22 Dec 2012

നാളികേര രംഗത്ത്‌ നവീന മാതൃകകൾ കേരകർഷകരുടെ ഭാവി സുരക്ഷയ്ക്കായ്‌


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ,നാളികേര വികസന ബോർഡ്


സംയോജിത തെങ്ങുവികസന പദ്ധതിയെപ്പറ്റി വിശദമായി ചർച്ച ചെയ്യുന്നതിനാണ്‌ ഈ ലക്കം നാളികേര ജേണലിലൂടെ ശ്രമിക്കുന്നത്‌.  പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ വിവിധ പദ്ധതികളിലായി നാളികേര ബോർഡ്‌ ഏറ്റെടുത്ത പ്രവർത്തനങ്ങൾ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിലും തുടരുകയാണ്‌. കൂടാതെ കർഷകരുടെ കൂട്ടായ്മകൾ, തൃത്താല സംഘങ്ങളായി, നാളികേര ഉത്പാദക സംഘങ്ങൾ അടിസ്ഥാന തലത്തിലും അവയുടെ ഫെഡറേഷനുകൾ അടുത്ത തലത്തിലും ഉത്പാദക കമ്പനികൾ ഉയർന്ന തലത്തിലും രൂപീകരിച്ച്‌ ശക്തിപ്പെടുത്തി, അവ വഴി പദ്ധതികൾ നടപ്പാക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. കേരളത്തിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലും ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും രൂപീകരണം നടന്നുവരികയാണ്‌. ലോക നാളികേര ഭൂപടത്തിൽ, ഭൂവിസ്തൃതിയിൽ മൂന്നാം സ്ഥാനത്തും, ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തും, ഉത്പാദനക്ഷമതയിൽ ഒന്നാം സ്ഥാനത്തും നിൽക്കുന്ന ഇന്ത്യയിൽ, നാളികേര സംസ്ക്കരണ രംഗത്തും കയറ്റുമതി രംഗത്തും കൂടി വലിയ മുന്നേറ്റം നടത്തിയെങ്കിൽ മാത്രമേ, കേരകർഷകർക്ക്‌ മാന്യവും ന്യായവുമായ വില ലഭിക്കുന്ന കാര്യത്തിലും സ്ഥിരതയുണ്ടാവൂ. മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളിൽ വിലസ്ഥിരത തദ്ദേശ-വിദേശ മാർക്കറ്റുകളിൽ യാഥാർത്ഥ്യമായിട്ടുണ്ട്‌. വെളിച്ചെണ്ണയുടേയും കൊപ്രയുടേയും വിലയിൽ മാത്രമാണ്‌ ആശങ്കാകുലമായ കയറ്റിറക്കങ്ങൾ കാണുന്നത്‌.

നാളികേരോത്പാദനത്തിൽ വീട്ടാവശ്യങ്ങൾക്കുശേഷമുള്ളതിന്റെ  സിംഹഭാഗവും കൊപ്രയിലേക്കും വെളിച്ചെണ്ണയിലേക്കും മാറുന്ന ദുരവസ്ഥയ്ക്ക്‌ മോചനമുണ്ടാക്കിയാൽ മറ്റുഘടകങ്ങൾ അനുകൂലമല്ലെങ്കിൽ തന്നെ നാളികേര കർഷകർക്ക്‌ മെച്ചപ്പെട്ട വില ഉറപ്പ്‌ വരുത്താനാവും. അതിനായി പ്രധാനപ്പെട്ട നാളികേരോത്പാദക സംസ്ഥാനങ്ങളിലെ കർഷകരും, കർഷക കൂട്ടായ്മകളും, സംസ്ഥാന ഗവണ്‍മന്റുകളും ഒത്തൊരുമിച്ച്‌ പ്രവർത്തിക്കേണ്ടതുണ്ട്‌.
