19 Jul 2012

ഒരു ബള്‍ബിന്‍റെ ആത്മകഥ – അഥവാ നമ്മുടെയൊക്കെ ജീവിതം

 വിഷ്ണുലോകം

ഇതൊരു ബള്‍ബിന്‍റെ ആത്മകഥയാണ്. അവനെ തല്‍ക്കാലം നമുക്ക്‌ കുഞ്ഞുമോന്‍ എന്ന് വിളിക്കാം.
വളരെ പ്രശസ്തമായ ഒരു ബള്‍ബ്‌ കമ്പനിയുടെ ഫാക്ടറിയില്‍ നിന്നും പളപളാ മിന്നുന്ന പളുങ്ക് ശരീരവും ലോകത്തിനു വെളിച്ചമേകാന്‍ വെമ്പുന്ന മനസുമായി കുഞ്ഞുമോന്‍ പുറത്തിറങ്ങി. മനുഷ്യന്‍ ഭയക്കുന്ന ഇരുട്ടിനെ കീറിമുറിച്ചു പ്രകാശം പരത്തുവാന്‍ അവനു ധൃതിയായിരുന്നു. പരുപരുപ്പുള്ള പേപ്പര്‍ കുപ്പായമണിഞ്ഞ് നമ്മുടെ കുഞ്ഞുമോന്‍ അവന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. യാത്രയുടെ അവസാനം കുഞ്ഞുമോന്‍ ഒരു ഇലക്ട്രിക്‌ കടയുടെ അലമാരിയില്‍ എത്തിപ്പെട്ടു. തന്നെ ദത്തെടുക്കാന്‍ വരുന്ന ആളെയും കാത്തു കുഞ്ഞുമോന്‍ നാളുകള്‍ ചിലവഴിച്ചു. കൂടെയുള്ള ബള്‍ബുകള്‍ ഒക്കെയും കുഞ്ഞുമോനോട് യാത്രപറഞ്ഞു പിരിയുമ്പോള്‍ തന്‍റെ നമ്പര്‍ ഉടനെ വരും എന്നോര്‍ത്ത് കുഞ്ഞുമോന്‍ പ്രതീക്ഷയോടെ കാത്തിരുന്നു.
ഒരുനാള്‍ സ്ഥലത്തെ പ്രമാണി ഒരു ബള്‍ബ്‌ വാങ്ങാനെത്തി. ആ പ്രദേശത്തെ ഏറ്റവും വലുതും ഭംഗിയേറിയതുമായ അദ്ദേഹത്തിന്‍റെ മണിമാളികയുടെ ഭാഗമാകാന്‍ ആ ഇലക്ട്രിക്‌ കടയിലെ ഓരോരോ സാധനങ്ങളും കൊതിച്ചിരുന്നു. ഇത്തവണ അദ്ദേഹത്തിനു വേണ്ടത് ഒരു ബള്‍ബ്‌ ആണ്. കടയിലെ ബള്‍ബുകള്‍ ഓരോന്നായി അദ്ദേഹത്തിന്‍റെ കൂടെ പോകാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിച്ചു. കുഞ്ഞുമോന്‍റെ മുജ്ജന്മത്തിലെ പുണ്യങ്ങള്‍ കാരണമാകാം, ഇത്തവണ ആരെയും കൊതിപ്പിക്കുന്ന ആ നറുക്ക് വീണത്‌ കുഞ്ഞുമോനാണ്. അങ്ങനെ കുഞ്ഞുമോന്‍ ആ പ്രമാണിയുടെ വീട്ടിലേക്ക് യാത്രയായി.
