സാക്ഷാത്കാരം

മിനി എസ്(ഒന്ന്)

നിന്‍റെ
കണ്ണുകളില്‍ സായംസന്ധ്യയുടെ നനവുണ്ട്
മുടിയിഴകളില്‍ മുല്ലമൊട്ടുകളുടെ മണമുണ്ട്
ചുണ്ടുകള്‍ക്ക് മുളംതണ്ടിന്‍റെ കുളിരുണ്ട്
മെയ്യില്‍ ചന്ദനക്കാടിന്‍റെ സ്നിഗ്ദ്ധതയുണ്ട്
വിയര്‍പ്പില്‍ കണ്ണീരുപ്പിന്‍റെ സ്വാദുണ്ട്

ശരിയാണ്....
ശരിയാണ്....

നിന്‍റെ
പനിനീര്‍ തോട്ടത്തില്‍
ഒരു പൂമൊട്ടും ഇതള്‍ വിരിച്ചിട്ടില്ല
കണ്ണുകളില്‍ ഒരു ശകുന്തപ്പക്ഷിയും
ഉന്‍മാദത്താല്‍ ചിറകു വിരിക്കുന്നില്ല
ഉറക്കറയിലെ ചില്ല് പാത്രത്തിലെ പരല്‍മീനുകളെ
ഒരൊഴുക്കിലേക്കും തുറന്നുവിടുവാന്‍ നീ ഒരുക്കവുമല്ല...

കരിനീല നാഗങ്ങളുടെ സീല്‍ക്കാരങ്ങള്‍
ജ്വാലാ മുഖങ്ങളിലെ ലാവാപ്രവാഹങ്ങള്‍
പഴകിയ വീഞ്ഞിന്‍റെ ഉന്മാദലഹരികള്‍
ഇവയെല്ലാം തിരഞ്ഞ്
ഞാനെന്‍ പെരുവിരലില്‍
ഉയര്‍ന്നൊരു വ്യാഴദശ...

പ്രിയേ,
നിന്‍റെ ആഴങ്ങളിലേക്ക്
ഒരു ഉരുള്‍പൊട്ടലായ് തിമര്‍ത്തെത്തുവാന്‍
ഏത് പ്രണയപര്‍വ്വങ്ങളിലാണ്
ഞാന്‍ തപസ്സിരിക്കേണ്ടത് ?


(രണ്ട്)

നീ പെരുവിരലൂന്നി
നഖമാഴ്ത്തിയിറക്കുന്നത്
എന്റെ ആത്മാവിലേക്ക്...
നിന്റെ മൃഗചോദനകളുടെ താണ്ഡവം
എന്റെ പ്രണയകാമനകള്‍ക്ക്‌ മുകളിലൂടെ....

പറയു പ്രിയനേ,
ഞാനെങ്ങനെയാണ് ?
എന്നിലേക്കിനി നിന്നെയും ?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