18 Mar 2012

നൂതന ആശയങ്ങളുടെ വിളനിലം


ലീനാമോൾ എം. എ.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത്‌ അത്താണിയിൽ നിന്ന്‌
മൂന്ന്‌ കിലോമീറ്റർ അകലെ ദേശീയപാതയോട്‌ ചേർന്നുള്ള സ്ഥലമാണ്‌ മേക്കാട്‌.
മേക്കാട്‌ ജംഗ്ഷനിൽ നിന്ന്‌ കഷ്ടിച്ച്‌ ഒരു കിലോമീറ്റർ പോയാൽ തെങ്ങും
ജാതിയും ഇടകലർന്ന ഏഴ്‌ ഏക്കറോളം വരുന്ന വിശാലമായ പുരയിടത്തിലെത്തും.
വാണിജ്യ നികുതി വകുപ്പിൽ നിന്ന്‌ ഡെപ്യൂട്ടി കമ്മീഷണർ ആയി റിട്ടയർ ചെയ്ത
കാച്ചപ്പിള്ളി കെ. പി. പീറ്റർ ആണ്‌ അതീവശ്രദ്ധയോടെ പരിചരിച്ച്‌ പോരുന്ന
നൂതന ആശയങ്ങളാൽ സമൃദ്ധമായ ഈ പുരയിടത്തിന്റെ ഉടമസ്ഥൻ. ചെറുപ്പം മുതലേ
കൃഷിയോടുള്ള സ്നേഹം മനസ്സിൽ കൊണ്ടുനടന്ന പീറ്റർ ഇരുപത്തിരണ്ട്‌ വർഷം
മുമ്പ്‌ അന്താരാഷ്ട്ര വിമാനത്താവളം വരുന്നതിനും മുമ്പ്‌ തന്നെ
വാങ്ങിയതാണ്‌ ഈ ഏഴ്‌ ഏക്കർ പുരയിടം. ഔദ്യോഗിക ജീവിതത്തിൽ നിന്ന്‌ റിട്ടയർ
ചെയ്ത ശേഷം മുഴുവൻ സമയ കർഷകനായി ഈ പുരയിടത്തിൽ തന്നെ താമസവും തുടങ്ങി.

ഏതൊക്കെ വിളകളാണ്‌ കൃഷി ചെയ്യുന്നത്‌?
തെങ്ങും ജാതിയുമാണ്‌ പ്രധാനവിളകൾ. കൂടാതെ കമുകും ഉണ്ട്‌. 360 തെങ്ങുകൾ
ഉള്ളതിൽ 25എണ്ണം ടി ഃ ഡി സങ്കരയിനങ്ങളാണ്‌. അവ കാക്കനാട്‌ കൃഷിവകുപ്പിൽ
നിന്ന്‌ വാങ്ങിയതാണ്‌. ബാക്കിയുള്ളവ കുറ്റ്യാടിയിൽ നിന്നാണ്‌
കൊണ്ടുവന്നത്‌.
തെങ്ങിന്റെ വിവിധ ഇനങ്ങളുടെ വിളവ്‌ എങ്ങനെ വിലയിരുത്തുന്നു?
ടി ഃ ഡി തെങ്ങുകൾ മറ്റ്‌ സാധാരണ ഇനം തെങ്ങുകളേക്കാൾ നല്ല വിളവ്‌
നൽകുന്നു.  എന്റെ അനുഭവത്തിൽ ഗവണ്‍മന്റ്‌ സ്ഥാപനങ്ങളിൽ നിന്ന്‌
ലഭിക്കുന്ന തൈകൾ ഗുണമേന്മയുള്ളതും കൂടുതൽ വിളവ്‌ നൽകുന്നതുമാണ്‌.

ഈ പ്രദേശത്തെ മണ്ണും കാലാവസ്ഥയും താങ്കളുടെ അഭിപ്രായത്തിൽ എത്രമാത്രം
കൃഷിക്ക്‌ അനുയോജ്യമാണ്‌?