കുഞ്ഞുമോന് പ്രമാണി സ്ഥാനം നല്‍കിയത് തന്‍റെ സ്വീകരണമുറിയിലാണ്. ആ നാട്ടിലെ ആരും കൊതിക്കുന്ന ആ സ്വീകരണമുറി. കരിവീട്ടിയില്‍ കടഞ്ഞെടുത്ത ദിവാന്‍ കോട്ടും സോഫകളും. ഇളം പിങ്ക് നിറമുള്ള ചുവരുകളില്‍ ശ്രദ്ധയോടെ തൂക്കിയ രവിവര്‍മ ചിത്രങ്ങള്‍. ജനാലകളില്‍ ഇളംകാറ്റില്‍ ഓളംവെട്ടുന്ന, പട്ടിന്റെ മിനുസമുള്ള കര്‍ട്ടന്‍. മുറിയുടെ ഒരു മൂലയില്‍ അതിഥികളെയാകെ കോരിത്തരിപ്പിക്കുന്ന വിധം ഒരു സുന്ദരിയുടെ ദാരുശില്പം. മിനുസമുള്ള വെളുത്ത മാര്‍ബിള്‍ ആ മുറിയുടെ മാറ്റ് കൂട്ടിയിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ കുഞ്ഞുമോന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ഇന്ന്, ഈ നിമിഷം മുതല്‍ ഈ മുറിയെ പ്രകാശപൂരിതമാക്കുന്നത് താനാണല്ലോ എന്നോര്‍ത്തപ്പോള്‍ കുഞ്ഞുമോന് അഭിമാനവും, തെല്ല് അഹംഭാവവും തോന്നി.
അങ്ങനെ ആ സ്വീകരണമുറിയെ പ്രകാശം ചാര്‍ത്തി കുഞ്ഞുമോന്‍ സന്തോഷത്തോടെ നാളുകള്‍ പിന്നിട്ടു. മറ്റു ബള്‍ബുകള്‍ക്ക് ഒന്നും കിട്ടാത്ത അപൂര്‍വസൗഭാഗ്യം സ്വന്തമായതില്‍ ആദ്യമാദ്യം അഭിമാനം കൊണ്ട കുഞ്ഞുമോന്‍ പതിയെ പതിയെ അഹങ്കാരത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങി.
കാലം പിന്നെയും കടന്നുപോയി.
അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം മാനം കറുക്കാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ ആ നാടിനെ രാത്രിക്ക് മുന്‍പേ ഇരുട്ടണിയിച്ചു. നല്ലതോതില്‍ വീശിയടിച്ച കാറ്റ് ആ സ്ഥലത്തെയാകെ പിടിച്ചുലയ്ച്ചു.. പതിയെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഇടിവെട്ടാന്‍ തുടങ്ങി. രാത്രിയെ പകലാക്കുന്നവിധം മിന്നലടിച്ചു. പതിവുപോലെ തന്നെ, മാനം കറുത്തപ്പോള്‍ കറണ്ടും ചാഞ്ചാടാന്‍ തുടങ്ങി. ഇതിനെയെല്ലാം തൃണവല്‍ഗണിച്ച് നെഞ്ചും വിരിച്ചു മിന്നലിനെ നേരിടാന്‍ തന്നെ കുഞ്ഞുമോന്‍ തീരുമാനിച്ചു.
പക്ഷെ പ്രകൃതിയുണ്ടോ കാണുന്നു കുഞ്ഞുമോന്റെ വീര്യം ??!!!
അടുത്ത മിന്നലില്‍ കുഞ്ഞുമോന്‍റെ ഫിലമെന്‍റ് പൊട്ടി. അതുവരെ പ്രകാശം പരത്തിനിന്ന കുഞ്ഞുമോന്‍ കണ്ണടച്ചു. അത് കുഞ്ഞുമോന്‍റെ ജീവിതത്തിലെ ആദ്യത്തെ ഞെട്ടലായിരുന്നു. ഒന്ന് പൊട്ടിക്കരയാന്‍ തോന്നിയെങ്കിലും തന്‍റെ കരച്ചില്‍ കേള്‍ക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ആരും ഇല്ലെന്നുള്ള സത്യം മനസിലാക്കിയപ്പോള്‍ കുഞ്ഞുമോന്‍ സങ്കടമെല്ലാം ഉള്ളിലൊതുക്കി. ഇനി താന്‍ എത്തിപ്പൊടാന്‍ പോകുന്ന ചവറുകൂനയെ ഓര്‍ത്ത്‌ കുഞ്ഞുമോന്‍റെ മനസ് വിങ്ങാന്‍ തുടങ്ങി.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഫ്യൂസായ കുഞ്ഞുമോനെ കയ്യിലെടുത്തു നോക്കിയ പ്രമാണി കുഞ്ഞുമോനെ മേല്‍പ്പോട്ടാക്കി രണ്ടുമൂന്നുതവണ കറക്കുകയും കുലുക്കുകയും ചെയ്തു. അപ്പോഴേക്കും പൊട്ടിയ ഫിലമെന്‍റ് എങ്ങനെയോ കുടുങ്ങി ഒന്നുചേര്‍ന്നു. കുഞ്ഞുമോനെ തിരികെ ഹോള്‍ഡറില്‍ ഇട്ടിട്ട് സ്വിച്ച് ഇട്ടതും, അതാ കുഞ്ഞുമോന്‍ വീണ്ടും പ്രകാശിക്കുന്നു! തനിക്ക്‌ ഈ കിട്ടിയത് രണ്ടാം ജന്മം! കുഞ്ഞുമോന്‍ സകല ബള്‍ബ്‌ ദൈവങ്ങളോടും നന്ദി പറഞ്ഞു. വീണ്ടും, പഴയപോലെ കുഞ്ഞുമോന്‍ ആ സ്വീകരണമുറിയെ പ്രകാശിപ്പിച്ചു.
