ബിന്ദു അനിൽ
സന്ധ്യയുടെ ഏകാന്തത തന്നില്‍ കുടിയേറുകയാണോ എന്ന് ഓര്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ തന്റേത് സന്ധ്യയിലേക്ക് പകരുന്നത്… ആളുകള്‍ തീരം വിട്ടിരിക്കുന്നു. ഇനി താന്‍ ഏകന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി.
കടല്‍പക്ഷികളുടെ പാട്ടു കേട്ടു തിരമാലകള്‍ എണ്ണി തുടങ്ങി. തന്നെ മറക്കാന്‍ അതാണ് നല്ലത്. മറ്റുള്ളവയിലൂടെ ഓടുക. എന്നിട്ടും വര്‍ഷങ്ങള്‍ക് പുറകോട്ടു പോയി..
അമ്മയുടെ ഉദരത്തില്‍ കുഞ്ഞു പൊട്ടായി തുടക്കം. സമയാ സമയത്ത് പൊക്കിള്‍ കൊടിയിലൂടെ അമ്മ പോഷണങ്ങള്‍ നല്‍കി അമ്മ വളര്‍ത്തി കൊണ്ടു വന്നു..
ഇളകിയും, മറിഞ്ഞും ഇടക്ക് അനങ്ങാതെ അമ്മയെ ഒന്ന് ഭയപ്പെടുത്തിയും ഞാന്‍ അവിടെ സുരക്ഷിതന്‍ .. ഒടുവില്‍ ഭൂമിയിലേക്കുള്ള അനിവാര്യമായ വരവിനുള്ള സമയം അടുത്തു.. ഏറെ പ്രതിക്ഷേധിച്ചു.. പുറമേ പകലെന്നു തോന്നിപ്പിക്കുന്ന ഇരുട്ടാണല്ലോ കാത്തിരിക്കുന്നത്. ഈ സ്വര്‍ഗീയത നഷ്ടപ്പെടുത്തി എന്തിനു അവിടേക്ക്. അച്ഛനമ്മമാരുടെ രാത്രി സംസാരത്തിലൂടെ എത്രയോ നടുങ്ങിയിട്ടുണ്ട്.
ഇവിടെ പിറന്നു, ഇവിടെ തന്നെ മരിച്ചാലോ! പക്ഷെ എങ്ങനെ? ആവുന്നതും നോക്കി. ഭക്ഷണം ബഹിഷ്കരിക്കാന്‍ ശ്രമിച്ചു.
എന്നിട്ടും വെള്ള കുപ്പായമണിഞ്ഞവര്‍ തന്നെ പുറലോകം കാണിച്ചു.. മുഷ്ട്ടി ചുരുട്ടി, പ്രതിക്ഷേദ നിലവിളിയോടെ..
അമ്മക്കു ആദ്യം നല്‍കിയ വേദന അതായിരുന്നു..
നിഷ്കളങ്കമായ ശൈശവത്തിലൂടെ വാത്സല്യം നിറഞ്ഞ കൌമാരത്തിലേക്ക്.. അവിടെ വിലക്കുകള്‍ ഇല്ലാത്ത അറ്റങ്ങള്‍.. ..
നാടിന്‍ പുറത്തു നിന്നും ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നഗരത്തിലേക്കുള്ള ചേക്കേറലിനിടയില്‍ നഷ്ടപ്പെടുന്നത് എന്തൊക്കെ എന്നറിഞ്ഞില്ല. നഗരം ഭ്രമിപ്പിച്ചു കൊണ്ടിരുന്നല്ലോ. അതില്‍ പെട്ട് അങ്ങനെ നീങ്ങുമ്പോള്‍ ഇരമ്പിക്കയറിയ മാറ്റങ്ങള്‍ . സ്വാര്‍തതയുടെയും, കാപട്യതിന്റെയും ലോകത്തിലേക്ക് അലിഞ്ഞലിഞ്ഞു പോയി…..