നാളികേര ബോർഡിന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട നാളികേരോത്പാദക സംസ്ഥാനങ്ങളിൽ, നാളികേര സംസ്ക്കരണ- മൂല്യവർദ്ധന സംരംഭങ്ങൾ തുടങ്ങുവാൻ താൽപര്യമുള്ള കർഷക കൂട്ടായ്മകൾക്കും മറ്റ്‌ സംരംഭകർക്കും വേണ്ടി സംരംഭക സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌. കേരള ഗവണ്‍മന്റ്‌ 2012-13ലെ ബജറ്റിൽ പ്രഖ്യാപിച്ച മൂന്ന്‌ കോക്കനട്ട്‌ ബയോപാർക്കുകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ലക്ഷ്യമിട്ടിരിക്കുന്ന ഇത്തരം മൂന്ന്‌ സംരംഭക സെമിനാറുകളിൽ ആദ്യത്തേത്‌ നവംബർ 2-​‍ാം തീയതി കൊച്ചിയിൽ നടക്കുകയുണ്ടായി. സംസ്ഥാന കൃഷി വകുപ്പ്‌, കെഎസ്‌ഐഡിസി, നാളികേര  വികസന ബോർഡ്‌ എന്നിവയും കാർഷിക സർവ്വകലാശാല, സിപിസിആർഐ തുടങ്ങിയ വിവിധ ഗവേഷണ വികസന സ്ഥാപനങ്ങളും ചേർന്ന്‌ നടത്തിയ സെമിനാർ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. ഉത്തരകേരളത്തിൽ നിന്നും ദക്ഷിണ കേരളത്തിൽ നിന്നും പേര്‌ രജിസ്റ്റർ ചെയ്തവർക്ക്‌ അതാതുപ്രദേശങ്ങളിൽ സെമിനാറുകളുണ്ട്‌ എന്ന്‌ അറിയിച്ച്‌ മാറ്റിനിർത്തിക്കഴിഞ്ഞും 270 പേരുടെ പങ്കാളിത്തമുണ്ടായി. 
വ്യാവസായികമായി, ലാഭകരമായി ഉത്പാദിപ്പിച്ച്‌ സ്വദേശത്തും വിദേശത്തും വിപണനം ചെയ്യാവുന്ന നാളികേരോൽപന്നങ്ങളേയും, അതിന്റെ സാങ്കേതിക വിദ്യകളേയും പരിചയപ്പെടുത്തുകയും, കെഎസ്‌ഐഡിസിയും കേരളത്തിലെ വിവിധ ബാങ്കുകളും വഴി നാളികേര മേഖലയിൽ മുന്നോട്ടുവരുന്ന സംരംഭകർക്ക്‌ വായ്പ ലഭ്യമാക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കുകയുമായിരുന്നു ഈ സെമിനാറിൽ പ്രധാനമായും ചെയ്തത്‌. രജിസ്റ്റർ ചെയ്ത പ്രതിനിധികളിൽ ഇരുപതിലേറെപ്പേർ തുടർനടപടികൾക്കായി ബോർഡിനെ സമീപിക്കുകയുണ്ടായി. കഴിയുന്നതും വേഗം സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ഇവർ താൽപര്യം പ്രകടിപ്പിച്ചു. എല്ലാവരുടേയും പ്രധാന ആവശ്യം വ്യവസായത്തിന്‌ വേണ്ടിയുള്ള ഭൂമിയുടേയും പ്ലോട്ടുകളുടേയും ലഭ്യത തന്നെയാണ്‌. മൂന്ന്‌ കോക്കനട്ട്‌ ബയോപാർക്കുകളും വേഗത്തിൽ സ്ഥലം കണ്ടെത്തി പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ ഇത്തരം കാര്യത്തിൽ തുടർനടപടികൾ മുമ്പോട്ടുകൊണ്ടുപോകാനാവൂ. കെഎസ്‌ഐഡിസി കുറ്റ്യാടിയിൽ സ്ഥാപിക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്ന കേരപാർക്കിന്‌ മാത്രമാണ്‌ നിലവിൽ സ്ഥലം ലഭ്യമായിട്ടുള്ളത്‌. 

