22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 അഭിമുഖം /ആത്മാവിൽ സ്വതന്ത്രനാകാൻ ശ്രമിച്ചാൽ
എം കെ ഹരികുമാർ/ എൻ നിരഞ്ജ്

ചോദ്യം: ആനുകാലികങ്ങൾ സ്വന്തം എഴുത്തുകാർക്ക് ചുറ്റും കറങ്ങുന്ന  ഈ കാലത്ത് സാഹിത്യവിമർശനത്തിനു പ്രസക്തിയുണ്ടോ ?

എം.കെ.ഹരികുമാർ: ഒരു വിമർശകൻ ഉണ്ടാകുന്നത് ഏതെങ്കിലും ബാഹ്യ ഏജൻസി ബുക്ക് ചെയ്യുന്നതു കൊണ്ടല്ലല്ലോ. വിമർശകൻ അയാളുടെ ബുദ്ധികൊണ്ടാണ് ജീവിക്കുന്നത്. ബുദ്ധിയില്ലാത്തവനെ ഏത് സ്ഥാപനം സ്പോൺസർ ചെയ്താലും പ്രയോജനമില്ല .ബുദ്ധിയുള്ള വിമർശകർക്ക് വായനക്കാരെ കിട്ടിക്കൊണ്ടിരിക്കും.

ചോദ്യം: ഇന്ന് വിമർശകരുണ്ടോ ?


എം.കെ: വിമർശകരെ കാണാൻ കഴിയുന്നില്ല .എന്നാൽ അധ്യാപകരും പത്രപ്രവർത്തകരും വരുന്നുണ്ട്. എല്ലാറ്റിനോടും അനുരഞ്ജനപ്പെട്ട് ,എല്ലാ രുചികളെയും പിന്താങ്ങി ഒരു ശരിയായ വിമർശകനു ജീവിക്കാനാവില്ല. വിമർശനം എന്നത് ഒരു ചോദ്യം ചെയ്യലാണ് ;നിർമ്മാണമാണ് .ഒത്തുതീർപ്പിൽ എന്ത് വിമർശനമാണുള്ളത്? ഇന്നത്തെ 'വിമർശകർ 'സ്വർണക്കടകളിൽ ആഭരണം പ്രദർശിപ്പിച്ചു വച്ചിരിക്കുന്ന മനുഷ്യരൂപങ്ങളെപ്പോലെയാണ്. അവർ എല്ലായിടത്തും ആഭരണം പ്രദർശിപ്പിക്കാനുള്ളതാണ്. ലിറ്റററി ഫെസ്റ്റിവലുകളിലേക്ക് അവരെ കൊണ്ടുപോകാറുണ്ട്. അവിടെ ചെന്നാലും അവർക്ക് സ്വന്തമായിട്ടൊന്നും പറയാനൊക്കില്ല. ആരുടെയെങ്കിലും ഭാരം ചുമക്കണം .മറ്റുള്ളവർക്ക് വേണ്ടി പരസ്യവേല ചെയ്തുകൊടുക്കണം. സ്വർണം ധരിച്ച് പ്രതിമയാകുക എന്ന വിധി ഈ കാലഘട്ടത്തിലെ എടുപ്പുകുതിരകളായ വിമർശകർക്കെല്ലാം ബാധകമാണ്.

ചോദ്യം: ഇന്നത്തെ സാഹിത്യസാംസ്കാരിക മേഖലയെ യേശുവിൻ്റെ കാലത്തെ യഹൂദന്മാരുടെ മനോഭാവവുമായി ബന്ധിപ്പിച്ചത് എന്തുകൊണ്ടാണ് ?

എം.കെ :നമ്മുടെ സാഹിത്യ മേഖലയിൽ ഇപ്പോഴും ഫ്യൂഡൽ  വിധ്വംസക മനോഭാവങ്ങൾ നിലനില്ക്കുന്നുണ്ട്. വിമർശനങ്ങളോട് മൗനം അവലംബിക്കുന്നത് അതിനു ഉദാഹരണമാണ്. അതുകൊണ്ടാണ് സാഹിത്യഅക്കാദമി പോലുള്ള സ്ഥാപനങ്ങൾ ചില എഴുത്തുകാരോടെങ്കിലും അസ്പൃശ്യത കാണിക്കുന്നത്.

