20 Sept 2012

ചെളി...!

ശ്രീജിത്ത് മൂത്തേടത്ത്


              സ്കൂള്‍ വിട്ടു കുട്ടികളൊക്കെ മുറ്റത്തുതിക്കിത്തിരക്കി. മുറ്റത്താകെ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. ചെളിവെള്ളമല്ല. ഇപ്പോഴത് കൊഴുത്തചെളിയാണ്. ചെറിയൊരു മഴചാറിയാല്‍മതി, മുറ്റത്തുചെളികെട്ടാന്‍.
            "ഇതിയ്യിസ്കൂളിന്റെ ശാപമാണ്. മുറ്റത്തുതന്നെ വെള്ളക്കെട്ട്"
മാഷമ്മാരും കുട്ട്യോളും പ്രാകി.
            “അയ്യോ പ്രാകല്ലെ, നാളെയിവിടെ ഞാറുനടാനുള്ളതാ. നമ്മടെ കൃഷിസ്നേഹിയായ ഹെഡ്മാസ്റ്ററാ ഉല്‍ഘാടനം.”
           സരസനായ മറ്റൊരുമാഷിന്റെ സ്വതസിദ്ധമായ തമാശാപാടവം തലപൊക്കി. കൂടെ ചെളിപ്രശ്നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധസൂചകമായി ഹെഡ്മാസ്റ്റര്‍ക്കിട്ടൊരു കുത്തും. ചിലകുട്ടികളെ സംബന്ധിച്ച് ചെളിയൊരു ഉത്സവമായിരുന്നു. ചെളിയുത്സവം. അവര്‍ പരസ്പരം ചെളിവാരിയെറിഞ്ഞു. പരസ്പരം കാലുകൊണ്ട് ചെളിവെള്ളം തെറിപ്പിച്ചു. തൂവെള്ള ഉജാലാഷര്‍ട്ടുകളില്‍ ഓറഞ്ചുപൂക്കള്‍ വിരിഞ്ഞു. അതിനിടയിലൂടെ ചിലര്‍ സൈക്കിളുമായെത്തി രംഗം കൊഴുപ്പിച്ചു. സൈക്കിള്‍ ചെളിയില്‍പുതഞ്ഞ് നിലംപൊത്തി. സൈക്കിളില്‍നിന്നുവീണവന്റെമുഖത്ത് പുളിമാങ്ങാ തിന്നവന്റെ ചൂളിയപുളി. അവനാരും കാണാതെ മുട്ടുംതടവി സ്ഥലംവിട്ടു. റോഡില്‍ വാഹനങ്ങളുടെ തിരക്കുനിയന്ത്രിക്കാനും കുട്ടികളെ റോഡ്ക്രോസ്ചെയ്യാന്‍ സഹായിക്കാനും ഒന്നുരണ്ട് പോലീസുകാര്‍.
                   മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. മേഘട്ടീച്ചറുടെ ഷാമ്പൂതേച്ച് പെരുപ്പിച്ചുവച്ചിരുന്ന മുടിയില്‍ മഴത്തുള്ളികള്‍ ചെറുഗോളങ്ങളായി ശങ്കിച്ചുതങ്ങിനിന്നു. ആ മഴത്തുള്ളികളില്‍ സായാഹാനസൂര്യന്റെ കിരണങ്ങള്‍ മഴവില്‍ശോഭനിറച്ചു. അനേകം മഴവില്‍ഗോളങ്ങള്‍. ആ വര്‍ണ്ണഗോളങ്ങളും പേറിപ്പോകുന്ന മേഘട്ടീച്ചര്‍ അത്യാവശ്യം സുന്ദരിയാണ്. അല്‍പ്പം തടിച്ച് വെളുത്തനിറത്തില്‍ ഒരു മധ്യവര്‍ഗ്ഗഅദ്ധ്യാപികയുടെ സകലഗമയോടും കൂടിയാണ് ടീച്ചര്‍ പോകുന്നത്. ചാറ്റല്‍മഴയത്ത് കുടനിവര്‍ത്താതെയാണ് ടീച്ചര്‍ നടക്കാറ്. കുടനിവര്‍ത്തിയാല്‍ അതുനനയും. പിന്നെ അതു ബാഗില്‍ മടക്കിവയ്ക്കാനും, കയ്യില്‍പ്പിടിക്കാനും ഒക്കെ ബുദ്ധിമുട്ടാണ്. പെട്ടെന്ന് മഴകനച്ചു. ടീച്ചര്‍ ഗത്യന്തരമില്ലാതെ കുടതുറന്നു. ഫൈവ്ഫോള്‍ഡുള്ള നാനോക്കുട കാറ്റത്തുമലര്‍ന്നു. ടീച്ചറുടെ ഷാമ്പൂതേച്ച് പെരുപ്പിച്ചുനിര്‍ത്തിയിരുന്ന മുടി മഴയില്‍ നനഞ്ഞൊലിച്ച് കോഴിവാലുപോലെ ഒട്ടിപ്പിടിച്ചു. ഒരുകണക്കിന് ബസ്റ്റോപ്പിലെത്തിയപ്പോള്‍ തിരക്കോടുതിരക്ക്. അഞ്ചുമിനിട്ട് കാത്തുനിന്നപ്പോഴേക്കും വന്നുനിന്ന ബസ്സില്‍ ആളുകള്‍ നിറഞ്ഞിരിക്കുന്നു. കുട്ടികളോടൊപ്പം ടീച്ചറും തിക്കിത്തിരക്കിക്കയറി. ഒരുവിധത്തില്‍ മുകളിലത്തെ കമ്പിയില്‍ പിടുത്തംകിട്ടിയതു നന്നായി. മറുകയ്യില്‍ ചുരുട്ടിപ്പിടിച്ച കുടയും, തോളില്‍ ബാഗും. ടീച്ചര്‍ പ്രതീക്ഷയോടെ സീറ്റുകളിലേക്ക് ഏന്തിവലിഞ്ഞുനോക്കി. എല്ലാം മുതിര്‍ന്നവര്‍മാത്രം. അപരിചിതര്‍. കുട്ടികളാരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ടീച്ചറോടുള്ള ബഹുമാനസൂചകമായി ടീച്ചര്‍ക്ക് സീറ്റൊഴിഞ്ഞുകൊടുത്തേനെ. ടീച്ചറോട് കുട്ടികള്‍ക്കെല്ലാം ബഹുമാനമാണ്. അടുത്ത സ്റ്റോപ്പുകളില്‍നിന്നും കൂടുതല്‍ ആളുകള്‍ കയറുന്നു. കുട്ടികളും മുതിര്‍ന്നവരുമുണ്ട്. പുറത്ത് മഴ തകര്‍ത്തുപെയ്യുന്നുണ്ട്. ബസ്സിന്റെ ഫ്രണ്ട്ഗ്ലാസ്സില്‍ "വൈപ്പര്‍” ചലിക്കുന്നതുകാണാം. എവിടെയെത്തിയെന്നറിയാന്‍ കിളി വിളിച്ചുപറയുന്നതു ശ്രദ്ധിക്കുകയേ രക്ഷയുള്ളൂ. സൈഡ് വിന്‍ഡോസെല്ലാം മഴകാരണം ഷട്ടറിട്ടിരിക്കുകയാണ്. മങ്ങിപ്രകാശിക്കുന്ന ബള്‍ബ്ബുകള്‍ ആളുകള്‍ക്കിടയിലെ ഇരുട്ടിനെയകറ്റിയില്ല. അതു തലക്കുമുകളില്‍മാത്രം മഞ്ഞവെളിച്ചം പരത്തി.
കുട്ടികളുടെ മുതുകത്തുപേറിയിരുന്ന ബാഗുകളും കുടകളും കാരണം തിരക്കില്‍ ആളുകള്‍ ഞെങ്ങിഞെരുങ്ങി.
                “ഒന്നൊതുങ്ങി നില്‍ക്കൂ. ഇനിയുമാളുകള്‍ കേറാനുണ്ട്.” കണ്ടക്ടര്‍ കുട്ടികളെപ്പിടിച്ചുതള്ളുന്നു.
                 “ഞങ്ങള്‍ക്കിവിടിറങ്ങണം.”
                  ഒരുകുട്ടി വിളിച്ചുപറഞ്ഞു.
