15 Nov 2011

പാഴ്‌മുളം തണ്ടില്‍ പാട്ടിന്റെ പാലാഴി

ബിജു പി

hariprasad_chaurasiaഅയഞ്ഞുകിടക്കുന്ന കുര്‍ത്തയും ദോത്തിയും, തോളില്‍ കസവുകരയുള്ള വേഷ്‌ടി, വായില്‍ നിറയെ മുറുക്കാന്‍, ആജാനബാഹു-കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുസ്‌തിക്കാരനോ ചെറുകിട കച്ചവടക്കാരനോ എന്ന്‌ ഒരു നിമിഷം സംശയിച്ചേക്കാം. എന്നാല്‍ ഇത്‌ ഹരിപ്രസാദ്‌ ചൗരസ്യയാണ്‌. പാഴ്‌മുളം തണ്ടില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പുല്ലാങ്കുഴല്‍ ചക്രവര്‍ത്തി. കട്ടക്ക്‌ മുതല്‍ കോപന്‍ഹേഗന്‍ വരെ, ബനാറസ്‌ മുതല്‍ ബാഴ്‌സലോണ വരെ 20 ഇഞ്ച്‌ നീളവും സപ്‌തസ്വരദ്വാരങ്ങളുമുള്ള മുളംതണ്ടില്‍ പാട്ടിന്റെ പാലാഴി ഒരുക്കുന്ന ചൗരസ്യ. ഗുസ്‌തിക്കാരന്റെ മകനായി അലഹബാദില്‍ ജനിച്ച ചൗരസ്യ ഓടക്കുഴലുമായി ചങ്ങാത്തത്തിലായത്‌ അയല്‍ക്കാരനായ പണ്ഡിറ്റ്‌ ബോലാനാഥിന്റെ കച്ചേരി കേട്ടതോടെയാണ്‌്‌. മകനെ ഗുസ്‌തിക്കാരനായി കാണാന്‍ ആഗ്രഹിച്ച പിതാവ്‌ അറിയാതെ ചൗരസ്യ ബോലാറാമിന്റെ കീഴില്‍ ബാംസുരി അഭ്യസിച്ചു. ബോലാറാം അവിവാഹിതനായിരുന്നു. ഒറ്റയ്‌ക്കാണ്‌ താമസം. ചപ്പാത്തി പരത്തിക്കൊടുക്കുകയും പച്ചക്കറികള്‍ അരിഞ്ഞുകൊടുക്കലുമായിരുന്നു ദക്ഷിണ.

ഒരു ദിവസം മുറി അടച്ചിട്ടിരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കുന്നത്‌ അച്ഛന്‍ കേട്ടു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. നീ എന്താണ്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോള്‍ ചൂളംവിളിക്കുകയായിരുന്നവെന്നായിരുന്ന മറുപടി. കണക്കിന്‌ കിട്ടി ചൗരസ്യക്ക്‌. അക്കാലത്ത്‌ ചൂളംവിളിക്കുന്നത്‌്‌ മോശം ശീലമായാണ്‌ കണക്കാക്കിയിരുന്നത്‌. ഒരിക്കല്‍ സംഗീത പഠനത്തെക്കുറിച്ച്‌ പിതാവറിഞ്ഞു. പിന്നീട്‌ മര്‍ദനത്തിന്റെ കാലമായിരുന്നു. എന്നാല്‍ സംഗീതത്തോടുളള ചൗരസ്യയുടെ പ്രണയം തകര്‍ക്കാന്‍ കടുത്ത മര്‍ദനങ്ങള്‍ക്കും സാധിച്ചില്ല. അവസാനം പിതാവ്‌ ചൗരസ്യയെ പാട്ടിന്‌ വിട്ടു. വിശ്രുത സരോദ്‌ വാദകനായ ബാബ അലാവുദ്ദീന്‍ ഖാന്‍ കച്ചേരിക്കായി അലഹബാദില്‍ വന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ചൗരസ്യ അദ്ദേഹത്തിന്‌ മുന്നില്‍ പുല്ലാങ്കുഴല്‍ വായിച്ചു. മൈഹാര്‍ ഘരാനയില്‍ തന്നോടൊപ്പം ചേരാനായിരുന്നു ഉസ്‌താദിന്റെ കല്‍പ്പന. എന്നാല്‍ അക്കാലത്ത്‌ അലഹബാദ്‌ വിട്ടുപോകുന്നത്‌ ചൗരസ്യക്ക്‌ ചിന്തിക്കാനാകുമായിരുന്നില്ല. “ഇപ്പോള്‍ വരുന്നില്ലെങ്കില്‍ ഞാന്‍ മരിച്ച ശേഷം എന്റെ മകളെ കാണുക. അവള്‍ നിനക്ക്‌ ശിക്ഷണം നല്‍കും.”