തമിഴ്‌നാട്ടിലും
കർണ്ണാടകയിലും ആന്ധ്രാപ്രദേശിലും ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്‌. അതാത്‌ സംസ്ഥാന ഗവണ്‍മന്റുകളുമായി ചേർന്ന്‌  ഇത്തരത്തിൽ നാളികേര വ്യവസായ സംരംഭകരെ ആകർഷിക്കുകയും വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും പുറമേയുള്ള ഉൽപന്നങ്ങൾ ധാരാളമായി ഉണ്ടാക്കുകയും ചെയ്തെങ്കിൽ മാത്രമേ, കേരളത്തിലെ നാളികേര കർഷകർക്കും മെച്ചപ്പെട്ട വില ലഭ്യമാകൂ. ഇവിടങ്ങളിൽ കൊപ്രയും വെളിച്ചെണ്ണയും മാത്രം ഉണ്ടാക്കിക്കൊണ്ടിരുന്നാൽ കേരളത്തിലും നാളികേര വിലയിടിയുമെന്നതാണ്‌ വസ്തുത.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലെ ടെണ്ടർ കോക്കനട്ട്‌ ഗ്രോവേഴ്സ്‌ അസോസിയേഷൻ (ടിസിജിഎ) വളരെ ശ്രദ്ധേയമായ ഒരു ചുവട്‌വെയ്പ്‌ എന്ന നിലയിൽ ശ്രദ്ധയർഹിക്കുന്നു. 350ൽപരം കേരകർഷകർ  സംഘടന വഴി, തങ്ങളുടെ കരിക്കിന്റെ മിനിമം വില നിശ്ചയിക്കുകയും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന്‌ കേരകർഷകർക്ക്‌ മോചനം നൽകുകയും ചെയ്യുന്നു. സംഘടിതരായ ഈ 'ഇളനീർ കർഷകർ' കരിക്കൊന്നിന്‌ തോട്ടത്തിലെ വില 15 രൂപയായും ചെന്തെങ്ങിന്റെ കരിക്കിന്‌ 17 രൂപയായും നിശ്ചയിച്ചിരിക്കുന്നു. കേരളത്തിലും ഈ രീതിയിലുള്ള 'ഇളനീർ ഉത്പാദക സംഘ'ങ്ങൾക്ക്‌ പ്രസക്തിയില്ലേ?
ലോകം മുഴുവൻ ഒന്നായിക്കഴിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഉത്പാദനവും ഉത്പാദനക്ഷമതയും മാത്രമല്ല നമ്മളോട്‌ മത്സരിക്കുന്ന മറ്റ്‌ രാജ്യങ്ങളിലെ കൃഷി, കൃഷിരീതികൾ, ഉത്പാദനച്ചെലവ്‌, ഉത്പാദനക്ഷമത, കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം ഈ കൊച്ചുകേരളത്തിലേയും ഇന്ത്യയിലേയും കർഷകരേയും അനുകൂലമായും പ്രതികൂലമായും ബാധിക്കുവാനുള്ള സാദ്ധ്യതകളുണ്ട്‌. വിപണിയെക്കുറിച്ചും, വിപണിയിലെ ചലനങ്ങളെക്കുറിച്ചും, വിപണിയുടെ ഗതിവിഗതികളെക്കുറിച്ചുമുള്ള അറിവുകൾ, മാർക്കറ്റ്‌ ഇന്റലിജൻസ്‌ തുടങ്ങിയ കാര്യങ്ങൾ കർഷകരിലേക്ക്‌ കർഷക കൂട്ടായ്മകൾ വഴി എത്തിക്കേണ്ടതുണ്ട്‌. ലോകവ്യാപാര സംഘടനയിൽ അംഗരാജ്യമായ ഇന്ത്യ അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളേയും നേരിടേണ്ട വെല്ലുവിളികളേയും കുറിച്ചും മൂല്യവർദ്ധിതോൽപന്നങ്ങളുടെ സംസ്ക്കരണത്തിലും, ലോകവിപണിയിലേക്ക്‌ നമ്മുടെ ഉൽപന്നങ്ങൾ എത്തിക്കുന്നതിനുമുള്ള അവസരങ്ങളെക്കുറിച്ചും നമ്മുടെ കർഷകരെ മനസ്സിലാക്കുകയും അവ നേരിടുന്നതിന്‌ കർഷകരെ പ്രാപ്തരാക്കുകയും ചെയ്യേണ്ടതുണ്ട്‌. 
ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌ ഏറ്റവും അടിസ്ഥാനതലത്തിലുള്ള കർഷകരിലേക്ക്‌ എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ കൂട്ടായ പരിശ്രമം ആവശ്യമായുണ്ട്‌.