    ബസ്സുനിന്നു. കുറച്ചുകുട്ടികള്‍ ഇറങ്ങിപ്പോയപ്പോള്‍ ബസ്സിലേക്ക് കുറച്ചുകൂടെ ശ്വാസവായു കയറിവന്നതുപോലൊരാശ്വാസം. മഴനനഞ്ഞ ഒരുകാറ്റ് അകത്തേക്കുവീശിയടിച്ചു. അതിന്റെ തണുപ്പ് ബസ്സിനുള്ളിലെ വിങ്ങലിനൊരല്‍പ്പം ആശ്വാസം ലഭിച്ചു. മേഘട്ടീച്ചര്‍ കുറച്ചുനേരമായി ശ്രദ്ധിക്കുന്ന ഒരു കാര്യമായിരുന്നു അത്. പിന്നില്‍നിന്നാരോ തോണ്ടുന്നതുപോലെ. മഴനനഞ്ഞൊട്ടിപ്പിടിച്ച സാരിയുടെപിന്നില്‍ ഒരു ചൂട്. മേഘട്ടീച്ചര്‍ക്കു ശരീരമാസകലമൊരു വിറയലുണ്ടായി. ഇതു പലപ്പോഴും തിരക്കുള്ള ബസ്സുകളില്‍ പതിവാണ്. പരമാവധി മുന്നിലേക്ക് കയറിനില്‍ക്കാറാണ് പതിവ്. ഞരമ്പുരോഗികള്‍. എന്നാലും തന്നോടിച്ചതിചെയ്യുന്നവനാരാണാവോ? പിന്തിരിഞ്ഞുനോക്കാന്‍ ധൈര്യമില്ല. ഞരമ്പുരോഗികള്‍ക്കെല്ലാവര്‍ക്കും ഒരേമുഖമാണ്. തിരിഞ്ഞുനോക്കിയാല്‍ ഒരു വൃത്തികെട്ട ഇളി കാണേണ്ടിവരും. പിന്നുള്ള ആക്രമണം കൂടുതല്‍ തീവ്രമാവാനുംമതി. അറിയാത്തമട്ടില്‍ നില്‍ക്കുകതന്നെ. ബസ്സ് ബ്രേക്കിടുമ്പോള്‍ സ്വാഭാവികമായി മുന്നോട്ടായുന്നമട്ടില്‍ ഞരമ്പുരോഗി തന്റെ മേലേക്കു ചാഞ്ഞുനില്‍ക്കുന്നു. കുടകൊണ്ടൊരു കുത്തുകൊടുത്താലോ? നനഞ്ഞകുടയും സാരിയും ഒരുമിച്ചുപിടിച്ചിരിക്കുകയാണ്. മറ്റെക്കൈ മുകളില്‍ കമ്പിയില്‍ പിടിച്ചിരിക്കുന്നു. പിടിവിട്ടാല്‍ ചിലപ്പോള്‍ വീണുപോവും. ബാഗ് തോളത്തുനിന്നും ഊര്‍ന്നുവീഴാറായിരിക്കുന്നു. സഹിക്കുകതന്നെ. രക്ഷയില്ല. മേഘട്ടീച്ചര്‍ പ്രതികരിക്കാനാവാതെ ആത്മരോഷമൊതുക്കി രക്ഷപ്പെടാന്‍ മുന്നോട്ടാഞ്ഞ് ഒതുങ്ങിനില്‍ക്കാന്‍ ശ്രമിച്ചു. രക്ഷയില്ല അവനും ചായുന്നു. കൈകൊണ്ടുള്ള വിക്രിയകള്‍ കൂടിവരുന്നു. പുറത്ത് വൃത്തികെട്ട ശ്വാസത്തിന്റെ ചൂട്. മേഘട്ടീച്ചര്‍ക്ക് ആകെ ഉളുത്തുകേറി. ഇനിയും ക്ഷമിച്ചിരിക്കാനാവില്ല. പ്രതികരിക്കുകതന്നെ. ടീച്ചര്‍ സര്‍വ്വശക്തിയുമെടുത്ത് കുടകൊണ്ട് പിന്നോട്ടൊരു കുത്തുകുത്തി. തോലില്‍നിന്നും ബാഗ് ഊര്‍ന്നുവീണു. ബാഗ് തോളിലേക്കിടുന്നതിന്നിടയില്‍ പിന്നിലേക്കൊന്നുപാളിനോക്കി. മേഘട്ടീച്ചര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ജാക്സണ്‍! ഈശ്വരാ. അവനാളെ അറിഞ്ഞുകൊണ്ടുതന്നെയാവുമോ?!