ഇതാണ് സത്യം, ഇതുമാത്രമാണ് ലോകം. പാതിരാവുകള്‍ ഇല്ലാത്ത നഗര വീഥിയില്‍ അലഞ്ഞു ഗ്രാമത്തെ വെറുത്തു… ഇവിടെ കുമാരന്റെയും കമാരന്റെയും പട്ടികള്‍ ഒച്ച വയ്ക്കുന്നില്ല. ആരും തന്നെ തിരിച്ചറിയുന്നില്ല. സെകന്റ് ഷോ കഴിഞ്ഞു കാമുകിയുടെ അരക്കെട്ടില്‍ കൈ ചുറ്റി നടക്കുന്നത് പുതിയ കാഴ്ചയല്ല. നാട്ടിലാണെങ്കിലോ എത്ര കണ്ണുകള്‍ വേട്ടയാടും.
വീട് അമ്മ ഓര്‍ക്കുമ്പോള്‍ ഒരുതരം അറപ്പ്.. പടി കടന്നു മുറ്റത്തു കാല്‍ കുത്താന്‍ വരെ മടി. അഴയില്‍ വകതിരിവില്ലാതെ തൂങ്ങിയ അമ്മയുടെ ജാക്കറ്റുകള്‍ , മുണ്ടുകള്‍ … ആ മങ്ങിയ കാഴ്ചകള്‍ കാണാന്‍ കൂട്ടുകാരിയെ,എങ്ങനെ കൊണ്ടുപോകും… അവള്‍ എന്ത് കരുതും, താന്‍ വെറും തറ… വേണ്ട, അവള്‍ ഒരിക്കലും തന്റെ വീടോ പരിസരമോ കാണരുത്. അവള്‍ക്കു മുന്നില്‍ വരച്ചിട്ട വലിയൊരു ചിത്രം തകരാതിരിക്കാന്‍ ശ്രദ്ധിച്ചു.
വീട്ടിലേക്കുള്ള കത്തെഴുതും, വരവുപോക്കുകളും കുറഞ്ഞു.. അമ്മയുടെ വേദന പലപ്പോഴും കണ്ടില്ലെന്നു നടിച്ചു… എന്തിന് അമ്മയുടെ ആ കാച്ചിയ എണ്ണ മണം പോലും മടുപ്പിച്ചു.
സഹപാഠിയായ ബെന്ഗാളി യുവതിയുമായുള്ള വിവാഹം .. ലോകം മുഴുവന്‍ വെട്ടിപിടിച്ച പ്രതീതി.. ഒരു മാസം.. അത് കഴിഞ്ഞു അവള്‍ പോയി..
ജീവിതത്തിലേക്കുള്ള യാത്രയില്‍ എങ്ങനെയാണ് മടുപ്പിന്റെ കുപ്പായം അണിഞ്ഞത്? തങ്ങള്‍ക്കിടയില്‍ കെട്ടി നിന്നത് മടുപ്പോ അറപ്പോ?
പൊരുത്തപ്പെട്ടു പോവാന്‍ വയ്യ..
ഒരു രാത്രിയില്‍ ഉറക്കം കെട്ട് പുറം തിരിഞ്ഞു കിടക്കുമ്പോള്‍ രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു. അതിലെങ്കിലും തങ്ങള്‍ക്കു ഐക്യപ്പെടാന്‍ ആയല്ലോ! അത്രയും ആശ്വാസം…
ട്രാം വണ്ടികളുടെ നഗരത്തില്‍ കൃത്യമായി തല ചീകാതെ അലസമായി നടക്കുമ്പോള്‍ സ്വയം ശപിച്ചു. എന്തിനാണ് ഈ ജന്മം? ഒന്നും വേണ്ടിയിരുന്നില്ല…
തിരിഞ്ഞു നോക്കുമ്പോള്‍ തുലാസില്‍ നേട്ടങ്ങളെക്കാള്‍ നഷ്ടപെടലുകള്‍ മാത്രം..
അമ്മ, നാട്ടിന്‍ പുറം, കൂട്ടത്തില്‍ കൈമോശം വന്ന മനസ്സും..
എങ്ങും ഇരുട്ട്. അതിലേക്കു ആര്‍ത്തു ചിരിക്കുന്ന തിരകള്‍ . ഒരിക്കല്‍ തിരകള്‍ തീരത്തെ പ്രണയിക്കുന്ന ചിത്രം നല്‍കിയിരുന്നു. അന്നവളുമായി പങ്കിട്ടത് എന്ത് ലഹരിയോടെ ആയിരുന്നു.. ഇന്ന് തിരകള്‍ ഭാഷ മാറ്റിയിരിക്കുന്നു. താനെന്ന ഇരുട്ടിനെ കുറിച്ച് വാചാലമാകുന്നു
--