ശ്രീനാരായണായ : കലയിലെ നിത്യ സാക്ഷിത്വവും അപാരതയെക്കുറിച്ചുള്ള ഉപന്യാസവും
എം.കെ.ഹരികുമാർ
ശ്രീനാരായണായ
ഒരു സൗന്ദര്യാന്വേഷണമാണ്. ഇത് ഒരു നവീന ക്രാഫ്റ്റാണ്.ഈ നോവൽ ഇങ്ങനെയേ
എഴുതാനൊക്കൂ.ഇതിൽ ഒരു ഋജുവായ കഥയില്ല .തുടക്കമോ ഒടുക്കമോ ഇല്ല .ആദ്യം മുതൽ
അവസാനം വരെയുള്ള കഥാപാത്രങ്ങളില്ല. കഥ പറയാൻ ഒരാളില്ല .ഇതിൽ എല്ലാ
അദ്ധ്യായത്തിലും ഗുരുവുണ്ട്. എന്നാൽ ഗുരു ജീവചരിത്രകാരന്മാരുടെ ഗുരുവായല്ല
ഇതിൽ പ്രത്യക്ഷപ്പെടുന്നത്.ഗുരുവിൻ്റെ പുറംലോക ജീവിതം ഇവിടെയില്ല.
ഗുരുവിൻ്റെ മറ്റൊരു ജീവിതമാണിത്. അത് ഗുരുവിനെ അനുഭവിപ്പിക്കുന്നതിനാണ്
ശ്രമിക്കുന്നത്. യഥാർത്ഥ സംഭവമെന്നോ അയഥാർത്ഥ സംഭവമെന്നോ വേർതിരിച്ച്
മനസിലാക്കേണ്ട സാഹചര്യം ഇവിടെയില്ല .വായനക്കാരന് അവൻ്റെ സത്യാന്വേഷണം
പ്രാപ്തമായാൽ മതിയല്ലോ .
ശ്രീനാരായണായയിൽ പതിനഞ്ച് എഴുത്തുകാർ ഒരു
വിശേഷാൽ പതിപ്പിനു വേണ്ടി എഴുതുകയാണ്. അത് ഒരു എഡിറ്ററുടെ
നിർദ്ദേശപ്രകാരമാണ്. നോവൽ ഒരു കഥാപുസ്തകം എന്നതിലുപരി വാർഷികപ്പതിപ്പായാണ്
നിലകൊള്ളുന്നത്. ഇത് വായിച്ച ശേഷം വളരെ വിദ്യാസമ്പന്നനായ ഒരാൾ എന്നോട്
ചോദിച്ചു ,നോവലിൻ്റെ ഒടുവിൽ പറയുന്ന റഷ്യൻ ബാലെ എന്നാണ്
അവതരിപ്പിക്കപ്പെട്ടതെന്ന്.റഷ്യൻ ബാലെ ഒരു കല്പിത കഥയാണ്.അങ്ങനെയൊരു
ബാലെ എവിടെയും അരങ്ങേറിയിട്ടില്ല. നോവലിൻ്റെ അദ്ധ്യായങ്ങൾ എഴുതിയവർ
യഥാർത്ഥത്തിലുള്ള വ്യക്തികളല്ലാത്തതുപോലെ അവർ ഉദ്ധരിക്കുന്ന പുസ്തകങ്ങളും
വാക്യങ്ങളും വ്യാജമാണ്. എന്നാൽ വായനക്കാർ അതെല്ലാം ശരിക്കും ഉള്ളതാണെന്ന്
വിശ്വസിക്കുന്നു. ഇതാണ് കലയുടെ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു. കല
ഒരാഭിചാരമാണ്. അത് വായനക്കാരനെ പലതും വിശ്വസിപ്പിക്കുന്നു. അതെല്ലാം
യഥാർത്ഥമാണോ എന്ന് ചിന്തിക്കുന്നത് കലാവിരുദ്ധമാണ്.
