ബെസ്സി കടവിൽ
ഒരുനാൾ മരണമൊരജ്ഞാതനെപ്പോ-
ലാടിത്തിമിർത്തെത്തും നമ്മെയെതിരേൽക്കാ-
നാദിനമേതെന്നറിയാതെ നാമെന്നും
ആരണ്യകത്തിലേയിരുട്ടറതേടുന്നു.
ജന്മാവകാശിയാം ജനനിക്കുപോലും
നിർണ്ണയിച്ചീടുവാനാവാത്തവേളയിൽ
മർത്ത്യനുനേരുന്ന ശീർഷകഫലകമോ
ജനനമരണത്തിന്നടിക്കുറിപ്പുകൾ
ഓരോദിനവും മഹത്തരമെന്നോർ-
ത്താദ്യന്തം വർണ്ണിപ്പാനാർക്കു കഴിയുന്നു
അജ്ഞേയജ്യോതിസ്സുചൂഴുന്ന മൂല്യങ്ങൾ
രാപ്പക്ഷി വാഴ്ത്തിപ്പാടാത്തതെന്തേ
നഗ്നീകരിച്ചീടുമോരോരോ ജീവിതം
നഷ്ടവ്യഥയുടെ വാല്യങ്ങളോരോന്നായ്
കംബളം മൂടിയ ചില്ലുജാലകത്തിൽ
കരിമഷിയാലുള്ള ചരിതങ്ങളെഴുതി
പകിടിയില്ലാത്ത പഞ്ചശീലങ്ങളും
പകരാതെ പോയിടും പരിദേവനങ്ങളും
നാസ്തികവാദത്തിൻ നാട്യം രചിച്ചു
നാൾവഴി തേടി പദയാത്രക്കിറങ്ങി