ഞാൻ 22 വർഷം മുമ്പ്‌ ഇവിടെ സ്ഥലമെടുത്തപ്പോൾ തരിശ്ഭൂമിയായിരുന്നു. മണ്ണിൽ
ഈർപ്പം ഇല്ലാത്ത, കൃഷിക്ക്‌ അനുയോജ്യമല്ലാത്ത ഭൂമിയായിരുന്നു ഇത്‌.
നനയ്ക്കുവാൻ യാതൊരു സൗകര്യവും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല.  സ്ഥിരമായി
നനയ്ക്കുവാനുള്ള സൗകര്യമൊരുക്കിയപ്പോൾ നല്ല വിളവ്‌ നൽകുന്ന
കൃഷിഭൂമിയായിത്തീർന്നു.

എന്തെല്ലാം കൃഷിരീതികളാണ്‌ ഇപ്പോൾ അനുവർത്തിച്ച്‌ വരുന്നത്‌?
തെങ്ങും ജാതിയും കമുകും ഉൾപ്പെടുന്ന ഏഴ്‌ ഏക്കർ കൃഷിയിടത്തിലേക്കായി 4
സ്ഥിരം ജോലിക്കാരുണ്ട്‌.  കൃത്യമായ രീതിയിൽ തന്നെ നനയ്ക്കലും വളപ്രയോഗവും
തടമെടുക്കലും അനുവർത്തിച്ച്‌ വരുന്നു.
വളപ്രയോഗരീതി ഒന്നുവിശദീകരിക്കാമോ?
വർഷത്തിലൊരിക്കൽ തെങ്ങിന്റെ കട കിളച്ച്‌ മുക്കാൽ അടി താഴ്ചയിൽ
തടമെടുത്ത്‌ ഒരു തെങ്ങിന്‌ 4 ചട്ടി ചാണകവും (40 കി.ഗ്രാം) കോഴിക്കാഷ്ഠവും
(30 കി.ഗ്രാം)  ജൈവവളമായും രണ്ട്‌ കിലോ ഫാക്ടംഫോസും 1 കിലോ പൊട്ടാഷും
രാസവളമായും പ്രയോഗിക്കുന്നു.

ജലസേചനം എങ്ങനെയാണ്‌?
പുരയിടത്തിലെ ജലസേചനത്തിനായി 4 കുഴൽക്കിണറുകളും ഒരു കിണറും
ഉപയോഗിക്കുന്നു.  ഇതിൽ നിന്ന്‌ മോട്ടോർ ഉപയോഗിച്ച്‌ ടാങ്കിലേക്ക്‌ വെള്ളം
പമ്പ്‌ ചെയ്യുന്നു.  ഇതിനായി 70 അടിയോളം നീളവും 30 അടിയോളം വീതിയും 15-24
അടിവരെ താഴ്ചയുമുള്ള ഒരു ടാങ്ക്‌ പണിതിട്ടുണ്ട്‌. നിരപ്പായ ഭൂമി
അല്ലാത്തതിനാൽ ചില ഭാഗങ്ങളിൽ താഴ്ച കൂടിയിരിക്കും. ഈ ടാങ്കിൽ നിന്ന്‌
ഡ്രിപ്പ്‌ സംവിധാനം വഴി എല്ലാ തെങ്ങിന്റേയും ജാതിയുടേയും ചുവട്ടിൽ
വെള്ളമെത്തുന്നു.  ഇതുവഴി നവംബർ മുതൽ മെയ്‌ വരേയുള്ള വേനൽക്കാലത്ത്‌
മുഴുവൻ ജലസേചനം സാധ്യമാകുന്നു.

കൃഷിയിൽ അങ്ങ്‌ നടപ്പിലാക്കിയ നൂതന ആശയങ്ങൾ ഒന്ന്‌ വിവരിക്കാമോ?
