കവിപോയകാലം.../കവിത                       
            അന്‍വര്‍ ഷാ ഉമയനല്ലൂര്‍ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.

വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.

പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.

തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.

തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.

കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
*    *    *    *    *    *    *

മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.

തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
-------------------------------------------------------
കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?