ഭാഗ്യത്തിന് ടീച്ചര്‍ക്ക് ഒരുസീറ്റ് ഒത്തുകിട്ടി. ഹാവൂ.. രക്ഷപ്പെട്ടു! ടീച്ചര്‍ ഒന്നുനിശ്വസിച്ചു. വീണ്ടും പിന്നോട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ ജാക്സണെ കണ്ടില്ല. അവനെവിടെയോ മറഞ്ഞിരിക്കുന്നു! ജാക്സന്‍തന്നെയായിരുന്നില്ലേ അത്? ഇനി തനിക്കുതെറ്റിയതാവുമോ? ഒരുമിന്നായം പോലെയേ അവന്റെ മുഖം കണ്ടിട്ടുള്ളൂ. 'ഞാനാണെന്നകാര്യം അവനറിഞ്ഞിട്ടുണ്ടാവില്ല.' വേറെയാരെങ്കിലുമാവുമെന്നുകരുതിയാവും. ഈ പ്രായത്തില്‍ കുട്ടികള്‍ക്കുണ്ടാവാവുന്നതാണിത്തരം ചിന്തകള്‍. ഓപ്പോസിറ്റ് സെക്സിനോടുള്ള ആകര്‍ഷണം. ഹോര്‍മ്മോണ്‍ വ്യതിയാനം സൃഷ്ടിക്കുന്ന ശാരീരിക വളര്‍ച്ചകള്‍ സൃഷ്ടിക്കുന്ന വികാരങ്ങളെ അടക്കാന്‍ അവര്‍ പലവഴികള്‍ നോക്കുന്നു. ടീച്ചറുടെയുള്ളിലെ മനശ്ശാസ്ത്രജ്ഞയുണര്‍ന്നു. അവരാക്കാര്യത്തെ അവഗണിച്ചു മറ്റേതെങ്കിലും കാര്യത്തെക്കുറിച്ചോര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ ജാക്സന്റെ മുഖം ടീച്ചറുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. ജാക്സണ്‍ ടീച്ചറുടെ അരുമശിഷ്യനാണ്. പത്താംക്ലാസ്സിലെ എ പ്ലസ് പ്രതീക്ഷയാണ്. അവനില്‍നിന്നിങ്ങനെയൊരു പെരുമാറ്റമുണ്ടാവുമോ? ആലോചിക്കാന്‍ വയ്യ. ഇങ്ങനെയൊക്കെച്ചിന്തിക്കാന്‍മാത്രം അവന്‍ വളര്‍ന്നോ? നിഷ്കളങ്കതമുറ്റിനില്‍ക്കുന്ന അവന്റെ മുഖത്തെപ്പോഴും ഒരു പാല്‍പ്പുഞ്ചിരിയാണ്. മേഘട്ടീച്ചര്‍ ജാക്സനെ പലപ്പോഴും അടുത്തിരുത്തി കണക്കുപറഞ്ഞുകൊടുക്കാറുണ്ട്. സംശയം ചോദിക്കാന്‍ അവന്‍ ഇടക്കിടെ സ്റ്റാഫ്റൂമിലും വരാറുണ്ട്. നന്നായിപ്പഠിക്കുന്ന മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയോടുള്ള പ്രത്യേകസ്നഹവും വാത്സല്യവും ടീച്ചര്‍ ജാക്സനോടെപ്പോഴും കാണിച്ചിരുന്നു.
            രാവിലെ കുളിച്ച് യൂനിഫോംധരിക്കുമ്പോള്‍ ജാക്സണ്‍ വളരെ ഉത്സാഹത്തിലായിരുന്നു. അവന്‍ പുസ്തകങ്ങള്‍ ഒതുക്കി ബാഗില്‍ വയ്ക്കുന്നതിനിടയില്‍ അതവിടെത്തന്നെയില്ലേയെന്ന് ഒന്നുകൂടെ ഉറപ്പുവരുത്തി. കണക്കുനോട്ടുപുസ്തകത്തിന്റെ കവറിനുള്ളിലായിരുന്നു അതൊളിപ്പിച്ചുവച്ചിരുന്നത്.
                “എന്തേടാ ഇന്നും നീ സൈക്കിള്‍ കൊണ്ടുപോവുന്നില്ലേ?”
