23 Nov 2012

സങ്കരയിനങ്ങൾക്കുവേണ്ടി നെട്ടോട്ടം- സഹായഹസ്തവുമായി കൊളാബറേറ്റീവ്‌ റിസർച്ച്‌


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ,
നാളികേര വികസന ബോർഡ്‌, കൊച്ചി-11


ഭാവിയിൽ അത്യുത്പാദനശേഷിയുള്ള തൈകൾ മാത്രം നടാൻ ഉപയോഗിക്കേണ്ടത്‌ കേരവികസനത്തിന്റെ നല്ല നാളേയ്ക്ക്‌ ആവശ്യമാണ്‌. കൃഷിയിടം അനുദിനം ലോപിച്ചുകൊണ്ടിരിക്കുന്നതും ഏതുവിധേനയും ഉത്പാദനക്ഷമത വർദ്ധിപ്പിച്ച്‌ നിരന്തരം വർദ്ധിച്ചു വരുന്ന കൃഷിച്ചെലവിൽ നിന്നും കരകയറേണ്ടതും ഈ ആവശ്യത്തിലേക്ക്‌ വിരൽ ചൂണ്ടുന്നു. അത്യുത്പാദനശേഷിയുള്ള തൈകൾ നടാൻ കർഷകർ  വിമുഖരായിട്ടല്ല; മറിച്ച്‌ ഇത്തരം തൈകൾ ആവശ്യത്തിന്‌ ലഭ്യമല്ലായെന്നുള്ളതാണ്‌ വസ്തുത. ഗവണ്‍മന്റ്‌ നഴ്സറികൾക്കോ ഗവേഷണ സ്ഥാപനങ്ങൾക്കോ ഈ ആവശ്യം പൂർണ്ണമായും നിറവേറ്റാൻസാധിക്കുന്നില്ലായെന്
നതാണ്‌ വാസ്തവം.
എല്ലാ ഇനങ്ങളിലും ഉയർന്ന ഉത്പാദന ശേഷിയുള്ള തൈകൾ കാണാറുണ്ടെങ്കിലും അത്യുത്പാദനശേഷിയുള്ള തൈകൾ എന്നുദ്ദേശിക്കുന്നത്‌ നെടിയതും കുറിയതും തമ്മിൽ കൃത്രിമസങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന സങ്കരയിനം (ഹൈബ്രിഡ്‌) തൈകളാണ്‌. ഇത്തരം തൈകൾ നമ്മുടെയിടയിൽ നടാൻ ലഭ്യമാകുന്നത്‌ മൊത്തം ലഭ്യതയുടെ 3.5 ശതമാനം മാത്രമാണ്‌. വളരെച്ചെറിയ തോതിൽ സംസ്ഥാന കൃഷി വകുപ്പുകൾ ഉത്പാദിപ്പിക്കുന്നവയും ബോർഡിന്റെ പ്രദർശന വിത്തുത്പാദന തോട്ടങ്ങളിലും, സംസ്ഥാന കാർഷിക സർവ്വകലാശാലകളിലും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലും പരിമിതമായി ഉത്പാദിപ്പിക്കുന്നവയും ഇതിലേക്ക്‌ കൂട്ടാം.
തെങ്ങ്‌ കൃഷിയുടെ നാടായ നമ്മുടെ കേരളത്തിൽ  8 ലക്ഷം ഹെക്ടർ കൃഷിയിടത്തിലായി 18 കോടി തെങ്ങുണ്ടെന്നാണ്‌ കണക്ക്‌. ഇവയിൽ മൂന്നിലൊന്നും പ്രായാധിക്യമുള്ളവയും പുനർകൃഷി ആവശ്യമുള്ളവയുമാണെന്നും വിദഗ്ദ്ധർ രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. ഇങ്ങനെ പുനർകൃഷി ചെയ്യുമ്പോൾ നടീലിന്‌ ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കുകയെന്നത്‌ ഗവേഷണ വികസന ഏജൻസികളുടെ ഉത്തരവാദിത്വമാണ്‌. അങ്ങനെ സാധിക്കാതെ വരുമ്പോൾ ലാഭേച്ഛയോടെ മാത്രം കച്ചവടം നടത്തുന്ന സ്വകാര്യ നഴ്സറികൾ നാടുമുഴുവനും കൂണുപോലെ മുളച്ചുപൊന്തുന്നു.  യാതൊരു തെരഞ്ഞെടുപ്പ്‌ മാനദണ്ഡവും പാലിക്കാതെ തൈ വിൽപ്പന നടത്തുന്നഇവരെ നിയന്ത്രിക്കാനുള്ള സംവിധാനവും നിലവിലില്ല.എന്നാൽ കൃത്രിമ പരാഗണം വഴി ഹൈബ്രിഡുണ്ടാക്കിയെടുക്കുന്ന രീതിയിലേക്ക്‌ ഈ നഴ്സറികളും കടക്കുന്നില്ല.