പിന്നെയും കാലം കുറെ കടന്നുപോയി.
കുഞ്ഞുമോന്‍ പലതിനും സാക്ഷിയായി. പിരിവുകാരെ കാണുമ്പോള്‍ തന്‍റെ ഉടമസ്ഥന്‍ ഒളിക്കുന്നതും, അവിടത്തെ പെണ്‍കുട്ടിയെ പലരും പെണ്ണുകാണാന്‍ വന്നതും, ഉടമയുടെ മകന്‍ രഹസ്യമായി കാമുകിക്ക് മെസ്സേജ് അയക്കുന്നതും, ഉടമയുടെ ഭാര്യയും അമ്മയും കൂടി കണ്ണീര്‍ സീരിയലുകള്‍ കണ്ടു കണ്ണീര്‍ വാര്‍ക്കുന്നതും, അങ്ങനെ പലതും കുഞ്ഞുമോന്‍ നല്‍കിയ വെളിച്ചത്തില്‍ ആയിരുന്നു. എണ്ണപ്പെട്ട നാളുകള്‍ മാത്രമേ തനിക്ക്‌ ആയുസ്സുള്ളൂ എന്നറിയാമെങ്കിലും കുഞ്ഞുമോന്‍ പിന്നെയും അഹങ്കാരിയായി മാറി.
പക്ഷെ, ആയുസിനും ഉണ്ടല്ലോ അതിരും വരമ്പും എല്ലാം.
അങ്ങനെ ഒരുനാള്‍ കുഞ്ഞുമോന്‍ കണ്ണുകള്‍ എന്നെന്നേക്കുമായി അടച്ചു. പ്രകാശമില്ലാത്ത കുഞ്ഞുമോനെ ഇനി ആര്‍ക്കുവേണം! കുഞ്ഞുമോനെ പ്രമാണി വീടിനു പിന്നിലെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞു. ആ കുപ്പത്തൊട്ടി നേരെ എത്തിയത് കോര്‍പ്പറേഷന്‍ വക ചവറു സംസ്കരണ കേന്ദ്രത്തില്‍. ചവറുകള്‍ പൊടിച്ചു ചെറു തരികള്‍ ആക്കി ഉരുക്കിയെടുത്തു വീണ്ടും ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് അവിടെ. ചവറു കൂനയില്‍ തന്‍റെ മരണവും കാത്ത് കുഞ്ഞുമോന്‍ കിടന്നു.
രമ്യഹര്‍മ്യത്തിലെ സ്വീകരണമുറിയില്‍ നിന്നും അഴുകിയമര്‍ന്ന ചവറുകൂനയിലേക്ക്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ചെറിയ ചെറിയ തരികളായി ഉരുകിത്തീരും എന്ന് കുഞ്ഞുമോന് അറിയാം. ഇത് തന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ കുഞ്ഞുമോന് കിട്ടുന്ന അവസാന അവസരം. അവന്‍ ഓര്‍ത്തു – താന്‍ പകലന്തിയോളം പ്രകാശം പരത്തിയപ്പോള്‍ ആളുകള്‍ സന്തോഷിച്ചു. അതില്‍ താന്‍ അഹങ്കരിച്ചു. ഫിലമെന്‍റ് ഒന്ന് പൊട്ടിയപ്പോള്‍പോലും സഹായിക്കാന്‍ ആളുണ്ടായി. എന്നാല്‍ ഇനി ഉപയോഗമില്ല എന്ന് മനസിലായപ്പോള്‍ കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞു‍. ആര്‍ക്കും വേണ്ടാതെ ഒരു പാഴ്ജന്മമായി മാറി! ഇനി മരണത്തിനു മാത്രമേ തന്നെ രക്ഷിക്കാന്‍ കഴിയുള്ളൂ. അങ്ങനെ, ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ അവന്‍ എണ്ണിയെണ്ണി കഴിച്ചുകൂട്ടി.
ഇനിയാണ് സംഗതി മാറുന്നത്!
ആ പരിസരത്തു കളിച്ചു നില്‍ക്കുകയായിരുന്നു കുറെ നാടോടി കുട്ടികള്‍. അതില്‍ ഒരുവന്‍ വന്നു ചവറുകൂനയില്‍ കുറേനേരം നോക്കിനിന്നു. എന്നിട്ടോ, ഒരു നീണ്ട കമ്പെടുത്തു നമ്മുടെ കുഞ്ഞുമോനെ തോണ്ടി ചവറുകൂനയ്ക്ക് പുറത്തേക്കിട്ടു. അപ്രതീക്ഷിതമായി മറ്റൊരാള്‍ കയ്യടക്കിയപ്പോള്‍ കുഞ്ഞുമോന്‍ ഒന്ന് ഞെട്ടി. അതും വൃത്തിയില്ലാത്ത ഒരു ചെറുക്കന്‍. അടുത്ത ഏതു നിമിഷവും ഈ ചെറുക്കന്‍ തന്നെ വലിച്ചെറിഞ്ഞു പൊട്ടിക്കാം എന്ന ഭീതിയില്‍ കുഞ്ഞുമോന്‍ കരഞ്ഞു.
ആ ബാലന്‍ കുഞ്ഞുമോനെ കൊണ്ടുപോയത് അവന്‍റെ കുടിലിലേക്ക് ആണ്. അവന്‍ ഒരു ആണിയെടുത്തു കുഞ്ഞുമോന്റെ പുറകില്‍ ഒരു ദ്വാരമിട്ടു. മരണത്തെ കാത്തിരുന്ന കുഞ്ഞുമോന് ഈ വേദന നിസാരമായിരുന്നു. അവന്‍ കുഞ്ഞുമോന്റെ അകത്തേക്ക് മണ്ണെണ്ണ ഒഴിച്ചു. പിന്നെ ആ ദ്വാരത്തിലൂടെ ഒരു തിരിയും കടത്തിവെച്ചു. എന്നിട്ട് കുഞ്ഞുമോനെ ആ കുടിലിന്‍റെ മുന്നിലുള്ള കല്‍തൂണില്‍ വെച്ചു. അന്ന് രാത്രിയായപ്പോള്‍ ആ ബാലന്‍ വന്നു കുഞ്ഞുമോന്‍റെ തിരി കൊളുത്തി. കുഞ്ഞുമോന്‍ ഇപ്പോള്‍ ഒരു മണ്ണെണ്ണ വിളക്കായി പ്രകാശിക്കാന്‍ തുടങ്ങി. ആ കുടിലും കുടിലില്‍ ഉള്ളവരുടെ സന്തോഷവും ദുഖവും എല്ലാം കുഞ്ഞുമോന്‍ നേരിട്ട് കണ്ടു. മഴയും വെയിലും കൊള്ളാതെ ആ നാടോടികള്‍ കുഞ്ഞുമോനെ സംരക്ഷിച്ചു. കുപ്പയ്ക്കുള്ളില്‍ നിന്നും തന്നെ കണ്ടെത്തി വീണ്ടുമൊരു ജന്മം നല്‍കിയ ആ “വൃത്തിയില്ലാത്ത” ചെറുക്കനോട് കുഞ്ഞുമോന്‍ അറിയാതെ നന്ദി പറഞ്ഞു.
അങ്ങനെ, ആ “മൂന്നാം ജന്മത്തില്‍” കുഞ്ഞുമോന്‍ വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങി.
ഇത്തവണ തന്നെ തിരിച്ചറിയുന്ന, സംരക്ഷിക്കുന്ന ചിലരുടെ കൂടെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...