അമ്മയുടെ ശബ്ദവും, പിന്നാലെ അമ്മയും അടുക്കളയില്‍നിന്നും ഉമ്മറത്തേക്കുവന്നു. പത്താംക്ലാസ്സിലായപ്പോള്‍ ജാക്സണ്‍ ശാഠ്യംപിടിച്ച് അച്ഛനെക്കൊണ്ട് വാങ്ങിപ്പിച്ചതായിരുന്നു സൈക്കിള്‍. അവന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ അച്ഛന് സന്തോഷമേയുണ്ടായിരുന്നുള്ളൂ. അവരുടെ പ്രതീക്ഷയ്ക്കൊത്തുതന്നെ അവന്‍ നന്നായി പഠിച്ചുംകൊണ്ടിരുന്നു. അച്ഛന്‍ വാങ്ങിക്കൊടുത്ത സൈക്കിളിലായിരുന്നു അവന്‍ സ്കൂളില്‍ പോയിക്കൊണ്ടിരുന്നത്. പക്ഷേ രണ്ടുദിവസമായി സൈക്കിള്‍ കേടായിയെന്നുംപറഞ്ഞ് അവന്‍ ബസ്സിനുപോവാന്‍ കാശുവാങ്ങിക്കുന്നു.
                “ഇല്ലമ്മേ... ഇന്നു കണക്കുസ്പെഷ്യല്‍ക്ലാസ്സുണ്ട്. അതുംകഴിഞ്ഞ് ബസ്സിനുവന്നോളാം.”
അവന്‍ ഗേറ്റുകടക്കുമ്പോള്‍ വിളിച്ചുപറഞ്ഞു. ബസ്സ്സ്റ്റോപ്പില്‍ ആദ്യംവന്ന ബസ്സുകളിലൊന്നും ജാക്സണ്‍ കയറാന്‍കൂട്ടാക്കിയില്ല. മേഘട്ടീച്ചര്‍ സ്ഥിരമായി വരാറുള്ള ജയന്തിബസ്സ് അവനറിയാമായിരുന്നു. ബസ്സുവന്നുനിന്നപ്പോള്‍ മുന്‍സീറ്റില്‍ത്തന്നെ ടീച്ചറിരിപ്പുണ്ട്. അവന്‍ നോക്കിച്ചിരിച്ചുവെങ്കിലും ടീച്ചര്‍ അതുകണ്ടില്ലെന്നുതോന്നി. അവന്‍ പിന്‍വശത്തെ വാതില്‍ക്കല്‍ കമ്പിയില്‍ത്തൂങ്ങിനിന്നു. സ്കൂള്‍ടൈമായതിനാല്‍ ബസ്സില്‍ നല്ലതിരക്കായിരുന്നു.
          സ്റ്റോപ്പില്‍നിന്നും സ്കൂളിലേക്കുള്ള വഴിയില്‍ ടീച്ചറോടൊപ്പമെത്താന്‍ അവന്‍ വേഗം നടന്നു. പക്ഷേ മേഘട്ടീച്ചറുടെ കൂടെ മലയാളംടീച്ചറെയും, ഫിസിക്സ് ടീച്ചറെയുമൊക്കെ കണ്ടപ്പോള്‍ അവന്‍ പിന്തുടരല്‍ശ്രമമുപേക്ഷിച്ചു. ക്ലാസ്സിലെത്തി കണക്കുപീരിയേഡിനായി കാത്തിരുന്നു. മൂന്നാമത്തെ പീരിയേ‍ഡാണ് കണക്ക്. അതിനുമുമ്പുള്ള ഇന്റര്‍വെല്‍ ടൈമില്‍ കണക്കുനോട്ടുപുസ്തകവുമായി സ്റ്റാഫ്റൂമില്‍ ചെന്നുനോക്കിയെങ്കിലും തന്നെ മേഘട്ടീച്ചറെ മാത്രം കാണാനില്ല. വരാന്തകളിലും ലൈബ്രറിയിലും, .ടി.ലാബിലുമൊക്കെ അന്വേഷിച്ചു. എവിടെയുമില്ല. ചിലപ്പോള്‍ വല്ല മീറ്റിംഗിലുമായിരിക്കും. ഏതായാലും അടുത്ത പീരിയേഡ് ക്സാസ്സില്‍ വരുമല്ലോ. അപ്പോള്‍ കാണാമല്ലോ. അവന്‍ സമാധാനിച്ചു.
