23 Nov 2012

വില ഭദ്രതയും യുക്തിപൂർവ്വമായ നയ തീരുമാനങ്ങളും ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകൾ മുന്നിട്ടിറങ്ങണം



ടി. കെ. ജോസ്‌   ഐ.എ.എസ്
ചെയർമാൻ,നാളികേര വികസന ബോർഡ്


സാധാരണഗതിയിൽ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ എല്ലാ പഞ്ചവത്സര പദ്ധതിക്കാലത്തും ശ്രദ്ധയും പ്രാധാന്യവും നേടാറുണ്ട്‌. കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളുടെ പദ്ധതികളിലും ബഡ്ജറ്റിലും കൃഷി മുഖ്യവിഷയവുമാണ്‌. എന്നാൽ, കാർഷിക മേഖല കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി, നിരവധി മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. ഉദാരവത്ക്കരണത്തിന്റേയും ആഗോളവത്ക്കരണത്തിന്റേയും ശക്തമായ കാറ്റ്‌ കാർഷിക മേഖലയേയും ആഴത്തിൽ പിടിച്ച്‌ കുലുക്കുന്നു. ഉത്പാദനച്ചെലവിൽ അഭൂതപൂർവ്വമായ വർദ്ധനവുണ്ടാകുമ്പോഴും ഉൽപന്നവില പലപ്പോഴും താഴേക്ക്‌ തന്നെ. നാളികേരത്തിന്റെ കാര്യത്തിൽ 15 വർഷത്തിനുമുമ്പത്തെ വില മാത്രമേ കർഷകർക്ക്‌ ലഭിക്കുന്നുള്ളൂ. ഉത്പാദനച്ചെലവാകട്ടെ എത്രയോ മടങ്ങ്‌ വർദ്ധിച്ചിരിക്കുന്നു.

ലോകവ്യാപാര കരാറിന്‌ പുറമേ, പ്രാദേശികമായ വ്യാപാരക്കരാറുകളും, അത്തരം കരാറുകളിലെ അംഗരാജ്യങ്ങളുമായുള്ള ഉപകരാറുകളുമെല്ലാം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്‌ കർഷകരെയാണ്‌, പ്രത്യേകിച്ച്‌ പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്നവരെ. പ്രാദേശിക വിപണിയെ മാത്രം ലക്ഷ്യമിട്ട്‌ കൃഷി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ദേശീയ - അന്തർദേശീയ വിപണികളിലെ കാണാച്ചരടുകളും, വിപണിചലനങ്ങളും തനിയെ അറിയുവാൻ കഴിയുന്നില്ല. ഗവണ്‍മന്റുകളുടെ നയരൂപീകരണവും, പലപ്പോഴും കർഷകരേക്കാൾ, കാർഷികോൽപന്നങ്ങൾ കൂടിയതോതിൽ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ അഭിപ്രായങ്ങൾക്ക്‌ മുൻതൂക്കം കൊടുത്തുകൊണ്ടാണ്‌. ദേശീയമായ കാർഷിക ശൃംഖല ശക്തിപ്പെടുത്തുന്നതിനുപരി, താൽക്കാലിക നേട്ടങ്ങൾക്കായി വർദ്ധിച്ച തോതിൽ തീരുവയില്ലാതെ കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്നു. ഇതിന്‌ ഏറ്റവും വലിയ ഉദാഹരണം ഭക്ഷ്യഎണ്ണകളുടെ രംഗമാണ്‌. ഇന്ത്യയിൽ ഭക്ഷ്യഎണ്ണയുടെ ദൗർലഭ്യമുണ്ട്‌. ക്രൂഡ്‌ ഓയിൽ കഴിഞ്ഞാൽ ഏറ്റവുമധികം ഇറക്കുമതി ചെയ്യപ്പെടുന്നത്‌ ഭക്ഷ്യ എണ്ണകളാണ്‌. അസംസ്കൃത പെട്രോളിയമാവട്ടെ, കൃഷിചെയ്ത്‌ ഉത്പാദിപ്പിക്കാനാവാത്തത്താണ്‌. എന്നാൽ ഭക്ഷ്യഎണ്ണ അങ്ങനെയല്ല. സ്ഥിരമായ, ന്യായമായ വില, ഉത്പാദകർക്ക്‌ ഉറപ്പ്‌ വരുത്തിയാൽ ഭക്ഷ്യ എണ്ണയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും നമ്മുടെ രാജ്യത്ത്‌ വർദ്ധിപ്പിക്കാനാവും. എന്നാൽ ഇറക്കുമതിത്തീരുവയില്ലാതെ, അനിയന്ത്രിതമായി പാചകയെണ്ണ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്‌ ഈ മേഖലയിലെ കർഷകർക്ക്‌ ഇരുട്ടടിയാവുകയാണ്‌. അതിനാൽ തന്നെ അവർ ഈ രംഗത്ത്‌ നിന്നും പിന്മാറുകയും കൂടുതൽ ആകർഷകമായ വിളകളിലേക്ക്‌ മാറുകയും ചെയ്താൽ കർഷകരെ പഴിച്ചിട്ട്‌ കാര്യമില്ല. ഉത്പാദനക്കുറവ്‌ - ഇറക്കുമതി - ദേശീയ തലത്തിൽ വിലയിടിവ്‌ - ഉത്പാദനക്കുറവ്‌ - കൂടുതൽ വിലയിടിവ്‌ എന്ന ദൂഷിത വലയത്തിലേക്കാണ്‌ ഇന്ത്യയിലെ ഭക്ഷ്യ എണ്ണയുടെ മേഖല വീണുകൊണ്ടിരിക്കുന്നത്‌. കാർഷികമേഖലയിലെ ഇത്തരം കാര്യങ്ങളുടെ നയരൂപീകരണം, സൂക്ഷ്മ ദൃഷ്ടിയോടെ കാര്യങ്ങൾ മനസ്സിലാക്കി, ദീർഘവീക്ഷണത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും കൈകാര്യം ചെയ്യേണ്ടതുണ്ട്‌.

ക്രൂഡ്‌ ഓയിലും ഭക്ഷ്യ എണ്ണയും നമ്മുടെ രാജ്യത്തിന്റെ സമ്പട്‌ വ്യവസ്ഥയിൽ കനത്ത ആഘാതമേൽപ്പിക്കുന്ന രണ്ട്‌ ഇറക്കുമതി വസ്തുക്കളാണ്‌. രണ്ട്‌ വസ്തുക്കളുടെ കാര്യത്തിലും നമ്മുടെ രാജ്യത്തെ ഇറക്കുമതിത്തീരുവയും, നികുതിഘടനയും താരതമ്യം ചെയ്യുന്നത്‌ നന്നായിരിക്കും. ഭക്ഷ്യഎണ്ണ ജനങ്ങൾക്ക്‌ മിതമായ വിലയ്ക്ക്‌ എന്നും ലഭ്യമാകണമെന്ന ഉദ്ദേശ്യത്തോടെ, നികുതിരഹിതമായോ, വളരെക്കുറഞ്ഞ നികുതി നിരക്കിലോ അതിന്റെ ഇറക്കുമതി അനുവദനീയമാണ്‌. ക്രൂഡ്‌ പാം ഓയിൽ പൂജ്യം ശതമാനം തീരുവയോടെ ഇറക്കുമതി ചെയ്ത്‌ റിഫൈൻ ചെയ്തെടുക്കുമ്പോഴുള്ള എക്സൈസ്‌ ഡ്യൂട്ടിയും പൂജ്യം ശതമാനം മാത്രമാണ്‌. ഭക്ഷ്യഎണ്ണകൾക്ക്‌ മൂല്യവർദ്ധിത നികുതി പൂജ്യം മുതൽ 4 ശതമാനം വരെയാണ്‌. അങ്ങനെ വിദേശത്തെ വൻകിട എണ്ണപ്പന കർഷകർക്ക്‌ ഇന്ത്യയെന്ന വലിയ വിപണിയിൽ നിർബ്ബാധം പ്രവേശനം കിട്ടുന്നു. ഭക്ഷ്യയെണ്ണയുടെ വില പിടിച്ചുനിർത്തപ്പെടുന്നു. ഇനി ക്രൂഡ്‌ ഓയിലിന്റെ കാര്യമെടുക്കാം. ക്രൂഡോയിലിന്‌ മെട്രിക്‌ ടണ്ണിന്‌ 50 രൂപയാണ്‌ ഇറക്കുമതി ചുങ്കം. ക്രൂഡോയിൽ റിഫൈൻ ചെയ്ത്‌ പെട്രോളാവുമ്പോൾ കിലോ ലിറ്ററിന്‌ 9200 രൂപ + 3 ശതമാനം സർചാർജ്ജും, ഡീസലിന്‌ കിലോ ലിറ്ററിന്‌ 3460 രൂപ + 3 ശതമാനം  സർചാർജ്ജും, പാചകവാതകത്തിന്‌ 8 ശതമാനം + 3 ശതമാനം  സർചാർജ്ജും ഈടാക്കുന്നു. കേരളത്തിൽ പെട്രോളിന്‌ വിൽപന നികുതി 25.23 ശതമാനം + 1 ശതമാനം സെസ്സ്‌ ആണ്‌. ഡീസലിന്‌ ഇത്‌ 19.8 ശതമാനം + 1 ശതമാനം സെസ്സുമാണ്‌. പാചക വാതകത്തിന്‌ വാണിജ്യാവശ്യങ്ങൾക്കുള്ളവയ്ക്ക്
‌ 13.5 ശതമാനവും ഗാർഹികോപയോഗത്തിനുള്ളവയ്ക്ക്‌ 5 ശതമാനവുമാണ്‌ മൂല്യ വർദ്ധിത നികുതി നിലവിലുള്ളത്‌.

പെട്രോളിനും, പാചകവാതകത്തിനും, ഡീസലിനും ഇടയ്ക്കിടെ വില വർദ്ധനവ്‌ ഗവണ്‍മന്റ്‌ തന്നെ അനുവദിക്കുന്നുമുണ്ട്‌. വിലവർദ്ധനവിനായി ശക്തമായ സമ്മർദ്ദം ചെലുത്താൻ എണ്ണക്കമ്പനികൾക്കാവുന്നു. എന്നാൽ കേരകർഷകർക്കാകട്ടെ, മറ്റുൽപന്നങ്ങളുടെയെല്ലാം വിലവർദ്ധനവിന്റെയിടയിലും നാളികേരത്തിനും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വില തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ചയാണുള്ളത്‌. വിപണിയിൽ വെളിച്ചെണ്ണയും കൊപ്രയും അധികം കെട്ടിക്കിടക്കുന്നുവേന്നതാണല്ലോ, വിലയിടിവിന്റെ കാരണമായി പറയുന്നത്‌. അങ്ങനെയെങ്കിൽ,  ആഭ്യന്തര ഉപയോഗം വർദ്ധിപ്പിക്കുകയോ, അല്ലെങ്കിൽ കയറ്റുമതി അനുവദിക്കുകയോ  അഥവാ രണ്ടും കൂടിയോ ചെയ്യേണ്ടതല്ലേ? പക്ഷേ; ഈ രണ്ടുകാര്യങ്ങളും സംഭവിക്കുന്നില്ല എന്നതാണ്‌ വസ്തുത. ആകെ ഒരു വർഷം ഇന്ത്യയിലുത്പാദിപ്പിക്കപ്പെടുന്ന വെളിച്ചെണ്ണയാകട്ടെ കേവലം 5-6 ലക്ഷം ടൺമാത്രമാണ്‌.  ഈ വർഷം ഇന്ത്യയിലേക്കുള്ള ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി മാത്രം 88.9 ലക്ഷം ടൺ (സെപ്തംബർ 30 വരെ) കവിഞ്ഞിരിക്കുന്നു.
