നിഷ ജി.
2011 ആഗസ്റ്റ് മാസം 17-ാം തീയതി മിത്രനികേതൻ കൃഷിവിജ്ഞാന
കേന്ദ്രത്തിലാണ് തിരുവനന്തപുരം ജില്ലയിലെ യന്ത്രമുപയോഗിച്ചുള്ള
തെങ്ങുകയറ്റ പരിശീലനത്തിന് തുടക്കം കുറിച്ചതു. പിന്നീട് കരകുളം ഗ്രാമീണ
പഠനകേന്ദ്രവും മറ്റൊരു പരിശീലനകേന്ദ്രമായി മാറി. ഈ രണ്ടുകേന്ദ്രങ്ങളിൽ 27
ബാച്ചുകളിലായി 618 പേരാണ് തിരുവനന്തപുരം ജില്ലയിൽ നിന്നും പരിശീലനം
നേടിയത്. ഇതിൽ 38 പേർ സ്ത്രീകളായിരുന്നു എന്നതും മറ്റൊരു എടുത്ത്
പറയേണ്ട വസ്തുതയാണ്. പരിശീലന കാലയളവിൽ രണ്ട് പരിശീലനകേന്ദ്രങ്ങളും
നൽകിയ അകമഴിഞ്ഞ സഹകരണവും ആത്മാർത്ഥതയും പരിശീലന പരിപാടിയുടെ വിജയത്തിനായിനൽകിയ സംഭാവന എടുത്തുപറയാതെ വയ്യ. പരിശീലനപരിപാടിയുടെ നേട്ടങ്ങൾ ഒരു തൊഴിൽ എന്ന നിലയിൽ തങ്ങളുടെ ജീവിത മാർഗ്ഗത്തിനായി ഉപകരിക്കുമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന
ഒരു വിളയുടെ സംരക്ഷണത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവട്
വെയ്പുകളിലൊന്നാണെന്നും തിരിച്ചറിഞ്ഞ തിരുവനന്തപുരം ജില്ലയിലെ ഒരു കൂട്ടം
ചെറുപ്പക്കാരുടെ അനുഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചൽ സ്വദേശിയായ ബിനുവിന്റെ കുടുംബം
ഭാര്യയും മകളും അടങ്ങിയതാണ്. മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രത്തിൽ
നിന്നാണ് ഇദ്ദേഹം പരിശീലനം നേടിയത്. ദിവസവും 80 മൂട് തെങ്ങിൽ കയറുന്ന
ബിനുകുമാറിന്റെ പ്രവർത്തനമേഖല പൂവ്വച്ചൽ മുതൽ തിരുമല, പേയാട് വരെയാണ്.
പരിശീലനത്തിന് മുൻപ് ബിനുകുമാറിന്റെ ഉപജീവനമാർഗ്ഗം
കൂലിപ്പണിയായിരുന്നു. പരമ്പരാഗത രീതിയിലും തെങ്ങുകയറുന്ന ബിനുവിന് ഈ
രീതിയിൽ 50 മൂട് വരെയാണ് ദിവസവും കയറുവാൻ കഴിഞ്ഞിരുന്നത്. ഉച്ചയ്ക്ക്
12 മണിയാകുമ്പോൾ തെങ്ങുചൂടായിക്കഴിഞ്ഞാൽ തളപ്പിട്ട് കയറുവാൻ
സാധ്യമല്ലാതാകും. എന്നാൽ മേഷീൻ ഉപയോഗിച്ച് കയറുമ്പോൾ അത് ബാധകമല്ല.
