8 Jul 2011

വാർത്തയിൽ വരാത്ത വർത്തമാനങ്ങൾ


എ.എസ്‌.ഹരിദാസ്‌ 





സാംസ്കാരികകേരളം അനുഭവിക്കുന്നതും, ഭയാശങ്കകൾ ഉണർത്തുന്നതുമായ വർത്തമാനങ്ങളെക്കുറിച്ച് ശ്രീ.എം.കെ.ഹരികുമാർ (ഗ്രന്ഥലോകം, ജൂൺ 2011) എഴുതിയതിനുള്ള ഒരു പ്രതികരണമാണ്‌ ഈ കുറിപ്പ്‌. മുഖ്യധാരാ മാധ്യമങ്ങളായ ടെലിവിഷനും ഇന്റർനെറ്റും ആണ്‌ അദ്ദേഹം പരാമർശിക്കുന്നത്‌. തീർത്തും നിരാശ തോന്നിക്കുന്ന ആനുകാലിക സാംസ്കാരത്തെ, നിർവ്വികാരമായി, വിമർശനാത്മകമല്ലാതെ എന്നാൽ യാഥാർത്ഥ്യബോധത്തോടെയാണ്‌ അദ്ദേഹം നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്‌. 
 പക്ഷേ, മുഖ്യധാരയിൽ ഇടം കിട്ടാത്ത ഒട്ടനവധി സമാന്തര സാംസ്കാരിക പ്രവർത്തനങ്ങൾ അദ്ദേഹം കാണാതെപോയതെന്തേയെന്ന്‌ അത്ഭുതം തോന്നുന്നു. കാരണം, ഹരികുമാർ തന്നെ സമാന്തരമായി പ്രവർത്തിക്കുന്നവരും, അറിയപ്പെടാത്തവരുമായ സാംസ്കാരിക കുതുകികളുടെ ആശാകേന്ദ്രമാണ്‌! സംസ്കാരത്തെ ഗൗരവതരമായ ചർച്ചാ വിഷയമാക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ തന്നെ രചനകൾ. എന്നിട്ടും താനടങ്ങുന്ന സമാന്തര ചിന്തകരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാമർശനങ്ങളാണ്‌ അദ്ദേഹത്തിന്റെ ലേഖനത്തിൽ കാണാതെ വന്നത്‌.
 കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തിനുപോലും ആരോഗ്യകരമായ മാറ്റങ്ങൾ വരാൻപോകുന്നത്‌ കാണാതെ കക്ഷിരാഷ്ട്രീയത്തെ പൊതുവിൽ അപലപിക്കുമ്പോൾത്തന്നെ, ചില ഘട്ടങ്ങളിലെങ്കിലും ഈ അപചയം ഒഴിവാകുന്ന ഒരു രീതി കേരളരാഷ്ട്രീയത്തിൽ രൂപപ്പെട്ടുവന്നിട്ടുള്ളത്‌ ശ്രദ്ധേയമാണ്‌. രാഷ്ട്രീയാഭിപ്രായവ്യത്യാസം മൗലികവാദമാകാതെ, സാമാന്യം ജനാധിപത്യവൽക്കരിച്ചതു സൂക്ഷ്മനിരീക്ഷണത്തിൽ ബോധ്യപ്പെടും. ഇന്ത്യയുടെ മതേതരത്വത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീവ്രഹിന്ദുത്വവാദ രാഷ്ട്രീയത്തിന്റെ അധികാരാരോഹണം തടയാനായത്, കഴിഞ്ഞ യു.പി.