മോഹൻ ചെറായി
അയ്യോ...ഇതു നമ്മുടെ കഥാകൃത്തല്ലേ...സുന്ദരൻ കുറ്റിത്തറ?"
അതേലോ...എത്ര വലിയ ആളാ...എന്നിട്ടും കിടത്തിയിരിക്കയല്ലേ ഉടുതുണിയില്ലാതെ..."
"പെൺകുട്ടികളടക്കം എത്ര പേരു കാണുന്നതാ! കഷ്ടം. ഇങ്ങനെ പ്രദർശിപ്പിക്കാൻ
ഇയാളെ കൊടുത്തവരെ വേണം തല്ലാൻ...
മെഡിക്കൽ എക്സിബിഷൻ നടക്കുകയാണ്. സഹകരണ മെഡിക്കൽ കോളേജിന്റെ പവലിയനിൽ
സ്വന്തം ശരീരം കിടത്തിയിരിക്കുന്നു. തല മൊട്ടയടിച്ച്, പിറന്നപടി! ആ
കാഴ്ച കണ്ട് കഥാകൃത്ത് നടുങ്ങി.
മരണാനന്തരം കുട്ടികൾക്കു പഠിക്കാൻ മൃതദേഹം വിട്ടുകൊടുക്കണമെന്നേ മരണ
പത്രത്തിലെഴുതിയുള്ളു. മക്കളോടും മരുമക്കളോടും അത്തരത്തിലാണ്
അന്ത്യാഭിലാഷം അറിയിച്ചതും. പക്ഷെ അവരെയൊക്കെ നാണം കെടുത്തിക്കൊണ്ട്
ഇവരീ കൊലച്ചതി ചെയ്യുമെന്ന് കരുതിയില്ല.
കാഴ്ചക്കാരേറെയുണ്ട്. ഗ്ലൗസിട്ട കൈകൊണ്ട് ഒരു പെൺകുട്ടി കരളും
ഹൃദയവുമൊക്കെ വാരി വലിച്ചു പുറത്തിടുന്നു: വിശദീകരണത്തിനു ശേഷം അവ
യഥാസ്ഥാനത്തു തിരിച്ചു വയ്ക്കുന്നു. ഒടുവിൽ നെഞ്ചിന്റെ വാരിയെല്ലും
മറ്റുമടങ്ങുന്ന ഭാഗങ്ങൾ രണ്ടും വാതിൽ കതക് അടയ്ക്കും പോലെ
ചേർത്തടച്ചു.ദാ...പിന്നെ വയറു തുറക്കുന്നു. വൻകുടലും ചെറുകുടലും
വലിച്ചിടാൻ തുടങ്ങുന്നു...പക്ഷെ, കാഴ്ചക്കാരുടെ കണ്ണുകൾ പലതും ആ
സ്ഥാനത്താണ് : അസ്ഥാനത്ത് ! അവിടെ നോക്കിക്കൊണ്ട് പെൺകുട്ടികൾ അടക്കം
പറഞ്ഞു ചിരിക്കുന്നു. ശ്യോ...നാണം വരുന്നു. അരിശവും. ആ അരിശത്തോടെ,
ഡെമോൺസ്ട്രേഷൻ നടത്തുന്ന പെൺകുട്ടിയോടു ചോദിച്ചു:
"നിങ്ങളീ ചെയ്യുന്നതു തെറ്റല്ലേ?"
പെൺകുട്ടിയുടെ മുഖത്തത്ഭുതം.
"ഇങ്ങനെ നഗ്നത പ്രദർശിപ്പിക്കാനാണോ ഈ ശവശരീരം വിട്ടുതന്നത്? നിങ്ങൾക്കു
പഠിയ്ക്കാൻ വേണ്ടി ഒരു നല്ല കാര്യം ചെയ്തിട്ട്...ഈ
കിടക്കുന്നതാരാണെന്നറിയാമോ? കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു കഥാകൃത്താണ്
അയാളുടെ ഐഡന്റിറ്റിയെ.
പറഞ്ഞുതീർന്നില്ല, വന്നു അവളുടെ കമന്ററി:
"ഓ കഡാവറിനെന്ത് ഐഡന്റിറ്റി?"