ഗുരുദർശനത്തെ
വെറുതെ പരിചയപ്പെടുത്താൻ വേണ്ടി നോവലെഴുതരുത്. അത് ചെയ്യുന്ന എത്രയോ
പുസ്തകങ്ങൾ പുറത്തു വന്നു കഴിഞ്ഞു.ഗുരുവിൻ്റെ ജീവചരിത്രത്തെ പിന്തുടർന്ന്
അത് കഥ പോലെ എഴുതുന്നതിൽ പുതിയ കണ്ടുപിടിത്തമില്ല .അത് വെറും ആഖ്യാനം
മാത്രമാണ്. അതിൽ സൃഷ്ടിപ്രക്രിയ ഇല്ല.അതുകൊണ്ടാണ് ഞാൻ അത്
ഉപേക്ഷിച്ചത്.എല്ലാവർക്കും വളരെ പരിചിതമായ ഒരു ഗുരുവിനെയല്ല ഞാൻ തേടിയത്.
എനിക്ക് ,ആന്തരികാംശത്തിൻ്റെ അന്തർനാടകങ്ങൾ ആവശ്യമായിരുന്നു.അതുകൊണ്ട് ഗുരു
ഭാവനയിൽ സാധ്യതകളെ നിർമ്മിക്കുന്ന ആത്മീയ അനുഭവമായിത്തീരുന്നു.
ഒരു ഫിക്ഷ്ൻ എഴുതുകയാണെന്ന് മറക്കരുത്. ഫിക്ഷൻ എന്ന വാക്ക് യാഥാർത്ഥ്യത്തെ നിഷേധിക്കുകയാണ്. അതിനു പ്രതീതി ആവശ്യമാണ്. യഥാർത്ഥമായിട്ടുള്ളത് എന്താണെന്ന അന്വേഷണം ഫിക്ഷ്നിലെത്തിച്ചേരും. ഭാവന ഒരാളെ യാഥാർത്ഥ്യത്തേക്കാൾ പ്രതിനിധീകരിക്കുന്നു. അത് ആന്തരാനുഭവങ്ങളെ ,വൈയക്തികമായ അധോതലങ്ങളെ കൂടുതൽ ഉൾക്കൊള്ളുന്നു. അതുകൊണ്ട് കലാകാരനെന്ന നിലയിലുള്ള ആന്തരികമായ ത്വരകൾ എന്നെ കൂടുതൽ പ്രതിനിധീകരിക്കുന്നു.
പ്രമേയം ഒരു കല്പിത കഥയാവണം. ഈ കല്പിത കഥയിലെ നിത്യസാക്ഷിത്വമാണ് ഗുരു.അത് പ്രമേയപരമായ കലാനുഭവ സ്വാതന്ത്ര്യമാണ്.അങ്ങനെ ഗുരു ഈ കൃതിയിൽ യഥാർത്ഥ ചരിത്രത്തിൽ നിന്ന് ഒരടി ഉയർന്ന് മനുഷ്യാസ്തിത്വത്തിൻ്റെ അപാരതയെക്കുറിച്ചുള്ള ഉപന്യാസ മായിത്തീരുന്നു.