ആഭ്യന്തര ഉപയോഗം വർദ്ധിപ്പിക്കുന്നതിന്‌, നമ്മുടെ പൊതുവിതരണ ശൃംഖല വഴി, കേരളത്തിൽ ഓരോ റേഷൻ കാർഡിനും പ്രതിമാസം രണ്ട്‌ ലിറ്റർ വീതം വെളിച്ചെണ്ണ വിതരണം ചെയ്തിരുന്നെങ്കിലോ? കേരളത്തിനുവെളിയിൽ മാസം തോറും ഓരോ ലിറ്റർ വെളിച്ചെണ്ണ വീതം റേഷൻ കാർഡുടമകൾക്ക്‌ നൽകിയാലോ? അംഗൻവാടികളിലേയും, സ്കൂളുകളിലേയും ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിന്‌ വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നെങ്കിലോ? നമ്മുടെ നാട്ടിലെ ആഭ്യന്തര ഉപഭോഗം വർദ്ധിക്കുമായിരുന്നില്ലേ? ഇത്തരം കാര്യങ്ങൾക്കായി, കർഷകർക്കുവേണ്ടി ശബ്ദമുയർത്താൻ ആരാണ്‌ തയ്യാറാവുക? സംഘടിതരായ കർഷകരുള്ള വിളകളിൽ ഇത്തരം ദുര്യോഗം സംഭവിക്കുന്നില്ല; മിതവും ന്യായവുമായ വില ഉറപ്പ്‌ വരുത്തപ്പെടുന്നുണ്ട്താനും. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണയാകട്ടെ വീണ്ടും 25 ശതമാനം സബ്സിഡി കൂടി നൽകി ഉപഭോക്താക്കൾക്ക്‌ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ ഇതേ സബ്സിഡി വെളിച്ചെണ്ണയ്ക്ക്‌ നൽകാത്തത്‌?

ഭക്ഷ്യസുരക്ഷയും, പോഷകാഹാര സുരക്ഷയും ഉറപ്പ്‌ വരുത്തുന്നതിൽ നാളികേരത്തിനും, വെളിച്ചെണ്ണയ്ക്കും മറ്റ്‌ ഭക്ഷ്യഎണ്ണകളെപ്പോലെ തന്നെ പങ്കുണ്ട്‌. ഭക്ഷ്യധാന്യങ്ങളോടൊപ്പം, പയറുവർഗ്ഗങ്ങളും, ഭക്ഷ്യഎണ്ണയും, പാലും മുട്ടയും മാംസവുമൊക്കെ ഒരു രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യ-പോഷക സുരക്ഷയ്ക്ക്‌ ആവശ്യമാണ്‌. അനിയന്ത്രിതമായി ഇറക്കുമതിയെ ആശ്രയിച്ചു മാത്രം ഇത്തരം ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനാവുമോ? തദ്ദേശീയമായി ദീർഘകാലാടിസ്ഥാനത്തിൽ ഉത്പാദനം വർദ്ധിപ്പിക്കുകയല്ലാതെ ശതകോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയിൽ വേറെ മാർഗ്ഗങ്ങളില്ല തന്നെ. മൊത്തത്തിൽ ഭക്ഷ്യഎണ്ണയുടെ ദൗർലഭ്യം എന്നപേരിൽ അനിയന്ത്രിതമായി ഇറക്കുമതി അനുവദിക്കുകയും, വിപണിയിൽ മിച്ചമെന്ന പേരിൽ വെളിച്ചെണ്ണയുടെ വിലയിടിക്കുകയും, വാങ്ങാൻ നാട്ടിലാളില്ലെങ്കിലും കയറ്റുമതി അനുവദിക്കാതിരിക്കുകയും ചെയ്യുക എന്ന അവസ്ഥയാണ്‌ ഇന്ന്‌ നിലനിൽക്കുന്നത്‌. ഇതിന്‌ മാറ്റം വരണമെങ്കിൽ, ഇന്ത്യയിലെ കർഷകർക്ക്‌ ഗുണകരമായ മാറ്റങ്ങൾ, കാർഷിക - വാണിജ്യ - ഇറക്കുമതി നയങ്ങളിലുണ്ടാവണമെങ്കിൽ, കർഷകരുടെ ശബ്ദം ഒറ്റക്കെട്ടാവണം. പൊതുപ്രവർത്തകർ കേരകർഷകരുടെ പ്രശ്നങ്ങൾ അടിയന്തിരമായി ഏറ്റെടുക്കണം.