ഏറെക്കാലത്തിന്‌ ശേഷം ഉസ്‌താദ്‌ പറഞ്ഞതുപോലെ ചൗരസ്യ അന്നപൂര്‍ണാദേവിയുടെ സന്നിധിയിലെത്തി. സ്വീകരണം തീര്‍ത്തും മോശമായിരുന്നു. പലതവണ അവര്‍ വാതില്‍ കൊട്ടിയടച്ചു. പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. എന്നാല്‍ അതൊന്നും ചൗരസ്യയുടെ ദൃഢനിശ്‌ചയത്തെ ഇളക്കാനായില്ല. മൂന്നുവര്‍ഷത്തിന്‌ ശേഷമാണ്‌ ദേവിയുടെ വാതില്‍ ചൗരസ്യക്ക്‌ മുന്നില്‍ തുറന്നത്‌. പട്ടാളച്ചിട്ടയിലായിരുന്ന പഠനം. തെറ്റിയാല്‍ കഠിനശിക്ഷയും വഴക്കും. അന്നപൂര്‍ണാദേവി പുല്ലാങ്കുഴല്‍ വായിച്ചിരുന്നില്ല.

രാഗങ്ങള്‍ പാടും. അത്‌ ചൗരസ്യ പുല്ലാങ്കുഴലില്‍ വായിക്കണം. സംഗീതത്തിന്റെ ആഴക്കടലിലേക്ക്‌ മുത്തും പവിഴവും തേടിയുള്ളൊരു തീര്‍ഥയാത്രയായാണ്‌ അന്നപൂര്‍ണാദേവിയുടെ കീഴിലുള്ള പഠനത്തെ ചൗരസ്യ വിശേഷിപ്പിക്കുന്നത്‌. ഇന്നും സമയം കിട്ടുമ്പോള്‍ അന്നപൂര്‍ണാദേവിയുടെ സവിധത്തിലെത്തും ചൗരസ്യ. തന്റെ എല്ലാ വിജയങ്ങളും പ്രശസ്‌തിയും ഗുരുവിനാണ്‌ ചൗരസ്യ സമര്‍പ്പിക്കുന്നത്‌. പൊതുധാരയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും അകന്നു നില്‍ക്കുന്ന, വിരലിലെണ്ണാവുന്ന ശിഷ്യര്‍ മാത്രമുള്ള സംഗീത പ്രതിഭയാണ്‌ അന്നപൂര്‍ണാദേവി. പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ചൗരസ്യയെ കാത്തിരുന്നത്‌ യശസ്സിന്റെ അതിരില്ലാത്ത ലോകമായിരുന്നു. 1972ല്‍ പണ്ഡിറ്റ്‌ രവിശങ്കര്‍, ഉസ്‌താദ്‌ അല്ലാരാഖ, പാശ്‌്‌ചാത്യ സംഗീതജ്ഞരായ ജോര്‍ജ്‌ ഹാരിസണ്‍, ജീന്‍ പിയറി രാംപാല്‍ എന്നിവരുമായി ചേര്‍ന്ന്‌ 54 നഗരങ്ങളില്‍ ഫ്യൂഷന്‍ സംഗീതവും ജുഗല്‍ബന്ദിയും അവതരിപ്പിച്ചു. ഇതോടെ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ പുല്ലാങ്കുഴല്‍ വാദകന്‍ എന്ന വിശേഷണം അദ്ദേഹത്തിന്‌ ലഭിച്ചു. നിരവധി പരീക്ഷണങ്ങളും അദ്ദേഹം നടത്തി. 3895627144_079f82ef53പരമ്പരാഗതമായി പാടുകയോ വീണയില്‍ മാത്രം വായിക്കുകയോ മാത്രം ചെയ്യാറുള്ള ദ്രുപദ്‌ പുല്ലാങ്കുഴലില്‍ വായിച്ചു. `ഡിവൈന്‍ ദ്രുപദ്‌’ എന്ന ആല്‍ബം ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌തു. ഗിത്താര്‍ വിദഗ്‌ധന്‍ ബ്രിജ്‌ഭൂഷന്‍ കബ്ര, സന്തുര്‍ വാദകന്‍ പണ്ഡിറ്റ്‌ ശിവ്‌കുമാര്‍ ശര്‍മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ കാള്‍ ഓഫ്‌ വാലി എന്ന ആല്‍ബം ഇറക്കി. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീത ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റുപോയ ആല്‍ബമാണ്‌ കാള്‍ ഓഫ്‌ വാലി. ശാസ്‌ത്രീയസംഗീതത്തില്‍ മാത്രമായി ഒതുങ്ങിയില്ല ചൗരസ്യയുടെ പ്രവര്‍ത്തനമണ്ഡലം. ശിവ്‌കുമാര്‍ ശര്‍മക്കൊപ്പം ശിവ്‌-ഹരി എന്ന പേരില്‍ സിനിമാഗാനങ്ങള്‍ ചിട്ടപ്പെടുത്തി. `സില്‍സില’, `ചാന്ദ്‌നി’ തുടങ്ങിയ സൂപ്പര്‍ഹിറ്റ്‌ സിനിമകളിലെ മനോഹരമായ പാട്ടുകള്‍ ഈ കൂട്ടുകെട്ടിന്റേതാണ്‌. അരവിന്ദന്റെ പോക്കുവെയില്‍ എന്ന സിനിമയില്‍ ചൗരസ്യയുടെ പുല്ലാങ്കുഴല്‍ നാദമുണ്ട്‌. എന്നാല്‍ മുഴുവന്‍ സമയവും സിനിമാക്കാരനാകാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല.