                  ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസ്സില്‍ കയറിയെങ്കിലും ജാക്സണ്‍ പുറത്തേക്കുതന്നെ നോക്കിയിരുന്നു. വരാന്തയുടെ അറ്റത്ത് മേഘട്ടീച്ചറുടെ റോസ് നിറത്തിലുള്ള സാരി പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണവന് സമാധാനമായത്. ടീച്ചര്‍ ക്ലാസ്സില്‍ വന്നപ്പോള്‍ കുട്ടികള്‍ ഒന്നടങ്കം എളുനേറ്റ് ഗുഡ്മോര്‍ണിംഗ് പറഞ്ഞു. മേഘട്ടീച്ചര്‍ ജാക്സന്റെ മുഖത്തുപാളിനോക്കി. അവന്റെ മുഖത്ത് പതിവുനിഷ്കളങ്കപുഞ്ചിരി. അവന്‍ എഴുനേറ്റ് കണക്കുപുസ്തകം ടീച്ചര്‍ക്ക് നേരെ നീട്ടി. തലേന്നത്തെ ഹോംവര്‍ക്ക് ഭംഗിയായി തെറ്റിച്ചുവച്ചിരിക്കുന്നു. ടീച്ചര്‍ അവനെ മേശക്കരികിലേക്കുവിളിച്ചു കണക്കുശരിയാകിക്കൊടുത്തു. ഈ സമയം അവന്‍ തന്റെ ശരീരത്തിലേക്ക് ചായാന്‍ ശ്രമിക്കുന്നുണ്ടോ? ടീച്ചര്‍ ഇടക്കിടെ പാളിനോക്കി. അവന്റെ നോട്ടം തന്റെ ശരീരഭാഗങ്ങളിലെവിടെയൊക്കെയോ ഇഴയുന്നതായി ടീച്ചര്‍ക്ക് തോന്നി. ഇന്നലത്തെ ബസ്സില്‍ വച്ചുണ്ടായ അനുഭവത്തെപ്പറ്റി അവനോടുചോദിച്ചാലോ? ഒന്നുവിരട്ടിയാല്‍ ചിലപ്പോള്‍ ശരിയാവും. അല്ലെങ്കില്‍ വേണ്ട. ടീച്ചര്‍ ഉടനെത്തന്നെ തിരുത്തി. അതുചിലപ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
                   “ഇന്നുവൈകിട്ട് കണക്കു് സ്പെഷ്യല്‍ക്ലാസ്സില്ല.”
             ടീച്ചര്‍ ക്ലാസ്സുകഴിഞ്ഞിറങ്ങുമ്പോള്‍ വിളിച്ചുപറഞ്ഞു. കുട്ടികളെല്ലാം സന്തോഷത്തോടെ കയ്യടിക്കുമ്പോഴും ജാക്സന്റെ മുഖംമാത്രം മങ്ങിയത് ടീച്ചര്‍ ശ്രദ്ധിച്ചു.
വൈകിട്ട് സ്കൂള്‍ വിട്ടയുടനെ മേഘട്ടീച്ചര്‍ ബാഗുമായി പുറത്തിറങ്ങി. മുറ്റത്തു കുട്ടികളുടെ തിരക്ക്. തലേന്നത്തേതുപോലെത്തന്നെ ചെളികെട്ടിക്കിടക്കുന്നു. ചെളിയില്‍പുതഞ്ഞ് കുഞ്ഞുകാലുകള്‍ വേച്ചുനടക്കുന്നു. ഇതിനിടയിലെവിടെനിന്നോ ജാക്സണ്‍ ഓടിയെത്തി.
             “ടീച്ചര്‍... ഈ നോട്ടുപുസ്തകമൊന്നുകൊണ്ടുപോകൂ.. ഞാന്‍ ചെയ്തകണക്ക് ശരിയാണോയെന്നു ഒന്നുനോക്കി നാളെ കൊണ്ടുവന്നാല്‍ മതി.”
               അവന്‍ ഒറ്റശ്വാസത്തില്‍പ്പറഞ്ഞു.
               “നോട്ടുനോട്ടമൊക്കെ നാളെയാവാം.”
    അങ്ങിനെ പറയാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ടീച്ചര്‍ നോട്ടുബുക്ക് വാങ്ങി ബാഗില്‍വയ്ക്കുകതന്നെയാണുചെയ്തത്. വേഗത്തില്‍ സ്റ്റോപ്പിലെത്തണം. ആദ്യബസ്സില്‍ത്തന്നെ കയറി സീറ്റുപിടിക്കണം. ടീച്ചര്‍ തിരക്കുകൂട്ടി നടന്നു. ഭാഗ്യത്തിന് സ്റ്റോപ്പിലെത്തുമ്പോള്‍ത്തന്നെ ബസ്സുവന്നു. കുട്ടികള്‍ വന്നുതുടങ്ങുന്നേയുള്ളൂ. തിരക്കായിട്ടില്ല. ടീച്ചര്‍ക്ക് സീറ്റുകിട്ടി. ഹാവൂ. ടീച്ചര്‍ മനസ്സില്‍ പറഞ്ഞു. വീട്ടിലെത്തി കുളികഴിഞ്ഞു ഭക്ഷണം തയ്യാറാക്കി മോള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഭക്ഷണംകഴിച്ച് ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പാണ് ജാക്സന്റെ നോട്ട്പുസ്തകത്തെക്കുറിച്ചോര്‍മ്മവന്നത്. ബാഗില്‍നിന്നും പുസ്തകമെടുത്തുനോക്കിയപ്പോള്‍ പുതുതായി കണക്കൊന്നും ചെയ്തിട്ടില്ല. പകരം ഇങ്ങനെയെഴുതിവച്ചിരിക്കുന്നു.
