ്ങ ഉപയോഗിച്ച്‌ അനായാസം തയ്യാറാക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും കരിക്കിന്റെ ലഘു സംസ്ക്കരണത്തിലുമുള്ള ഏകദിന പരിശീലനം
​‍2]    തേങ്ങവെള്ളം ഉപയോഗിച്ച്‌ വിനാഗിരി നിർമ്മിക്കുന്നതിനുള്ള രണ്ട്‌ ദിവസത്തെ പരിശീലനം
​ ‍3]  സംരംഭകർക്കും സ്വാശ്രയ സംഘങ്ങളുടേയും കർഷക സംഘടനകളുടേയും കർഷക സംഘങ്ങളുടേയും ഭാരവാഹികൾക്കുമായി നാല്‌ ദിവസം ദൈർഘ്യമുള്ള പരിശീലനം.

പരിശീലന പരിപാടിയിൽ തേങ്ങചിപ്സ്‌, കോക്കനട്ട്‌ ബിസ്ക്കറ്റ്‌, തേങ്ങ ബർഫി, തേങ്ങ ലഡ്ഡു, തേങ്ങ അച്ചാർ, തേങ്ങ ജാം, തേങ്ങ ചോക്ലേറ്റ്‌, തേങ്ങവെള്ളം ഉപയോഗിച്ചുള്ള ലമണേഡ്‌, ചമ്മന്തിപ്പൊടി, ലഘുവായി സംസ്ക്കരിച്ച കരിക്ക്‌, തേങ്ങവെള്ളത്തിൽ നിന്ന്‌ വിനാഗിരി എന്നിവ നിർമ്മിക്കാനാണ്‌ പരിശീലനം നൽകുന്നത്‌.

നാളികേര വികസന ബോർഡിന്റെ പരിശീലന കേന്ദ്രത്തിൽ ഇതുവരെ 1500 പേർ ഉൾപ്പെട്ട 140 ബാച്ചുകൾക്ക്‌ പരിശീലനം നൽകികഴിഞ്ഞു. കേരളത്തിൽ നിന്നുള്ളവർക്ക്‌ പുറമേ തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രപ്രദേശ്‌, അസ്സം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പരിശീലനം നേടിയവരിൽ ഉൾപ്പെടുന്നു. കേരകർഷകർ അവരുടെ പരമ്പരാഗത മന:സ്ഥിതി ഉപേക്ഷിച്ച്‌ കേരസംസ്ക്കരണ രംഗത്തെ പരിശീലന പരിപാടികളിൽ പങ്കെടുത്ത്‌ കേരവ്യവസായ മേഖലയിലേക്ക്‌ ചുവട്‌വെയ്പ്‌ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരമൊരു ചുവട്‌വെയ്പ്പിലൂടെ മാത്രമേ വിലയിടിവിന്‌ മുൻപിൽ പകച്ച്‌ നിൽക്കാതെ ആത്മവിശ്വാസത്തോടെ, പൂർവ്വാധികം കരുത്തോടെ നമ്മുടെ രാജ്യത്തെ,ലോക കേര വ്യവസായരംഗത്ത്‌ മുൻനിരയിലെത്തിക്കുവാനുള്ള ശ്രമത്തിൽ മുന്നണി പോരാളിയാകുവാൻ നമുക്കാവൂ.
പ്രോസ്സസിംഗ്‌ എഞ്ചിനീയർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...