മികച്ച ചങ്ങാതിമാർക്ക്‌ തൊഴിലവസരങ്ങളേറെ; സ്വദേശത്തും വിദേശത്തും

       ടി. കെ. ജോസ്‌ ഐ .എ .എസ്
ചെയർമാൻ,നാളികേര വികസന ബോർഡ്

തെങ്ങിന്റെ ചങ്ങാതിമാരുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ
വിലയിരുത്തുന്നതിനും അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനുമായി ഈ ലക്കം
മാസിക ശ്രമിക്കുകയാണ്‌. കേരളത്തിലങ്ങോളമി ങ്ങോളമായി 5583 തെങ്ങിന്റെ
ചങ്ങാതിമാരെ പരിശീലിപ്പിച്ച്‌, മേഷീനും നൽകിക്കഴിഞ്ഞു. കർഷകരിൽ നിന്നും
പൊതുസമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.
പരിശീലനം നേടി, നല്ല നിലയിൽ, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന
ചങ്ങാതിമാർക്കും പല അനുഭവങ്ങളും പങ്കുവയ്ക്കാനുണ്ടാവും.  അതിനുള്ള
അവസരമാണ്‌ ഈ ലക്കത്തിലൂടെ നൽകുന്നത്‌. കേരളത്തിലെ കേരകൃഷി മേഖലയിൽ
വിലയിടിവിന്റെ കദനകഥകളുമായി കർഷകർ മുന്നോട്ടുപോവുന്നു. രോഗകീടബാധയും
കർഷകരെ വലയ്ക്കുന്നു. ഇതിനിടയിൽ കേരകൃഷിയുടെ ഭാവി കേരളത്തിൽ
മികവുറ്റതാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ തെങ്ങിന്റെ ചങ്ങാതിമാരുടെ
പരിശീലനവും, നാളികേരോത്പാദക സംഘങ്ങളുടെ രൂപീകരണവും. രണ്ടിലും ബോർഡ്‌
ലക്ഷ്യമിട്ടിരുന്നതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന്‌
കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ കർഷകർക്ക്‌ കൂടുതൽ പ്രയോജനകരമാവുന്നതിനുവേണ്ട
പ്രവർത്തനങ്ങൾ നമുക്ക്‌ ഏറ്റെടുക്കേണ്ടതുണ്ട്‌. നേട്ടങ്ങൾ നിലനിർത്തി
കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും ഈ വർഷവും വരും വർഷങ്ങളിലും ഇതു
തുടരുന്നതിനും നമുക്കു ശ്രമിക്കേണ്ടതുണ്ട്‌. ബോർഡ്‌ ഇക്കാര്യത്തിൽ
തുടർച്ചയായ പരിശ്രമം നടത്തുന്നതുമാണ്‌.