ഇന്ത്യയിലെ തോട്ടവിളകൃഷിയുടെ മേഖലകളിലെല്ലാം ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാൻ രാജ്യങ്ങളിൽ നിന്നും സ്വതന്ത്ര്യവ്യാപാരം നടക്കാൻ പോകുന്ന കാലഘട്ടത്തിൽ നമ്മുടെ ഉൽപന്നങ്ങൾക്ക്‌ മെച്ചപ്പെട്ട വിലയും വിലസ്ഥിരതയും വിപണിയും ഉണ്ടാകണമെങ്കിൽ അംഗരാജ്യങ്ങളിലെ കാർഷിക വ്യവസ്ഥയെക്കുറിച്ചും കാർഷികരീതികളെക്കുറിച്ചും നാം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്‌. അതിനുവേണ്ടി തന്നെയായിരുന്നു  ഇന്ത്യൻ നാളികേര ജേണലിന്റെ കഴിഞ്ഞ ഏതാനും ലക്കങ്ങളിലൂടെ ആസിയൻ രാജ്യങ്ങളെ കർഷക സുഹൃത്തുക്കൾക്ക്‌ പരിചയപ്പെടുത്തിയത്‌. പാരമ്പര്യേതര കൃഷി രീതികളിലൂടെ വീണ്ടും നമ്മുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ആസിയൻ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ കേരകൃഷി നടക്കുന്ന രാജ്യങ്ങളിലെ ഉത്പാദനക്ഷമതയുമായി മത്സരിച്ച്‌ കൂടുതൽ മികവ്‌ നേടുകയും ചെയ്യുക എന്നത്‌ വളരെ ആവശ്യമാണ്‌. 

പാരമ്പര്യേതരമായ കേരോൽപന്നങ്ങളുടെ നിർമ്മാണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനുവേണ്ടിയുള്
ള ശ്രമങ്ങൾ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ നാളികേര വികസന ബോർഡ്‌ തെങ്ങുകൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ ഗവണ്‍മന്റുകളുമായി ചേർന്ന്‌ നടപ്പാക്കാനൊരുങ്ങുന്നു. കേന്ദ്രഗവണ്‍മന്റും നാളികേര വികസന ബോർഡും സംസ്ഥാന ഗവണ്‍മന്റും കൃഷി, ഹോർട്ടികൾച്ചർ വകുപ്പുകളും, കർഷക കൂട്ടായ്മകളും കൂടിച്ചേർന്ന്‌ നടപ്പിലാക്കുന്ന ഒരു മാതൃകയാണ്‌ ഉദ്ദേശിക്കുന്നത്‌. അതൊടൊപ്പം തന്നെ നവസംരംഭകരേയും നാളികേരാധിഷ്ഠിതമായ സംസ്ക്കരണ വ്യവസായങ്ങളിലേക്ക്‌ ആകർഷിക്കേണ്ടതുണ്ട്‌.
ലോകവിപണിയിലേയും ഇന്ത്യൻ വിപണിയിലേയും സോഫ്ട്‌ ഡ്രിങ്ക്‌ വിപണിയിൽ കരിക്കിൻ വെള്ളത്തിന്‌ അദ്വിതീയ സ്ഥാനമുണ്ട്‌. പക്ഷേ ഇന്ന്‌ നമ്മുടെ ഉത്പാദനശേഷി വളരെ പരിമിതമാണ്‌. വരുന്ന ആറ്‌ മാസം മുതൽ ഒരു വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിലും കർണ്ണാടകത്തിലും ഇളനീർ സംസ്ക്കരണ യൂണിറ്റുകൾ ധാരാളം ഉയർന്നുവരുന്നുണ്ട്‌. പല സംസ്ക്കരണ യൂണിറ്റുകൾക്കും മുൻകൂറായിതന്നെ വിദേശമാർക്കറ്റുകളിൽ നിന്ന്‌ ഉറച്ച വിപണിയും ലഭിച്ചുകഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മൂന്ന്‌ കോക്കനട്ട്‌ ബയോ പാർക്കുകളിലും കിൻഫ്ര, കെഎസ്‌ഐഡിസി പാർക്കുകളിലേക്കുമൊക്കെ ഇളനീർ സംസ്ക്കരണ രംഗത്തേക്ക്‌ ധാരാളം സംരംഭകരെ ആകർഷിക്കേണ്ടതുണ്ട്‌. പത്തിരുപത്‌ കരിക്കിൻവെള്ള യൂണിറ്റുകൾക്ക്‌ കേരളത്തിൽ ഇന്ന്‌ സാദ്ധ്യതയുണ്ട്‌. ഇന്ത്യയൊട്ടാകെ ബോർഡ്‌ അഞ്ചുകൊല്ലം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌ ചുരുങ്ങിയത്‌ 100 ഇളനീർ സംസ്ക്കരണ യൂണിറ്റുകൾ എങ്കിലും ഉണ്ടാകണമെന്നാണ്‌. അതോടൊപ്പം വിളഞ്ഞ നാളികേരത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളായ തേങ്ങപ്പാൽ, തേങ്ങക്രീം, തൂൾതേങ്ങ, വെർജിൻ വെളിച്ചെണ്ണ, ഭക്ഷ്യയോഗ്യമായ കൊപ്ര എന്നിവയുടെ  നിർമ്മാണത്തിലേക്കും ഉത്പാദകസംഘങ്ങളും ഫെഡറേഷനുകളും പ്രവേശിക്കേണ്ടതുണ്ട്‌.

