8 Jul 2011

ഭാഷ മനസ്സിനകത്ത്‌ പുഷ്ടിപ്പെടണം -

കെ.പി.രാമനുണ്ണി




 മലയാളഭാഷയെ സംരക്ഷിക്കാനായി സംസ്ഥാനത്തുടനീളം സംഘടനകൾ രൂപീകരിച്ച്‌ പോരിനിറങ്ങേണ്ട ഗതികേട്‌ മലയാളിക്ക്‌ മാത്രം സ്വന്തം. പ്രയോജനരഹിതമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളിവിടുന്ന അതേ മനോഭാവമാണ്‌ മലയാളത്തെ തിരസ്കരിക്കുമ്പോൾഉൽക്കർഷേച്‍ഛുക്കൾ പുലർത്തുന്നത്‌. എന്നാൽ മാതൃഭാഷയെ പടിയിറക്കി വിടുന്നവർ സ്വന്തം മസ്തിഷ്കത്തിലെ ഭാഷയുടെ അവയവത്തെ ദുർബ്ബലപ്പെടുത്തുന്നു എന്നതാണ്‌ സത്യം. പുറമേനിന്ന്‌ മനുഷ്യമനസ്സിലേക്ക്‌ കോരിയൊഴിക്കപ്പെടുന്ന വസ്തുവല്ല ഭാഷ. അത്‌ മനസ്സിനകത്ത്‌ വളർന്ന്‌ ശക്തി പ്രാപിക്കേണ്ട അവയവമാണ്‌. മാതൃഭാഷയിലൂടെയുള്ള പരിശീലനമാണ്‌ മസ്തിഷ്കത്തിലെ ഭാഷാ ഇന്ദ്രിയത്തെ പുഷ്ടിപ്പെടുത്താൻ ഏറ്റവും സഹായകരം. അതുകൊണ്ടാണ്‌ മാതൃഭാഷയിൽ പ്രാവീണ്യമുള്ളവർ മറ്റ്‌ ഭാഷകളിലും പെട്ടെന്ന്‌ പ്രാഗത്ഭ്യം നേടുന്നത്‌. 
  ഇംഗ്ളീഷായാൽ ഗുണം പിടിക്കാൻ മക്കളെ സഹായിക്കും എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടെങ്കിലും മലയാള പഠനത്തോടുള്ള മനോഭാവം മലയാളികൾ മാറ്റുമെന്ന്‌ പ്രതീക്ഷിക്കാം. മാതൃഭാഷയെ സംരക്ഷിക്കാനുള്ള ദൗത്യങ്ങൾക്കൊപ്പം കൊണ്ടുപോകേണ്ട കാര്യമാണ്‌ സാഹിത്യത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിക്കുക എന്നത്‌. ഭാഷയുടെ ഏറ്റവും ഉദാത്തവും കാര്യക്ഷമവും സമ്പന്നവുമായ രൂപമാണ്‌ സാഹിത്യം. സാഹിത്യത്തെ ഒഴിവാക്കി നിർത്തി വ്യാവഹാരിക കാര്യങ്ങൾ നിവർത്തിക്കാനുള്ള വെറും വിനിമയോപാധിയായി ഉപയോഗിക്കപ്പെടുന്ന ഭാഷ, പുറം വസ്ത്രങ്ങളാൽ രൂപപ്പെടുത്തിയ നോക്കുകുത്തിക്ക്‌ തുല്യമായിരിക്കും. പാഠ്യപദ്ധതിയിൽ സാഹിത്യത്തിന്റെ അളവ്‌ കുറച്ച്‌ സയൻസ്  ആന്റ്‌ ടെക്നോളജിയുടെ ഉള്ളടക്കം വർദ്ധിപ്പിക്കുന്ന പ്രവണതയ്ക്ക്‌ പിന്നിൽ പുതിയ സാമ്പത്തിക ഭ്രമങ്ങളുടെ വീക്ഷണപരമായ വൈകല്യം ഒളിച്ചിരിക്കുന്നുണ്ട്‌. സയൻസും ടെക്നോളജിയും നിവർത്തിച്ചുതരുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം, സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവമാത്രം പരമപ്രധാനമാണെന്നും സാഹിത്യത്തിന്റെ സംഭാവനകളായ മനോവികാസം, മൂല്യപരമായ വിചിന്തനങ്ങൾ, അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകൾ, ആത്മീയമായ ആരായലുകൾ തുടങ്ങിയവ അപ്രധാനമാണെന്നുമുള്ള സന്ദേശമാണിവിടെ സ്ഥാപിക്കപ്പെടുന്നത്‌. എന്നാൽ ഭക്ഷണവും വസ്ത്രവും പാർപ്പിടവും സകല മൃഗങ്ങൾക്കും അവയുടെ പ്രാഥമിക ചോദനകൾക്ക്‌ ലഭിക്കേണ്ട മറുപടികളാണ്‌. മനുഷ്യൻ മനുഷ്യനായതിന്റെ പേരിൽ മാത്രം ആവശ്യമായിതീർന്നതാണ്‌ മനോവികാസവും മൂല്യപരമായവിചിന്തനങ്ങളും അവനവനെക്കുറിച്ചുള്ള തിരിച്ചറിവുകളും ആത്മീയമായ ആരായലുകളും. 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...