നമ്മുടെ ചങ്ങാതിമാരുടെ അനുഭവങ്ങൾ ഉൾക്കൊണ്ടും, കർഷകരുടെ ആവശ്യങ്ങൾ
പരിഗണിച്ചും ആയിരിക്കും 2012ലെ പരിശീലനപരിപാടികൾ മുന്നോട്ടുകൊണ്ടുപോകുക.
കഴിഞ്ഞ വർഷത്തെ പരിശീലനം നേടിയ ചങ്ങാതിമാരിൽ എത്ര പേർ ഈ തൊഴിലിൽ
പൂർണ്ണമായി ഏർപ്പെടുന്നുവേന്നും, എന്താണവരുടെ വരുമാനമെന്നും, ജീവിതത്തിൽ
അവർക്ക്‌ എന്തു മാറ്റങ്ങളാണ്‌ ഉണ്ടായതെന്നും അവരുടെ ഭാവി ലക്ഷ്യങ്ങൾ
എന്തൊക്കെയെന്നും നമുക്കു ചർച്ച ചെയ്യാം. കൂടാതെ അവരുടെ പ്രായോഗിക
അനുഭവങ്ങൾ അടുത്ത ഘട്ടം പരിശീലനത്തിൽ ഉൾക്കൊള്ളി ക്കുന്നതിനും
ശ്രമിക്കാം. ഈ വർഷം പരിശീലനത്തിന്‌ കുറച്ചുകൂടി മികവുണ്ടാക്കാനാണ്‌
ശ്രമം. തെങ്ങുകൃഷി മുഖ്യമായുള്ള എല്ലാ പഞ്ചായത്തുകളിലും ചുരുങ്ങിയത്‌
പത്ത്‌ (10) തെങ്ങിന്റെ ചങ്ങാതിമാരെങ്കിലും പരിശീലനം നേടി,
പ്രവർത്തനത്തിലുണ്ടാവണമെന്ന്‌ നമുക്ക്‌ ലക്ഷ്യം വയ്ക്കാം. അതു പോലെ തന്നെ
സിപിഎസ്സുകളുടെ പ്രവർത്തന പരിധിയിൽ നിന്നും കൂടുതൽ പരിശീലനാർത്ഥികളെ
കണ്ടെത്തി പഠിപ്പിച്ച്‌ എടുക്കണം. തങ്ങളുടെ പരിധിയിൽ ആവശ്യത്തിനു
പരിശീലനം നേടിയ ചങ്ങാതിമാരില്ലാത്ത ഒരു സിപിഎസ്സും കേരളത്തിലിനി
ഉണ്ടാവരുത്ത്‌. അതിനാവശ്യമായ രീതിയിൽ പരിശീലനാർത്ഥികളെ കണ്ടെത്തി,
പരിശീലനത്തിന്‌ അയയ്ക്കുന്ന ഉത്തരവാദിത്വം സിപിഎസ്സുകളും ഏറ്റെടുക്കണം.
ആളില്ലാത്തതിന്റെ പേരിൽ ഒരു തെങ്ങിലും വിളവെടുപ്പിന്‌ 45 ദിവസത്തിൽ
കൂടുതൽ വൈകാനും പാടില്ല. പരിശീലനം നേടുന്നവരിൽ 95ശതമാനവും ഈ തൊഴിലിൽ
തുടരുകയും സാമ്പത്തിക ഭദ്രതയും ജീവിത വിജയവും നേടുകയും വേണം.
ഇതിനാവശ്യമായ ഘടകങ്ങൾ പരിശീലനത്തിലും പ്രവർത്തനങ്ങളിലും ഉണ്ടാവണം. ഈ
വർഷവും, മുകളിൽ സൂചിപ്പിച്ച ലക്ഷ്യങ്ങൾ മുൻനിർത്തി കേരളത്തിൽ 5000
പേരെയെങ്കിലും പുതുതായി പരിശീലിപ്പിക്കുന്നതിനുദ്ദേശിക്
കുന്നു.

കേരളത്തിലെ തെങ്ങിന്റെ ചങ്ങാതിമാരുടെ പ്രവർത്തനങ്ങളിൽ നിന്നും
ആവേശമുൾക്കൊണ്ടു കൊണ്ട്‌, ലക്ഷദ്വീപിൽ നിന്നും 102 ചങ്ങാതിമാർ
കേരളത്തിലെത്തി പരിശീലനം നേടി, പ്രവൃത്തിപഥത്തിലുണ്ട്‌. മഹാരാഷ്ട്രയിൽ 3
ബാച്ചുകളിലായി 60 പേർ പരിശീലനം നേടിക്കഴിഞ്ഞു. കർണ്ണാടകയിലും ഒരു ബാച്ചിൽ
18 പേർ പരിശീലനം നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ
നിന്നും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തിനുള്ള ആവശ്യം
വന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ 2012-13ൽ കേരളത്തിൽ 5000 പേർക്കു പുറമെ
തമിഴ്‌നാട്ടിൽ 2500 ഉം കർണ്ണാടകയിൽ 1000 ഉം , ആന്ധ്രപ്രദേശിൽ 500 ഉം
മഹാരാഷ്ട്രയിൽ 500ഉം , ഗോവയിൽ 200ഉം , ലക്ഷദ്വീപ്‌, ആൻഡമാൻ
എന്നിവിടങ്ങളിൽ 100-200 ഉം  ആളുകൾ എന്ന നിലയിൽ തെങ്ങിന്റെ ചങ്ങാതിമാരെ
പരിശീലിപ്പിച്ച്‌ പ്രവർത്തനസജ്ജരാക്കുക എന്നതായിരിക്കും ബോർഡിന്റെ
ലക്ഷ്യം.

പരിശീലനം നേടി, ഫീൽഡിലിറങ്ങിയവരുടെ ലിസ്റ്റ്‌ ജില്ല തിരിച്ച്‌
കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ഇതിന്റെ
കോപ്പികൾ ആവശ്യത്തിനു ലഭ്യമാക്കുന്നതാണ്‌.
ഏറ്റവും മികച്ച 1000 തെങ്ങിന്റെ ചങ്ങാതി മാർക്കെങ്കിലും തെങ്ങുകൃഷി
സംബന്ധമായ ജോലികൾക്ക്‌ വിദേശത്ത്‌ തൊഴിലവസരം നേടാനും ബോർഡ്‌
ശ്രമിക്കുന്നതാണ്‌. മെയ്‌ 17ന്‌ ട്രിനിഡാഡ്‌ ആൻഡ്‌ ടുബാഗോ എന്ന കരീബിയൻ
രാജ്യവും ഇന്ത്യ ഗവണ്‍മന്റിനുവേണ്ടി ബോർഡും തെങ്ങുകൃഷി വികസനത്തിനുള്ള
ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. അതിൻപ്രകാരം തെങ്ങിൻതൈകൾ, വിത്തുതേങ്ങ,
വിദഗ്ദ്ധ തൊഴിലാളികൾ, തെങ്ങിൻ നഴ്സറി, കൃത്രിമ പരാഗണം എന്നിവയിൽ പരിശീലനം
നേടിയവർ, മികച്ച തെങ്ങിന്റെ ചങ്ങാതിമാർ എന്നിവരെയും ആ രാജ്യത്തിനു നൽകാൻ
കഴിയും. എല്ലാ ജില്ലകളിലേയും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വച്ച
തെങ്ങിന്റെ ചങ്ങാതിമാരെ അടുത്ത മാസങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ തോറും
റിവ്യൂ നടത്തിയാണ്‌ ഇതിലേക്കായി തെരഞ്ഞെടുപ്പ്‌ നടത്തുക. മികച്ച വരുമാനം
വിദേശത്തു പോയും നേടാൻ തെങ്ങിന്റെ ചങ്ങാതിമാർക്ക്‌ ബോർഡ്‌ അവസരം
നൽകുമെന്നു ചുരുക്കം. ട്രിനിഡാഡ്‌ ആൻഡ്‌ ടുബാഗോ പോലെ തന്നെ, കെനിയ,
മോശാംബിക്‌ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും സമാനമായ ആവശ്യങ്ങൾ
പ്രകടിപ്പിച്ചു കഴിഞ്ഞു.

നാളികേരോത്പാദക സംഘങ്ങളെ തദ്ദേശ ഗവണ്‍മന്റുകളുടെ പദ്ധതികൾ
നടപ്പിലാക്കുന്നതിനുള്ള ഏജൻസികളായി അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന
സർക്കാരിന്റെ അറിയിപ്പ്‌ ലഭിച്ചുകഴിഞ്ഞു. കൊപ്രാ സംഭരണത്തിലും
സിപിഎസ്സുകൾക്ക്‌ വില്ലേജ്‌ ഓഫീസറുടെയും, കൃഷി ഓഫീസറുടെയും
സർട്ടിഫിക്കറ്റ്‌ ഇല്ലാതെ, അവരുടെ ബോർഡിലെ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നേരിട്ട്‌ സംഭരണ ഏജൻസികൾക്ക്‌ കൊപ്ര
നൽകുന്നതിനും ഗവണ്‍മന്റുത്തരവുണ്ട്‌. ഈ അവസരങ്ങൾ സിപിഎസ്സുകളും
തെങ്ങിന്റെ ചങ്ങാതിക്കൂട്ടവും പ്രയോജനപ്പെടുത്തണമെന്ന്‌
അഭ്യർത്ഥിക്കുന്നു.

ഇളനീർ കൂടുതലായി വിളവെടുപ്പു നടത്തുന്നതിനും, സംസ്ക്കരിച്ച്‌ പായ്ക്കു
ചെയ്യുന്നതിനുമുള്ള പ്രോജക്ടുകൾ ഉത്പാദകസംഘങ്ങളും ചങ്ങാതിക്കൂട്ടവും വഴി
കൂടുതലായി ഏറ്റെടുക്കാൻ കഴിയണം.
അതുപോലെ തന്നെ തെങ്ങിന്റെ ചങ്ങാതിമാരിൽ നിന്നും ചെറിയ നഴ്സറികൾക്കുള്ള
പ്രോജക്ടുകളും പ്രതീക്ഷിക്കുന്നു. ആവശ്യമെങ്കിൽ ഡ്വാർഫ്‌ ഇനത്തിൽ പെട്ട
ഗുണമേന്മയുള്ള വിത്തുതേങ്ങകൾ അവർക്കും ലഭ്യമാക്കുന്നതാണ്‌.
അടുത്ത സീസണിലെങ്കിലും വിലിയിടിവുണ്ടാവാത്ത രീതിയിൽ, കേരളത്തിൽ
കരിക്കിന്റേയും, കരിക്കുൽപന്ന ങ്ങളുടേയും വിപണനം ആഗസ്റ്റ്‌ മുതൽ ഡിസംബർ
വരെയുള്ള മാസങ്ങളിൽ നടപ്പാക്കേണ്ടതുണ്ട്‌. കൂടാതെ സിപിഎസുകളും അവയുടെ
ഫെഡറേഷനുകളും വഴി തൃത്താല പഞ്ചായത്തുകളുടെ സഹായത്തോടെ 200 ആധുനിക കൊപ്ര
ഡ്രയറുകളും സ്ഥാപിക്കുന്നതിന്‌ ബോർഡ്‌ ലക്ഷ്യമിടുന്നു. ഇതിന്റെ
ആദ്യപടിയായി മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സിപിഎസ്സുകളുടെ
ഫെഡറേഷനുകൾക്ക്‌, ഓരോ ബാച്ചിലും 10000 നാളികേരം കൊപ്രയാക്കാൻ ശേഷിയുള്ള
20 കൊപ്രഡ്രയറുകൾ സ്ഥാപിക്കുകയാണെങ്കിൽ അൻപത്‌ ശതമാനം സ്ബ്സിഡി നൽകാനും
തീരുമാനമെടുത്തിട്ടുണ്ട്‌.

നമ്മുടെ സംസ്ഥാനത്ത്‌ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന താങ്ങുവിലയ്ക്കുള്ള
കൊപ്ര സംഭരണം വളരെ പരിതാപകരമായ നിലയിൽ നീങ്ങുകയാണ്‌. മെയ്മാസം 18-​‍ാം
തീയതിയിലെ വിവരമനുസരിച്ച്‌ കേരഫെഡ്ഡ്‌ 435.366 മെ. ടണ്ണും, മാർക്കറ്റ്‌
ഫെഡ്ഡ്‌ 307.179 മെ. ടണ്ണും മാത്രമാണ്‌ ഇതുവരെ സംഭരിച്ചിരിക്കുന്നത്‌.
തമിഴ്‌നാട്ടിൽ 5583.650 മെ. ടണ്ണും, ലക്ഷദ്വീപിൽ 3099.488 മെ.ടണ്ണും,
ആന്ധ്രാപ്രദേശിൽ 1850.550 മെ. ടണ്ണും ഇതുവരെ സംഭരിച്ചിട്ടുണ്ട്‌.
ലക്ഷദ്വീപിലെ ആകെ തെങ്ങുകൃഷി 2700 ഹെക്ടർ മാത്രവും കേരളത്തിൽ 818800
ഹെക്ടറുമാണ്‌.  ലക്ഷദ്വീപിൽ കേരളത്തിൽ ആകെ സംഭരിച്ചിരിക്കുന്നതിന്റെ 5
മടങ്ങ്‌ സംഭരണം നടന്നിരിക്കുന്നു. തെങ്ങുകൃഷിയുടെ വിസ്തൃതിയാകട്ടെ
കേരളത്തിലേതിന്റെ 300 ൽ ഒന്നു മാത്രവുമാണ്‌. ഈ താരതമ്യം കേരളത്തിലെ സംഭരണ
ഏജൻസികളുടെ (കെടു) കാര്യക്ഷമതയുടെ ഉത്തമ ദൃഷ്ടാന്തമല്ലേ? ഇവിടെയാണ്‌
നമ്മുടെ സിപിഎസ്സുകൾ സടകുടഞ്ഞെഴുന്നേൽക്കേണ്ടത്‌. ഔദാര്യങ്ങളുടേയും,
സഹായങ്ങളുടേയും പിറകേ മാത്രം പോയാൽ പോരാ; മറിച്ച്‌ കർഷകരുടെ ആത്മാഭിമാനം
ഉയർത്തിപ്പിടിച്ച്‌, അവരുടെ ന്യായമായ അവസരങ്ങളും അവകാശങ്ങളും
മനസ്സിലാക്കി, അവ നേടിയെടുക്കുന്നതിനുള്ള, ജീവനുള്ള കൂട്ടായ്മകളായി
സിപിഎസ്സുകൾ മാറേണ്ടതില്ലേ? അതിനായുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നാം
നടത്തേണ്ടതുണ്ട്‌.

ഇങ്ങനെ നിരവധി പ്രതിസന്ധികളും വിലയിടിവിന്റെ നിരാശയും കേരകർഷകരെ
അലട്ടുമ്പോൾ അവയ്ക്ക്‌ കൂട്ടായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്‌
മുൻപന്തിയിൽ ബോർഡ്‌ നിങ്ങളോടൊപ്പമുണ്ട്‌.
      

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