മുല്ലപ്പെരിയാര്‍
പീതന്‍ കെ വയനാട്
മുല്ലയാര്‍മെല്ലെകുണുങ്ങിയോഴുകുവോള്‍
ഉള്‍നിറയെയാദിമസംഗീതമുള്ളവള്‍ .
പെരിയാറ് പേര് പോലലറികുതിക്കുവോള്‍
ഇളയെകുളിര്‍പ്പിച്ചു പുണ്യമായോഴുകുവോള്‍.
അണകെട്ടിയവരെ തടുത്ത തന്റേടത്തെ-
യാദ്യം  തകര്‍ത്തുഗ്രരൂപിണികളായവര്‍.
അലകടലിലേയ്ക്കൊഴുകിയൊഴുകി -
തിമിര്‍ത്തവരിരുകരയുമപഹരി-
ച്ചില്ലായ്മ ചെയ്തവരിടംവലം നോക്കാതെ
പ്രളയം വിതച്ചവര്‍ ,പെരിയാറ് -
പേര്പോലലറിക്കുതിക്കുവോള്‍;
മുല്ലയാര്‍ മെല്ലെകുണുങ്ങിയൊഴുകുന്നവള്‍.  

        
 മലനിരകള്‍ക്കുമേല്‍ മഴവില്ല് തീര്‍ക്കുവോര്‍
മഴയില്‍ ചിലമ്പിട്ടു മതിമറന്നാടുവോര്‍.
മുല്ലക്കു ചെത്തിക്കു ചെമ്പകവല്ലിക്കു,
മുന്തിരിതോപ്പിനുമുദകം പകരുവോര്‍.
നനാവിജാതീയ ജൈവാങ്കുരങ്ങള്‍ക്ക് ദാഹ-
നീരേകിയുയിര്‍ ഹരിതാഭയേറ്റുവോര്‍.
വനദൂര യാത്രകളാഹ്ലാദ പൂരിത-
മേകരായ്പാടിപതഞ്ഞോഴുകുന്നനാള്‍
തിരങ്ങള്‍ ബന്ധിച്ചണക്കെട്ട് തീര്‍ത്തേറെ
ദൂരത്തിലേയ്ക്കാട്ടിയാട്ടി തെളിച്ചവര്‍,
കല്പിച്ച കാലം കഴിഞ്ഞു പോയെങ്കിലു-
മിപപോഴുമാര്‍ത്തിയൊടുങ്ങാതെ പിന്മുറ
നിര്‍ദ്ദയം ദുര്‍വ്വാശിയോടെ മൊഴിയുന്നു
വൃദ്ധയായില്ലിവള്‍,ബാക്കിയാം യൗവ്വനം!

മുല്ലയാര്‍, പെരിയാറ് പേരിലെ പേരായ 
മുല്ലപ്പെരിയാറണക്കെട്ട്മുത്തശ്ശി-
യ്ക്കേറുന്നു    നൂറിലുമേറെവയസ്സുക-
ളെന്നേയുടുത്തുപഴകിയചേലയില്‍ 
കീറലുകള്‍തുന്നിമടുത്തൂമരുമക്ക-
 ളെന്നാലുമിപ്പോഴുമോതുകയാണവ-
രില്ലപഴകിയിട്ടില്ലീയുടുതുണി-
യേറെവിശിഷ്ടമിതിന്നിഴ കോര്‍ക്കുവാന്‍
പോര്‍ട്ടുഗീസാശാരി  തീര്‍ത്തതറികളില്‍
കോയമ്പത്തൂര്‍ നെയ്ത്ത്കാരൊത്തു കച്ചിലെ,
തയ്യല്‍ വിദഗ്ദ്ധരുമേറെയുദാത്തമായ് 
നെയ്തതീ യുടുതുണിയെന്തിനുമാറ്റണം?
മാറിയിട്ടില്ലിതിന്‍ പുതുമോടിതന്‍മണം,
മങ്ങിയിട്ടില്ലിതിന്‍ വെണ്മയും ഭംഗിയും !