തേങ്ങ ഇടുന്നതിനോടൊപ്പം മണ്ട വൃത്തിയാക്കുന്നതും ബിനു മുടക്കമില്ലാതെ
ചെയ്തു വരുന്നു. 20 രൂപവരെയാണ് ഇതിനായി പരമാവധി ഒരു തെങ്ങിന്
ലഭിക്കുന്നത്. മേഷീന്റെ സുഗമമായ ഉപയോഗത്തിനായി സ്വന്തമായി പല
കാര്യങ്ങളും ബിനു മേഷീനിൽ കൂട്ടിച്ചേർത്തിരുന്നു. അതുകൊണ്ടുതന്നെ
ബിനുവിന് മേഷീനെക്കുറിച്ച് പരാതികളില്ല. വൈകീട്ട് 3 മണിവരെയാണ് ബിനു
സാധാരണയായി ജോലി ചെയ്യാറുള്ളത്. പരിശീലനം നേടിക്കഴിഞ്ഞശേഷം ഈ മേഖലയിൽ
തന്നെ തുടരുന്ന ബിനു കൂലിപ്പണി ചെയ്തിരുന്ന കാലത്തെ അപേക്ഷിച്ച്
ജീവിതത്തിലുണ്ടായ വളരെ ഗുണപരമായ മാറ്റം വിവരിച്ചു. ഭാര്യ സവിതയും
കൃതജ്ഞതാപൂർവ്വമാണ് ഈ പരിശീലനപരിപാടിയേയും അതിന് പിന്നിലുള്ളവരേയും
നോക്കിക്കാണുന്നത്.
തിരുവനന്തപുരം കരകുളത്തെ മൂന്നാമത്തെ ബാച്ചിൽ പരിശീലനത്തിൽ പങ്കെടുത്ത
അരുളി വിതുര സ്വദേശിയാണ്. ഭാര്യയും മകനും ഉൾപ്പെട്ട കുടുംബത്തിന്റെ
പരിപൂർണ്ണ പൈന്തുണയും അരുളിയ്ക്കുണ്ട്. വിതുര പഞ്ചായത്തിലും
തിരുവനന്തപുരം നഗരത്തിൽ വഴുതയ്ക്കാട്, പേരൂർക്കട പ്രദേശങ്ങളിലും അരുളി
തന്റെ പ്രവർത്തനമേഖല വ്യാപിപ്പിച്ചിരിക്കുന്നു. ദിവസവും 75ഓളം
തെങ്ങുകളാണ് ഇദ്ദേഹം തേങ്ങയിടുന്നതിനും മണ്ട വൃത്തിയാക്കുന്നതിനുമായി
കയറുന്നത്. ചാറ്റൽ മഴയുള്ള ദിവസങ്ങളിൽ 100 മുതൽ 120 വരെ തെങ്ങുകളിൽ
കയറാനാകുമെന്ന് അരുളി പറയുന്നു. ഇതിനുകാരണം ചാറ്റൽ മഴയുള്ള ദിവസങ്ങളിൽ
ചൂട് കുറവായതുകൊണ്ട് ക്ഷീണം കുറയുമെന്നതാണ്. മേഷീൻ ഉപയോഗിച്ചുള്ള
തെങ്ങ് കയറ്റം വളരെ ആയാസരഹിതമാണെന്ന് ഇദ്ദേഹം പറയുന്നു. രാവിലെ വീട്ടിൽ
നിന്നിറങ്ങുമ്പോൾ തന്നെ ആവശ്യക്കാർ ബൈക്കിലെത്തി കൂട്ടിക്കൊണ്ടുപോയി
പണികഴിയുമ്പോൾ തിരികെ എത്തിക്കുന്നു. ലോണെടുത്ത് ഒരു വണ്ടിയെടുക്കാനും
മരുന്ന് തളിക്കാനുള്ള സാമഗ്രികളടക്കം സംഘടിപ്പിച്ച് പ്രവർത്തനമേഖ
വിപുലീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ്. ഒരു തവണ മാസ്റ്റർ ട്രെയിനി
ആകാനുള്ള അവസരവും അരുളിയ്ക്കുണ്ടായി. സാമ്പത്തിക സുരക്ഷ തരുന്നതിന് ഈ
ജോലി വളരെ സഹായകരമാണെന്ന് അരുളി പറയുന്നു.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിയ ശേഖർ ഇവിടെയെത്തിയിട്ട് 28
വർഷങ്ങളായി. ഭാര്യ ആഷയും രണ്ട് മക്കളുമൊത്താണ് ശേഖർ തൊളിക്കോട്
പഞ്ചായത്തിൽ താമസിക്കുന്നത്. രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക് 1
മണിവരെയാകുമ്പോഴേക്കും 110 തെങ്ങ് വരെ കയറിയ ദിവസങ്ങളുണ്ടെന്ന് ശേഖർ
പറയുന്നു. പരമ്പരാഗത രീതിയിൽ മുമ്പ് തെങ്ങ് കയറിയിരുന്ന ശേഖറിന് 70
മൂട് വരെ ഈ രീതിയിൽ കയറുവാൻ സാധിക്കുമായിരുന്നു. പക്ഷേ ഈ രീതിയിൽ
തെങ്ങ് കയറുമ്പോഴുള്ള ആയാസം മൂലം ആഴ്ചയിൽ പകുതി ദിവസം മാത്രമേ ജോലി
ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.ഇപ്പോൾ മേഷീൻ ഉപയോഗിക്കുന്നതുമൂലം ഈ
ദിവസങ്ങളിലെ വിശ്രമം ആവശ്യമായി വരുന്നില്ലെന്ന് ശേഖർ കുട്ടിച്ചേർത്തു.
