9 Jul 2011

ചരിത്രത്തിലേയ്ക്കൊരു കാൽവയ്പ്‌

സേതു

എ.എസ്‌.ഹരിദാസ്‌







'ചരിത്രബോധമുണ്ടാക്കുകയാണ്‌  ലക്ഷ്യം'

 പ്രമുഖ നോവലിസ്റ്റ് സേതുവുമായി അഭിമുഖം
(കൃതികളുടെ പ്രമേയങ്ങൾക്ക്‌ എന്നും വൈവിധ്യം നിലനിർത്തിപ്പോരുന്ന സേതുവിന്റെ ഏറ്റവും പുതിയ നോവലായ 'മറുപിറവി'യും കയ്യിലെടുത്താണ്‌ ഞാനും, ഇ.കെ.സുകുമാരനും, മുമ്പു പറഞ്ഞുറപ്പിച്ചശേഷം നോവലിസ്റ്റിനെ  സന്ദർശിക്കാനെത്തിയത്‌. ഹൈക്കോടതി ജീവനക്കാരനും, ശാസ്ത്രസാഹിത്യപരിഷത്ത്‌ പ്രവർത്തകനുമാണ്‌ സുകുമാരൻ. 'പാണ്ഡവപുര'ത്തിന്റെയും 'മറുപിറവി'യുടേയും പ്രമേയങ്ങൾ തമ്മിലുള്ള അന്തരം നിലനിർത്തുന്നതിനെക്കുറിച്ചോർക്കുമ്പോൾ, ഏറ്റവും ആനുകാലികമായ പ്രമേയങ്ങളുടെ കർത്താവെന്ന നിലയിൽ സേതുവിനുള്ള ശ്രദ്ധേയത എടുത്തുപറയാതെ വയ്യ. 'മുസരിസി'ന്റെ കാലം മുതൽ ഗോശ്രീപാലവും, വല്ലാർപാടവുംവരെയുള്ള പൊക്കിൾകൊടിബന്ധം ,കാലത്തിന്റെ വിസ്തൃതി, 'മറുപിറവി'യിൽ വായിച്ചതിന്റെ അത്ഭുതം മനസ്സിൽ വച്ചാണ്‌ ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്‌.)
? ചരിത്രത്തെ പുനരപഗ്രഥിക്കാനും, അതിലൂടെ 'മുസരിസി'ന്റെ പ്രാചീനത വെളിപ്പെടുത്താനുമാണോ 'മറുപിറവി'ക്കൊണ്ടുദ്ദേശിച്ചത്?
= അപഗ്രഥനമല്ല, ചരിത്രബോധമുണ്ടാക്കുകയാണു ലക്ഷ്യം. പിറന്ന നാടിന്റെ ചരിത്രത്തിലേയ്ക്കു കടന്നുപോവുക 'ചേന്ദമംഗല'ത്തിന്‌ ചരിത്രമുണ്ട്‌. ആർക്കാണ്‌ അതറിയുക? സി.വി.യുടേയും മറ്റും ചരിത്രനോവലുകൾ മാറ്റിവച്ചാൽ പിന്നെ, മലയാളത്തിൽ അത്തരം കൃതികൾ വേറെയില്ല. അവതന്നെ, വളരെ സമീപകാലത്തെ ചരിത്രമേ പ്രമേയമാക്കിയിട്ടുള്ളു. 'മുസരിസി'ന്റെ ചരിത്രപൈതൃകം കൃത്യമായി അടയാളപ്പെടുത്തിയ ഒരു ചരിത്രരചനയും നമുക്കില്ല. 15 വർഷം നീണ്ട അന്വേഷണത്തിന്റെയും അഭിമുഖങ്ങളുടെയും രേഖാപഠനങ്ങളുടെയും ഫലമായി തയ്യാറാക്കിയ ഈ കൃതി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌.
