9 Jul 2011

രവിയേട്ടന്‍ ഒരോര്‍മ



രവീന്ദ്രൻ

പത്രാധിപ ലോകത്ത് ചിന്ത രവിയെന്നറിയപ്പെട്ടിരുന്ന, ദൃശ്യ മാധ്യമ രംഗങ്ങളിലെ രവീന്ദ്രന്‍ ഞങ്ങള്‍ സ്നേഹപൂര്‍വം രവിയേട്ടന്‍ എന്നു വിളിച്ചിരുന്ന ചലച്ചിത്ര സാഹിത്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യം .ഈ രംഗത്തെ പ്രമുഖര്‍ കാണിക്കുന്ന ബുദ്ധിജീവി ജാഡകളില്ലാത്ത ,വര്‍ഷങ്ങളോളമായി തൃശ്ശൂര്‍ താമസമാക്കിയിട്ടും തന്റെ മലബാര്‍ ചുവയോടെയുള്ള നിഷ്കളങ്ക സംസാര ശൈലിയിൽ ആദ്യം കാണുന്നവരെ പോലും തന്റെ സൌഹൃദ വലയത്തിനുള്ളിലാക്കി .എണ്ണമറ്റ സുഹൃത്തുക്കളും പരിചയക്കാരുമുള്ള ആ മഹാന്‍ കുറച്ചു നാളായി അനുഭവിച്ചിരുന്ന വേദനകളുടെ പിടിയില്‍ നിന്നും മലയാള സാഹിത്യ ലോകത്തിനു നികത്താനാവാത്ത ഒരു വിടവുണ്ടാക്കി കാല യവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.


പന്ത്രണ്ട് വര്‍ഷം മുൻപ് ഒരവധിയില്‍ നാട്ടിലെത്തിയ ഞങ്ങള്‍ ജ്യേഷ്ടന്റെ വളരെ അടുത്ത സുഹൃത്തായ രവിയേട്ടനെ പരിചയപ്പെടുമ്പോൾ ഏഷ്യനെറ്റില്‍ അവതരിപ്പിച്ചിരുന്ന "സഞ്ചാരം" എന്ന പോപ്പുലര്‍ പരിപാടിയുടിയിലൂടെ രവിയേട്ടന്‍ ടെലിവിഷന്‍ മാധ്യമത്തില്‍ തിളങ്ങി നില്‍ക്കയായിരുന്നു.പുതിയ വീട്ടില്‍ താമസമാക്കിയ ഞങ്ങളെ കാണാനെത്തിയ രവിയേട്ടന്‍ ഞങ്ങളുടെ സാഹിത്യ സ്നേഹത്തെ മനസ്സിലാക്കി ഇവിടെ ഒരു വായനാ മുറിയുടെ കുറവുണ്ടെന്ന് പറഞ്ഞ് അതൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചു.പിന്നീടാ ഉപദേശം ഞങ്ങളുടെ വീട്ടില്‍ നല്ലൊരു പുസ്തക ലൈബ്രറി ഒരുക്കുന്നതിനു ഞങ്ങള്‍ക്ക് പ്രചോദനമായി.

നിരവധി പുരസ്കാരങ്ങള്‍ സഹിത്യത്തില്‍ നിന്നും സിനിമയില്‍ നിന്നും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ശ്രീ ജി.അരവിന്ദനെ കുറിച്ചുള്ള"മൌനം സൗമനസ്യം "എന്ന ഡോക്കുമെന്ററിക്ക് രാഷ്ട്രപതിയില്‍ നിന്നുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.കൂടാതെ അദ്ദേഹത്തിന്റെ "ഒരേ തൂവല്‍ പക്ഷികള്‍ "എന്ന സിനിമ മികച്ച ചിത്രത്തിനുള്ളതുള്‍
പ്പെടെ , മൂന്നു സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്...അവസാനമ​ായി ഞാന്‍ വായിച്ചത് ഇംഗ്ലണ്ടില്‍ പോയ യാത്രാ വിവരണമായ "ശീതകാല യാത്രകള്‍ " മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ചതായിരുന്നു ."സ്വിസ്സ് സ്കെച്ചുകള്‍ ,അകലങ്ങളിലെ മനുഷ്യര്‍ ,ദിഗാരുവിലെ ആനകള്‍ , ബുദ്ധപഥം ,സിനിമയുടെ രാഷ്ട്രീയം ,അന്റോണീയോ ഗ്രാംഷി,,കലാവിമര്‍ശം -മാര്‍ക്സിസ്റ്റ് മാനദണ്ഡം (എഡിറ്റര്‍ )തുടങ്ങിയവ പ്രധാന കൃതികള്‍ ..