നാളികേരത്തിലെങ്കിലും, കൊപ്രയും എണ്ണയുമല്ലാത്ത ഉൽപന്നങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഗതിവേഗം കൂട്ടണം. കരിക്കും കരിക്കുൽപന്നങ്ങളും, വെർജിൻ വെളിച്ചെണ്ണയും, തൂൾത്തേങ്ങയും മറ്റും വേഗത്തിൽ നിർമ്മിക്കാൻ കഴിയണമെങ്കിലും, കർഷക കൂട്ടായ്മകൾ വളർത്തി ശക്തിപ്പെടുത്തേണ്ടതുണ്ട്‌.
നീരയാണ്‌ അടുത്ത രംഗം. തെറ്റായ അബ്കാരി നിയമത്തിന്റെ തടങ്കലിൽപ്പെട്ടുപോയ നീരയേയും, നീര ഉൽപന്നങ്ങളേയും അതിൽ നിന്നും മോചിപ്പിക്കുകയും, അവ ഉത്പാദിപ്പിക്കാനുള്ള അനുമതി കർഷക കൂട്ടായ്മകൾക്ക്‌ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇക്കാര്യത്തിനായി കേരളം, തമിഴ്‌നാട്‌, പുതുച്ചേരി, ആന്ധ്രാപ്രദേശ്‌, കർണ്ണാടകം, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നീ സംസ്ഥാന ഗവണ്‍മന്റുകളോട്‌ നാളികേര വികസന ബോർഡ്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌. അനുകൂലമായ നയ രൂപീകരണം വേഗത്തിലാക്കാൻ നമുക്ക്‌ കഴിയേണ്ടതുണ്ട്‌.

സാധാരണഗതിയിൽ ഒരു വിളയിൽ ഉത്പാദനക്കുറവ്‌ ഉണ്ടാവുന്ന കാലഘട്ടത്തിലെങ്കിലും ഉത്പാദകർക്ക്‌ ഉയർന്ന വില കിട്ടാറുണ്ട്‌. എന്നാൽ എണ്ണക്കുരുക്കളുടേയും ഭക്ഷ്യ എണ്ണയുടേയും കാര്യത്തിൽ, അങ്ങനെയല്ല സംഭവിക്കുന്നത്‌. ഉത്പാദനക്കുറവുണ്ടാകുമ്പോൾ ആ പേരിൽ ഇറക്കുമതി വർദ്ധിപ്പിച്ച്‌, അതും ഇറക്കുമതി ചുങ്കം  ഇല്ലാതെയോ അഥവാ വളരെയേറെക്കുറച്ചോ,  കാർഷികോൽപന്നങ്ങളുടെ വില ഉയരാതെ കൃത്രിമമായി പിടിച്ചുനിർത്തുന്നു. എന്നാൽ ഉത്പാദനം വർദ്ധിക്കുന്ന വിളകളിലും, ഇത്തരത്തിലുള്ള ഇറക്കുമതി നിർബാധം തുടരുമ്പോൾ, കർഷകരെ സംബന്ധിച്ചിടത്തോളം വീണ്ടും വിലയിടിവ്‌ തന്നെയാണ്‌ ഫലം. അതായത്‌, ഉത്പാദനക്കുറവിന്റെ കാലഘട്ടത്തിലും, ഉത്പാദന വർദ്ധനവിന്റെ കാലഘട്ടത്തിലും ഒരുപോലെ വിലയിടിവ്‌ നേരിട്ടുകൊണ്ടിരുന്നാൽ എത്രകാലമാണ്‌ കർഷകർക്ക്‌ പിടിച്ചുനിൽക്കാൻ കഴിയുക?