വാര്‍ദ്ധക്യമെങ്കിലുമിപ്പോഴുമൊക്കത്ത്
വെള്ളക്കുടം പേറി യന്തിച്ചുനില്‍ക്കുവോ -
ളൂട്ടിവളര്‍ത്തിയപുത്രപൗത്രാദിക  -
ളോരോവിധം പുതു കുറ്റം ചുമത്തവേ-
യായിരം പൂര്‍ണ്ണ ചന്ദ്രോദയ സ്മേരങ്ങ-
ളാവില  ഹൃത്തില്‍ സ്മരിക്കയോ മുത്തശി ?
എങ്ങോ നിലക്കാനിലവിളിയൊച്ചകള്‍
പര്‍വ്വത സീമയിലെങ്ങും മുഴങ്ങവേ  -
യാഴക്കയത്തിന്‍മുകള്‍ പരപ്പില്‍ പൊങ്ങി -
യോരോ ഞൊടിയിട പൊട്ടുന്നു നീര്പ്പോള  -
യാലോചനയില്‍ മുഴുകീടുമിപ്പടു ,
മുത്തശ്ശി തന്‍ ചുടുനിശ്വാസമെന്നപോല്‍    

 
അത്യുഷ്ണ ശൈത്യ ശിശിര വര്‍ഷങ്ങളെ
സ്വാംശീകരിചാര്‍ത്തയായി കഴിഞ്ഞവള്‍
തേനിക്ക്മധുരയ്ക്കു തേനായൊഴുകുവോള്‍
തീപാറു മുച്ചയ്ക്കു തെളിനീര്‍ നിറയ്ക്കുവോള്‍
പാട്ടക്കരാറിന്റെവൈപരീത്യങ്ങളില്‍ 
ചട്ടങ്ങള്‍ ചങ്ങലയ്ക്കിട്ട വിധികളാല്‍ ,
വൈഗയില്‍ നീരേറ്റിനീളുന്ന നാള്‍വഴി
വൈകിയ വേളയുമേറ്റുന്നു പേരേടില്‍.     

 മുല്ലപ്പെരിയാറു മൂകയാണെങ്കിലും
സല്ലപിക്കാനെത്തു മുല്ലാസ യാത്രികര്‍
ചൊല്ലുന്നു പെരിയാര്‍ തടാക തീരങ്ങളില്‍
ഇല്ലീ വ്യഥയ്ക്കറുതികാംക്ഷിച്ചിടാത്ത നാം ,
കൗരവ പാണ്ഡവ പക്ഷങ്ങള്‍ പോല്‍നിത്യ 
കലഹങ്ങള്‍ കൈവിടാന്‍ വൈകുമ്പോളേകുന്നു
കാലമൊരാസന്ന  വന്‍ ദുരന്തത്തിന്റെ
ഭൌമാന്തര ഭ്രംശ മുന്നറിയിപ്പുകള്‍ !
ഭൂകമ്പ മാപിനി യോരോ തവണയും
ഭൂചലനത്തിന്റെ തോതളക്കുമ്പോഴും
വ്യത്യസ്ത മാക്കുന്നു ;സ്വപക്ഷ വാദികള്‍
സ്വാദിഷ്ട ഭക്ഷണ തീന്‍മേശ ഭാഷണം .   

 മുല്ലയാര്‍മെല്ലെകുണുങ്ങിയൊഴുകുവോള്‍
പെരിയാറ് പേര് പോലലറി കുതിക്കുവോള്‍.
മുല്ലയാര്‍ ;പെരിയാറ് പേരിലെ പേരായ
മുല്ലപ്പെരിയാറണക്കെട്ട്   മുത്തശ്ശിയ്ക്കേറുന്നു
നൂറിലു മേറെ വയസ്സുകള്‍ .
ക്ഷീണിതയിവള്‍ ക്ഷീരമേകാത്ത ധേനുപോല്‍
വൈഗക്കൊഴുക്കുവാന്‍ നീരേറ്റമില്ലാതെ -
യണപൊട്ടി വീണ്ടുമാ സംഹാര നദിയാകില്‍,
സഹ്യാദ്രി നിരകള്‍ക്കിരുപുറം താഴ്വര  ;
വരള്‍ച്ചയില്‍ ,പ്രളയത്തിലാണ്ടുപോംഭീതിനാ -
മറിയിക്കയാണുഷ്ണമരുവാം  മധുരയെ,
തേനിയെ ദിണ്ഡിക്കല്‍ ,രാമനാഥപുരങ്ങളെ ....
പരമോന്നത നീതി പീഠങ്ങളെ.            l   
  
 മുല്ലയാര്‍ മെല്ലെ  കുണ്ങ്ങിയോഴുകുന്നവള്‍ 
പെരിയാറ് പേരുപോലാലറി  കുതിക്കുവോള്‍
മുല്ലയാര്‍ ,പെരിയാറ് പേരിലെ പേരായ
മുല്ലപ്പെരിയാറണക്കെട്ടു മുത്തശ്ശി -
യ്ക്കേറുന്നു  നൂറിലുമേറെവയസ്സുകള്‍,
നൂറിലുമേറെ വയസ്സുകള്‍! 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