കൃഷിയിടത്തിൽ ജലസേചനം ശാസ്ത്രീയമായി നടത്തുന്നതുമായി ബന്ധപ്പെട്ടാണ്‌
എന്റേതായ ചില ആശയങ്ങൾ നടപ്പിലാക്കിയത്‌. കുഴൽകിണറിൽ നിന്ന്‌ നേരിട്ട്‌
കൃഷിഭൂമിയിൽ എല്ലായിടത്തും വെള്ളം പമ്പ്‌ ചെയ്യാൻ സാധിക്കാതെ വന്നതാണ്‌
ഞാൻ നേരിട്ട ആദ്യവെല്ലുവിളി.  ഇതിനെ ഞാൻ തരണം ചെയ്തത്‌ കംപ്രഷൻ
മോട്ടോറുകൾ ഉപയോഗിച്ചാണ്‌. കംപ്രഷൻ മോട്ടോറുകൾ ഉപയോഗിച്ച്‌ വെള്ളം
തറനിരപ്പിലുള്ള മെയിൻ ടാങ്കിലേക്ക്‌ പമ്പ്‌ ചെയ്ത്‌ ആവശ്യമായ ജലം
സംഭരിച്ചാണ്‌ കൃഷിയിടത്തിലേക്ക്‌  എത്തിക്കുന്നത്‌. മെയിൻ ടാങ്കിൽ
നിന്നും ഡ്രിപ്പ്‌ വഴി കുഴൽക്കിണറിലെ വെള്ളം കൃഷിയിടത്തിൽ
എത്തിക്കുന്നതോടൊപ്പം കിണറ്റിലെ ജലലഭ്യതയനുസരിച്ച്‌ കിണർ വെള്ളവും കൂടി
ഇതോടൊപ്പം നിശ്ചിത അനുപാതത്തിൽ ഉപയോഗിക്കുന്നു. ഇതിനായി ഒരു പ്രത്യേക
വാല്വ്‌ സ്ഥാപിച്ച്‌ കിണറ്റിൽ നിന്നുളള ജലം ഹോസ്‌ വഴി ഈ വാൽവുമായി
ബന്ധിപ്പിക്കുന്നു.
ഡ്രിപ്‌ സംവിധാനത്തിൽ അനിവാര്യ ഘടകമായി നിർദ്ദേശിച്ചു പോരുന്ന ഫിൽറ്ററും
സ്പ്രിംഗ്ലറും ഇല്ലാതെയാണ്‌ തുടർച്ചയായി വെള്ളം തെങ്ങിന്റെയും
ജാതിയുടെയും ചുവട്ടിൽ എത്തിക്കുവാൻ സാധിക്കുന്നത്‌. 4000ത്തോളം രൂപ
വിലവരുന്ന ഫിൽട്ടർ നാലു മാസത്തിനുള്ളിൽ തന്നെ തുരുമ്പെടുത്ത്‌
നശിക്കുന്നതായാണ്‌ അനുഭവം. അതുപോലെത്തന്നെ ഡ്രിപ്പിംഗ്‌ പോയിന്റിൽ
ഘടിപ്പിക്കുന്ന സ്പ്രിംഗ്ലർ ചെളി വന്ന്‌ അടയുന്നതുമുലം ജലത്തിന്റെ
സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായും കണ്ടു. ഇത്‌ രണ്ടും മാറ്റി
വച്ചപ്പോൾ ചെളി അടിയുന്നത്‌ തടയുവാനായി മറ്റൊരു രീതി അവലംബിച്ചു. മെയിൻ
പൈപ്പ്‌ ലൈനിന്റെ അറ്റത്തായി മുകളിലേക്ക്‌ ഒരു ടാപ്പ്‌ സ്ഥാപിച്ച്‌
മാസത്തിലൊരിക്കൽ ഈ ടാപ്പ്‌ കുറച്ചുനേരം തുറന്നുവിട്ട്‌ പൈപ്പലൈനിൽ
അടിഞ്ഞു കൂടിയിട്ടുള്ള ചെളി വെള്ളത്തോടൊപ്പം പുറത്തേക്ക്‌ പമ്പ്‌ ചെയ്ത്‌
കളയുന്നു. സ്പ്രിംഗ്ലർ ഉപയോഗിക്കുമ്പോൾ അത്‌ വൃത്തിയാക്കുവാനായി
ഇടയ്ക്കിടെ ജോലിക്കാരെ നിയോഗിക്കേണ്ടതായി വരുന്നു. ഇക്കാരണത്താലാണ്‌
കർഷകർ ഡ്രിപ്പ്‌ സംവിധാനം ഉപയോഗിക്കാൻ മടിക്കുന്നത്‌. എന്നാൽ മേൽപ്പറഞ്ഞ
രീതിയിൽ വൃത്തിയാക്കുന്നത്‌ വഴി എല്ലാ തെങ്ങിന്റെയും ജാതിയുടെയും
ചുവട്ടിൽ ഉദ്ദേശിക്കുന്ന അളവിൽ എല്ലാ ദിവസവും സുഗമമായി ജലം ലഭ്യമാക്കാൻ
സാധിക്കുന്നു
.