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനവും കേരള, തമിഴ്‌നാട്‌ കാർഷിക സർവ്വകലാശാലകളും ഇതിനകം നിരവധി ഹൈബ്രിഡുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ടിതഡിയും ഡിത ടിയും ഇതിൽപ്പെടും.
1936ൽ വർഗ്ഗസങ്കരണത്തിലൂടെ ആദ്യമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ്‌ ഡി x ടിആയിരുന്നെങ്കിലും അതിനുശേഷം ഡിത ടി ഉരുത്തിരിച്ചെടുത്തു. പക്ഷെ വർഷങ്ങളായുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ ഡി x ടി ആണ്‌ മേന്മയേറിയ ഇനമെന്നാണ്‌. ഉയർന്ന ഉത്പാദനക്ഷമതയാൽ ഇത്തരം തൈകൾക്ക്‌ കർഷകരുടെ ഇടയിൽ വർദ്ധിച്ചുവരുന്ന ആവശ്യം ഒരു പരിധി വരെയെങ്കിലും നിറവേറ്റാൻ ബാദ്ധ്യസ്ഥരായ ബോർഡ്‌ ഇതിനൊരു പരിഹാരം ആലോചിച്ചുതുടങ്ങിയത്‌ ഇപ്പോഴത്തെ ചെയർമാനായ ശ്രീ. ടി.കെ. ജോസ്‌ ഐഎഎസ്‌ സ്ഥാനമേറ്റെടുത്തതോടെയാണ്‌.
ഇന്ന്‌ കേരളത്തിൽ പല ഇനങ്ങൾ തമ്മിൽ സങ്കരണം നടത്തിയ സങ്കരയിനങ്ങളുണ്ട്‌. ഗൗരിഗാത്രവും നമ്മുടെ നാടൻ ഇനവും തമ്മിലുള്ള ക്രോസ്‌ ആണ്‌ 1985ൽ കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനം പുറത്തിറക്കിയ ചന്ദ്രസങ്കരയെന്ന ഡി ത  ടി. 3-4 വർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങുന്ന ഈ ഇനം നാടനേക്കാൾ വിളവ്‌ തരുന്നു. ശരാശരി വിളവ്‌ 116 തേങ്ങയും കൊപ്രയുടെ അളവ്‌ 215 ഗ്രാമും എണ്ണയുടെ തോത്‌ 68 ശതമാനവും ആണ്‌.
അതുപോലെ പതിനെട്ടാം പട്ടയും  നാടനും തമ്മിൽ ക്രോസ്‌ ചെയ്തെടുത്ത കൽപ്പസങ്കര എന്ന ഡി x ടി ഇനം കാറ്റുവീഴ്ച രോഗത്തെ ചെറുക്കുന്ന ഹൈബ്രിഡ്‌  എന്ന നിലയിൽ വളരെ പ്രാധാന്യം അർഹിക്കുന്നു.  അധികം പൊക്കം വെയ്ക്കാത്തതും, നട്ട്‌ 36-40 മാസമാകുമ്പോൾ കായ്ഫലം നൽകുന്നതുമായ കൽപ്പസങ്കര 2009ലാണ്‌ പുറത്തിറക്കിയത്‌. വർഷത്തിൽ ശരാശരി 84 തേങ്ങ വരെ ലഭിക്കുന്നു. ഇളംപച്ചനിറമുള്ളതും നീണ്ടുരുണ്ടതുമായ ഇവയുടെ തേങ്ങയ്ക്ക്‌ ശരാശരി 840 ഗ്രാം തൂക്കം വരും. ഇവയുടെ തേങ്ങ നാടൻ തേങ്ങയോട്‌ കിടപിടിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. കൊപ്രയുടെ ഭാരം തേങ്ങ ഒന്നിന്‌ 170 ഗ്രാമും, വെളിച്ചെണ്ണയുടെ അളവ്‌ 67.5 ശതമാനവുമാണ്‌.  ഇങ്ങനെ ചന്ദ്രസങ്കരയും കൽപ്പസങ്കരയും  ചാവക്കാട്ട്‌ കുറിയ ഓറഞ്ചും പച്ചയും യഥാക്രമം മാതൃവൃക്ഷമാക്കിയ ഡി ത  ടി ഇനങ്ങളാണ്‌. മൂന്നാമതൊരിനം മലയൻ കുറിയ മഞ്ഞയും നാടനും തമ്മിലുള്ള കൽപസമൃദ്ധിയെന്ന സങ്കരയിനമാണ്‌. കർഷകർക്ക്‌ വളരെയെളുപ്പം ഈ സങ്കരയിനങ്ങൾ ഉണ്ടാക്കാവുന്നതാണ്‌.
