മലയാള ഭാഷ വംശനാശ ഭീഷണിയിലാണോ? ഭാഷയ്ക്ക് ക്ലാസിക്കൽ പദവി വേണോ? ഭാഷയെ സംരക്ഷിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം. സുകുമാർ അഴീക്കോട്, കെ.പി.രാമനുണ്ണി, പി.കെ.ഹരികുമാർ, ഒ.വി.ഉഷ എന്നിവർ പങ്കെടുക്കുന്ന ചർച്ച.
ഭാഷയ്ക്ക് ക്ലാസിക്കൽ പദവി അസംബന്ധം:-
സുകുമാർ അഴീക്കോട് മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി വേണമെന്ന് വാദിക്കുന്നത് വേണ്ടത്ര ആലോചിക്കാതെയാണെന്നതാണ് സത്യം. ഭാഷയ്ക്ക് ക്ലാസ്സിക്കൽ പദവിയില്ല; സാഹിത്യത്തിനു ക്ലാസിക്ക് പദവിയാകാം.
ഗ്രീക്ക്, ലാറ്റിൻ ഭാഷകളെയാണ് ക്ലാസിക്കൽ എന്ന് വിളിക്കാറുള്ളത്. ഇംഗ്ലീഷിനുപോലും ക്ലാസിക്കൽ പദവിയില്ല. സംസ്കൃതഭാഷയെ ആരും അങ്ങനെ വിളിച്ചുകേട്ടിട്ടില്ല. പിന്നെങ്ങനെയാണ് മലയാളത്തിനു ക്ലാസിക്കൽ പദവി കിട്ടുക?
ഭാഷ ക്ലാസിക്കലാകുമെങ്കിൽ, റൊമാന്റിക് എന്ന വിശേഷണവും നൽകേണ്ടിവരും. സംസ്കൃതഭാഷയിലെ സാഹിത്യത്തെ ക്ലാസിക് എന്ന് വിളിക്കാം.
തമിഴ് ഇതിഹാസ കൃതികളായ മണിമേഖലയും മറ്റും തമിഴ് മൂലത്തിൽ ഉണ്ടായതാണ്. പരിഭാഷയല്ല. പ്രാചീനകൃതികളിൽ മലയാള വാക്കുകൾ കണ്ടാൽ ഉടനെ ക്ലാസിക്കൽ പദവി വേണമെന്ന് പറയുന്നതിൽ അർത്ഥമില്ല.
ഭാഷയുടെ നിലനിൽപിനെപ്പറ്റി ആശങ്കപ്പെടുന്ന ഈ കാലത്ത് രണ്ട് തലങ്ങളിലാണ് ഭാഷാ സംരക്ഷണം വേണ്ടത്. വീട്ടിലും വിദ്യാലയത്തിലും ഭാഷയെപ്പറ്റിയുള്ള ചിന്ത വേണം. വീട്ടിൽ കുട്ടികൾക്ക് മാതൃഭാഷയിലുള്ള പരിചയം ഉണ്ടാകണം. മീൻ വെട്ടുന്നതിനു പകരം 'ഫിഷ് കട്ട്' ചെയ്യുക എന്ന് പറഞ്ഞിട്ട് കാര്യമില്ല. അതുപോലെ അദ്ധ്യാപകരും ഭാഷയുടെ കാര്യത്തിൽ നിഷ്കർഷ കാണിക്കണം. മലയാളം വാക്കുകൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഉണ്ടാവണം.
മധ്യവർഗമാണ് നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നത്. മധ്യവർഗത്തിനു മൂല്യബോധം കൈമോശം വരുന്ന കാലമാണിത്. അതുകൊണ്ടതന്നെ, കുട്ടികളെ അവർക്ക് നന്നാക്കാൻ കഴിയില്ല. അവർ ഫാഷന്റേയും ടിവിയുടെയും പിന്നാലെ പോയി വിപണിയുടെ അടിമകളായി മാറിയിരിക്കുകയാണ്. ഒന്നുകിൽ തീരെ താഴേതട്ടിൽ പിറക്കണം. അല്ലെങ്കിൽ ധനവാനായിരിക്കണം. മധ്യവർഗത്തിനു ഒരു കാര്യത്തിലും നിബന്ധനയില്ല.