മറ്റ്‌ പരീക്ഷണങ്ങൾ എന്തെല്ലാമാണ്‌?
മണ്ണിര കമ്പോസ്റ്റ്‌ ഉത്പാദിപ്പിക്കുവാനായി നിശ്ചിത അളവിലുള്ള ടാങ്കുകൾ
നിർമ്മിച്ചിട്ടുണ്ട്‌. എന്നാൽ ഇവയിൽ നിന്ന്‌ പാകമായ കമ്പോസ്റ്റ്‌
കൃഷിയിടത്തിലേക്ക്‌ വാരിയെടുത്തു കൊണ്ടുപോകുന്നത്‌ ബുദ്ധിമുട്ടായി
അനുഭവപ്പെട്ടു. അതുകൊണ്ട്‌ കൃഷിയിടത്തിൽ തന്നെ ആവശ്യമായ
മണ്ണിരകമ്പോസ്റ്റ്‌ ഉണ്ടാക്കുന്നതിനുള്ള പരീക്ഷണത്തിലാണ്‌ ഞാനിപ്പോൾ.
തോട്ടത്തിനു നടുവിലൂടെ ചെറിയ ചാലുകൾ കീറി അവയിൽ തോട്ടത്തിലെ തന്നെ
പാഴ്‌വസ്തുക്കളായ തെങ്ങോലയും മറ്റ്‌ പച്ചിലകളും തൊണ്ടുൾപ്പെടെ ഇടയ്ക്കിടെ
ചാണകമൊഴിച്ച്‌ പല തട്ടുകൾ ആയി അടുക്കുകയും ഇടയ്ക്ക്‌ നനച്ച്‌
കൊടുക്കുകയും ചെയ്യുന്നു. അതിനുശേഷം മണ്ണ്‌ ഉപയോഗിച്ച്‌ പ്ലാസ്റ്റർ
ചെയ്ത്‌ വെക്കുന്നു. ഇതിൽ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി അതിലൂടെ മണ്ണിരയെ
കടത്തിവിടുന്നു. ഉറുമ്പും മറ്റും ചെറിയ രീതിയിൽ ഉപദ്രവിക്കുമെങ്കിലും
ബാക്കി വരുന്നത്‌ തോട്ടത്തിൽ തന്നെ ലഭ്യമാകും എന്നുള്ള
കണക്കുകൂട്ടലിലാണ്‌ ഈ പരീക്ഷണം.
കീടരോഗ നിയന്ത്രണം എങ്ങനെ?
എന്റെ തെങ്ങുകളിൽ കൂമ്പു ചീയൽ രോഗം ബാധിക്കാറുണ്ട്‌. ജോലിക്കാരുടെ ലഭ്യത
അനുസരിച്ച്‌ ബോർഡോമിശ്രിതം തളിച്ചാണ്‌ രോഗം നിയന്ത്രിക്കുന്നത്‌.
കീടരോഗബാധ നിയന്ത്രണാതീതമായാൽ അത്തരം തെങ്ങുകളെ വെട്ടിമാറ്റി മറ്റ്‌
തെങ്ങുകൾക്ക്‌ കൂടി അത്‌ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്‌.
വെട്ടിമാറ്റിയ തെങ്ങുകൾ പൊളിച്ച്‌  മുറിപ്പാടുകളിൽ ലേശം വിഷാംശം തളിച്ച്‌
മറ്റു കീടങ്ങളെ ആകർഷിക്കാതെ നോക്കാറുണ്ട്‌.
