ജെ ടി ആമ്പല്ലൂർ |
പ്രമുഖ കവി ജെ ടി ആമ്പല്ലൂരുമായി അഭിമുഖം. ആയിരത്തിലേറെ കവിതകൾ എഴുതിയ ജെ ടി ആമ്പല്ലൂർ കവിയെന്ന നിലയിൽ പിൻ വാങ്ങി ജീവിക്കുകയാണ്. തനിക്ക് മാധ്യമശ്രദ്ധ ലഭിക്കാനോ കവിതകൾ പുസ്തകമാക്കാനോ തിരക്കു കൂട്ടാത്ത ഈ കവി ഇവിടെ സ്വന്തം നിലപാടുകൾ അനാവരണം ചെയ്യുന്നു.
അഭിമുഖം
? 1.
കവിതയുടെ ലോകത്ത് പതിറ്റാണ്ടുകൾ ജീവിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദിക്കുകയാണ് -കവിതയിലെ ജനാധിപത്യം എന്താണ്?
= ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവർ ജനങ്ങളെ ഭരിക്കുന്ന ഭരണ ക്രമത്തിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്.
രാഷ്ട്രീയത്തിലെ ഈ ജനാധിപത്യരീതി കാവ്യലോകത്തിനു ഗുണമായിട്ടുള്ളതല്ല. നല്ല ഒരു കാവ്യ സംസ്കാരമില്ലാത്തവന് കവിതയെഴുതുകയെന്നതോ, പോകട്ടെ, കവിത വായിച്ചാൽ തന്നെ ശരിയ്ക്ക് ദഹിക്കണമെന്നില്ല. പിന്നെ അതാസ്വദിക്കുന്നതിന്റെ കാര്യം പറയണോ?
"സുതാസുരതസാമർത്ഥ്യം
ജാമാതാവേത്തിനപ്പിതാ
കവിതാരസചാതുര്യം
വ്യഖ്യാതാവേത്തി ന കവി:"
ഈ ആചാര്യമതം സൂചിപ്പിക്കുന്നതുതന്നെ, കവിയേക്കാൾ കൂടുതൽ കവിതയുടെ രസഗുണം ആസ്വദിക്കുന്നത് വ്യാഖ്യാതാവാണെന്നാണല്ലോ. അപ്പോൾ കവിത ആസ്വദിക്കുന്നതിന്നും ചില യോഗ്യതകളൊക്കെ, അനുവാചകനുണ്ടായിരിക്കമെന്നർത്ഥം
കവിത എന്ന ലേബൽ കൊടുത്ത് അർത്ഥ ശൂന്യങ്ങളായ ഗദ്യവാചകന്റെ എഴുതി, ചിലയിടത്ത് ലൈംഗികമോ, രാഷ്ട്രീയമോ, വിപ്ലവപരമോ ആയ ചില പൊടിക്കൈകൾ പ്രയോഗിച്ച് എഴുതുന്നവരുമൊക്കെ, യാതൊരു ചളിപ്പും കൂടാതെ പൊതുസദസ്സിൽ കയറി നിന്ന് വൻകിടക്കവിയാണെന്ന ഭാവത്തിൽ ഈവക ഗദ്യവാചകത്തട്ടിപ്പുകൾ ഉരുവിടുന്നത് കണ്ട് അവ വളരെ പരിഹാസ്യമാണെന്ന് ഈയെനിയ്ക്ക് തന്നെ കണ്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അർത്ഥവത്തായ ഗദ്യവാചകങ്ങളുടെ ഘടനാപരമായ സമ്മേളനം ജീവിതആവിഷ്ക്കരണത്തോടടുത്തു വരുന്നതായി ബോദ്ധ്യപ്പെട്ടിട്ടുള്ള സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഉദാ: കടമ്മനിട്ടയുടെ "ആ പശുക്കുട്ടിയുടെ മരണം" മുതലായ കവിതകൾ.
"കവിതാവനിതാചൈവ
സ്വയമേവാഹതാവരാ"
എന്നാണല്ലോ ആചാര്യമതം.
ചങ്ങമ്പുഴയുടെ,
"മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ" എന്നുതുടങ്ങുന്ന കവിത വിഷ്ണുനാരായണന്റെ "ഉർവ്വശീനൃത്തം", വൈലോപ്പിള്ളിയുടെ മാമ്പഴം' ഇവയൊക്കെയല്ലേ, ഉത്തമകവിതയ്ക്കുള്ള ഉദാഹരണങ്ങൾ"-സ്വയമേവാഗത" യായവ എന്ന നിലയിൽ.