ഒരു ഇളനീർ
സംസ്ക്കരണ യൂണിറ്റ്‌ സ്ഥാപിക്കണമെങ്കിൽ ദിവസേന ആവശ്യമായ ഇളനീർ ലഭ്യമാക്കുന്നതിനുവേണ്ടി കരിക്ക്‌ കൂടുതൽ വിളവെടുക്കുന്നൊരു രീതിയും സംസ്ക്കാരവും നമുക്ക്‌ വർദ്ധിപ്പിച്ചെടുക്കേണ്ടതുണ്ട്‌
. നിലവിലുള്ള തോട്ടങ്ങളിൽ ഇരുപതുവർഷത്തിനുമേൽ പ്രായമുള്ള തെങ്ങുകൾക്കിടയിൽ അടിവിളയായി കരിക്കിന്‌ പറ്റിയ ഇനം തൈകൾ നട്ടുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാം. സംസ്ഥാന കൃഷിവകുപ്പിന്റേയും, സിപിസിആർഐയുടേയും നാളികേര വികസന ബോർഡിന്റേയും കൂട്ടായ പരിശ്രമത്തിലൂടെ കരിക്കിന്‌ അനുയോജ്യമായ തൈകൾ ഉത്പാദിപ്പിച്ചെടുക്കുവാൻ സാധിക്കും.  സ്വകാര്യ മേഖലയിലും ഗുണമേന്മയുള്ള നഴ്സറികൾ ഉയർന്നുവരേണ്ടതുണ്ട്‌. എന്തുകൊണ്ട്‌ നമ്മുടെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും കരിക്കിന്‌ പറ്റിയ ഇനങ്ങൾ ഉത്പാദിപ്പിക്കുന്ന ചെറുനഴ്സറികൾ തുടങ്ങിക്കൂടാ. ഉദാഹരണത്തിന്‌ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ രൂപീകൃതമായിരിക്കുന്ന ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ചേർന്ന്‌  കരിക്കിന്‌ പറ്റിയ ഒരുലക്ഷത്തോളം തൈകൾ ഉത്പാദിപ്പിക്കുവാനുള്ള തീരുമാനമെടുത്ത്‌ മുന്നോട്ട്‌ പോവുകയാണ്‌. ബോർഡിന്റെ ഭാഗത്തുനിന്ന്‌ കേരളത്തിനകത്തും പുറത്തുമുള്ള കർഷകരുടെ തോട്ടങ്ങളിൽ നിന്നും നല്ല ഉത്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ള തെങ്ങുകളിൽ നിന്ന്‌ ആവശ്യമായ വിത്തുതേങ്ങകൾ സമാഹരിച്ച്‌ നൽകാമെന്ന ഉറപ്പും നൽകിയിട്ടുണ്ട്‌. ഇതിനകം കരിക്കിന്‌ പറ്റിയ ഡ്വാർഫ്‌ ഇനങ്ങളുടെ രണ്ടുലക്ഷത്തോളം വിത്തുതേങ്ങകൾക്കുള്ള ആവശ്യം കേരളത്തിലെ ഉത്പാദക സംഘങ്ങളിൽ നിന്ന്‌ ഉയർന്ന്‌ വന്നിട്ടുണ്ട്‌.