കഴിഞ്ഞയാഴ്ച്ചയില്‍ വീണു കിട്ടിയ മൂന്നു ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയ ഞങ്ങള്‍ രവിയേട്ടന്‍ രോഗത്തിന്റെ തീവ്രാവസ്ഥയിലാണെന്നറിഞ്ഞപ്പോൾ, വടക്കാഞ്ചേരിയിലെ ഞങ്ങളുടെ വീട്ടില്‍ നിന്നും എയര്‍ പോര്‍ട്ടിലേക്ക് പോകും വഴി ,രവിയേട്ടനും ഭാര്യ ചന്ദ്രിക ചേച്ചിയും ചേച്ചിയുടെ അമ്മയും (പ്രശസ്ത എഴുത്തുകാരി ദേവകി നിലയം കോട്)താമസിക്കുന്ന തൃശ്ശൂരിലെ തിരൂരിലുള്ള കപിലവസ്തുവിലേക്ക്
ഞങ്ങള്‍ ഉച്ചക്ക് മൂന്നു മണിയായോടെ ചെന്നു.വാതില്‍ തുറന്നു ഞങ്ങളെ സ്വീകരിച്ച അമ്മ രവിയേട്ടന്‍ എന്നത്തേക്കാളും അന്നു ക്ഷീണിതനാണെന്ന് പറഞ്ഞു.ചന്ദ്രിക ചേച്ചിയും സങ്കടത്തോടെ ഇന്ന് ഒന്നും കഴിക്കാന്‍ കൂട്ടാക്കുന്നില്ല എന്ന് പരിതപിച്ചു.രവിയേട്ടന്‍ കിടക്കുകയായിരുന്നു.യഹ്യക്ക(ജ്യേഷ്ടൻ )അദ്ദേഹത്തെ പതുക്കെ വിളിച്ചു നോക്കി.കണ്ണു തുറന്ന് യാഹ്യ എന്നു രണ്ട് പ്രാവശ്യം വിളിച്ചുകൊണ്ട് ജ്യേഷ്ടന്റെ കൈത്തലം അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചു.ഞാനും ഭര്‍ത്താവും അദ്ദേഹത്തിന്റെ ആ കിടപ്പു കണ്ട് വിഷമിച്ച് നില്‍ക്കുകയാണ്.
അവസാനമായ് നടത്തിയിരുന്ന ആയുര്‍വേദ ചികില്‍സയുടെ ഭാഗമായ് അദ്ദേഹം കഴിച്ചു കൊണ്ടിരുന്ന നാടന്‍ പനിനീര്‍ പൂവും മുല്ലപ്പൂവും എത്തിച്ച് കൊടുക്കുവാന്‍ ശുഷ്കാന്തി കാണിച്ചിരുന്നത് ജ്യേഷ്ടന്റെ ഭാര്യ അസ്മയായിരുന്നു.അവര്‍ പരിപാലിച്ചിരുന്ന വിവിധ പൂക്കളുടെ കേദാരമായിരുന്ന ഉദ്യാനത്തിലെ ഈ രണ്ട് നാടന്‍ ഇനങ്ങള്‍ ശേഖരിക്കാനായ് രവിയേട്ടന്‍ ചന്ദ്രിക ചേച്ചിയുമായി വന്നതാണ്, എന്റെ ഭര്‍ത്താവു നാട്ടില്‍ ചെന്ന ആ സമയത്ത് (ഏപ്രിലില്‍ ) ജ്യേഷ്ടന്റെ വീട്ടില്‍ വെച്ചു രവിയേട്ടനെ കാണാനിടയാക്കിയത് . വല്ലാത്ത അവശ നിലയിലായിരിക്കുന്നു രവിയേട്ടന്‍ എന്നെന്നോട് അബ്ദുള്‍ റഹിമാന്‍ക്ക പറഞ്ഞിരുന്നു.അപ്പോള്‍ മുതലാണു എനിക്കദ്ദേഹത്തെ കണ്ടേ തീരു എന്നു തോന്നിയത്.യഹ്യക്ക ഞങ്ങള്‍ യാത്ര പുറപ്പെടുന്നതിനു മുന്പ് അതോര്‍മിപ്പിക്കുകയും ചെയ്തു."ഒരു പക്ഷെ നിങ്ങള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ രവിയേട്ടനെ കാണാന്‍ കഴിഞ്ഞെന്നു വരില്ല"..