? 2.
കവിതയിലെ ജനാധിപത്യം, ആ മാധ്യമത്തെത്തന്നെ നശിപ്പിക്കുമോ?
ഇതിനുള്ള ഉത്തരം ഒന്നാം ചോദ്യത്തിനുള്ള മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ വിശദമാക്കാം -
"വാളെടുത്തവനോക്കെ വെളിച്ചപ്പാട്" എന്ന രീതിയിൽ, "വഴിയേപോയവനോക്കെക്കവി" എന്ന മട്ടായാൽ ഒക്കെത്തകരാറിലാകും.
ഒന്നാമത്, ഇന്ന് ഹൈസ്കൂളിലും കോളേജിലുമൊന്നും വൃത്താലങ്കാരങ്ങളോ വ്യാകരണമോ പഠിപ്പിക്കുന്നില്ല. പുതിയ മലയാളം അധ്യാപകരുടെ നിലയും പരിതാപകരം തന്നെ.
'ഛന്ദസ്' എന്താണെന്ന് തന്നെ അറിയില്ലാത്തവരാണ് ഏറെയും. 'ഛന്ദസ്കൃതഭാഷ'യിലെഴുതിയാലല്ലോ പദ്യമാകുകയുള്ളൂ? പദ്യംമാത്രമായാലും, അതിൽ രസവും ധ്വനിയും വ്യംഗാർത്ഥ ചമൽക്കാരങ്ങളുമൊക്കെ ഒത്തുചേർന്നാലല്ലോ കവിതയാകുകള്ളൂ? പദ്യവൽക്കണംപോലുമറിയാത്തവർ കവിതയെഴുതും?
"നാഋഷി :കവി:" എന്നചൊല്ലനുസരിച്ച് പിന്നെയും കവി എന്ന നിലയിൽ വളരെയധികം ദൂരം പിന്നിട്ടാലല്ലേ ഉത്തമ കവിയെന്ന നിലയ്ക്ക് നിൽക്കാനാകൂ? ഇക്കാലത്തതിനാണ് ഏറെ പഞ്ഞം!
? 3.
എല്ലാവരും കവിതയെഴുതുമ്പോൾ, ഒരു ഭാവുകത്വത്തിന് പ്രസക്തിയുണ്ടോ?
= എല്ലാവരും എഴുതുന്നത് കവിതയാണെന്ന് എനിക്കഭിപ്രയമില്ല. "കേരളപാണിനീയ"ത്തിലെ 'കാരിക'കൾപോലെ, ഈരടികൾ രചിച്ചാലും അതിൽ രസാനുഗുണത്തിന്റെ അഭാവമൂലം, അത് കവിതയല്ലാതായിത്തീരുന്നു. വെറുംപദ്യം മാത്രമായി അധഃപതിക്കുന്നു.
അതിനേക്കാൾ പരിതാപകരമാണ്.മുൻ ചോദ്യത്തിന്റെ ഉത്തരത്തിൽ സൂചിപ്പിച്ച വിധം "ഗദ്യവാചകങ്ങൾ" പടച്ചുവിടുന്നവരുടെ ഗതി. ഒരു "ടുമൃസഹശിഴ" എങ്കിലും കവിതയിലുടനീളം അനുഭവപ്പെട്ടില്ലെങ്കിൽ, പിന്നെന്ത് കവിത?
ഒരു വൈദ്യുതിപ്രവാഹം പോലെ, അനുവാചകന്റെ അന്തശ്ചൈതന്യത്തെ തൊട്ടുണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തില്ലെങ്കിൽ കവിയുടെ പ്രയത്നം വ്യർത്ഥമത്രേ?
നല്ല കവിതയെഴുതാൻ ഒരു പരിശീലനം നൽകുക എന്നത് തികച്ചും അസാധ്യംതന്നെയത്രെ.
"പ്രജ്ഞാനവനവോന്മേഷ ശാലിനീപ്രതിഭാമതാ" എന്ന ആചാര്യവചനം നോക്കുക നവനവോന്വേഷണശാലിനിയായ (പുതുപുത്തൻ ഭാവനയും സങ്കൽപങ്ങളും) പ്രജ്ഞയോടുകൂടിയവനാണ് പ്രതിഭാധനൻ. അയാൾക്കേ സഹൃദയഹൃദയസ്പർശിയായ കവിതരചിക്കാൻ കഴിയൂ.