എ സർക്കാരിന്‌ പുറത്തുനിന്നു പിന്തുണ നൽകാൻ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സന്മനസ്സു കാണിച്ചതുമൂലമാണ്‌. എല്ലാ ജനാധിപത്യപ്രസ്ഥാനങ്ങളുടേയും അതിതീവ്രമായ കക്ഷിബോധത്തിന്‌ കുറെ ഇളവുവന്നത്‌. ജനകീയ പ്രശ്നങ്ങളിൽ ചിലതിലെങ്കിലും കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും അഭിപ്രായൈക്യമുണ്ടായതുകൊണ്ടാണ്‌ . ഈ പുതിയ യോജിപ്പിന്റെ സംസ്കാരം യു.പി.എയുടെ കഴിഞ്ഞ ഭരണത്തിനുശേഷവും പല പാർട്ടികളുടേയും ഗ്രൗണ്ട്‌ ലവൽ ഘടകങ്ങളിൽ നിലനിൽക്കുന്നുണ്ട്‌! പാർട്ടിയുടെ കേന്ദ്രനേതൃത്വം എടുക്കുന്ന വ്യത്യസ്തനിലപാടുകൾ നിലനിൽക്കുമ്പോൾത്തന്നെ, അവയെ അംഗീകരിച്ചുകൊണ്ട്‌ കീഴ്ഘടകങ്ങൾ അതതുപ്രദേശങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി കക്ഷിബന്ധങ്ങൾ തുടരുന്നുണ്ട്‌. ഇതൊരു ആശാസ്യമായ തുടക്കമാണ്‌. കക്ഷിയെ നിർത്തേണ്ടിടത്തു നിർത്തി കാര്യങ്ങളിൽ പുരോഗതിയുണ്ടാക്കുകയെന്ന പ്രായോഗിക രാഷ്ട്രീയ സമീപനത്തെ പുരോഗമനപരമായി കാണേണ്ടതുണ്ട്‌. 
 ഈ യോജിപ്പിന്റെ പശ്ചാത്തലം, പൊതുവിൽ രണ്ടുപ്രസ്ഥാനങ്ങളും (കോൺഗ്രസ്സും, ഇടതുപക്ഷവും) ജനാധിപത്യത്തിനു വില കൽപ്പിക്കുന്നവയാണെന്നതാണ്‌. 

ജനാധിപത്യമൂല്യങ്ങളോട്‌ ആദരവില്ലാത്ത സമ്പന്നവർഗ്ഗത്തിന്റെ താൽപ്പര്യസംരക്ഷണത്തിന്‌ കൂട്ടുനിൽക്കാനാവില്ലയെന്നതാണ്‌, പാർട്ടികളെന്ന നിലയിൽ രണ്ടായി നിൽക്കുമ്പോൾത്തന്നെ, പൊതുധാരണയുടെ അടിസ്ഥാനത്തിൽ യോജിപ്പിലെത്താൻ കഴിയുന്നത്‌. 
 ഈ പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ, കേരളത്തിന്റെയെങ്കിലും സാംസ്കാരികരംഗത്ത്‌ ചില പുത്തൻപ്രവണതകൾക്ക്‌ തുടക്കമായിട്ടുണ്ട്‌. 1970-80 കാലത്തെ പോലെ, സമീപകാലത്തും ഫിലിംസോസൈറ്റി പ്രസ്ഥാനം സജീവമായിത്തുടങ്ങിയിട്ടുണ്ട്‌. സമാന്തരസിനിമകൾ കാണാനും ആസ്വദിക്കാനും യുവതലമുറ ശ്രമിക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്‌.
 വായനശാലകളുടെ കാര്യത്തിലും ഈ വളർച്ചയ്ക്കു തുടക്കം കുറിച്ചിരുന്നു. കേരളത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നതിന്റെ ഫലമാണിത്‌. മലയാള ഭാഷാ സംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുള്ളത്‌ അവഗണിക്കാനാവില്ല. സ്കൂൾതലത്തിൽ തന്നെ അധ്യാപകസമൂഹത്തിന്‌ കാര്യങ്ങളുടെപോക്ക്‌ തിരിച്ചറിയാൻ തുടങ്ങിയതുകൊണ്ടാണിത്‌.
 പുതിയകാലത്തിന്റെ ആരോഗ്യകരമായ സാംസ്കാരിക മുന്നേറ്റങ്ങൾക്ക്‌ പഴയതുപോലുള്ള നിറവും  ഭാവവുമല്ല ഉണ്ടാവുകയെന്നത്‌ നാം ഓർക്കേണ്ടതാണ്‌. വളർന്നുകൊണ്ടിരിക്കുന്ന പുത്തൻസാങ്കേതികവിദ്യയിൽനിന്നും സംസ്കാരത്തെ മാത്രമായി അടർത്തിമാറ്റാനാവില്ല. പുതിയ കാലത്തെ പുത്തൻ സാംസ്കാരിക മുന്നേറ്റങ്ങൾക്ക്‌ ജീവിതത്തെ സംബന്ധിച്ച പുതുമയുടെ ഗന്ധം ഉണ്ടാകാതെ വയ്യ. വളർന്നു വരുന്ന തലമുറ തീർത്തും പുതിയ കാലത്തിന്റെ സന്ദേശങ്ങളാണ്‌ മനസ്സിൽ വഹിക്കുക. പലപ്പോഴും സംഭവിക്കുന്നത്‌. ആരോഗ്യകരമായ സംസ്കാരത്തിന്‌ മുമ്പത്തെ അനുഭവങ്ങളുമായുള്ള താരതമ്യത്തെ ആശ്രയിക്കുന്നതാണ്‌. ഭൗതികവളർച്ചയുടെ മുദ്രപതിപ്പിച്ചുകൊണ്ടല്ലാതെ ആനുകാലിക സംസ്കാരത്തെ നിരീക്ഷിക്കാനാവില്ല. പുത്തൻ അധീശശക്തികളുടെ കടന്നുകയറ്റം സംസ്കാരത്തിലൂടെയാണെന്നു നാം  ഭയപ്പെടുമ്പോഴും, അതിലുള്ള ശാസ്ത്രത്തിന്റെ ഘടകം ഗുണകരമായി കാണണം.
 നന്മയെന്നത്‌ ഏകശിലാരൂപമാണെന്ന സങ്കൽപത്തിനാണു തകരാറ്‌. മാനവികതയുടെ പുത്തൻസങ്കേതങ്ങൾ തേടുമ്പോൾ, അത്‌ ചരിത്രത്തിലൂടെ നമ്മോടൊപ്പം നടന്നത്തെങ്ങനെയെന്നന്വേഷിക്കണം. പ്രത്യയശാസ്ത്രങ്ങളെ കാഴ്ചപ്പാടുകളുടെ പേരിൽ തരംതിരിക്കുമെങ്കിലും, എല്ലാ പ്രത്യയശാസ്ത്രനിർമ്മാതാക്കളും മാനവികതയുടെ പക്ഷത്തു നിന്നവരാണെന്ന സത്യം മറക്കരുത്‌.
 വ്യവസായ വിപ്ലവത്തെത്തുടർന്നു രൂപംകൊണ്ട മാർക്ക്സിയൻ തത്വചിന്തകൾ ഇപ്പോൾ കടപുഴകിയെന്ന്‌ ചിലർ കരുതുമെങ്കിലും, സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, മാർക്ക്സിസം പുനർവായിക്കപ്പെടുന്നത്‌ അർത്ഥവത്താണ്‌. കൂലി കൂടുതൽ ചോദിക്കുന്ന തൊഴിലാളികൾ സാമൂഹ്യവിരുദ്ധതയുടെപോലും നിറക്കൂട്ടുകളിൽ വരയ്ക്കപ്പെടുമെങ്കിലും ചരിത്രപരമായി ആ വർഗ്ഗം നേടിയെടുത്ത സാമൂഹ്യപദവി അംഗീകരിക്കപ്പെടാതെ വയ്യ. കാൾമാക്സിനുശേഷം (1884) കാലം ഒന്നേകാൽ നൂറ്റാണ്ട്‌ മുന്നേറിയിരിക്കുന്നു. ഇക്കാലത്തിനുള്ളിൽ എത്ര രാജ്യങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർട്ടി അധികാരത്തിലുണ്ട്‌ എന്ന കണക്കെടുക്കുകയല്ല, പുരോഗമനത്തിന്റെ മാനദണ്ഡം, ലോകത്ത്‌ നിസ്വവർഗ്ഗത്തിന്‌ ഇക്കാലയളവിൽ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞതെത്രത്തോളം എന്നതാവണം മാനദണ്ഡം. കാരണം, മാർക്ക്സിസം ആ വർഗ്ഗത്തിന്റെ മോചനപ്രത്യയശാസ്ത്രമാണെന്നതുതന്നെ!