തൊളിക്കോട്, വിതുര, നന്ദിയോട്, പേട്ട ഇവിടങ്ങളിലൊക്കെ ശേഖർ
ജോലിക്കെത്തുന്നു. ബസിൽ മേഷീനുമായി പോകാനുള്ള ബുദ്ധിമുട്ട് കാരണം ഒരു
ബൈക്ക് വാങ്ങി അതിലാണ് ജോലിക്കെത്തുന്നത്. ഇത് ജോലിയെ കൂടുതൽ
കാര്യക്ഷമമാക്കുന്നു. ഭാര്യ ആഷയാണ് ശേഖറിന്റെ മാനേജർ. ആവശ്യക്കാരുടെ
ഫോൺകോളുകൾ സ്വീകരിച്ച് ജോലിക്കെത്താൻ കഴിയുന്ന തീയതി തീരുമാനിക്കുന്നത്
ആഷയാണ്. ഭാര്യയുടെ പൈന്തുണ തന്റെ ജോലിയെ കൂടുതൽ
കാര്യക്ഷമമാക്കുന്നുവേന്ന് ശേഖർ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ
നെടുമങ്ങാട്, പാലോട്, വിതുര എന്നീ സ്ഥലങ്ങളിൽ ഒരോ ഇളനീർ പന്തൽ
തുടങ്ങാനുള്ള ഒരുക്കത്തിലുമാണ് ശേഖർ.
വാർത്താപ്രാധാന്യം നേടിയ വിളപ്പിൽശാല സ്വദേശിയായ ഗോപകുമാർ മിത്രനികേതനിൽ
നിന്നും ഫെബ്രുവരിയിലാണ് പരിശീലനം നേടിയത്. ഭാര്യയും രണ്ടു
മക്കളുമടങ്ങുന്ന കുടുംബം പൂർണ്ണ പൈന്തുണയുമായി പുറകെയുണ്ട്. സ്വന്തമായി
75 തെങ്ങുകളുള്ള ഇദ്ദേഹത്തിന് തേങ്ങയിടാൻ ആളെക്കിട്ടാനില്ലാത്തതുകാരണം
വീട്ടാവശ്യത്തിനുപോലും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയിലാണ് ഈ പരിശീലന
പരിപാടിയെക്കുറിച്ചറിഞ്ഞ് പങ്കെടുക്കാനെത്തിയത്. 30 തെങ്ങുകൾ വരെ
ദിവസവും കയറുന്ന ഇദ്ദേഹം ദിവസവും 4 മണിയ്ക്ക് തന്നെ തന്റെ ജോലി
തുടങ്ങുന്നു. ബൈക്കിലാണ് ഗോപകുമാർ ജോലിക്കായി പോകുന്നത്; ഒന്നിച്ച്
പരിശീലനം നേടിയ അശോകനും സുഭാഷും കൂടെയുണ്ടാകും. ഗോപകുമാറിന്റെ
നേതൃത്വത്തിൽ വിളപ്പിൽ പഞ്ചായത്തിന്റെ രണ്ട് വാർഡുകൾ
ഉൾക്കൊള്ളിച്ചുകൊണ്ട് കൽപ്പശ്രീ എന്നൊരു ഉത്പാദകസംഘവും
രൂപീകരിക്കപ്പെട്ടിട്ടുണ്ട്. പരിശീലനത്തിന്റെ ഭാഗമായി നേടിയ
സസ്യസംരക്ഷണരീതികളും ഇദ്ദേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിട്ടുണ്ട്.