ഇക്കാര്യങ്ങൾക്കെല്ലാം മാറ്റമുണ്ടാവണമെങ്കിൽ കേരകർഷകർ ഒത്തൊരുമയോടെ മുന്നിട്ടിറങ്ങേണ്ടതുണ്ട്‌. വലിയ വിപത്തായി വിലയിടിവ്‌ തുടരുമ്പോഴും നമ്മുടെ സിപിഎസുകൾ ഇപ്പോഴും ആലസ്യത്തിൽ നിന്നുണരുന്നില്ല. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം മറ്റുള്ളവർ കണ്ടുപിടിച്ചുതരുമെന്ന പ്രതീക്ഷയിലാണ്‌ ഭൂരിപക്ഷവും. തങ്ങളുടെ പ്രാദേശികവും സങ്കുചിതവുമായ താൽപര്യങ്ങൾ കാരണം, സംഘടിച്ച്‌ പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇത്തരം 'ഇന്ത്യൻ ഞണ്ട്‌' മനോഭാവവുമായി അധികകാലം മുമ്പോട്ടു പോകുവാനാവില്ല. ഒത്തൊരുമയോടെ കേരകർഷകർ സംഘടിച്ച്‌ സിപിഎസുകളിൽ നിന്ന്‌ ഫെഡറേഷനുകളിലേക്കും അവിടെ നിന്ന്‌ ഉത്പാദക കമ്പനികളിലേക്കുമുള്ള വളർച്ച കുറേക്കൂടി വേഗത്തിലാക്കേണ്ടതുണ്ട്‌. ഇന്ന്‌ 1629 സിപിഎസുകളും 28 ഫെഡറേഷനുകളും നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്‌. ഈ ലക്കം മാസിക നിങ്ങളുടെ കൈവശം എത്തുമ്പോൾ ഫെഡറേഷനുകളുടെ എണ്ണം 40 കഴിഞ്ഞിട്ടുണ്ടാകും. കേരളത്തിൽ 5000 സിപിഎസുകളും, 250 ഫെഡറേഷനുകളും 25 ഉത്പാദക കമ്പനികളുമെന്ന ലക്ഷ്യമാണ്‌ ബോർഡ്‌ മുന്നോട്ടുവെയ്ക്കുന്നത്‌. അപ്പോഴും, കേരളത്തിലെ നാളികേര കർഷകരുടെ വെറും 10 ശതമാനം മാത്രമേ ഈ സംവിധാനത്തിനുള്ളിലാവുന്നുള്ളൂ. പക്ഷേ; ഇത്തരത്തിലുള്ള സംവിധാനങ്ങൾ കെട്ടുറപ്പോടെ, ഒത്തൊരുമയോടെ, ലക്ഷ്യബോധത്തോടെ ഒരു ടീമായി പ്രവർത്തിച്ചാൽ ഭാവിയിലെങ്കിലും അവഗണനയുടെ കയ്പ്പുനീർ കുടിക്കേണ്ടിവരില്ല. വിലയേയും വിപണിയേയും ഉൽപന്നങ്ങളേയും മാത്രമല്ല നാളികേരത്തിന്റെ കാര്യത്തിലെങ്കിലും ഗവണ്‍മന്റുകളുടെ നയങ്ങളേയും നിയന്ത്രിക്കാനാവുന്ന അവസ്ഥ നിങ്ങളുടെ കയ്യിലുണ്ടാവും. അഥവാ നാളികേരത്തിന്‌ സ്ഥിരവും, ആദായകരവുമായ വില ലഭിക്കുന്നതിനുള്ള താക്കോൽ നിങ്ങളുടെ കൈകളിലുണ്ടാവും. അതിനായി പ്രാദേശികവും സങ്കുചിതവുമായ താൽപര്യങ്ങൾ മാറ്റിവെച്ച്‌ സംഘടിതരാവുന്നതിനുള്ള അവസരം ഇനിയെങ്കിലും കൈവിടരുത്‌. വിജയത്തിന്റെ താക്കോൽ നിങ്ങളുടെ കൈകളിൽതന്നെയാണുള്ളത്‌.
   

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...