ഉത്പാദക സംഘങ്ങൾക്ക്‌ മാതൃകയായി പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘം


നിഷ ജി.

കേരളത്തിലെ കേരകർഷകർ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്‌ കർഷക കൂട്ടായ്മകൾ വഴി പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ 2012 അവസാനത്തോടെ നാളികേര ഉത്പാദക സംഘങ്ങൾ രൂപീകരിക്കുവാൻ നാളികേര വികസന ബോർഡ്‌ തീരുമാനിച്ചതു. തിരുവനന്തപുരം ജില്ലയിൽ 103 സംഘങ്ങളാണ്‌ ഇതുവരെയായി നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. ഇവയിൽ മാതൃകാപരമായി മുന്നോട്ടുപോകുന്ന പൊരുന്തമൺ കൈരളി നാളികേരോത്പാദക സംഘത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌.
തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത്‌ ബ്ലോക്കിൽ ഉൾപ്പെടുന്ന പുളിമാത്ത്‌ പഞ്ചായത്തിലെ 5-​‍ാം വാർഡ്‌ ആയ മഞ്ഞപ്പാറ  പ്രവർത്തന പരിധിയാക്കിയാണ്‌ പൊരുന്തമൺ കൈരളി നാളികേരോപത്​‍ാദക സംഘം രൂപീകരിക്കപ്പെട്ടത്‌. നാളികേര വികസന ബോർഡ്‌ പുളിമാത്ത്‌ പഞ്ചായത്തിലടക്കം നടത്തി വരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ 5-​‍ാം വാർഡ്‌ ക്ലസ്റ്റർ കൺവീനറായ ശ്രീ. ജി. മധുവാണ്‌ ഈ ഉത്പാദക സംഘത്തിന്റെ പ്രസിഡന്റ്‌. 2012 മാർച്ച്‌ 12ന്‌ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ഇപ്പോൾ 123 പേരാണ്‌ സംഘത്തിൽ അംഗങ്ങളായിട്ടുള്ളത്‌.

സംഘത്തിന്റെ ആദ്യപ്രവർത്തനം തന്നെ സംഘാംഗങ്ങളുടെ പക്കൽ നാളുകളായി ഉണ്ടായിരുന്ന നാളികേരം സംഭരിക്കുകയും ആവശ്യക്കാർക്ക്‌ വിപണനം ചെയ്യുകയും ചെയ്തുകൊണ്ടായിരുന്നു. തുടക്കത്തിൽ കിലോയ്ക്ക്‌ 11 രൂപയ്ക്ക്‌ സംഭരിച്ച്‌ 12 രൂപയ്ക്കാണ്‌ വിപണനം ചെയ്തത്‌. പക്ഷേ ഇപ്പോൾ ഗവണ്‍മന്റ്‌ നിശ്ചയിച്ച താങ്ങുവിലയായ 14 രൂപയ്ക്ക്‌ തന്നെ നാളികേരം വാങ്ങാൻ സാധിക്കുന്നുണ്ട്‌. കൂടാതെ പരമ്പരാഗതമായ രീതിയിൽ 15000 തേങ്ങ വെളിച്ചെണ്ണയാക്കി സംഘാംഗങ്ങളുടെ ഇടയിൽ തന്നെ വിപണനം ചെയ്തു. മായം കലരാത്ത വെളിച്ചെണ്ണയ്ക്ക്‌ ഡിമാൻഡ്‌ ഏറെ ആയതിനാൽ ഉണ്ടാക്കുന്ന ദിവസം തന്നെ മുഴുവനും വിറ്റ്‌ പോകുന്നു. എണ്ണയായി മാറ്റുന്ന തേങ്ങയുടെ തൊണ്ടും ചിരട്ടയും തൊട്ടടുത്ത സ്കൂളിലെ പാചകാവശ്യത്തിന്‌ വിപണനം ചെയ്യാനും സാധിക്കുന്നുണ്ട്‌.