സ്പ്രേയർ വാങ്ങി വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ആവശ്യമുള്ളപ്പോൾ
തളിക്കാനും മണ്ട വൃത്തിയാക്കാനും ഗോപകുമാർ മറക്കാറില്ല. തൊഴിലിനുമപ്പുറം
കാലഘട്ടത്തിന്റെ ആവശ്യത്തിനായി ലഭിച്ച ഒരു പരിശീലനമായി ഇതിനെ
നോക്കിക്കാണുന്ന ഗോപകുമാർ തേങ്ങയിടാൻ ആളെക്കിട്ടാത്ത ആളുകളോട് പറയുന്നു
- ?ഞങ്ങളിവിടെയുണ്ട്; ഇതുമൂലം നിങ്ങൾ തെങ്ങിനെ ഉപേക്ഷിക്കരുത്?.
അരുവിക്കര സ്വദേശിയായ പതിനെട്ടുകാരൻ വിഘ്നേഷും വിതുര സ്വദേശിയായ
പതിനെട്ടുകാരൻ രാഹുലും മിത്രനികേതനിൽ വെച്ചാണ് പരിശീലനം നേടിയത്.
ഒരുമിച്ചാണ് രണ്ടുപേരും ജോലിക്ക് പോകുന്നത്. പരമാവധി 30 തെങ്ങുകളിൽ
വരെ ഓരോരുത്തരും കയറുന്നു. വെള്ളനാട്, ആനപ്പാറ പ്രദേശങ്ങളാണ് ഇവരുടെ
പ്രവർത്തനമേഖല. 15-20 രൂപ വരെയാണ് ഒരു തെങ്ങിൽ കയറുന്നതിന്റെ പ്രതിഫലം.
ശനി, ഞായർ ദിവസങ്ങളിൽ കമ്പ്യൂട്ടർ കോഴ്സിനും, വരുന്ന വർഷം ഡിഗ്രിക്കും
ചേരുവാനുദ്ദേശിക്കുന്ന ഇവരുടെ ഫീസിനും മറ്റ് ചെലവുകൾക്കുമുള്ള തുക ഈ
ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് കിട്ടുന്നത്. സ്വന്തമായി
നിക്ഷേപവും ഇവർക്കുണ്ട്. രണ്ടുപേരുടേയും കുടുംബാംഗങ്ങളും വളരെ
അനുകൂലമായി ഇവരുടെ ഈ കാൽവെയ്പിനെ നോക്കിക്കാണുന്നു എന്നതാണ് സന്തോഷകരമായ മറ്റൊരു വസ്തുത.
ഈ പരിശീലന പരിപാടികൊണ്ട് ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പ്രായോഗിക തലത്തിൽ
സാക്ഷാത്ക്കരിക്കുന്നതിന് ഈ ചെറുപ്പക്കാർ നടത്തുന്ന ശ്രമങ്ങൾ
തീർച്ചയായും ശ്ലാഘനീയമാണ്. എല്ലാറ്റിനുമുപരി നമ്മുടെ പ്രിയപ്പെട്ട
വിളയുടെ രക്ഷയ്ക്കായി മുൻപുണ്ടായിട്ടില്ലാത്ത വിധത്തിൽ ഇത്തരമൊരു
പരിശീലനപരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും അത് കേരളത്തിലെ
കുറെയേറെ ചെറുപ്പക്കാരുടെ തൊഴിൽ സുരക്ഷയ്ക്കായുള്ള മാർഗ്ഗമായിത്തീരുകയും
ചെയ്യുമ്പോൾ അഭിനന്ദനം അർഹിക്കുന്നത് മറ്റാരുമല്ല; ഈ പരിശീലന
പരിപാടിയ്ക്ക് രൂപം കൊടുക്കുകയും, നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക്
സകലവിധ പ്രേരണയും പ്രചോദനവും പൈന്തുണയുമായി നിലകൊള്ളുകയും ചെയ്ത നാളികേര
വികസന ബോർഡ് ചെയർമാൻ ശ്രീ. ടി. കെ. ജോസ് ഐഎഎസ് അവർകൾ തന്നെയാണ്.
ടെക്നിക്കൽ ഓഫീസർ,
നാളികേര വികസന ബോർഡ്,
തിരുവനന്തപുരം