കാളിദാസൻതന്നെ മികച്ച ഉദാഹരണം. നമ്മുടെ കവികളിൽ എഴുത്തച്ഛന്റേയും ഉണ്ണായിവാര്യരുടെയും ചില കൽപനകൾ ഉദാഹരണമായിട്ടെടുക്കാം.
കാളിദാസന്റെ രഘുവംശത്തിലെ "സഞ്ചാരിണീദീപശിഖേവരാത്രി" എന്നു തുടങ്ങുന്ന പദ്യമാണ് യഥാർത്ഥ ഉദാഹരണം.
കരീന്ദ്രൻ തമ്പുരാന്റെ 'രാവണവിജയം' ആട്ടക്കഥയിലും ഒരു അതുല്യമായ ഭാവനയുടെ വിളയാട്ടം കണ്ടതായി കേൾക്കുന്നു.
വള്ളത്തോളിന്റെ 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യത്തിൽ ഒന്നിലധികം ഉദാഹരണങ്ങൾ കണ്ടെടുക്കാം." കൈലാസശൈലേ കനകാഭിഷേകം..."എന്നു തുടങ്ങുന്ന ശ്ലോകമാണ് ഒരുദാഹരണം.
? 4.
ഒരു കവി സ്വന്തം നിലയിൽ ഒരു അഭിരുചി സൃഷ്ടിക്കണമെന്ന വേർഡ്സ്‌വർത്തിന്റെ വാദം ഇന്ന് പ്രസക്തമാണോ?
= ഈ വാദത്തിന് എന്നും പ്രസക്തിയുണ്ട്. വേർഡ്സ്‌വർത്തിന്റെ കവിതതന്നെ ഇതിനുദാഹരണമാണ്. 'ഠവള ുമൃേ ീള ചമ്ൃല' എന്ന പേരിലാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ തന്നെ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ 'ഉമളളീറശഹെ' 'ഠവള ടീഹശം്യ ഞലമുലൃ' 'ഘമീറമാശമ' എന്ന കവിതകൾ മറ്റാഗ്ലേയ കവികളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമല്ലേ?
നമ്മുടെ കുമാരനാശാനും ചങ്ങമ്പുഴയും മറ്റും നല്ല ഉദാഹരണങ്ങളാണ്. 'വീണപൂവ്' എന്ന ഖണ്ഡകാവ്യം, അക്കാലംവരെ നില നിലനിന്നിരുന്ന കാവ്യ സംസ്കാരത്തിന് ഒരു ഇളക്കി പ്രതിഷ്ഠ തന്നെ നടത്തി അതുപോലെ ചങ്ങമ്പുഴയുടെ കവിതകൾ, വ്യക്തിഗതങ്ങളായ വിചാരവികാരങ്ങൾക്ക് കവിതയിൽക്കൂടി പ്രസക്തിയുണ്ടാക്കിത്തീർത്ത അഭിരുചിയായി വേറിട്ടു നിൽക്കുന്നു.
ചങ്ങമ്പുഴയുടെ കാലത്തെ സംഗീതാത്മകതയുടെ അവ്യവസ്ഥിതമായ കടന്നുകയറ്റം നിയന്ത്രിക്കുകയും കവിയെ സംഗീതത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്ത കവിയാണ് എൻ.വി.കൃഷ്ണവാരിയർ.
കൃഷ്ണഗാഥാകാരനും എഴുത്തച്ഛനും മുതലേതന്നെ, ഈ ഭിന്നങ്ങളായ അഭിരുചിയിലൂടെയുള്ള കാവ്യനിർമ്മാണം മലയാള കവിതയിൽ രൂപപ്പെട്ടു കാണാം.
നവീനകവിതയിലാകട്ടെ, ഈ അഭിരുചികൂറേക്കൂടി പ്രകടമായിക്കാണുന്നു. കവിത ആസ്വാദിക്കാൻ മാത്രമുള്ളതല്ല, അനുഭവിക്കാൻ കൂടിയുള്ളതാണ് എണ്ണമട്ടാണവരുടേത്.
? 5.
ദിശാസൂചിയായ രചനകൾ ഒരു പതിറ്റാണ്ടിനിടയിൽ ഒന്നെങ്കിലും ഉണ്ടാകുമോ?
= ഇതിനുത്തരം പറയുക അത്ര എളുപ്പമല്ല. കാലമാണ് അത് നിർണ്ണയിക്കുന്നത്. ചിലപ്പോൾ ഒരു നൂറ്റാണ്ടുവരെയൊക്കെ കാത്തിരുന്നാലേ, അങ്ങനെ ഒരു രചന കണ്ടു കിട്ടി എന്നുവരൂ.