തോട്ടത്തിലെ തെങ്ങുകളുടെ വിളവെടുപ്പും, ലഭിക്കുന്ന വിളവും അവയുടെ
വിപണനരീതിയുമെങ്ങനെയാണ്‌?
വിളവെടുക്കാൻ കൃത്യസമയങ്ങളിൽ ആളെ ലഭിക്കാറില്ല. എങ്കിലും മൂന്ന്‌
മാസത്തിലൊരിക്കലെങ്കിലും വിളവെടുപ്പ്‌ നടത്തും.  ബോർഡിന്റെ തെങ്ങിന്റെ
ചങ്ങാതിക്കൂട്ടം പദ്ധതി ഇതിനൊരു പരിഹാരമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.
തോട്ടത്തിലെ ശരാശരി ഉത്പാദനക്ഷമത 100-120 തേങ്ങയാണ്‌.  ടി ഃ ഡി
തെങ്ങുകൾക്ക്‌ ഇത്‌ 200ന്‌ മീതെയാകാറുണ്ട്‌. തേങ്ങ കൊപ്രയാക്കാനായി ഒരു
പുകപ്പുര നിർമ്മിച്ചിട്ടുണ്ട്‌. ചിരട്ടയിട്ട്‌ തീ കത്തിക്കുകയും അതിന്‌
മുകളിൽ തേങ്ങ ഉണക്കാൻ വെയ്ക്കുകയുമാണ്‌ ചെയ്യുന്നത്‌. ഒരു ബാച്ചിൽ
5000ത്തോളം തേങ്ങ 5 ദിവസംകൊണ്ട്‌ ഉണക്കാൻ സാധിക്കുന്നു. ഇവിടെയുള്ള 7
ഏക്കറിലേയും, പൂവ്വത്തുശ്ശേരിയിലുള്ള 1 ഏക്കറിലേയും തെങ്ങിൽ നിന്ന്‌
60,000ത്തോളം തേങ്ങ ഒരു വർഷം കൊപ്രയാക്കി വിൽക്കുന്നതിലൂടെ കൂടുതൽ
വരുമാനവും അതോടൊപ്പം തൊണ്ടും ചിരട്ടയും അധികമായി ലഭിക്കുകയും ചെയ്യുന്നു.
സ്വന്തം അനുഭവത്തിൽ കൃഷി ലാഭകരമാണോ?
എന്റെ അഭിപ്രായത്തിൽ കൃഷിക്ക്‌ ആവശ്യമായ സാഹചര്യങ്ങളും
സൗകര്യങ്ങളുമൊരുക്കി വേണ്ട സമയത്ത്തന്നെ അതിനുവേണ്ട മുതൽമുടക്ക്‌
നടത്തിയാൽ കുറച്ച്‌ വർഷങ്ങൾക്കുള്ളിൽ തന്നെ മറ്റേതൊരും ബിസിനസുംപോലെ
കൃഷിയും ലാഭകരമാക്കാം. ഒരു കാര്യം ശ്രദ്ധിക്കേണ്ടത്‌ എപ്പോഴും രണ്ട്‌ -
മൂന്ന്‌ വിളകളെങ്കിലും കൃഷി ചെയ്യണമെന്നതാണ്‌. ഇപ്രകാരമുളള കൃഷിക്ക്‌
അനുയോജ്യമായ വിളയാണ്‌ തെങ്ങ്‌. എനിക്ക്‌ 800 ജാതി മരങ്ങളുണ്ട്‌. ഇവയിൽ 40
ശതമാനം ബഡ്‌ ചെയ്ത മരങ്ങളാണ്‌. ഒരു മരത്തിൽ നിന്ന്‌ 80 മുതൽ 100 വരെ
ജാതിക്കായ കിട്ടുന്നുണ്ട്‌. തൊണ്ടോടു കൂടിയ കായ്ക്ക്‌ കിലോയ്ക്ക്‌ 400
രൂപയും ജാതിക്കുരുവിന്‌ 710 രൂപയുമാണ്‌ കിട്ടുന്നത്‌. ജാതിയിൽ നിന്ന്‌
മൊത്തം ആണ്ടിൽ 7-8 ലക്ഷം രൂപ വരുമാനം കിട്ടും.