ഇളനീർ വിപണനവും സംഘത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്നാണ്‌. സംഘാംഗങ്ങളായ കർഷകരുടെ തോട്ടത്തിലെത്തി ഇളനീർ ശേഖരിച്ച്‌ സംഘത്തിന്റെ ആസ്ഥാനമായ പൊരുന്തമൺ ജംഗ്ഷനിലെ കെട്ടിടത്തിൽ വെച്ച്‌ വിപണനം ചെയ്യുന്നു. കർഷകർക്ക്‌ ഒരു ഇളനീരിന്‌ 12 രൂപ ലഭിക്കുമ്പോൾ 18 മുതൽ 20 വരെ രൂപയാണ്‌ ഇളനീരിന്റെ വിപണിവില. സംഘത്തിലേക്ക്‌ കൂടുതൽ കർഷകരെ ആകർഷിച്ച മുഖ്യഘടകങ്ങളിൽ ഒന്നാണ്‌ ഈ ഇളനീർ സംഭരണം. ഇളനീർപ്പന്തൽ കുറച്ചുകൂടി വിപുലമായി നടത്താൻ പറ്റിയ സ്ഥലത്തിനായി അനുവാദം ചോദിച്ചുകൊണ്ട്‌ പഞ്ചായത്തിന്‌ അപേക്ഷ നൽകിയിട്ടുണ്ട്‌. ലഭിച്ചാലുടൻ തന്നെ പ്രോജക്ട്‌ നാളികേര വികസന ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുന്നതാണ്‌.
കൃഷി വകുപ്പിന്റെ കടയ്ക്കൽ ഫാമിൽ നിന്നും 10 രൂപയ്ക്ക്‌ ലഭിച്ചുവരുന്ന പച്ചക്കറി വിത്തിന്റെ പാക്കറ്റുകൾ സംഘം ശേഖരിച്ച്‌ 5 രൂപയ്ക്ക്‌ അംഗങ്ങൾക്ക്‌ നൽകി വരുന്നു. തെങ്ങിന്‌ ഇടവിളയായും തനിവിളയായും പച്ചക്കറി കൃഷി ചെയ്യാൻ സംഘാംഗങ്ങൾക്ക്‌ വേണ്ട പ്രോത്സാഹനവും നൽകുന്നു. കഴിഞ്ഞ ഓണത്തിന്‌ പച്ചക്കറി മേള നടത്തുകയും അത്‌ സംഘത്തിന്‌ ഒരു മുതൽക്കൂട്ടായി മാറുകയും ചെയ്ത കാര്യവും ശ്രീ. മധു അനുസ്മരിച്ചു. ഇതോടുകൂടിയാണ്‌ സംഘത്തിന്റെ പ്രവർത്തനങ്ങൾ കർഷകർ അറിഞ്ഞു തുടങ്ങിയത്‌. ഇപ്പോൾ സംഘാംഗങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നും 6 രൂപ നിരക്കിൽ വാഴവിത്തുകൾ സംഘം ശേഖരിച്ച്‌ ആവശ്യക്കാർക്ക്‌ നൽകുന്നുണ്ട്‌. ഇത്‌ കർഷകർക്ക്‌ തികച്ചും പുതിയൊരു അനുഭവമായിരുന്നു. കൂടാതെ അംഗങ്ങളുടെ ചേന കിലോയ്ക്ക്‌ 18 രൂപ നിരക്കിൽ ശേഖരിച്ച്‌ 20 രൂപയ്ക്ക്‌ ആവശ്യക്കാർക്ക്‌ നൽകുന്നുണ്ട്‌. വാഴയും ചേനയും തെങ്ങിന്‌ ഇടവിളയായി കൃഷി ചെയ്യുന്ന രീതികൾ സംഘാംഗങ്ങൾക്ക്‌ വിവിരിച്ചുകൊടുക്കാൻ സിപിഎസ്‌ ഭാരവാഹികൾക്കായുള്ള നേതൃത്വ പരിശീലനത്തിൽ ലഭിച്ച പാഠങ്ങൾ സഹായകരമായിത്തീരുന്നുവേന്ന്‌ ശ്രീ.മധു സാക്ഷ്യപ്പെടുത്തുന്നു.
അംഗങ്ങളുടെ പക്കൽ നിന്ന്‌ പച്ച ഈർക്കിലി കിലോയ്ക്ക്‌ 25 രൂപ നിരക്കിൽ സംഭരിച്ച്‌ ചൂലുണ്ടാക്കി സംഘത്തിന്റെ സ്റ്റിക്കറോടുകൂടി പുറത്തിറക്കുന്നതും ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. ഒരു കിലോഗ്രാം ഈർക്കിലിൽ നിന്ന്‌ രണ്ട്‌ ചൂലുകൾ ഉണ്ടാക്കാവുന്നതാണ്‌.
തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയും തുടർന്ന്‌ വന്ന ഉത്പാദക സംഘത്തിന്റെ പ്രവർത്തനങ്ങളും കേരകർഷകരുടെ ഇടയിൽ ഒരു പുത്തൻ ഉണർവ്വ്വ്‌ സൃഷ്ടിച്ചു. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വളം വിതരണവും തെങ്ങിൻ തൈ വിതരണവും നടത്തുന്നത്‌ ഇവർ തന്നെയാണ്‌. പുനർ നടീലിനായുള്ള സങ്കരയിനം തൈകൾക്കും കുറിയയിനം തൈകൾക്കും അംഗങ്ങൾ വളരെ താൽപര്യത്തോടെ മുന്നോട്ട്‌ വന്നപ്പോൾ സംഘം നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമുമായി ബന്ധപ്പെട്ട്‌ ഇവ ബുക്ക്‌ ചെയ്തിട്ടുണ്ട്‌. ഉടൻ തന്നെ നേര്യമംഗലത്ത്‌ പോയി തൈകൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്‌.