ചോദ്യം: പഴയ കാലത്തെ സാഹിത്യകാരന്മാരുടെ വ്യക്തി ബന്ധങ്ങൾ ഇന്നുണ്ടോ ?

എം.കെ.: തീർച്ചയായും ഉണ്ട്. ചുരുക്കം പേരിലുണ്ട്.പക്ഷേ ,മിക്കപ്പോഴും അത് സ്വതന്ത്രമായതല്ല. വളരെ പ്രൊഫഷണലാണ്.പരസ്പരം സ്പോൺസർ ചെയ്യുന്നു.സ്പോൺസർമാരുടെ വീട് സന്ദർശിക്കുന്നത് പുണ്യ പ്രവൃത്തിയാണ്.ഒരു സ്പോൺസറുടെ ,ഗ്രൂപ്പിൻ്റെ പക്ഷത്തേക്ക് ചാഞ്ഞാൽ മറ്റൊരാളുടെ കക്ഷത്തിൽ തല വച്ചതു പോലെയാണ്. പുറത്തുള്ളവരോട് സംസാരിക്കാൻ പോലുമുള്ള സ്വാതന്ത്യം നഷ്ടപ്പെടും.


ചോദ്യം: താങ്കൾ കവിത ,കഥ ,വിമർശനം ,നോവൽ ,കോളം തുടങ്ങി വ്യത്യസ്തമായ മേഖലകളിൽ പ്രവർത്തിക്കുകയാണല്ലോ .ഒരു വിമർശകൻ എന്ന പദവിക്ക് ഇത് ഇണങ്ങുമോ?

എം.കെ: നമ്മൾ കിണറ്റിലേക്ക് എടുത്തു ചാടി തവളയാകണ്ട .വിമർശകനായിരിക്കുക എന്നു പറഞ്ഞാൽ മറ്റൊരു കഴിവും ഇല്ലാത്തവനാണെന്ന് അർത്ഥമാക്കേണ്ടതില്ല. അങ്ങനെ കരുതുന്നവർ കണ്ടേക്കും.ലോക സാഹിത്യത്തിൽ വിമർശനവും സിദ്ധാന്ത നിർമ്മിതിയും സർഗാത്മക സാഹിത്യവുമെല്ലാം ഒരുമിച്ചാണ് നീങ്ങുന്നത്. വിമർശകനായ കോളിൻ വിത്സൻ നോവലെഴുതിയിട്ടുണ്ട്‌.ടി. എസ് .എലിയട്ട് മഹാനായ കവിയും മഹാനായ വിമർശകനുമായിരുന്നല്ലോ.
അലൻ റോബ്ബേ ഗ്രിയേ, മിലാൻ കുന്ദേര തുടങ്ങിയവർ നോവലിസ്റ്റുകളും സൈദ്ധന്തികരുമായിരുന്നു. അതിർത്തികൾ മാഞ്ഞു പോകുന്ന കാലമാണിത്.

ചോദ്യം: സ്നേഹം ഒരു വികാരമായി ഇപ്പോഴും അവശേഷിക്കുന്നുണ്ടോ ?

എം.കെ.: മനഷ്യരുടെ സ്നേഹം പ്രൊഫഷണലായി ചുരുങ്ങിയിരിക്കയാണ്. തൊഴിലാണ് ഇന്ന് സ്നേഹത്തെ നിശ്ചയിക്കുന്നത്.തൊഴിൽ മേഖലയിൽ പരസ്പരം സ്നേഹിക്കുന്നവരെ കണ്ടിട്ടുണ്ട്. അത് നിലനില്ക്കാൻ വേണ്ടിയുള്ളതാണ്.  മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ചിലരോട് സഹതാപം കാണിക്കുന്നവരുണ്ട്. സ്നേഹത്തിനു എന്തോ സംഭവിച്ചിട്ടുണ്ട്. ജീവിതത്തെ ആളുകൾ ഇന്ന് പ്രതീക്ഷയോടെയല്ല കാണുന്നത്. സ്വന്തം ചികിത്സയ്ക്കും അതിജീവനത്തിനും വേണ്ടി അല്പം അഡ്ജസ്റ്റ് ചെയ്യും.എന്നാൽ അതിനു പുറത്തുള്ളതെല്ലാം സംശയിക്കപ്പെടുകയാണ്.

