23 Nov 2012

കൊഴിഞ്ഞ കൊന്നപ്പൂക്കൾ


കാവിൽരാജ്‌

ഒരു നാൾ നക്ഷത്രരാശിതൻ
ആറു പൊരുത്തങ്ങൾ ചേർത്ത
നിലവിളക്കിൻ തിരിയണയ്ക്കാതെ-
കാത്തതിൻ ജന്മപുണ്യമോ?
വലതുകാൽവെച്ച്‌, ഭർതൃഗൃഹത്തി-
ലേയ്ക്കെത്തിയ ജന്മസാഫല്യമോ?
ദശാന്തിതൻ ശുഭദാനമോ?
മുജ്ജന്മസുകൃതമോ?

ടെറസ്സിട്ട വീടും, കാണാൻ-
സുമുഖനും, സൗമ്യശീലനും
വിദേശത്തുപോകാൻ
വിസയുള്ള സമർത്ഥനും
അവനല്ലോ എന്റെ മോൾക്ക-
നുയോജ്യനെന്നച്ഛനുമമ്മയും
പറഞ്ഞപ്പോൾ, മാലയിട്ടാദരിച്ചു
സ്വീകരിച്ചപ്പോൾ, മൊട്ടിട്ടു
വിടർന്നെന്നിലായിരം
വിഷുക്കണിപ്പൂക്കൾ
കാറ്റിലാലോലമാടിയും
കിങ്ങിണിക്കൊലുസ്സുകൾ!

സാമ്പത്തികമാന്ദ്യം! പണിപോയ്‌
ദാമ്പത്യം തകർന്നിരിപ്പായിവീട്ടിൽ
ഹൈവേ വരുന്നു! റോഡരുകിൽ
നിൽക്കുമെൻ സൗധം, ജെ.സി.ബി
കൊട്ടയിൽ കോരുന്നെൻ സ്വപ്നത്തിൻ-
സിമന്റുകട്ടകൾ! ദുഃഖത്തിൻകമ്പി നൂലുകൾ!

എത്രയോ വർഷമായ്‌ സ്വരൂപിച്ച
ഗൾഫ്‌ പണമത്രയും പാഴാകുന്നു
എത്രകിട്ടിയാലുമിതുപോലൊരു സ്ഥലം
കിട്ടുമോ? വീണ്ടുമൊരു വീടുണ്ടാക്കാ-
നാവുമോ? കാത്തുവെച്ച മോഹങ്ങൾ
കൊഴിഞ്ഞില്ലേ? കൊന്നപ്പൂക്കൾ ?

മർത്യൻ ചന്ദ്രനിലെത്തിയാലും

ചൊവ്വയിൽ ചെന്നിറങ്ങിയാലും
കൊഴിഞ്ഞ കൊന്നപ്പൂക്കൾതൻ-
ഗതിയെന്ത്‌? വിധിയെന്ത്‌?
വരുമോ വസന്തമീമണ്ണിൽ?
തരുമോ കിങ്ങിണിക്കൊലുസ്സുകൾ?
പുതുപുലരിയിലിനിയും
പൂക്കണിവെയ്ക്കുമോ?
ശുക്രനുദിക്കുമോ.....?
ഒന്നിനും വകയില്ലാതെ,
ആരോടും പകയില്ലാതെ
പകച്ചിരിപ്പൂ ഞങ്ങൾ...!!

ഏഴരശ്ശനിയുടെ താണ്ഡവമോ?
വടക്കൻ ചൊവ്വതന്നപഹാരമോ?
പൂയക്കൂറോ? ദശാസന്ധിയോ?
പൊയ്പ്പോയ ജന്മപാപമോ?
പിതൃക്കളേകിടും ശാപമോ?
ജാതകഫലം ! അല്ലാതെന്ത്‌?
വിധിമാറ്റി വിധിക്കുമോ?
പരിഹാരക്രിയചെയ്യുവാൻ
പതിതരാം ഞങ്ങൾക്കാവുമോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...