ഉണ്ണീയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം എന്നീ പ്രാചീന ചമ്പുക്കളും ഉണ്ണീനീലിസന്ദേശം എന്ന സന്ദേശകാവ്യവും തികച്ചും സ്ത്രീവർണ്ണസൂചിതങ്ങളും ശൃംഗാരവർണ്ണനാപരങ്ങളുമാണ് പിന്നീട് ഒന്നൊന്നര നൂറ്റാണ്ടുകഴിഞ്ഞാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥയുണ്ടായത്. അതിലും ശൃംഗാരത്തിന്റെ പ്രാമുഖ്യം കുറഞ്ഞിട്ടില്ല. എങ്കിലും ആളുകളിൽ ശ്രീകൃഷ്ണഭക്തി ജനിപ്പിക്കാൻ അതുപര്യാപ്തമായി. പിന്നീട് ഒരു നൂറ്റാണ്ടിലേറെപ്പോകേണ്ടി വന്നു, എഴുത്തച്ഛന്റെകാലമാകാൻ. എഴുത്തച്ഛനാകട്ടെ, അതുവരെയുണ്ടായിരുന്ന കുത്തഴിഞ്ഞ ജനജീവിതത്തെമാറ്റി മറിക്കാൻ പോന്ന പുരാണകഥകളെ ഭക്തിഭാവലഹരി കളിയാടുംവിധം അവതരിപ്പിച്ചു. ഇവയൊക്കെ ദിശാസൂചികളായ കാവ്യങ്ങളത്രേ.
മുമ്പ് വിവരിച്ചവിധം, ആശാന്റെ വീണപൂവ്, നളിനി തുടങ്ങിയവ, വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ, സാഹിത്യമഞ്ജരിയിലെ ലഘുകവനങ്ങൾ, ഉള്ളൂരിന്റെ ഖണ്ഡകവിതകൾ ഇവയൊക്കെ മലയാള കവിതയുടെ മുഖച്ഛായ മാറ്റി മറിച്ചവയാണ്. അത്യാധുനിക കാലത്തെ കവിതകളിലും ചിലവ കണ്ടുകിട്ടും. വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം', 'സഹ്യന്റെ മകൻ', 'മാമ്പഴം', ജിയുടെ 'സൂര്യകാന്തി', 'പെരുന്തച്ചൻ' തുടങ്ങിയവയാണ് പെട്ടെന്ന് കിട്ടുന്ന ഉദാഹരണങ്ങൾ.
കൂടുതൽ ചൂണ്ടിക്കാണിക്കാൻ സ്ഥലപരിമിതി സമ്മതിക്കുന്നില്ല.
? 6.
മലയാളകവിതയുടെ കഴിഞ്ഞ നൂറുവർഷത്തെ സംഭാവനകൾ മൂന്നു കവിതകളെ പ്രതിനിധാനം ചെയ്തു പറയാനാകുമോ? നൂറ്റാണ്ടിലെ മൂന്നു കവിതകളാണ് ഉദ്ദേശിക്കുന്നത്. ?
= ഇതത്ര എളുപ്പമുള്ള പണിയല്ല. എങ്കിലും ക്ലേശിച്ച് ശ്രമിച്ചുനോക്കാം.
പി.കുഞ്ഞിരാമൻനായരുടെ 'കളിയച്ഛൻ', വൈലോപ്പിള്ളിയുടെ 'കണ്ണീർപ്പാടം', എൻ.വി.കൃഷ്ണവാര്യരുടെ 'കള്ളദൈവങ്ങൾ' എന്നിവയാണ് മുന്നോട്ട് തള്ളിക്കയറിവരുന്നത്.
പിന്നെയും ഉന്തിക്കയറിവരുന്ന കവിതകളുണ്ട്. 'മഴുവിന്റെ കഥ' (ബാലാമണിയമ്മ), സഹ്യന്റെ മകൻ (വൈലോപ്പിള്ളി), 'സഫലമീയാത്ര' (എൻ.എൻ.കക്കാട്), 'വിശ്വദർശനം' (ജി.)'മനസ്വനി'(ചങ്ങമ്പുഴ), എന്നിവ രണ്ടാംനിരയിൽ കടന്നുപറ്റുന്നു. ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' കുഞ്ഞിരാമൻനായരുടെ 'നരബലി' എന്നിവയും കൂടെയുണ്ട്. വേണമെങ്കിൽ, അക്കിത്തത്തിന്റെ 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' കൂടി പരിഗണിക്കാം.