ചേച്ചിയും അമ്മയും ഞങ്ങളുടെ കൂടെ ആ മുറിയില്‍ നില്‍ ക്കുന്നുണ്ട്..കൈകൂപ്പി നിന്ന എന്നെ കാണിച്ച് ജ്യേഷ്ടന്‍ രവിയേട്ടനോട് പറഞ്ഞു ഇവള്‍ രവിയേട്ടന്റെ വല്യ ആരാധികായാണുട്ടോ.എന്നെ നോക്കി അദ്ദേഹം ഒന്നു മന്ദഹസിച്ചു.പിന്നെ കണ്ണടച്ചു.കാല്‍ വണ്ണയില്‍ കണ്ട നീരു എന്നിലെന്തോ ഒരു അസ്വസ്ഥത ജനിപ്പിച്ചു..ആ മുറിയില്‍ നിന്നിറങ്ങുമ്പോള്‍ ഏകദേശം ഉറപ്പാക്കി ഇനി എനിക്കൊരിക്കലും രവിയേട്ടന്റെ മനോഹരങ്ങളായ വാക്കുകളെയും യാത്രാവിവരണങ്ങളേയും വായിക്കാന്‍ സാധിക്കില്ലാന്നു...ഇരുപത് മിനിറ്റോളം അവിടെ ഞങ്ങള്‍ ചിലവിട്ടു.ദുഃഖ സാന്ദ്രമായ ആ അന്തരീക്ഷത്തിനു അയവു വരുത്താനായി അമ്മയെ നോക്കി യഹ്യക്ക എന്നോട് പറഞ്ഞു."നോക്കു സജി അമ്മയ്ക്കിത്തിരി പത്രാസ് ഈയിടെ കൂടീട്ടൊ".ആ അമ്മയുടെ മുഖത്തെ തെല്ലൊരു നാണത്തോടെയുള്ള തെളിഞ്ഞ ചിരി എന്നില്‍ കൌതുകമുണര്‍ത്തി.

അവരുടെ "അന്തര്‍ജനം" എന്ന പുസ്തകം ഓക്സ്ഫോര്‍ഡ് അടുത്തിടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിനു​ വേണ്ട എഴുത്ത് കുത്തുകളൊക്കെ ഓണ്‍ ലൈനില്‍ യഹ്യക്കയാണു ചെയ്തു കൊടുത്തത്.അതിന്റെ നന്ദി സൂചകമായ് അമ്മയ്ക്ക് കിട്ടിയ രണ്ട് കോപ്പികളില്‍ ഒന്ന് യഹ്യക്കാക്കുള്ളതാണെന്നവര്‍ പറഞ്ഞു.എനിക്ക് പിറന്നാള്‍ സമ്മാനമായി യഹ്യക്ക ഇതിന്റെ മലയാളം പതിപ്പ് നാലു വര്‍ഷങ്ങള്‍ ക്കു മുന്പ് സമ്മാനിച്ചതവരുമായി പങ്കിട്ടത് അവരില്‍ സന്തോഷമുളവാക്കി.രവിയേട്ടനെ അവസാനമായി കണ്ട് ചേച്ചിയോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.ഇനിയൊരിക്ക​ലും രവിയേട്ടനെ കാണാന്‍ കഴിയില്ലല്ലോ എന്ന ദുഃഖ സത്യം ഉള്‍കൊണ്ട് ആ പടിയിറങ്ങുമ്പോള്‍ എന്റെ മിഴികളും നിറഞ്ഞിരുന്നു.....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...