8 Jul 2011

ചിറകുകൾ




വി.കെ.സുധാകരൻ

പുലരുവാനേറെ രാവില്ല,യെന്നാകിലും
പകരുവാനോർമ്മകൾ ബാക്കി
അവസാനമില്ലാത്ത യാത്രയ്ക്കിടയ്ക്കുള്ളൊ-
രിടവേള തീരുമീ രാവിൽ
ശുഭരാത്രി നേരാതെ, ശുഭയാത്ര നേരാ-
നുറക്കം വെടിഞ്ഞേയിരിക്കാം
മറവിയായ്മാറുമീ സഹജീവിതത്തിന്റെ
സ്മരണങ്ങൾ കൊത്തിപ്പെറുക്കാം
ഇനിയും പറന്നു മറ്റേതോ വിദൂരമാം
കരയിൽ നാമൊന്നിച്ചു ചേരാം
അതുമല്ലയെങ്കിൽ തിരിച്ചുവന്നീ സ്നേഹ-
തീരത്തു വീണ്ടും വസിക്കാം.
ഇനിയെങ്ങു വിശ്രമം, ഇനിയേതൊരജ്ഞാത
വനഭൂമി തേടി പ്രയാണം?
ആവില്ലറിഞ്ഞിടാൻ; കൂടുകൾ തേടുന്ന
ജീവന്റെ സഞ്ചാരമാർഗ്ഗം!
ചിറകിൻ തളർപ്പും കിതപ്പുമാറ്റാൻ നമ്മ-
ളൊരുമിച്ചിറങ്ങിയൊരു തീരം
വിട ചൊല്ലുവാനും പിരിയാനുമാവാതെ
വിധുരമായ്‌ നിൽക്കുന്നു മൂകം!
ഇവിടെയിത്തളിർമരക്കൊമ്പിൽ നാമൊന്നിച്ചു
വിരിയിച്ച സൗഹൃദപ്പൂക്കൾ
ഇല കൊഴിഞ്ഞാലും കരിഞ്ഞാലുമുർവ്വിയിൽ
പല മടങ്ങായ്‌ മുളച്ചിടും!
ഈ വംശവൃക്ഷം നശിച്ചിടാ, നവ്യമാം
സുമഗന്ധമിനിയും പരക്കും,
കനികൾ തിന്നാ സ്വപ്നലോകം നിറയ്ക്കുവാൻ
ഇനിയും വിരുന്നുകാരെത്തും
മൃദുലമാം ചിറകുകളൊതുക്കി,പ്പരസ്പരം
തല ചായ്ച്ചുറങ്ങുന്ന മക്കൾ;
കനിവിലൊരു പുതിയ കര തേടിപ്പറക്കുന്ന
സ്മരണയിൽ നിലകൊൾകയാവാം.
പുലരുവാനേറെ രാവില്ല,യെന്നാകിലും
പകരുവാനോർമ്മകൾ ബാക്കി,
ഇടമുറിഞ്ഞടരാത്ത കനവുപോലോർമ്മയിൽ
തെളിയുന്നു വിജനമാം തീരം
ഒരു മേഘമാല താഴ്‌ന്നൊരുമിച്ചപോൽ നമ്മ-
ളൊരുമിച്ചിറങ്ങിയൊരു തീരം
തളിർമരക്കൊമ്പിൽ, ത്തണുത്തമണ്ണിൽ, നല്ല 
തെളിവാർന്ന പുഴതൻ പരപ്പിൽ;
എവിടെയും കളകൺഠ നാദമോടൊരുമയിൽ
ഇരതേടി,യിണതേടി നമ്മൾ
ചിറകടിച്ചാർത്തു നാം, ചടുല നടനങ്ങളാൽ
മദഭരിതമാക്കി മനമാകെ
കളമൊഴികൾ പാടി നാം, മധുരഗാനങ്ങളാൽ
സുഖസാന്ദ്രമാക്കി വനമാകെ
തണലിൽ, സ്വയംവരച്ചമയമാം തൂവലുക-
ളുഴിയുന്നതിന്നിടയ്ക്കെങ്ങോ,
അലസമായ്‌ പാടുന്ന നിന്റെ നേർക്കെന്റെ കൺ-
മുനകളറിയാതെ നീണ്ടെത്തി
ചിരപരിചയം പോലെ, പൂർവ്വ ജന്മന്തര-
ച്ചരടിനാൽ ബന്ധിച്ചപോല;
നിന്റെ സാമീപ്യം മുളപ്പിച്ചൊരുന്മാദ
ലഹരിലാലെൻ മനം കുറുകി.
എന്റെ സ്വപ്നക്കൂടു തീർക്കുവാൻ നീ തന്ന
പുൽത്തണ്ടുപോലുമെന്നുള്ളിൽ
ഇഴതീർത്തു നിർമ്മലപ്രണയമാം പഞ്ജരം;
അടയിരുന്നതിലെന്റെ ഹൃദയം
ഞാൻ ജഗച്ഛക്തിയാം പ്രകൃതി, നീ പൂരുഷൻ;
ഒന്നായി നമ്മൾ, ഒരു പുഴയായ്‌
ഒരു മഹാ സാഗരപ്രളയമായ്‌ മാറി,യതി-
ലുയിർകൊണ്ടിതാദ്യത്തെ ജീവൻ
മുളപൊട്ടി,യൂഷരത നിറഞ്ഞൊരു വനസ്ഥലി-
ക്കകമിട്ട വിത്തുകൾ പോലെ.
ഋതുഭേദമൊന്നും തളർത്താതെ, കാറ്റിന്റെ