 ലോകത്തുനിന്ന്‌ ദാരിദ്ര്യം തുടച്ചുനീക്കിയിട്ടില്ല. തൊഴിലില്ലായ്മ രൂക്ഷമാണ്‌. ഭരണകൂടത്തിന്റെ, ജനങ്ങൾക്കുമേലുള്ള കടന്നാക്രമണമുണ്ട്‌-ഇവ നിലനിൽക്കുന്നുവേങ്കിലും, ആ വസ്തുതകൾക്കു നടുവിൽത്തന്നെയാണ്‌, ഇച്ഛാശക്തിയോടെ, സംഘടിപ്പിക്കുന്ന ആർക്കും നീതികൊടുക്കേണ്ടതാണെന്ന പക്ഷത്തേയ്ക്കുള്ള സാമൂഹ്യചിന്തകരുടെ മാറ്റം. ലോകത്ത്‌ വിവിധരാജ്യങ്ങളിലെ ഭരണകൂടങ്ങൾ കമ്യൂണിസ്റ്റ്‌ പാർട്ടികളുടേതല്ലെങ്കിലും മാർക്ക്സിസത്തിന്റേയും, മുക്കാൽ നൂറ്റാണ്ട്‌ നിലനിന്ന സോവിയറ്റ്‌ യൂണിയന്റേയും ഭരണസമീപനത്തിന്റേയും സന്ദേശം, ആ നിലപാടുകൾ, ഭരണകൂടങ്ങളെ സ്വാധീനിക്കുന്നത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. ജനാധിപത്യപ്രസ്ഥാനങ്ങൾക്കകത്ത്‌, കമ്യൂണിസ്റ്റ്‌ പാർട്ടികൾ എടുത്ത നിലപാടുകളുടെ സ്വാധീനത്തിന്റെ ഫലമായാണ്‌ തീർത്തും ജനവിരുദ്ധമല്ലാത്ത നയസമീപനങ്ങൾ കൈക്കൊള്ളാൻ അവർ നിർബ്ബന്ധിതരാവുന്നത്‌.
 ഈ പൊതുവായ രാഷ്ട്രീയസാഹചര്യമാവണം യു.പി.എ ഭരണത്തിന്‌ ഇടതുപക്ഷ പിന്തുണ നൽകിയ ഇന്ത്യയുടെ രാഷ്ട്രീയസംസ്കാരത്തിനിടയാക്കിയത്‌. ഇതേ പശ്ചാത്തലത്തിൽത്തന്നെയാണ്‌ പുരോഗമനപരമായി ചിന്തിക്കുന്ന ഒട്ടനവധി ആളുകൾ സാംസ്കാരിക പ്രവർത്തനരംഗത്ത്‌ സാർത്ഥകമായ ഇടപെടലിനു തയ്യാറായി മുന്നോട്ടുവന്നിട്ടുള്ളത്‌. ഈ വസ്തുത തിരിച്ചറിഞ്ഞില്ലെന്ന കുറവ്‌ ഇവിടെ പ്രതിപാദിച്ച ശ്രീ.എം.കെ.ഹരികുമാറിന്റെ ലേഖനത്തിനുള്ളത്‌ ഖേദകരമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...