ഡിxടി ഉത്പാദനം എങ്ങനെ?
 ഡിxടി ഉത്പാദനത്തിൽ ഡ്വാർഫ്‌ മരങ്ങൾ മാതൃവൃക്ഷവും ടാൾ മരങ്ങൾ പിതൃവൃക്ഷവുമാണെന്ന്‌ പറഞ്ഞല്ലോ. ഡ്വാർഫ്‌ മരത്തിലെ പൂക്കുലകൾ വിരിയുമ്പോൾ തന്നെ ആൺപൂക്കൾ വിരിഞ്ഞിരിക്കും. ഓരോ പൂക്കുലകണ്ണികളിലും (സ്പൈക്ക്ലെറ്റ്സ്‌) ഓരോ  പെൺപൂവും (മച്ചിങ്ങ) ധാരാളം ആൺപൂക്കളുമുണ്ടാകും. ഈ പെൺപൂക്കളാണ്‌ പരാഗണശേഷം തേങ്ങയായി മാറുന്നത്‌.
പൂക്കുല വിരിഞ്ഞ്‌ ഒരാഴ്ചയ്ക്കകം ആൺപൂക്കൾ നിശ്ശേഷം നീക്കം ചെയ്യണം.  ഈ പ്രക്രിയയെ ഇമാസ്ക്കുലേഷൻ അഥവാ വിപുംസീകരണം എന്ന്‌ പറയുന്നു. ഗുണമേന്മയുളള ടാൾ മരങ്ങളിൽ നിന്നും ശേഖരിച്ചുവെച്ചിരിക്കുന്ന പരാഗരേണുക്കൾ അഥവാ പൂമ്പൊടി പെൺപൂക്കൾ പാകമാകുന്ന സമയം നോക്കി പതിക്കണം. ഈ പ്രക്രിയയെയാണ്‌ പരാഗണം എന്ന്‌ പറയുന്നത്‌. ഇത്‌ മൂന്ന്‌ നാല്‌ ദിവസം തുടരണം. കുറിയയിനത്തിൽ
10-11 മാസം കൊണ്ട്‌ തേങ്ങ പാകമാകും. വിത്തുതേങ്ങ പാകി മുളപ്പിച്ച്‌ അത്യുത്പാദനശേഷിയുള്ള സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കാവുന്നതാണ്‌.
കൃത്രിമ സങ്കരണം വഴി ഉണ്ടാക്കിയെടുക്കുന്ന എല്ലാ തൈകൾക്കും അത്യുത്പാദനശേഷിയുണ്ടാകണമെന്നില്ല. മാതൃ-പിതൃവൃക്ഷങ്ങൾ തെരഞ്ഞെടുക്കുന്നതിലും തൈകൾ തെരഞ്ഞെടുക്കുന്നതിലും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം.
കൊളാബറേറ്റീവ്‌ റിസർച്ച്‌ പദ്ധതി എന്ത്‌ ? എങ്ങനെ?
ശാസ്ത്രജ്ഞർക്കും ഗവേഷണ കേന്ദ്രങ്ങൾക്കും മാത്രമല്ല, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുൾപ്പെടെ തെങ്ങുകൃഷി ഗൗരവമായി കാണുന്ന ഏതൊരാൾക്കും സങ്കരയിനം തെങ്ങിൻ തൈകളുണ്ടാക്കുന്നതിന്‌ അവസരമൊരുക്കുന്ന പദ്ധതിയാണിത്‌. ഒച്ചിഴയും വേഗത്തിലുള്ള തൈയ്യുത്പാദനത്തിനെ മറികടക്കുവാൻ ഇത്തരം തന്ത്രങ്ങൾ കൊണ്ടേ കഴിയൂ.