ഗവണ്‍മന്റ്‌ ഏജൻസികളിൽ നിന്നും കൃഷിക്കായി ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ?
 ഈ ഏജൻസികളുടെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു?
കൃഷിഭവനുമായി നല്ല ബന്ധം നിലനിർത്തിപ്പോരുന്നു.  തെങ്ങും വാഴയുമൊക്കെ
ഇൻഷൂർ ചെയ്തിട്ടുണ്ട്‌. വാഴയ്ക്ക്‌ ആനുകൂല്യം ലഭിച്ചിട്ടുണ്ട്‌. കേടുവന്ന
തെങ്ങുകൾ മുറിച്ച്മാറ്റി അപേക്ഷ സമർപ്പിച്ച്‌ കാത്തിരിക്കുന്നു. കൃഷി
വകുപ്പ്‌ ധാരാളം പദ്ധതികൾ നല്ലരീതിയിൽ നടപ്പിലാക്കുന്നുണ്ട്‌. എങ്കിലും
ഇവയെല്ലാം നഷ്ടപരിഹാരം മാത്രമേ  ആകുന്നുളളൂ. എന്റെ അഭിപ്രായത്തിൽ കൃഷി
വകുപ്പിന്റെ പദ്ധതികൾ വിളവ്‌ വർദ്ധിപ്പിക്കുന്നതിനും, ഉത്പാദിപ്പിക്കുന്ന
വിളവിന്‌ നല്ല വില ലഭിക്കുന്നതിനും സ്ഥിരവരുമാനത്തിന്‌ ഉതകുംവിധം ഉൽപന്ന
വൈവിധ്യവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണെങ്കിൽ കർഷകർക്ക്‌
കൂടുതൽ പ്രയോജന പ്രദമാകും. ഗുണമേന്മയുള്ള തൈകളും മറ്റും പ്രാദേശികമായി
ലഭ്യമാക്കണം.
മറ്റ്‌ കർഷകർക്കുള്ള ഉപദേശം?
ഗുണമേന്മയുള്ള തൈകൾ ഇടവിളകൾകൂടി ഉൾക്കൊള്ളിക്കാൻ അനുയോജ്യമാംവിധം
അകലത്തിൽ നടണം.  ഗുണമേന്മയുള്ള തെങ്ങുകൾക്ക്‌ മണ്ഡരി പോലുള്ള കീടബാധ
കുറവായിരിക്കും. അതുപോലെ തെങ്ങും ഇടവിളകളുമുള്ള പുരയിടം വൃത്തിയായി
സൂക്ഷിച്ചാലും കീടബാധ ഒഴിവാക്കാൻ സാധിക്കും.  തെങ്ങിന്‌ ണല്ലോരു
ഇടവിളയാണ്‌ ജാതി.  നല്ല വരുമാനം ലഭിക്കുമെന്ന്‌ മാത്രമല്ല ശുദ്ധവായു
ശ്വസിച്ച്‌ ജീവിക്കുവാനുള്ള സാഹചര്യവുമുണ്ടാകും. തോട്ടത്തിന്റെ അതിരിൽ
നിന്ന്‌ 4 മീറ്ററോളം ഉള്ളിലേക്ക്‌ മാറി ഒരുവരി മഹാഗണി കൂടി നട്ടാൽ
കാറ്റിന്റെ ഉപദ്രവം ഉണ്ടാകില്ലെന്ന്‌ മാത്രമല്ല കർഷകർക്ക്‌ തങ്ങളുടെ
ജീവിതകാലത്ത്‌ തന്നെ തടിയിൽ നിന്നുള്ള ആദായം ലഭിക്കുകയും ചെയ്യും.

ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം, നാളികേ രോത്പാദക സംഘങ്ങൾ എന്നീ
പദ്ധതികളെപ്പറ്റിയുള്ള അഭിപ്രായം?