           പുസ്തകത്തിന്റെ കവറിനുള്ളില്‍ നോക്കുക. അതിലെന്റെ ഹൃദയമുണ്ട്.”  
        ഹയ്യേ! ടീച്ചര്‍ ചൂളിപ്പോയി. സ്കൂള്‍ പ്രേമത്തിന്റെ മണം. ടീച്ചറുടെ കൈ വിറച്ചു. ഭര്‍ത്താവിനെ വിളിച്ചാലോയെന്നാലോചിച്ചു. പിന്നെ വേണ്ടെന്നുറച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ മനോവൈകല്യം കൈകാര്യം ചെയ്യാനുള്ള കഴിവ് ഒരദ്ധ്യാപകയെന്നനിലയില്‍ തനിക്കുണ്ടാവണം. ധൈര്യമില്ലായ്മ സൃഷ്ടിച്ച ചെറിയ വിറയലോടെ പുസ്തകത്തിന്റെ കവര്‍ തുറന്നുനോക്കുമ്പോള്‍ പ്രതീക്ഷിച്ചപോലെത്തന്നെ അതിനുള്ളില്‍ നാലായിമടക്കിയൊരു കടലാസുതുണ്ട്. കൗതുകത്തോടെ ടീച്ചര്‍ അതുതുറന്നുനോക്കി.
പ്രണയലേഖനം ഇങ്ങനെയാരംഭിക്കുന്നു.
            

                        “ടീച്ചര്‍,
                    ഇതെന്റെ ഹൃദയമാണ്.
ടീച്ചറിതു സ്വീകരിക്കണം. ടീച്ചര്‍ക്കും എന്നെയിഷ്ടമാണെന്നെനിക്കറിയാം.
അതുകൊണ്ടാണല്ലോ ഞാന്‍ സംശയം ചോദിക്കുമ്പോഴെല്ലാം ടീച്ചര്‍
സന്തോഷത്തോടെയെന്നെയടുത്തുവിളിച്ച് സംശയം തീര്‍ത്തുതരുന്നത്.
ഇന്നലെ ബസ്സില്‍വച്ച് ടീച്ചറെന്നോട് ചേര്‍ന്നുനിന്നതെനിക്കു മനസ്സിലായി.
ബാഗ് നിലത്തുവീണുപോയപ്പോള്‍ കുടതട്ടി എന്റെ കൈ വേദനിച്ചു.
സാരമില്ല. എനിക്കു എന്റെ ടീച്ചറെ ഒരുപാടൊരുപാടിഷ്ടമാണ്.
….........................................................................
…........................................................................................”

           കത്തുനീളുകയാണ്. ടീച്ചര്‍ക്ക് തുടര്‍ന്നുവായിക്കുവീന്‍ തോന്നിയില്ല. അതുമടക്കി പഴയതുപോലെ പുസ്തകക്കവറിനുള്ളില്‍ത്തന്നെ വച്ചു. നാളെത്തന്നെ ഈ പ്രോബ്ലം സോള്‍വ്ചെയ്യണം. അതിനുതനിക്കു സാധിക്കും. ടീച്ചര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.