 റോമാ സാമ്രാജ്യത്തിന്റെ കാലത്ത്‌ 'മുജിരി' (കുരുമുളക്‌) അന്വേഷിച്ചുവന്ന യാത്രികരാണ്‌ മുസിരിസ്‌ കണ്ടെത്തിയത്‌. പായ്ക്കപ്പലിൽ കാലവർഷക്കാറ്റിന്റെ ഗതിക്കനുസരിച്ച്‌ സഞ്ചരിച്ച്‌ അധികം അദ്ധ്വാനം കൂടാതെ, ജൂതന്മാർ ഇവിടെ എത്തിച്ചേരുകയായിരുന്നു. പാലിയം, ചേന്ദമംഗലം, പറവൂർ, മട്ടാഞ്ചേരി തുടങ്ങി കടലോരദേശങ്ങളിലാണ്‌ മുജിരി പട്ടണം വ്യാപിച്ചുകിടക്കുന്നത്‌. കൃത്യമായ കാലം പറയാനാവില്ലെങ്കിലും ക്രിസ്തുവിനുമുമ്പ്‌ 1000-​‍ാമാണ്ടുവരെ പിന്നിലേയ്ക്ക്‌ ചരിത്രം നീണ്ടു കിടക്കുന്നുവെന്നാണ്‌, ഒരെഴുത്തുകാരന്റെ സാമാന്യബോധം വച്ച്‌ കരുതുന്നത്‌.
ചേന്ദമംഗലം ഗ്രാമം ഇപ്പോഴും ഒരു 'ഉറക്കംതൂങ്ങി'യാണ്‌. കേരളത്തിൽ മറ്റെല്ലായിടത്തും ഗൾഫ്‌  പണത്തിന്റേയും മറ്റും സ്വാധീനത്തിൽ മാറ്റമുണ്ടായിട്ടും ചേന്ദമംഗലത്തിനെ മാറ്റാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ ചരിത്രം വലിയ മതസൗഹാർദ്ദത്തിന്റേതാണ്‌. കോട്ടയിൽ കോവിലകം, ജൂതപ്പള്ളി, സെമിനാരി ഇവയൊക്കെ തൊട്ടടുത്ത്‌ കിടക്കുന്നവയാണ്‌.
 മുസരിസിനെക്കുറിച്ച്‌ സംഘകാലകൃതികളിൽ പരാമർശമുണ്ട്‌. ഗോത്രവർഗ്ഗക്കാർ അവിടെ താമസിച്ചിരുന്നതായും രേഖകൾ പറയുന്നു. 8, 9 നൂറ്റാണ്ടുകൾവരെ കേരളചരിത്രം ഇരുട്ടിലാണ്‌. ഇക്കാലത്ത്‌ എന്തുണ്ടായിയെന്നതു സംബന്ധിച്ച്‌ ആർക്കുമറിയില്ല. അതിലേയ്ക്കുള്ള അന്വേഷണത്തിന്‌ പ്രേരകമാവട്ടെയെന്നതോന്നലാണ്‌ ഈ കൃതിയുടെ ലക്ഷ്യം.
? ജീവിതത്തിനൊരു 'കഥ'യുണ്ടാവണമെങ്കിൽ സാഹിത്യം വേണം. ജനനം, വിവാഹം,മരണം എന്നതിനപ്പുറം ജീവിതത്തെ മനസ്സിലാക്കാൻ സാഹിത്യം അനിവാര്യമല്ലേ?
= സർഗ്ഗാത്മകസാഹിത്യമില്ലെങ്കിൽ സമൂഹംതന്നെയുണ്ടാവില്ല. ലോകത്തെങ്ങുമുള്ള ജൂതന്മാരെ ഒരുമിപ്പിക്കുന്നത്‌ അവരുടെ മതപരമായ ചടങ്ങുകളാണ്‌. ഇസ്രയേലിന്റെ ഇപ്പോഴത്തെ രാഷ്ട്രീയനിലപാടിനോട്‌ യോജിക്കാനാവില്ലെങ്കിലും അതിന്റെ സാംസ്കാരികമൂല്യം വിലപ്പെട്ടതാണ്‌.