ഗതിവേഗമേൽക്കാതെ കാത്തും;
ചെടികളും കരിയുന്നൊരെരിവെയിൽ ചൂടിൽ നാം
ജലമേകി, യിതൾ വാടിടാതെ;
കരൾ നൊന്തു വിരിയിച്ച സ്നേഹപുഷ്പങ്ങളാ-
ണിവർ, വെറും കുഞ്ഞുങ്ങളല്ല!
പുലരുവാനേറെ രാവില്ല,യെന്നാകിലും
പകരുവാനോർമ്മകൾ ബാക്കി.
പകലിന്റെ തിരി താഴവേ, മരക്കൊമ്പിലായ്‌,
പടരുന്ന കൂരിരുൾത്തടവിൽ,
പലതും പറഞ്ഞു നാം പതിയേ മയങ്ങവേ,
ഭയജനക,മിടിനാദമെത്തി!
മേലാപ്പുപോൽ നിന്ന മാമരച്ചില്ലക-
ളുലയ്ക്കുന്നൊരക്കൊടുകാറ്റിൽ,
കാലത്തിനേർപ്പെട്ടൊരോർമ്മപ്പിശകുപോൽ
കാലവർഷാപാതമെത്തി!
എവിടെയോ നിലവിളികൾ;ഒടിയുന്ന ചില്ലകളി-
ലിടിമിന്നലിന്റെ വിളയാട്ടം!
'എവിടെയാണെൻമക്ക'ളെന്നുള്ളൊരാധിയാൽ
വിറപൂണ്ടിരുന്നു നാം രാവിൽ
പുലർവേളയിൽ,ത്താഴെയിരുൾ മായവേ കണ്ടു
ചിറകുകൾ നനഞ്ഞും തളർന്നും,
ചെറുചുണ്ടിനാലൊന്നു കേഴാനുമാവാതു-
റുമ്പരിക്കുന്ന കുഞ്ഞുങ്ങൾ!
ഒരിടത്തു മക്കളെ ലഭിച്ചൊരാഹ്ലാദ,മ-
ങ്ങോരിടത്തു കേൾക്കാം വിലാപം!
ഇണയെപ്പിരിഞ്ഞവർ, കവിയും പ്രതീക്ഷയോ-
ടടവച്ച മുട്ടകളുടഞ്ഞോർ!
ഒരു കുഞ്ഞു പോലും മരിക്കാതെ ശേഷിച്ചി-
രിപ്പില്ലയെന്നുള്ള സത്യം
ഒടുവിലായ്‌ കണ്ടറിഞ്ഞൊരു കിളിപ്പെണ്ണിന്റെ
കരൾ വിണ്ടുകീറുന്ന ശോകം!
മരണമൊരു കഴുകന്റെ ഭാവം പകർന്നുകൊ-
ണ്ടിവിടെക്കടന്നുവേന്നാലും
ഇനിയും പ്രതീക്ഷകൾക്കാകാശമുണ്ടെന്നൊ-
രറിവിൽ നാം ശോകം മറന്നു.
ചിറകുകൾ മുളച്ചൊരാ കുഞ്ഞുങ്ങളാഹ്ലാദ-
കുസുമങ്ങൾ വിരിയിച്ചു നീളെ;
പുതിയ തലമുറയിവിടെ വളരു,മിക്കടനമി-
ങ്ങോളിമാഞ്ഞ ചിത്രമായ്‌ മാറും.
മറവിയുടെ മറവന്നു മാറ്റും, മറക്കുവാൻ
കഴിയാത്ത നഷ്ട സ്വപ്നങ്ങൾ!
മരണവും ജനനവും മറവിക്കിടയ്ക്കുള്ളൊ-
രിരുളും വെളിച്ചവും മാത്രം!
ഒരുമിക്കച്ചൊരേ പൂവിലൂറുന്ന തേൻകുടി-
ച്ചൊരുപോലെ പാടിയോർ നമ്മൾ
ഒരു വെറും സ്മരണയായ്‌ മറയു,മിത്തീരമി-
ന്നൊരു ശൂന്യ ദേശമായ്‌ മാറും!
ഇവിടെ നാമറിയാതുപേക്ഷിച്ചുപോകുന്ന
തൂവലുകൾ തേടിയവരെത്തും
ഇവിടെ നാം പാടിയൊരു പാട്ടിന്റെ മറുമൊഴി
അവരേറ്റുപാടുവാനെത്തും
ഇനിയും വിരുന്നുകാരെത്തവേ,യുത്സവ-
സ്ഥലികളായ്‌ മാറുമിത്തീരം 
അവരെ വരവേൽക്കുവാൻ സ്നേഹസ്മിതത്തോടെ
മാനുഷ്യർ നിൽക്കുകയാവാം
പുലരുവാനേറെ രാവില്ല; നാമൊന്നുമേ
കരുതുന്നതില്ല പാഥേയം!
കരുതുക നമുക്കെഴും പ്രാണന്റെ ശക്തി,യി-
ക്കരയും സമുദ്രവും താണ്ടാൻ!
ഉള്ളിലായ്‌ വീണ്ടുമൊരു ദീപം തെളിക്കുക;
വഴി തെളിക്കട്ടെയതു നമ്മെ!
ഇനി നമ്മളന്യോന്യമാശംസ നേർന്നിടാം;
ഇനി വിശ്രമിക്കുംവരേയ്ക്കും!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...