സംഘാംഗങ്ങളായ കർഷകർക്ക്‌ കിസ്സാൻ ക്രെഡിറ്റ്‌ കാർഡ്‌ ലഭ്യമാക്കുന്നതിനായി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുളിമാത്ത്‌ കൃഷി ഓഫീസർ ശ്രീ. അജോയിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച യോഗത്തിൽ സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്ക്‌ കാരേറ്റ്‌ ബ്രാഞ്ച്‌ മാനേജർ, പുളിമാത്ത്‌ കൃഷി ഓഫീസർ, നാളികേര വികസന ബോർഡ്‌ ടെക്നിക്കൽ ഓഫീസർ, പുളിമാത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സംഘാംഗങ്ങളായ കർഷകർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ പ്രകടമായ അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ താൽപര്യവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ബാങ്ക്‌ മാനേജർ സംഘത്തിന്റെ ആസ്ഥാനവും കൃഷിയിടങ്ങളും സന്ദർശിക്കുകയുണ്ടായി. ഇപ്പോൾ കാർഷിക ലോൺ ബുദ്ധിമുട്ടില്ലാതെ കർഷകർക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നു.
മുൻ വാർഡ്‌ മെമ്പർ കൂടിയായ ശ്രീ. മധുവിന്റെ നിസ്വാർത്ഥവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ സംഘത്തിന്‌ മുതൽക്കൂട്ടാകുന്നു. സംഘത്തിന്റെ ആസ്ഥാനം മുഴുവൻ സമയവും സജീവമാണ്‌. ലീന, വിജി, രജനി എന്നീ മൂന്ന്‌ പ്രവർത്തകരും സംഘത്തിന്റെ പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹത്തോടെ പങ്കുചേരുന്നു.
രജിസ്ട്രേഷനുശേഷം 'ഇനി എന്ത്‌?' എന്നറിയാതെ പകച്ച്‌ നിൽക്കുകയും 'ഞങ്ങളെന്ത്‌ ചെയ്യണം?' എന്ന്‌ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഉത്പാദക സംഘങ്ങൾക്ക്‌ ഒരു പാഠമാകട്ടെ പൊരുന്തമൺ സിപിഏശിന്റെ പ്രവർത്തനങ്ങൾ. ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 103 സംഘങ്ങൾക്കു പുറമേ നൂറോളം സംഘങ്ങൾ ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്‌.
കർഷക കൂട്ടായ്മകൾ ഉണ്ടാക്കുവാനും അവയെ പ്രവൃത്തിപഥത്തിലേക്ക്‌ കൊണ്ടുവരുവാനും തിരുവനന്തപുരം ജില്ലയിൽ അത്ര എളുപ്പമല്ല. എങ്കിലും അതിനൊരപവാദമാണ്‌ പൊരുന്തമൺ കൈരളി സിപിഎസ്‌. സ്വന്തമായൊരിടം കണ്ടെത്തി തനതായ അശയങ്ങളുമായി മുന്നേറുന്ന ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ തീർച്ചയായും അഭിനന്ദനാർഹമാണ്‌; അതുപോലെ തന്നെ അനുകരണീയവും.
ടെക്നിക്കൽ ഓഫീസർ, നാളികേര
വികസന ബോർഡ്‌, തിരുവനന്തപുരം

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?