? 7.
വള്ളത്തോൾ, ജി.ശങ്കരക്കുറുപ്പ്-തുടങ്ങി
= എന്തെങ്കിലും ഒരാശയം നമ്മെ ഉത്തേജിപ്പിച്ച്, മുമ്പ് പരിചയമുള്ള കൃതി വീണ്ടും വായിക്കാൻ പ്രേരണയുണ്ടാകുന്നതാണ് പുനർവായനകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നതെന്ന് ഞാൻ കരുതുന്നു.
വള്ളത്തോളിന്റെ എല്ലാക്കവിതകളും ഉത്തമങ്ങളെന്ന് പറയാനാകില്ല. 'ശിഷ്യനും മകനും' 'അച്ഛനും മകളും' എന്നീ ഖണ്ഡകാവ്യങ്ങളാണ് ഉത്തമം. 'ബന്ധനസ്ഥനായ അനിരുദ്ധനും' ഘനമുറ്റ കഥാപാത്ര സൃഷ്ടികൊണ്ട് പരിഗണനീയം. സാഹിത്യമഞ്ജരിയിലെ കവിതകളിൽ ഏഴോ, എട്ടോ എണ്ണം കൊള്ളാമെന്നു പറയാം. ഏതായാലും പണിക്കുറതീർന്ന കവിതകളാണ്, വള്ളത്തോളിന്റേത്. 'ശിഷ്യനും മകനും' എന്ന ഖണ്ഡകാവ്യത്തിലെ,"
"ജ്വലിച്ച കണികെണ്ടരുന്നേക്കു നോക്കി
പാർശ്വസ്ഥനാകും പതിയോടുരച്ചു"
എന്ന ഭാഗത്തിലേ പാർവ്വതിയുടെ മിഴിവുറ്റ ചിത്രം നമ്മുടെ മനസ്സിലെന്നും മിന്നൽപോലെ പാഞ്ഞെത്തും. ജി. യുടെ 'പെരുന്തച്ചൻ', 'സൂര്യകാന്തി', 'പാണനാർ' 'ശിവതാണ്ഡവം' 'ചന്ദനക്കട്ടിൽ', 'വിശ്വദർശനം' എന്നീ കവിതകൾ സർവ്വധാമ മനോഹരങ്ങൾ തന്നെ. ഈ കവിതകൾ പുനർവായനയ്ക്ക് യോഗ്യമുള്ളതത്രേ.
? 8.
ശങ്കരക്കുറുപ്പ് വളരെ കീർത്തിപ്പെട്ടി. പക്ഷേ, ഇന്നദ്ദേഹത്തിന്റെ കവിതകളെപ്പറ്റി ഇപ്പോൾ ആരും തന്നെ എഴുതുന്നില്ല.
= ഇപ്പോൾ അദ്ദേഹത്തെപ്പറ്റി ആളുകൾ എഴുതാത്തതുകൊണ്ട് അദ്ദേഹം മോശം കവിയാകുമോ? മറ്റുപല ചില്ലറക്കവികളെപ്പറ്റി പലരും ഘോരഘോരം എഴുതുന്നുണ്ടല്ലോ? അതുകൊണ്ട് വല്ലതും അവർ കാലത്തെ അതിജീവിക്കുമോ?
അഴീക്കോട് മാസ്റ്റർ ജി.യെ തറപറ്റിക്കാൻ ശ്രമിച്ചിട്ടും, ജി. ഉയർത്തെഴുന്നേറ്റതല്ലേയുള്ളൂ. അദ്ദേഹത്തിന്റെ നല്ല കവിതകൾ നിലനിൽക്കും. അവ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. അല്ലാത്തവ നില നിന്നില്ലെന്നുവരാം.
? 9.
കവിതയിൽ ആധുനികതയും പൗരസ്തികതയും തമ്മിൽ സംഘർഷമുണ്ടോ?
= വാസ്തവത്തിൽ, കളാണുസൃതമായി പുതിയ പുതിയ പ്രവണതകൾ ഏതു സാഹിത്യത്തിലും ഉണർന്നെഴുന്നേറ്റുവരും. മലയാള കവിതയിലും ഇതേ അനുഭവമാണുള്ളത്.