മുന്ന്‌ വർഷം കൊണ്ട്‌ പുഷ്പിക്കുന്ന, കരിക്കിന്‌ യോജിച്ച ഇനം തെങ്ങിൽ നിന്ന്‌ നാലാം വർഷം ആദായം ലഭിക്കുകയും ആറ്‌, ഏഴ്‌ വർഷങ്ങൾക്കുള്ളിൽ വിളവ്‌ സ്ഥിരപ്പെടുകയും ചെയ്യും. അടിവിളയായി കൃഷി ചെയ്യുമ്പോൾ ഇതിന്റെ വിളവ്‌ ഉറപ്പ്‌ വരുത്തിയതിനുശേഷംമാത്രം തോട്ടത്തിലെ പ്രായാധിക്യമുള്ള ഉത്പാദനം കുറഞ്ഞ തെങ്ങുകൾ മുറിച്ചുമാറ്റുകയും ചെയ്യാം. അടുത്ത നടീൽ കാലത്തേക്ക്‌ ഇത്തരത്തിൽ അഞ്ചുലക്ഷമോ പത്ത്‌ ലക്ഷമോ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട സമയമിതാണ്‌. വിത്തുതേങ്ങകൾ ശേഖരിച്ച്‌ അതാത്‌ പ്രദേശത്ത്‌ തന്നെ ഇത്തരം തൈകൾ വളർത്തിയെടുക്കാം. കൂടാതെ ഇതിനുള്ള ധനസമാഹരണത്തിനായി നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളേയും നമുക്ക്‌ ആശ്രയിക്കാവുന്നതാണ്‌. സ്റ്റേറ്റ്‌ ഹോർട്ടികൾച്ചർ മിഷൻ, ആർകെവിവൈ തുടങ്ങിയ കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികളുടെ സാദ്ധ്യതകളും ആരായാവുന്നതാണ്‌.
ദീർഘവീക്ഷണത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലയിടിവിനെ പ്രതിരോധിക്കുന്നതിനുള്ള പ്രാഥമിക മാർഗ്ഗങ്ങളിലൊന്നാണ്‌. സംസ്ഥാന ഗവണ്‍മന്റും നമ്മുടെ ജനപ്രതിനിധികളും വഴി ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഗവണ്‍മന്റ്‌ തലത്തിൽ കൂടുതൽ അറിവും അവബോധവും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്‌. കേന്ദ്ര-സംസ്ഥാനസർക്കാർ, വിവിധ ഏജൻസികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സമഞ്ജസമായ സമ്മേളനം വഴി ആയിരക്കണക്കിന്‌ ഇളനീർ ഉത്പാദക സംഘങ്ങൾ കൂടി ഉയർന്നുവരാനുള്ള അവസരം നമുക്ക്‌ ഉണ്ടാക്കാം. പ്രകൃതിദത്തവും, പോഷകസമ്പുഷ്ടവുമായ കരിക്കിന്റെ രംഗത്ത്‌ കലർപ്പില്ലാത്ത, നിർമ്മലമായ, പരിശുദ്ധപാനീയമെന്ന നിലയിൽ മത്സരത്തിന്റേയും വിലയിടിവിന്റേയും സാഹചര്യമില്ല. വേറൊരു പാനീയത്തിനും നമ്മുടെ വ്യാപാരസാദ്ധ്യതകളെ തകർക്കാനുമാവില്ല. കൂടുതൽ സംസ്ക്കരണ സംവിധാനവും സംസ്ക്കരണശേഷിയും ഉണ്ടായാൽ ഈ രംഗത്ത്‌ നമുക്ക്‌ മുന്നേറുവാൻ സാധിക്കും. ഈയൊരു രംഗത്തേക്കും എല്ലാ കർഷകസുഹൃത്തുക്കളുടെയും ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും ശ്രദ്ധ അടിയന്തിരമായി പതിയണമെന്ന്‌ അഭ്യർത്ഥിച്ചുകൊണ്ട്‌.
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...