മറ്റൊരു നോട്ടം എപ്പോഴുമുണ്ട്. നമ്മൾ നോക്കുന്നതു പോലെ നമ്മളെയും നോക്കുന്നുണ്ട്. രണ്ടും വ്യത്യസ്തമായ നോട്ടങ്ങളാണ്.'ശ്രീ നാരായണായ 'യിൽ മറ്റൊരു നോട്ടമാണ് പ്രധാനം.ഗുരുവിനെ ജീവചരിത്രകാരന്മാർ നോക്കിയതു പോലെ നോക്കരുത് .അവരുടെ നോട്ടം ആവർത്തനവിരസമാണ്. ആ നോട്ടങ്ങളുടെയെല്ലാം ആകെത്തുക ഒന്നാണ് .ഒരു കിളി മരക്കൊമ്പിലിരുന്ന് പാടിയ ശേഷം പറന്നു പോകുന്ന ദൃശ്യം നമ്മൾ കണ്ടിട്ടുണ്ട്. ഇതുപോലെയുള്ള ദൃശ്യങ്ങൾക്ക് ഏകതാന സ്വഭാവമാണുള്ളത്. അത് പകർത്തിയ ഫോട്ടോഗ്രാഫറുടെ മനോഭാവവും പരിമിതിയും നമ്മൾ ഉൾക്കൊള്ളണം. അതുകൊണ്ട് ഫോട്ടോഗ്രാഫറുടെ ഒരേയൊരു നോട്ടം മാത്രമേ ഈ പ്രപഞ്ചത്തിലുള്ളു എന്ന് ധരിക്കരുത്. വേറെ അജ്ഞാതമായ നോട്ടങ്ങളുണ്ട്. അതെല്ലാം ദൈവത്തിൻ്റെ നോട്ടങ്ങായി വ്യാഖ്യാനിക്കാം. അങ്ങനെ അസംഖ്യം നോട്ടങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുകയാണ് ഒരു യഥാർത്ഥ കലാകാരൻ ചെയ്യുന്നത്. ശ്രീനാരായണായയുടെ നോട്ടം അതാണ്. അത് ചരിത്രത്തിലില്ലാത്ത നോട്ടമാണ്. ഗുരുവിനെക്കുറിച്ച് ജീവചരിത്രമെഴുതിയവരോ നോവലെഴുതിയവരോ ഇങ്ങനെ നോക്കിയിട്ടില്ല. ഇത് എൻ്റെ നോട്ടമാണ്. എൻ്റെ പരമമായ നോട്ടം.
ഇതേപോലെ തന്നെയാണ് ജലഛായ, വാൻഗോഗിന് എന്നീ നോവലുകളെയും എൻ്റേതായ നോട്ടം കൊണ്ടു ഞാൻ സമീപിച്ചിട്ടുള്ളത്.
ഭോപ്പാലിൽ
നിന്ന് തുളസീധരൻ എന്ന വായനക്കാരൻ ദിവസവും ശ്രീനാരായണായ പാരായണം
ചെയ്യുന്നത് കോവിഡ് കാലത്തെ ഒരു ശ്രദ്ധേയ സംഭവമായിരുന്നു. അദ്ദേഹം ഇതിനെ
വായനായജ്ഞം എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ അത് എൺപത് ദിവസം
പിന്നിട്ടിരിക്കുന്നു. അദ്ദേഹം ദിവസവും നോവലിലെ ഒരു ഭാഗം പത്ത് മിനിട്ട്
വായിക്കും. എന്നിട്ട് അത് ഓഡിയോ ക്ലിപ്പ് രൂപത്തിൽ അനേകം വാട്സപ്പ്
ഗ്രൂപ്പുകൾക്ക് അയച്ചുകൊടുക്കുന്നു.ഇത് ധാരാളം പേരെ ആകർഷിച്ചു. അവരിൽ പലരും
പ്രതികരണങ്ങൾ അയയ്ക്കുകയും ചെയ്തു.
കോവിഡ് കാലം വളരെ ശോകമൂകമായിരുന്നല്ലോ. അതിൻ്റെ നിസ്സഹായതയെ മറികടക്കാൻ ഈ നിത്യപാരായണം ഉപകരിച്ചതായി പലരും പറയുകയും ചെയ്തു.
ഒരു
നോവലിസ്റ്റ് എന്ന നിലയിൽ എനിക്ക് ഇത് വളരെ വിലപ്പെട്ടതാണ്.കാരണം ഒരു ജൈവ
വായനക്കാരനെ ലഭിക്കുകയാണ്. ആത്മീയമായ ഒരാവശ്യം പോലെയാണ് തുളസീധരൻ ഭോപ്പാൽ
ഇത് പാരായണം ചെയ്തത്. അദ്ദേഹം അതിനെ യജ്ഞം എന്ന് വിളിച്ചതു പോലും ഉന്നതമായ
ഒരു നിത്യസാക്ഷ്യത്തെ ആലേഖനം ചെയ്യുന്നുണ്ട്.ഒരു വായനക്കാരനെ ശ്രീനാരായണായ
ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. ഈ നോവൽ പ്രസിദ്ധീകരിച്ച് അധികമാകുന്നതിനു
മുമ്പ് തന്നെ തുളസീധരൻ ഒരു ലേഖനമെഴുതിയതും ഓർക്കണം. ഇത് വായിച്ചു എന്ന
കാരണത്താൽ ഭോപ്പാലിൽ നിന്ന് മരുത്വാമലയിലേക്ക് വണ്ടി കയറിയ
തീക്ഷ്ണബുദ്ധിയാണദ്ദേഹം. ഇതു പോലെ വേറൊരു വായനാനുഭവം മലയാള
സാഹിത്യത്തിലില്ല. എനിക്ക് ഇപ്പോഴും തുളസീധരനെ നേരിൽ കണ്ടു പരിചയമില്ല
.എല്ലാം ഫോണിലൂടെ മാത്രം. അദ്ദേഹം എല്ലാ ദിവസവും സമ്പർക്കം പുലർത്താറുണ്ട്
,ഒന്നുകിൽ ഫോണിലൂടെ അല്ലെങ്കിൽ വാട്സ് ആപ്പ് ഓഡിയോയിലുടെ .