ബോട്ടണി, സുവോളജി അഥവാ ബയോടെക്നോളജി ബിരുദാനന്തര ബിരുദമുള്ള കോളേജുകളുമായോ മികച്ച പ്രവർത്തന പാരമ്പര്യമുളള എൻജിഒകളുമായോ സഹകരിച്ച്‌ സങ്കരയിനം തൈകളുണ്ടാക്കുകയാണ്‌ ലക്ഷ്യം. ഗൗരീഗാത്രമോ പതിനെട്ടാം പട്ടയോ പോലുള്ള കുറിയയിനം തെങ്ങുകളിൽ കൃത്രിമപരാഗണം നടത്തി മികച്ച തൈകൾ ഉത്പാദിപ്പിച്ച്‌ കൃഷിക്കാർക്ക്‌ ആവശ്യാനുസരണം വിതരണം നടത്തുകയാണ്‌ ഈ പദ്ധതിയുടെ ഉദ്ദേശ്യം.

മികച്ചയിനം മാതൃവൃക്ഷങ്ങളെ കണ്ടെത്തുകയാണ്‌ ഒന്നാം ഘട്ടത്തിൽ ചെയ്യുന്നത്‌. മികച്ച തെങ്ങുകളെ കണ്ടെത്തി മാതൃവൃക്ഷമായി ഉപയോഗിക്കുന്നതുമൂലം അമൂല്യമായ ജനിതകവൈദഗ്ധ്യം കൂട്ടിക്കലർത്തി അത്യുത്തമമായ പുതിയ വൈവിദ്ധ്യമാർന്ന തെങ്ങുകളെ ഉത്പാദിപ്പിക്കാമെന്ന തത്വവും പ്രായോഗികമാവും. കണ്ടെത്തുന്ന മികച്ച തെങ്ങുകളുടെ വർഗ്ഗസങ്കരണം (hybridisation] നടത്തുകയാണ്‌ അടുത്ത നടപടി. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന തേങ്ങകൾ പാകി കിളിർപ്പിച്ച്‌ അവയിൽ നിന്നും മികച്ച തൈ വളർത്തിയെടുത്ത്‌ ഗുണമേന്മാ പരിശോധനയും സർട്ടിഫിക്കേഷനും നടത്തി നൽകുകയാണ്‌ രണ്ടാം ഘട്ടത്തോടെ ചെയ്യുന്നത്‌.
ആണ്ടുതോറും 40,000 മുതൽ 50,000 വരെ സങ്കരയിനം തൈകൾ ഉത്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി മാതൃവൃക്ഷമായി കുറഞ്ഞത്‌ 2000 കുറിയയിനങ്ങളും പിതൃവൃക്ഷമായി 500 നെടിയ ഇനങ്ങളും സർവ്വേ നടത്തി മാർക്ക്‌ ചെയ്യണം.
നാളികേര ടെക്നോളജി മിഷനു കീഴിൽ പദ്ധതിക്ക്‌ സാമ്പത്തിക സഹായം നൽകുന്നതാണ്‌. പദ്ധതിച്ചെലവിന്റെ 50 ശതമാനമോ പരമാവധി 35 ലക്ഷം രൂപയോ ഇതിലേതായിരിക്കുമോ കുറവ്‌ അതായിരിക്കും അർഹമായ സബ്സിഡി. പദ്ധതി രൂപീകരണത്തിന്‌ ബോർഡിന്റെ സഹായം ലഭ്യമാകും. പദ്ധതി ചെലവിലുൾപ്പെടുത്താവുന്ന ഘടകങ്ങളിൽ മാതൃവൃക്ഷങ്ങൾ ഏറ്റെടുക്കുന്ന തോട്ടമുടമയ്ക്ക്‌ കോടുക്കേണ്ട കരാർ തുക (തെങ്ങോന്നിന്‌ ന്യായമായ തുക നിജപ്പെടുത്താം), കൃത്രിമപരാഗണം നടത്താൻ തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനചെലവ്‌, അവരുടെ വേതനം, യാത്രപ്പടി, തേങ്ങ വിളവെടുത്ത്‌ നഴ്സറികളിൽ പാകി തൈയാക്കുന്നതിനുള്ള ചെലവ്‌, ലബോറട്ടറിക്കുള്ള കെട്ടിടം, പൂമ്പൊടി ശേഖരിച്ച്‌ വെയ്ക്കാനുള്ള ഉപകരണങ്ങൾ, നഴ്സറിക്കുള്ള ലീസ്‌ തുക, ഗ്രീൻ ഹൗസ്‌, സ്പ്രിംഗ്ലർ നനയ്ക്കുള്ള സാമഗ്രികൾ, പ്രോജക്ട്‌ ടീം ലീഡർ, അസിസ്റ്റന്റ്സ്‌ എന്നിവർക്കുള്ള വേതനം എന്നിവയുൾപ്പെടുന്നു.