 പാലിയം സത്യാഗ്രഹം പോലെ ജനങ്ങൾ പങ്കെടുത്ത സമരമുന്നേറ്റങ്ങൾ സംഘടിക്കാൻ ഇടയാക്കിയത്‌ 50കളിലെ കമ്യൂണിസ്റ്റ്‌ മുന്നേറ്റം തന്നെയാണ്‌. കൊച്ചിരാജവംശത്തിന്റെ പടത്തലവനും, വലംകയ്യുമായി 200 കൊല്ലക്കാലം പാലിയം വംശം നിലനിന്നു. 1808-ൽ മെക്കാളെപ്രഭു താമസിച്ച ബംഗ്ലാവിന്‌ പാലിയം പട്ടാളക്കാർ തീയിട്ടതായി ചരിത്രത്തിൽ പറയുന്നു. എന്നാൽ അതിലുണ്ടായിരുന്ന ഭൂഗർഭതുരങ്കം വഴി മെക്കാളെ ഫോർട്ടുകൊച്ചി കടൽത്തീരത്തേയ്ക്കു രക്ഷപ്പെടുകയും അവിടെനിന്ന്‌ കപ്പൽമാർഗ്ഗം പോവുകയും ചെയ്തു. ബ്രട്ടീഷ്ഭരണത്തിന്റെ കൊളോണിയലിസ്റ്റ്‌ രാഷ്ട്രീയലക്ഷ്യത്തെക്കുറിച്ചറിയാമായിരുന്നതിനാൽ, കേവലം കച്ചവടതാൽപ്പര്യം മാത്രമുണ്ടായിരുന്ന ഡച്ചുകാരുമായി ചേർന്നാണ്‌ പാലിയത്തച്ചൻ മെക്കാളെയ്ക്കെതിരെ പടനയിച്ചത്. ഡച്ചുകാർക്ക്‌ കുറഞ്ഞവിലയ്ക്ക്‌ കുരുമുളക്‌ നൽകിയിരുന്നതായും രേഖകളിൽ പറയുന്നുണ്ട്‌.
? ഹാരപ്പ, മോഹൻജദാരോ സംസ്കാരങ്ങളുടെ സവിശേഷതയായ നാഗരികതയുമായി മുസരിസിന്‌ താരതമ്യമുണ്ടോ? പൊതുനിരത്തുകൾ, പൊതുകുളങ്ങൾ, അഴുക്കുചാലുകൾ തുടങ്ങിയ നാഗരികതയുടെ അവശിഷ്ടങ്ങൾ സിന്ധുനദീതടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടല്ലോ?
= മുസിരിസിൽ ചെറിയ തോതിലുള്ള ഉൽഖനനങ്ങളേ നടന്നിട്ടുള്ളു. വിസ്തൃതമായ ലക്ഷ്യത്തോടെയുള്ള ഖനനവും പഠനവും കൂടുതൽ വിവരങ്ങൾക്കിടയാക്കുക തന്നെ ചെയ്യും. രാമായണത്തിൽ മുസിരിസിന്റെ സൂചനകളുണ്ട്. പ്ലിനിയുടെ കണക്കനുസരിച്ച്‌ പ്രതിവർഷം 120 കപ്പലുകൾ മുസിരിസിൽ വന്നുപോകാറുണ്ട്‌. ഇവർക്കൊക്കെയും കുരുമുളക്‌ നൽകുകയും ചെയ്തിട്ടുണ്ട്‌. ചൂർണ്ണീനദി (പെരിയാർ)യിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുകരകളിലും കുരുമുളകിന്റെ വലിയകൂനകൾ കാണാമായിരുന്നുവെന്നും യാത്രികർ എഴുതിയിട്ടുണ്ട്‌. തോണികളിലെ കുരുമുളക്‌ കൂനകൾ വീടിന്റെ ആകൃതിയിൽ കാണാമായിരുന്നുവത്രെ!