പുതുപുത്തൻ കവിതകളിൽ ഏറിയ കൂറും ചവറുകളാണ്. ഈ ചവറുകൾ അവരുടെ വൈതാളികന്മാർ പാടിപ്പുകഴ്ത്തി വരുന്നു. ചില പ്രസിദ്ധീകരണങ്ങളിലും ചില അരങ്ങുകളിലും ഇത്തരക്കാരുടെ വേലിയേറ്റം ഏറെയത്രേ. ഇതുമൂലം ഉത്തമ കവിതയേതെന്ന് അനുവാചകർക്ക് തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ട്. ചില പ്രസിദ്ധീകരണങ്ങളും ഈ കുട്ടിക്കുരങ്ങന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചില മാധ്യമക്കാർ കവിതയെക്കുറിച്ചുള്ള അജ്ഞതയുടെ അന്ധകാരത്തിൽ തല്ലി ഉഴറുന്നവരാണ്. കൈയിൽ കിട്ടുന്ന 'വൈക്കോൽത്തുരുമ്പ്' അവർ കൈനീട്ടി വാങ്ങി പ്രദർശിപ്പിക്കുന്നു.
ഇതൊക്കെയാണെങ്കിലും, കാലത്തിന്റെചേറ്റിക്കൊഴിക്കലിൽ , പതിരുള്ളത് ദൂരത്തെറിയപ്പെടും. കാമ്പുള്ളവ നിലവറയിൽ ശേഖരിക്കപ്പെടും. സംശയമില്ല. പിന്നെയെന്തിനാണ് ആശങ്ക?
? 10.
കവിത എങ്ങനെയാണ് പൊതുഭാഷണമാകുന്നത്?
= കവിതയ്ക്ക് ഒരിക്കലും പൊതുഭാഷണമാകാൻ സാധ്യമാകില്ല എന്നാണ് എന്റെ വിശ്വാസം. ഒന്നാമത്, നമ്മുടെ വിദ്യാഭ്യാസ രീതിയിലും ജീവിതരീതിയിലും - പ്രത്യേകിച്ചും ഗൃഹാന്തരീക്ഷത്തിൽ - കവിതയ്ക്ക് വലിയസ്ഥാനമൊന്നും ആരും കൽപിച്ചിട്ടില്ല.
മുമ്പ്, കൊടുങ്ങല്ലൂർക്കളരിയിൽ കുറെ തമ്പുരാക്കന്മാരും മേനോന്മാരും ഉണ്ടായിരുന്നു. അവർ കവിതയിലൂടെയാണ് കാര്യവ്യവഹാരം നടത്തിയിരുന്നതുപോലും. ഇന്നു നിലമാറി. വെണ്മണി പ്രസ്ഥാനവും കേരളവർമ്മ പ്രസ്ഥാനവും ഒക്കെ പോയിമറഞ്ഞിട്ട് നൂറ്റാണ്ടുകളായില്ലേ? ഇനിയങ്ങനെയൊരു നിലയുണ്ടാകുന്നതെങ്ങനെ?
? 11.
താങ്ങൾ ഇപ്പോൾ എഴുതുന്നില്ലല്ലോ?
= ധാരാളം എഴുതുന്നുണ്ട്. എഴുതുക എന്നത് എനിക്ക് ഒരു ഹരമാണ്. എഴുതുന്നതൊക്കെ പ്രസിദ്ധീകരിക്കണമെന്ന നിർബന്ധമില്ല. പലപ്പോഴും എഴുതിയെഴുതി തള്ളിവയ്ക്കും. പിന്നെ അതിന്റെ 'പണിക്കുറ' തീർക്കാനും പകർത്തിയെഴുതാനും കാലംകുറെയെടുക്കും. ചിലവ, അങ്ങനെതന്നെ വളരെക്കാലം ശ്രദ്ധിക്കാതെ ഇരുന്നെന്നും വരും. അത്രയ്ക്ക് വലിയ അലസതയാണ്. കുറെ വാർദ്ധക്യത്തിന്റെ വക. ബാക്കി ജന്മനാ ഉള്ള മടി.
ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളതിനേക്
ഒരു പക്ഷേ, പെട്ടെന്നൊരു മാറ്റം വന്നേക്കും. എല്ലാം അനിശ്ചിതം!
ഏതായാലും, രചനയുടെ കാര്യത്തിൽ യാതൊരു പഞ്ഞവുമില്ല. ദരിദ്രന്റെ വീട്ടിലെ പത്നിയുടെ തുടർപ്രസവംപോലെ!
'ഈശ്വരോ രക്ഷതുഃ "
എം കെ ഹരികുമാർ