നാളികേരകൃഷിയിലെ തന്നെ ഏറ്റവും വലിയ പ്രശ്നങ്ങളാണ്‌ കൃത്യസമയത്തുള്ള
വിളവെടുപ്പ്‌ നടത്താൻ സാധിക്കാത്തതും, രോഗ - കീട
നിയന്ത്രണമാർഗ്ഗങ്ങളവലംബി ക്കുവാനുള്ള തടസ്സങ്ങളും. തെങ്ങിന്റെ
ചങ്ങാതിക്കൂട്ടത്തിന്റെ വരവോടുകൂടി ഇവമാറുമെന്ന്‌ പ്രത്യാശിക്കുന്നു.
നാളികേര കർഷകരെ ഒരുമിപ്പിക്കാനുള്ള ഉത്പാദക സംഘങ്ങളുടെ രൂപീകരണം
നാളികേരത്തിന്‌ സ്ഥിരമായ വില കർഷകർക്ക്‌ ലഭിക്കാനുള്ള ഉദ്യമങ്ങളുടെ
ആദ്യപടിയായി കാണുന്നു.  കഴിഞ്ഞവർഷം 14 ക്വിന്റലോളം കൊപ്രയുണ്ടാക്കി രണ്ടു
സോസൈറ്റികളെ സംഭരണത്തിനായി സമീപിച്ച്‌ പരാജയമടഞ്ഞ ഒരു കർഷകനാണ്‌ ഞാൻ.
കർഷകരുടെ തന്നെ സംഘടനയായ സിപിഎസുകൾ ഇതിനൊരു പരിഹാരമാകുമെന്ന്‌
പ്രതീക്ഷിക്കുന്നു.
ഏഴുവർഷം മുൻപ്‌ സർവ്വീസിൽ നിന്ന്‌ വിരമിച്ച  ഡെപ്യൂട്ടി കമ്മീഷണർ കെ.പി.
പീറ്ററിന്റെ പുരയിടത്തിൽ തലയുയർത്തി നിൽക്കുന്ന 19 വർഷം പ്രായമുള്ള
തെങ്ങുകളും 9 വർഷം പ്രായമുള്ള ജാതികളും ശാസ്ത്രീയമായ കൃഷി രീതികളുടേയും
ചിട്ടയായ പരിചരണത്തിന്റേയും സാക്ഷ്യപത്രങ്ങളാണ്‌. ഇദ്ദേഹത്തിന്റെ
കൃഷിയിടത്തിന്റെ മറ്റൊരു പ്രത്യേകത ഏഴ്‌ ഏക്കർ സ്ഥലവും ചുറ്റുമതിൽ
കെട്ടിതിരിക്കപ്പെട്ടതും പറമ്പിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ
വാഹനയോഗ്യമായ റോഡുകളും ഉണ്ട്‌ എന്നതാണ്‌. ഇതുകൂടാതെ തന്നെ, തോട്ടം വളരെ
വൃത്തിയായി പുല്ലുകളും, കളകളും ഇല്ലാതെയാണ്‌ ഇദ്ദേഹം പരിപാലിച്ച്‌
വരുന്നത്‌. കളകളും പുല്ലുകളും ഉണ്ടാകാതിരിക്കുവാനുള്ള കാരണമായി അദ്ദേഹം
ചൂണ്ടിക്കാട്ടുന്നത്‌ ജലലഭ്യത വിളകളുടെ ചുവട്ടിൽ മാത്രമാണ്‌
എന്നുള്ളതാണ്‌. ആദ്യകാലങ്ങളിൽ കളനാശിനികൾ ഉപയോഗിച്ചിരുന്നുവേങ്കിലും
പിന്നീട്‌ യാതൊരു മരുന്ന്പ്രയോഗവും വേണ്ടിവന്നിട്ടില്ല.
മേൽവിലാസം : കെ.പി. പീറ്റർ, കാച്ചപ്പിള്ളി, മേക്കാട്‌ പി.ഒ., കരിയാട്‌,
അത്താണി, എറണാകുളം - 683589. ഫോൺ: 0484 2477806

ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...