                  പിറ്റേന്ന് രാവിലെ ബെല്ലടിക്കാറായപ്പോഴാണ് മേഘട്ടീച്ചര്‍ സ്കൂളിലെത്തിയത്. മനഃപൂര്‍വ്വം സ്ഥിരമായിവരുന്ന ബസ്സ് ഒഴിവാക്കി വൈകിവന്നതായിരുന്നു. സ്കൂള്‍മുറ്റത്ത് പതിവുപോലെ ചെളികെട്ടിക്കിടക്കുന്നു. ചെളിയില്‍ച്ചവിട്ടാതെ ഒരഭ്യാസിയെപ്പോലെ ടീച്ചര്‍ അവിടവിടെയിട്ടിരുന്ന ഇഷ്ടികക്കഷണങ്ങളില്‍ ചവിട്ടി വരാന്തയിലെത്തി. ഫസ്റ്റ് പീരിയേഡ് ലിഷര്‍ ആയതിനാല്‍ അറ്റന്റന്‍സ് എടുത്തു തിരിച്ചുവന്നു സ്റ്റാഫ്റൂമില്‍ത്തന്നെ വന്നിരുന്നു. ജാക്സനെ ഒന്നുപദേശിക്കണം. ടീച്ചര്‍ നിശ്ചയിച്ചുറപ്പിച്ചു. സഹപ്രവര്‍ത്തകരുടെയാരുടെയെങ്കിലും സഹായം തേടണോ? അടുത്ത നിമിഷംതന്നെ ടീച്ചര്‍ തിരുത്തി. വേണ്ട. നേര്‍വിപരീതം മാത്രമേ എല്ലാവരും ചിന്തിക്കൂ. എന്തെങ്കിലുമൊരു ഗോസിപ്പിനു കാത്തിരിക്കുകയാണിവിടെയെല്ലാരും. അമിതട്ടീച്ചറുടെ കാര്യംതന്നെ അവസാനം എങ്ങിനെയാ ആയത്?. സ്കൂള്‍ മൂത്രപ്പുരച്ചുവരില്‍ ടീച്ചറുടെയും മറ്റൊരു മാഷുടെയും പടംവരച്ചുവച്ച് അനാവശ്യം എഴുതിവച്ച വിദ്വാനെപ്പിടിക്കാന്‍ എല്ലാവര്‍ക്കും എന്തൊരുത്സാഹമായിരുന്നു? അവസാനം ചീത്തപ്പേര് ടീച്ചര്‍ക്കുതന്നെവന്നു. എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും ടീച്ചറെ കളിയാക്കാന്‍ തുടങ്ങി. പാവത്തിന് കുറച്ചുദിവസം ലീവെടുത്ത് വീട്ടിലിരിക്കേണ്ടിവന്നു. എന്തിനാ പുലിവാലുണ്ടാക്കുന്നത്. ഇതു തനിക്കു കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിഷയമേയുള്ളൂ. അല്ലെങ്കില്‍ പിന്നെന്തിനാ ഞാന്‍ ടീച്ചറാണെന്നും പറഞ്ഞിരിക്കുന്നത്? ടീച്ചര്‍ സ്വയം ചോദിച്ചു.
                    സ്റ്റാഫ്റൂമില്‍ ആരുമില്ല. പറ്റിയ അവസരമാണ്. പ്യൂണിനെ വിട്ട് പത്താംക്ലാസ് '' യില്‍നിന്നും ജാക്സണെ വിളിപ്പിച്ചു. പതിവുനിഷ്കളങ്കമായ ചിരിയോടെ ജാക്സണ്‍ അടുത്തു നില്‍ക്കുകയാണ്. അവന്റെ നോട്ടം എവിടെയൊക്കെയാണ് പതിക്കുന്നത്? ടീച്ചര്‍ സാരിപിടിച്ചു നേരെയിട്ടു. എവിടെയെങ്കിലുമെന്തെങ്കിലും പുറത്തുകാണുന്നുണ്ടോ? അടക്കിപ്പിടിച്ചിരുന്നു. ചിരി നിഷ്കങ്കമായിരുന്നുവെങ്കിലും അവന്റെ കണ്ണുകളില്‍ കുസൃതിയായിരുന്നു തത്തിക്കളിച്ചിരുന്നത്. ടീച്ചര്‍ ബാഗില്‍നിന്നും കണക്കുനോട്ടുപുസ്തകമെടുത്തു. എങ്ങിനെ തുടങ്ങണം? ഒരു രൂപവും കിട്ടാതെ, ടീച്ചര്‍ പരുങ്ങി. ജാക്സനാണെങ്കില്‍ നെടുനീളത്തില്‍ മുന്നില്‍നിന്നു ചിരിക്കുന്നു. അപ്പോളാണ് പ്യൂണ്‍ വന്ന്
                   "ടീച്ചറെ ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു"വെന്ന് പറഞ്ഞത്. അതുപറയുമ്പോള്‍ പ്യൂണിന്റെ മുഖത്ത് ