8 Jul 2011

സ്നേഹധമനികൾ മുറിയുമ്പോൾ



കെ.പി.മോഹനൻ
 

 ടി.പത്മനാഭന്റെ കഥകളെക്കുറിച്ച്

ഒരു ജൈവസംവിധാനത്തിലെ രക്തചംക്രമണ വ്യവസ്ഥയും ഒരു ജലവിതരണ ശൃംഖലയും വാസ്തവത്തിൽ ഒരേ നിയമങ്ങൾക്കനുസരിച്ച്‌ പ്രവർത്തിയ്ക്കുന്ന സംവിധാനങ്ങളാണ്‌.

പക്ഷെ വ്യവസ്ഥയ്ക്കപ്പുറമുള്ള ജൈവികതകൊണ്ട്‌ ആദ്യത്തേതിൽ നമുക്ക്‌ വല്ലാത്തൊരു വൈകാരികത അനുഭവപ്പെടുന്നു. മനുഷ്യബന്ധങ്ങളുടെ ബാഹ്യതലങ്ങളെ നമ്മൾ എന്നും കണ്ടറിഞ്ഞും തൊട്ടറിഞ്ഞും കൊണ്ടിരിയ്ക്കുന്നുണ്ട്‌. പക്ഷെ അവയുടെ ആന്തരികതല അതിലോലബന്ധങ്ങളെ ഇഴ വിടർത്തുക എന്ന സാമാന്യമായ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അപൂർവ്വം എഴുത്തുകാരുണ്ട്‌. കഥയുടെ സാന്ദ്രപാരായണങ്ങൾ മലയാളിയെ പഠിപ്പിച്ച ടി.പത്മനാഭനാണ്‌ ഇന്ന്‌ അക്കൂട്ടത്തിൽ നമുക്ക്‌ ഏറെ പ്രിയങ്കരനായിരിയ്ക്കുന്നത്‌. 

ഓരോ കഥയും മനുഷ്യസമൂഹത്തിനുവേണ്ടി ചെയ്യുന്ന ഓരോ വിശുദ്ധ പ്രാർത്ഥനയായി ഈ എഴുത്തുകാരൻ കാണുന്നു. ഒരു മൈക്രോ സർജറി വിദഗ്ധനെപ്പോലെ മനുഷ്യബന്ധങ്ങളിലെ മുറിയുന്ന സ്നേഹധമനികളുടെ സൂക്ഷ്മതലങ്ങളെ അദ്ദേഹം കണ്ടെത്തുന്നു. പദ്മനാഭൻ കഥകളുടെ ആന്തരിക ദീപ്തികൾ ഇഴ വിടർത്തിക്കാണിയ്ക്കുക എന്നത്‌ അത്യന്തം പ്രയാസമേറിയ ഒരു കാര്യമാണ്‌. വിവൃതഘടനയോടുകൂടിയ ആ കഥകളുടെ അഗാധതലങ്ങളിലേയ്ക്കുള്ള മറ്റൊരന്വേഷണം കൂടി മലയാളത്തിൽ നടക്കുന്നു. അത്യന്തം സന്തോഷകരമായ ഒരു കാര്യമാണത്‌. കാരണം കഥകളെ സന്ദേശങ്ങളോ സന്ധി ബന്ധങ്ങളോ ആയി കാണുന്നതിനപ്പുറം സാന്ദ്രവികാരങ്ങളുടെ അപഗ്രഥനമായി കാണുന്ന നമുക്കത്രയൊന്നും പരിചിതമല്ലാത്ത രീതി ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. പദ്മനാഭൻ കഥകളിൽ ആത്മസ്പർശിയായ അനുഭവങ്ങളുടെ കഥാചിത്രണം എങ്ങനെ നിർവ്വഹിയ്ക്കപ്പെടുന്നു എന്ന അത്യന്തം ശ്രമകരമായ അന്വേഷണത്തിലാണ്‌ ഈ ഗ്രന്ഥത്തിൽ ഏർപ്പെട്ടിരിയ്ക്കുന്നത്‌.

'വീടു നഷ്ടപ്പെടുന്ന കുട്ടികൾ' എന്നത്‌ പദ്മനാഭൻ കഥകളിലെ ഒരു ബൃഹദ്‌ രൂപകമാണ്‌. ഏകാകികളും തന്റേതായ പ്രവൃത്തികൾക്ക്‌ തന്റേതായ ന്യായീകരണങ്ങൾ ഉള്ളവരുമായ, നൈതികതയുടെ വിഛിന്ന കേന്ദ്രങ്ങളിൽ നിന്ന്‌ പ്രകാശം ചിതറുമ്പോൾ തിളക്കമുള്ളവരായിത്തീരുന്ന കഥാപാത്രങ്ങളുടെ സങ്കീർണ്ണ മാനസികളോകങ്ങളിലേയ്ക്കുള്ള സഞ്ചാരങ്ങളായിത്തീരുന്നു ഈ പഠന സന്ദർഭങ്ങൾ ഓരോന്നും. കഥയിൽ നിന്ന്‌ വേറിട്ടൊരു ജീവിതമോ ജീവിതത്തിൽ നിന്ന്‌ വേറിട്ടൊരു കഥയോ ഇല്ലാത്ത പദ്മനാഭന്റെ കഥകളിൽ മനുഷ്യാത്മാവിൽ വെളിച്ചവും മാധുര്യവും പകരുന്ന അലിവും പ്രകാശവും ലയിച്ചുചേർന്നിരിയ്ക്കുന്നതെങ്ങിനെ എന്ന്‌ വിശകലനം ചെയ്യാനുള്ള ശ്രമം ഇവിടെ ശ്രീമതി സരസ്വതി നടത്തുന്നുണ്ട്‌. 

 
 ജീവന്റെ സ്ഫുരണമുള്ള ഏതൊരു വസ്തുവിനും അത്യന്തവിശുദ്ധമായ ഒരു ദീപ്തി പദ്മനാഭൻ ദർശിക്കുന്നുണ്ട്‌. മുറിഞ്ഞുവീഴുന്ന ഒരു മുരിങ്ങ മരത്തോടും, തെരുവിൽ അനാഥമാകുന്ന ഒരു നായ്ക്കുഞ്ഞിനോടും, ഒരു സുപ്രഭാതത്തിൽ കൂടിരുന്ന മരക്കൊമ്പ്‌ നഷ്ടപ്പെടുന്ന കിളിക്കുഞ്ഞിനോടും ആർദ്രതയോടെ പ്രതികരിയ്ക്കുന്ന ഈ മനസ്സിൽ ആ കീടപതംഗകമായ പ്രകൃതിയുമായി സല്ലയനം സാധിച്ച അത്യുദാത്ത ഭാരതീയ മനസ്സിന്റെ അടരുകൾ തന്നെയാണുള്ളത്‌. അതുകൊണ്ടുതന്നെ ആ മനസ്സിൽ നിന്നുയരുന്നത്‌ എന്തിന്‌, എന്തിന്‌ എന്ന്‌ അർദ്ധോക്തിയിൽ അവസാനിയ്ക്കുന്ന ചോദ്യങ്ങൾ തന്നെയായിത്തീരുന്നു. 


കൈക്കുമ്പിളിലെ വെള്ളത്തിൽ അഗാധമായ സാഗര ഗർജ്ജനത്തിന്റെ അനുരണനങ്ങൾ കേൾപ്പിക്കുക എന്ന അത്യന്തം സൂക്ഷ്മമായ പ്രവൃത്തിയായി കഥാരചനമാറുന്ന അനുഗ്രഹീത നക്ഷത്രങ്ങളായിത്തീരുന്നു പദ്മനാഭന്റെ വിശുദ്ധ പ്രാർത്ഥനകൾ ഓരോന്നും. പ്രകൃതിയുടെ സുരക്ഷകമായ മൃദുസ്പർശനങ്ങൾപോലെ തന്നെ മരങ്ങളുടെ ഇടയിലൂടെ ചീറിപ്പായുന്ന കാറ്റിന്റെ ഘനശ്രുതിയും, മഴയുടെ സംഹാരതാണ്ഡവവുമൊക്കെ ഈ കഥകളുടെ പശ്ചാത്തല സംഗീതമായിത്തീരുന്നു. സ്ത്രീത്വത്തിന്റെ വശ്യദീപ്തമായ വ്യത്യസ്തഭാവങ്ങളൊക്കെ പ്രകൃതിയിലും പ്രത്യക്ഷമാകുന്നതിന്റെ അത്യുദാത്തമായ അവസ്ഥാവിശേഷങ്ങളായി ഇവിടെ ഓരോ കഥകളും പരിണമിയ്ക്കുന്നു. പ്രണയത്തിന്റെയും പ്രകൃതിയുടെ ലോലഭാവങ്ങൾ ഓർമ്മകളുടെ നനുത്ത തന്തുക്കളിലൂടെ ഊർന്നിറങ്ങുന്ന അനുഭവം പദ്മനാഭന്റെ ഓരോ കഥകളും പ്രദാനം ചെയ്യുന്നു.


 ധർമ്മത്തിന്റെ ഗതി ഗഹനമാണെങ്കിൽ കർമ്മത്തിന്റെയും അപ്രകാരം തുറന്നവയാകുന്ന സാദ്ധ്യതകളും സത്യമേത്‌, കരണീയമേത്‌ എന്നത്‌ സാഹചര്യങ്ങൾക്കനുസരിച്ച്‌ ഓരോരുത്തരും കണ്ടെത്തേണ്ടതായിത്തീരുന്നു. സ്വന്തം മനോഭാവങ്ങളേയും നിലപാടുകളെയും പരബോദ്ധ്യപ്പെടുത്തേണ്ടിവരുമ്പോഴാണ്‌ മനുഷ്യൻ പരാജയപ്പെടുന്നത്‌. പദ്മനാഭനു പ്രിയപ്പെട്ട കവ പരിതപിയ്ക്കുന്നതുപോലെ 'അതിനിന്ദ്യമീ നരത്വം' എന്ന്‌ ഓരോരുത്തരും സങ്കടപ്പെടുന്ന സന്ദർഭങ്ങൾ. ധർമ്മസങ്കടങ്ങളുടെ നൂൽപ്പാലം കടക്കുന്ന കഥാപാത്രങ്ങളെയാണ്‌ പദ്മനാഭൻ ചിത്രീകരിയ്ക്കുന്നത്‌. എപ്പോഴും സത്യത്തിന്റെ സൂര്യൻ കാർമേഘങ്ങൾക്കു പിറകിൽ ഒളിച്ചുകളിയ്ക്കുന്നു. മനുഷ്യൻ ക്ഷമയോടെ കാത്തിരിയ്ക്കുന്നു. വൃക്ഷത്തലപ്പുകളിൽ നിന്ന്‌ അന്തിവെളിച്ചം പതുക്കെ മാഞ്ഞുപോകുന്ന അസ്തമയ സന്ധ്യകളാണ്‌ പലപ്പോഴും പദ്മനാഭൻ കഥകളിലെ കാലം എന്നത്‌ കൗതുകപൂർവ്വം ഓർക്കാവുന്ന ഒരു കാര്യമാണ്‌. മാനവികതയ്ക്കുവേണ്ടിയുള്ള പ്രതിരോധമാണ്‌ അത്തരം കാലങ്ങളിൽ ഇരുന്നുകൊണ്ട്‌ ഭാവത്തിലും ഭാഷയിലും നന്മയാർന്ന രചനകളിലൂടെ പദ്മനാഭൻ നിർവ്വഹിച്ചുകൊണ്ടേയിരിയ്ക്കുന്നത്.


 
 പദ്മനാഭൻ കുറെക്കാലത്തേയ്ക്കുകൂടി അനാഗതമായ കാലത്തിന്റെ എഴുത്തുകാരനായിരിയ്ക്കാനാണ്‌ സാധ്യത. കാരണം അദ്ദേഹം പറയുന്ന സ്നേഹത്തിന്റെ ഭാഷ, പുതിയകാലത്തിനു മനസ്സിലാകുന്ന ഒന്നല്ല. ഏതു വ്യക്തിയിലും നന്മയുടെ ഒരു ചെറിയ സ്ഫുരണമെങ്കിലും കാണാനുള്ള ഈ സന്മനസ്സ്‌ വിപണിവത്കൃതമായ ഒരു ലോകത്തിന്‌ അന്യമായ ഒന്നാണ്‌. പാറക്കെട്ടുകളും വന്ധ്യമായ ചെകിടിമണ്ണും നിറഞ്ഞ വർത്തമാന കാലത്തിനു നടുവിലിരിയ്ക്കുമ്പോഴും താമരയിലകളുടെ ഇടയിലൂടെ താമരക്കോഴികളുടെ ചെറുകാറലിൽ ഇലകൾ ഉലയുന്ന ശബ്ദം കേൾക്കുന്ന ഒരു നളിനകാന്തിയുടെ മൃദു മനോഹരമായ രാഗം മനസ്സിൽ കൊണ്ടുനടക്കുന്ന ആളാണ്‌ പദ്മനാഭൻ. അദൃശ്യമായ മനുഷ്യസ്നേഹം മനസ്സിൽ കൊണ്ടുനടക്കുന്ന ഈ മനുഷ്യൻ- പുറമേയ്ക്കു പരുക്കനായ ഈ മനുഷ്യൻ-എഴുതുന്ന കഥകളുടെ ഹൃദയലാവണ്യം പുതിയ തലമുറയ്ക്ക്‌ എത്രസ്വീകാര്യമാകും എന്നറിഞ്ഞുകൂട.



 അതുകൊണ്ടുതന്നെ പദ്മനാഭൻ കഥകളെ ഏതുരീതിയിൽ പരിചയപ്പെടുത്തുന്നതും അധികമായിരിയ്ക്കുകയില്ല. വളരെക്കുറച്ചുമാത്രം നടന്നിട്ടുള്ള പദ്മനാഭൻ പഠനങ്ങൾക്ക്‌ ഒരു പുതിയ മുതൽക്കൂട്ടായിരിയ്ക്കും സരസ്വതിയുടെ ഈ പഠനം എന്നു ഞാൻ പ്രത്യാശിയ്ക്കുന്നു. ടി.പദ്മനാഭന്റെ കഥകളിലെ ഭാവവും ഭാഷയും, അവസ്ഥകളും ആഖ്യാനങ്ങളും, വിദഗ്ധമായി അനാവരണം ചെയ്യുന്ന ഈ ഗ്രന്ഥത്തെ വായനക്കാർ സ്നേഹപൂർവ്വം കൈക്കൊള്ളും എന്നെനിയ്ക്ക്‌ ഉറപ്പുണ്ട്‌. 
(ഡോ.പി.സരസ്വതി എഴുതിയ 'പത്മനാഭോമരപ്രഭു'{ഡിസി ബുക്സ്
വില 150/ }എന്ന പുസ്തകത്തെക്കുറിച്ച്‌)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...