കേരളത്തിൽ നിന്ന്‌ നാല്‌ കോളേജുകളും രണ്ട്‌ എൻജിഒകളും ഇതിനകം പദ്ധതിയുമായി കൈകോർക്കാൻ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ചങ്ങനാശ്ശേരി അസമ്പ്ഷൻ കോളേജ്‌, പത്തനംതിട്ട കാത്തോലിക്കേറ്റ്‌ കോളേജ്‌, പാലാ സെന്റ്‌ തോമസ്‌ കോളേജ്‌, തേവര സേക്രട്ട്‌ ഹാർട്ട്‌ കോളേജ്‌, പാലക്കാട്‌ മൈത്രി, കോഴിക്കോട്‌ സെന്റർ ഫോർ റിസർച്ച്‌ ആന്റ്‌ ഡെവലപ്‌മന്റ്‌ ഇൻ ഹെൽത്ത്‌ ഹൈജീൻ ആന്റ്‌ എൻവയണ്‍മന്റ്‌ എന്നിവയാണ്‌ അവ.
കർഷകരുടെ പങ്കാളിത്തവും സഹകരണവും ഈ പദ്ധതിക്കാവശ്യമാണ്‌. 10നും 25നും മദ്ധ്യേ പ്രായമുള്ള കുറിയയിനം തെങ്ങുകളുള്ള കർഷകർ അതാതുപ്രദേശത്തെ കോളേജുമായോ എൻജിഒയുമായോ ബന്ധപ്പെടണം. കേരകർഷകരുടെ കൂട്ടായ്മയായ നാളികേരോത്പാദക സംഘങ്ങൾ (സിപിഎസുകൾ), തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്നിവരുടെ എല്ലാം സഹായ  സഹകരണവും പങ്കാളിത്തവും ഈ പദ്ധതിയിൽ ഉപയോഗപ്പെടുത്തും.

മൈത്രി ഇതിനകം മൂന്ന്‌ തോട്ടങ്ങളിലായി 500 കുറിയ ഇനം മാതൃവൃക്ഷങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു. പൂമ്പൊടി ശേഖരിക്കുവാനുള്ള നെടിയയിനം തെങ്ങുകളുടെ തോട്ടവും തെരഞ്ഞെടുത്തു. 20 മരങ്ങളിൽ ഹൈബ്രിഡൈസേഷനും തുടങ്ങി. നാളിതുവരെയുള്ള മൈത്രിയുടെ പദ്ധതി പുരോഗതി പ്രോത്സാഹനജനകമാണ്‌. കേരളം കൂടാതെ തമിഴ്‌നാട്‌, കർണ്ണാടകം എന്നിവിടങ്ങളിൽ നിന്നും പദ്ധതികൾ പ്രതീക്ഷിക്കുന്നു. ആണ്ടുതോറും അഞ്ച്‌ ലക്ഷം തൈകളെങ്കിലും ഇങ്ങനെ ലഭ്യമായാൽ പടിപടിയായി നമ്മുടെ തെങ്ങിൻ തോപ്പുകളുടെ ജനിതകമേന്മ മെച്ചപ്പെടുത്താൻ സാധിക്കും, ഒപ്പം സങ്കരയിനം തെങ്ങുകൾക്കുവേണ്ടിയുള്ള കർഷകരുടെ നെട്ടോട്ടത്തിന്‌ ഒരറുതി വരുകയും ചെയ്യും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...