ഈ നോവലിൽ
വേദാന്ത ചർച്ചകളുണ്ട് ,ഉപനിഷത് ആലോചനകളുണ്ട്. എന്നാൽ വേദാന്തചർച്ചയും
അതിൻ്റെ അനുഭൂതിയും വ്യത്യസ്തമാണ്. വേദവിചാരത്തിലൂടെ കലയുടെയും
സൗന്ദര്യത്തിൻ്റെയും ഒരു സമാന്തരപാതയാണ് ഞാൻ തേടിയത്. അദ്വൈതം എനിക്ക്
യുക്തിയല്ല ,അനുഭവമാണ്. അപ്പോഴാണ് അത് ഭാഷയിൽ കലരുന്നത്. ഞാൻ ആത്യന്തികമായ
രമ്യതയെ അനുഭൂതിയായി സ്വാംശീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എൻ്റെ
നവാദ്വൈത ദർശനത്തിലേക്കാണ് ,ഈ വേദ ചർച്ചകളിലൂടെ ഞാൻ എത്തിച്ചേരുന്നതെന്ന്
അറിയിക്കട്ടെ.നവാദ്വൈതം അദ്വൈതമല്ല. അത് ഉൾപ്പരിവർത്തനമാണ്. ഓരോ വസ്തുവിലും
ഉൾപ്പരിവർത്തനമുണ്ട് .
തുളസീധരൻ്റെ വായന കേട്ടശേഷം ഞാൻ അതിൻ്റെ
ആശയപരവും സൗന്ദര്യാത്മകവുമായ തലങ്ങളിലേക്ക് പ്രവേശിച്ചുകൊണ്ട് മിക്കവാറും
ഒരു വോയ്സ് ക്ളിപ്പ് ഇടാറുണ്ട്. അത് പ്രഭാഷണമല്ല. മനസിൽ അപ്പോൾ തോന്നുന്നത്
പറയും. ഇത്തരം വോയ്‌സ് ക്ളിപ്പുകൾ മുപ്പതെണ്ണത്തിൽ കുടുതലായെന്ന്
തുളസീധരനാണ് പറഞ്ഞത്. ഒരെണ്ണം ഏകദേശം പത്ത് മിനിട്ട് ദൈർഘ്യമുള്ളതാണ്.
ഒരു വോയ്സ് ക്ളിപ്പിൽ ഉൾപ്പരിവർത്തനം എങ്ങനെയാണ് നോവലിൽ സന്നിവേശിച്ചിരിക്കുന്നതെന്ന് ഞാൻ വിവരിച്ചത് ഇങ്ങനെ സംഗ്രഹിക്കാം:
"എന്നിലുള്ളതെല്ലാം
പലരിൽ നിന്നും വന്നിട്ടുള്ളതാണ്.അതുകൊണ്ട് പലരിലും ഞാനുണ്ട് .സകലതിലും ഞാൻ
എന്നെ കാണുകയാണ്.ഒരു പക്ഷി പാടുമ്പോൾ ഞാൻ തന്നെയാണ് പാടുന്നത്. എങ്കിലേ
എനിക്ക് എഴുതാൻ കഴിയൂ. പരകായപ്രവേശമാണിത്. അങ്ങനെയാണ് ലോകം ഉണ്ടെന്ന്
സമർത്ഥിക്കുന്നത്. സകലതിലേക്കും നമ്മൾ ചെല്ലുന്നതിൻ്റെ വ്യാപ്തിയാണ്
ആത്മാവ്. അത് ബ്രഹ്മത്തിൽ ലയിക്കുന്നതോ നശിക്കാത്തതോ അല്ല .അവിടെ ആത്മാവ്
ഭൂതകാല സങ്കല്പത്തിൽ നിന്ന് വേർപെടുകയാണ്. മനുഷ്യൻ അവൻ്റെ ധൈഷണിക ,വൈകാരിക
ബന്ധത്തിലൂടെ എത്തിച്ചേരുന്ന ലോകമാണത്. അതാണ് ആത്മാവിൻ്റെ ലോകം. അത്
തന്നെയാണ് ആത്മാവ് .ആത്മാവ് ഉണ്ടാകുന്നത് അങ്ങനെയാണ്. എന്നാൽ അത്
അനശ്വരമല്ല .ഒരു ഘട്ടത്തിൽ മനുഷ്യൻ അതിൽ നിന്ന് നിലംപതിക്കാം. അവൻ്റെ ലോക
ബന്ധം തിന്മകൊണ്ടു നിറയാം. അത് ആത്മാവിൻ്റെ നഷ്ടമാണ്. മനുഷ്യൻ ഈ ആത്മാവിനെ
നഷ്ടപ്പെടുത്താതിരിക്കാൻ ചുറ്റുമുള്ളതിനോട് വൈകാരിക ബന്ധം
നിലനിർത്തേണ്ടതുണ്ട്. സ്നേഹം ,കല ,ബുദ്ധി എന്നിവയിലൂടെ നാം
എവിടെയെത്തുന്നുവോ അവിടെയാണ് മനുഷ്യത്വത്തിൻ്റെ പരാഗണം. നാം മറ്റൊന്നായി
മാറുകയാണ്, പിന്നിൽ ഒരു സത്തക്കെ ഉപേക്ഷിച്ചു കൊണ്ട്.ഇത് അനശ്വരതയല്ല. ഒരു
നൈമിഷിക താവളമാണ്. ആത്മരൂപാന്തരങ്ങൾ അനന്തമാണ് .പൂച്ചയെ വരയ്ക്കുമ്പോൾ
പൂച്ച അയാളുടേതായി മാറും.ഇവിടെ നമ്മൾ സ്വയം നിരീക്ഷിക്കുന്നു;സ്വയം
നിർമ്മിക്കുകയും ചെയ്യുന്നു. യഥാർത്ഥ പൂച്ച സ്വയം നിരസിച്ച് ചിത്രത്തിലെ
പൂച്ചയാകുന്നു. അതോടൊപ്പം യഥാർത്ഥ പൂച്ച സ്വയം നിർമ്മിക്കുകയും ചെയ്യുന്നു.
ഈ ആത്മീയതയാണ് ഉൾപ്പരിവർത്തന (നവാദ്വൈതം) ത്തിലുള്ളത്. ഇത് ഓരോ
നിമിഷത്തിൻ്റെയും ഉൾപ്പരിവർത്തനമാണ്. ഒരു വസ്തുവിനും അതിൻ്റെ അസ്തിത്വമില്ല
.അത് മറ്റ് അസ്തിത്വങ്ങളായി മാറുന്നതിൻ്റെ സങ്കീർണമായ
ചലനാത്മകതയാണുള്ളത്.''
വേദാന്തത്തിലെ ആത്മാവല്ല ഇതെന്ന് സ്പഷ്ടമാണ്.ഇത്
വ്യക്തിയുടെ എന്ന പോലെ വസ്തുവിൻ്റെയും ആത്മ പ്രക്രിയകളുടെ സംഘാതമാണ്. കല
ഇതാണ് ,സൗന്ദര്യം ഇതാണ് ,മനസ്സ് ഇതാണ്. വേറെ മറ്റൊന്നില്ല ,അന്തിമമായി
വിലയം പ്രാപിക്കാൻ .