കഡാവറോ!
ശബ്ദമുയർന്നുപോയി...ബഹളമായി! സംഘാടകർ ഓടിവരുന്നു. അടിപൊട്ടി. ആരോ
കഴുത്തിനു പിടിച്ചു. ശ്വാസം മുട്ടുന്നു.
കണ്ണു തുറന്നു. ഇരുട്ടാണ്. ബെഡ്ഡിൽ എഴുന്നേറ്റിരിക്കുകയാണെന്നു
മനസ്സിലാവാൻ അൽപനേരം കൂടി വേണ്ടി വന്നു. എഴുന്നേറ്റു ലൈറ്റിട്ട്
ഫ്രിഡ്ജിൽ നിന്നു അൽപം തണുത്ത വെള്ളം എടുത്തു കുടിച്ചു. പിന്നെ, ഒരുൾവിളി
പോലെ എഴുന്നേറ്റ് അലമാര തുറന്ന് ആ വിവാദ മരണ പത്രം തെരഞ്ഞു...
അതേ...വിവാദ മരണ പത്രം! കണ്ണു ദാനം ചെയ്താൽ ശരിയാവില്ലെന്നു
ഭാര്യ-(മരിച്ചു പരലോകത്തു ചെല്ലുമ്പോൾ ഭർത്താവു തന്നെ
തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന ഭയം)! പരമ്പരാഗത ശൈലിയിൽ നിന്നു മാറുന്നതിൽ
മകനും മരുമകനും എതിർപ്പ്! നെഞ്ചത്തലയ്ക്കുന്നത് ഫാഷനല്ലാതായെങ്കിലും
നാലാളുടേയും വീഡിയോയുടേയും മുമ്പിലുള്ള കരച്ചിലും അന്ത്യച്ചുംബന
രംഗങ്ങളും നഷ്ടപ്പെടുന്നതിൽ മകൾക്കും മരുമകൾക്കും ഇഷ്ടക്കേടും! എല്ലാം
അവഗണിച്ചു എഴുതിച്ചതാണ് മരണപത്രം. രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാത്രം.
ആവൂ...കണ്ടുകിട്ടി. വായന തുടങ്ങി വസ്തുവകകൾ കൈകാര്യം ചെയ്യേണ്ടുന്ന ഭാഗം
കഴിഞ്ഞ് ഇങ്ങനെ:
"... മരിച്ചു കഴിഞ്ഞാൽ എന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന്
ഞാനാഗ്രഹിക്കുന്നു. ബി.പി.യുള്ളതുകൊണ്ട്, മസ്തിഷ്കമരണമാണു
സംഭവിക്കുന്നതെങ്കിൽ, കിഡ്ണി ഹൃദയം മുതലായ ആന്തരികാവയവങ്ങൾ ദാനം
ചെയ്യുക. അർഹതപ്പെട്ട ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ. ബാക്കിവരുന്ന
മൃതദേഹം സഹകരണ മെഡിക്കൽ കോളേജിനു കൊടുക്കണം. കുട്ടികൾ എന്റെ ശരീരം
കീറിമുറിച്ചു പഠിക്കട്ടെ..."
അറിയാതെ ചുണ്ടിൽ ചിരി പടർന്നു. പേനയെടുത്ത് 'മെഡിക്കൽ
കോളേജിനുകൊടുക്കണം' എന്ന ഭാഗം വെട്ടി, പകരം 'ബാക്കിവരുന്ന മൃതദേഹം
പൊതുശ്മശാനത്തിലോ ആർക്കും ശല്യമാകാത്തവിധം പറമ്പിന്റെ ഒഴിഞ്ഞകോണിലോ,
മതാചാരംകൂടാതെ സംസ്കരിക്കണം" എന്നാക്കി.
ഹൗ എന്തൊരു നിർവൃതി!
നാളെത്തന്നെ മരണപത്രം തിരുത്തിയെഴുതിച്ചു രജിസ്റ്റർ ചെയ്യണം. വെറുമൊരു
കഡാവറായി വേണ്ടപ്പെട്ടവരെയൊക്കെ പരിഹാസ്യരാക്കേണ്ടല്ലോ...