ചോദ്യം: കുട്ടിക്കാലം മിസ് ചെയ്യുന്നതായി തോന്നുന്നുണ്ടോ?


എം.കെ: ഞാൻ മനസ്സിൽ ഒരു കുട്ടിയാണ്. എന്നാൽ കുട്ടിക്കാലത്തെ സൗഹൃദങ്ങൾക്ക് എന്താണ് പറ്റിയത് ? അത് ഒരു ശൂന്യതയായി മുന്നിലുണ്ട്. വളർച്ച പുരോഗമനമാണ്. എന്നാൽ നാം വലിയ ചില ശൂന്യതകൾ അതിനായി ഏറ്റെടുക്കുന്നുണ്ട്‌. അത് പരിഹരിക്കാനാവുന്നില്ല .

ചോദ്യം: എഴുതി വളരുമ്പോൾ ,തുടക്കത്തിലുള്ള സൗഹൃദങ്ങളും കൂടെപ്പോരുമോ ?

എം.കെ: ആദ്യകാല സൗഹൃദങ്ങൾ വലിയ പിന്തുണയാണ്‌. അവരാണല്ലോ ആദ്യം വായിക്കുന്നത്. എന്നാൽ നമ്മുടെ പിന്നീടുള്ള യാത്രയിൽ അവരെല്ലാം കൂടെപ്പോരണമെന്നില്ല. നിലപാടുകളും വഴികളും ചിലപ്പോൾ പലർക്കും സ്വീകാര്യമാവണമെന്നില്ല. നല്ല ഒരു വായനക്കാരൻ എന്ന നിലയിലേക്ക് എല്ലാവർക്കും എത്താൻ കഴിയില്ല. അതിൻ്റെ അവശ്യമില്ല സ്നേഹത്തിന്.എന്നാൽ ഒരു എഴുത്തുകാരനെ അറിയുന്നത് വായനക്കാരനാണ് ,സുഹൃത്തല്ല. ഒരു സുഹൃത്തിൽ നിന്ന് മികച്ച ഒരു നിരീക്ഷണം ഉണ്ടാകുകയാണെങ്കിൽ അത് വളരെ പ്രിയപ്പെട്ടതായിരിക്കും. ഞാൻ സ്നേഹത്തിനായി കാത്തിരിക്കുകയാണ്. അതിനാണ് എഴുതുന്നത്. ഓരോ ദിവസവും ഒരു സ്നേഹിതനെ പ്രതീക്ഷിക്കുന്നു. വാക്കുകളിൽ സ്നേഹമാണ് ഉറങ്ങുന്നത് എന്നറിഞ്ഞാൽ എഴുതാൻ എളുപ്പമാണ്.

ചോദ്യം: മുപ്പത്തിയെട്ട് വർഷത്തെ എഴുത്താൽ നിന്ന് ,ഇരുപത്തിരണ്ടു വർഷത്തെ എഴുത്തിൽ നിന്ന് എന്താണ് പഠിച്ചത് ? രണ്ടോ ,മുന്നോ വാക്യങ്ങളിൽ പറയാമോ ?

എം.കെ: സ്വതന്ത്രനായിരിക്കാൻ കഴിയുമായിരിക്കും. എന്നാൽ ആത്മാവിൽ സ്വതന്ത്രനാകാൻ ശ്രമിച്ചാൽ ഒറ്റപ്പെടും.


ചോദ്യം :എഴുത്തുകാരുടെ സ്വാതന്ത്ര്യാഭിവാഞ്ചയും മനുഷ്യാവകാശബോധവും യഥാർത്ഥമല്ലെന്നാണോ പറയുന്നത് ?

എം.കെ: എഴുത്തുകാരെ ആദർശപുരുഷന്മാരായി ഞാൻ കാണുന്നില്ല.അവർ തുല്യതയ്ക്ക് വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും വാദിക്കുന്നത് പ്രതിഛായ നേടാൻ വേണ്ടിയാണ്. അവർക്ക് ഒരു സ്ഥാപനമോ പ്രസ്ഥാനമോ നീതി പുർവ്വം നടത്താൻ കഴിയില്ല.അവർ ദുർബ്ബലരാണ്. അവർ പെട്ടെന്ന് പക്ഷ പാതപരമായ കാഴ്ചപ്പാടുകൾക്ക് അടിമപ്പെടും.

BACK TO HOME


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...