 റോമിനുവെളിയിൽ വളരെ വലുപ്പമുള്ള മൺപാത്രങ്ങൾ മുസിരിസിൽ മാത്രമേ കണ്ടെത്താനായിട്ടുള്ളു. അവരുമായുള്ള വാണിജ്യബന്ധം മൂലം സാംസ്കാരികമായ കൈമാറ്റങ്ങളും നടന്നിട്ടുണ്ട്‌. മദ്യം ഉപയോഗിച്ചിരുന്നതായും, സ്ത്രീകൾ ആഭരണങ്ങൾ അണിഞ്ഞിരുന്നതായും തെളിഞ്ഞിട്ടുണ്ട്‌. ഇതൊക്കെ വിരൽചൂണ്ടുന്നത്‌ റോമിനോളം തന്നെ വളർന്ന വലിയൊരു സംസ്കാരം മുസിരിസിന്‌ ഉണ്ടായിരുന്നിരിക്കാമെന്നതിലേയ്ക്കാണ്‌. സാമ്പത്തിക കൈമാറ്റങ്ങൾക്ക്‌ നാണ്യവ്യവസ്ഥ ഉണ്ടായിരുന്നതായി പറയാനാവില്ല. മിക്കവാറും ബാർട്ടർ സമ്പ്രദായമായിരുന്നിരിക്കണം. സ്വർണ്ണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാവാം.
? ആനുകാലിക കേരളീയ സംസ്കാരത്തെക്കുറിച്ച്‌ ?
= ഇപ്പോൾ കേരളത്തിലുള്ളത്‌ മധ്യവർഗ്ഗക്കാരന്റെ പൊങ്ങച്ച സംസ്കാരമാണ്‌. 50വർഷംമുമ്പ്‌ പി.എൻ.പണിക്കരുടെ നേതൃത്വത്തിൽ ഉണ്ടായ ഗ്രന്ഥശാലാപ്രസ്ഥാനം  എഴുത്തുകാരന്റെ വീക്ഷണങ്ങളെ ജനങ്ങളുമായി അടുപ്പിക്കാനും ആരോഗ്യകരമായ സംസ്കാരം നിലവിൽവരുത്താനും സഹായകമായിരുന്നു. പക്ഷേ ഇന്ന്‌ ആ ബന്ധം അത്രത്തോളം ശക്തമല്ല. വായന കുറഞ്ഞു. എന്നാൽ ഇലട്രോണിക്‌ മാധ്യമങ്ങൾക്ക്‌ പുസ്തകങ്ങളെ ഇല്ലാതാക്കാനാവില്ല. അത്‌ അതിജീവിക്കുകതന്നെ ചെയ്യും.
? 'പൊതു സമൂഹ'ത്തിന്റെ വളർച്ചയെക്കുറിച്ച്‌ ?
= അടുത്തകാലത്തായി ഈജിപ്റ്റിലും, ലിബിയയിലും മറ്റുമുണ്ടായ ജനമുന്നേറ്റങ്ങളിൽ നിന്നാണ്‌ അണ്ണാ ഹസാരേയ്ക്ക്‌ യുവജനങ്ങളുടെ പിന്തുണയുണ്ടാവാൻ പ്രചോദനമായത്‌. എന്നാലിത്‌, ജനാധിപത്യത്തെ ശിഥിലമാക്കാൻ ഇടയാക്കിക്കൂടാ.
? 'സ്വാശ്രയ' വിദ്യാഭ്യാസത്തിന്റെ സ്ഥിതി?
= ആ രംഗത്ത്‌ എന്താണു നടക്കുന്നതെന്നുപോലും വ്യക്തമല്ല. വ്യവസ്ഥകൾ ഒന്നുമില്ലാത്ത സംവിധാനമാണ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസം.
? പുതിയ എഴുത്തുകാരിൽ പ്രതീക്ഷയുണ്ടോ?
= നല്ല എഴുത്തുകാർ വളർന്നുവരുന്നുണ്ട്‌. വലിയ ക്യാൻവാസിൽ ജീവിതത്തെ ചിത്രീകരിക്കാൻ പുതിയ എഴുത്തുകാർ ശ്രദ്ധിക്കണം. ചെറിയ ലോകമല്ല ഇന്നത്തേത്‌. എഴുത്തിന്‌ കഠിനമായ പരിശ്രമം ആവശ്യമാണ്‌.
? എഡിറ്റിംഗിനെക്കുറിച്ച്‌ ?
= മലയാളത്തിൽ എഡിറ്റർമാർ ഇല്ല. അത്തരമൊരു സംസ്കാരം തന്നെ നാം വളർത്തിയിട്ടില്ല. വിദേശനാടുകളിൽ അതുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...