പുല്ലാങ്കുഴലിന്റെ വശ്യമായ നാദം കേള്‍ക്കാന്‍ ആസ്വാദകര്‍ ലോകത്തിന്റെ പല കോണിലും കാത്തിരിക്കുന്നുണ്ടായിരുന്നു. പത്മവിഭൂഷണും പത്മഭൂഷണും അടക്കം എണ്ണമറ്റ ബഹുമതികള്‍, ലോകത്തെമ്പാടും ലക്ഷക്കണക്കിന്‌ ആരാധകര്‍-പക്ഷെ ഇന്നുമൊരു സംഗീത വിദ്യാര്‍ഥിയായിട്ടാണ്‌ ചൗരസ്യ സ്വയം വിലയിരുത്തുന്നത്‌. “ഗുരുവിനെയും എന്റെ ആത്മാവിനെയും ഇനിയും പൂര്‍ണമായും തൃപ്‌തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന്‌ എത്ര ജന്‍മങ്ങള്‍ വേണ്ടി വരുമെന്ന്‌ എനിക്കറിയില്ല. ഞാന്‍ പ്രയത്‌നം തുടരും, മരണം വരെ,” ചൗരസ്യ പറഞ്ഞു. സംഗീതം ചൗരസ്യക്ക്‌ ആരാധനയും പ്രാര്‍ഥനയുമാണ്‌. ഓഡിറ്റോറിയങ്ങള്‍ ആരാധനാലയങ്ങളും. കണ്ണുമടച്ച്‌ പുല്ലാങ്കുഴലിന്റെ ഒരറ്റത്ത്‌ ചുണ്ടമര്‍ത്തി വിരലുകള്‍ മാന്ത്രികമായി ചലിപ്പിച്ച്‌ ദേശും ദര്‍ബാരി കാനഡയും ആഹിര്‍ ഭൈരവിയും മേഘമല്‍ഹാറും അന്തരീക്ഷത്തില്‍ കുഞ്ഞലകളായി ഒഴുകുന്നു. മലകളും പുഴകളും വന്‍കരകളും താണ്ടി ആ വശ്യസംഗീതത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌ ആസ്വാദകരും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...