ഉണക്ക്‌.ശ്രീകൃഷ്ണദാസ്‌ മാത്തൂർ


കയ്യാലവക്കത്തുനിന്ന്
തണുത്ത വിളികൾ
വേരിലേക്കു മടങ്ങും.
ഇലകളിൽ പിടിപ്പിച്ച
ഒടുവിലെ പുലരിന്റെ
"റിയർ ഗ്ലാസ്‌" പൊട്ടി
ആവി പറക്കും...
അപകടം, കാറ്റ നക്കത്തിലും
നെഞ്ചുപൊടിഞ്ഞു മണ്ണു`
കരിയിലകളിൽ കരയും..

ഇരുചെവിയറിയാതെ
നടക്കുന്നോരെയെല്ലാം
കരിയിലകൾ ഉപരോധിക്കും.
ഒരു വഴുക്കൻ നാവുപോലെ
പൂച്ചയുടെ പമ്മലുകൾ
രാത്രിയെ വിളിച്ചറിയിക്കും.

നനവിന്റെ കുറവ്‌
നനവിനാലെ,
നോവിന്റെ കുറവ്‌
നോവിനാലെ,
അറിവിന്റെ കുറവ്‌
അറിവിനാലെ..
പുറത്തെ വെടിച്ചുകീറിയ
കാറ്റിന്റെ നാവിൽ
മഴയെന്തെങ്കിലും
എഴുതുന്നുണ്ടോ..?
'കുറവ്‌' എന്നോ മറ്റോ.

ആവർത്തിച്ചു വിതുമ്പിയതിനു
ശകാരിച്ചുവിട്ട റബ്ബർ തോട്ടക്കാരനെ
'വരട്ടും' എന്നോ മറ്റോ..

പെയ്യാനുള്ള സുഖസൗകര്യം
നോക്കിവച്ചിട്ടാണു
ഓരോ മഴയും പോകുന്നത്‌.
നഗരങ്ങളിൽ
കെട്ടിടത്തള്ളേറ്റ്‌,
പൊതുശ്മശാനങ്ങളിൽ
കൂടിച്ചേരുന്ന ജരാസന്ധരുടെ
'കൊലവെറി'ക്കു മറപിടിച്ച്‌,
പെയ്തു തുടങ്ങുമ്പോഴേ
മടുക്കും,
പഴയ വിശാലപെയ്തിന്റെ സുഖം
മഴ അറിഞ്ഞുതുടങ്ങും..

പിന്നെ കാറ്റിന്റെ
മഴവിൽ റിബ്ബൺപോലുള്ള
നീളൻ വാലിൽ തൂങ്ങി തിരിച്ച്‌.
പിണങ്ങിപ്പോയ കുട്ടിയുടെ
പി ന്തിരിപ്പൻ ഭാവത്തിൽ..

അങ്ങനെ ഒരു മഴ
കിഴക്കുനിന്നോ,
പടിഞ്ഞാറുനിന്നോ,
വരുമെന്ന്, ഉണക്ക്‌-
തൃകാലജ്ഞാനി അറിയുന്നു.

അതിനാലെ സ്വയമെരിയാതെ,
വെന്തിട്ടും ഹൃദയങ്ങൾ
വേവാതെ കിടന്നു മിടിക്കുന്നു.


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?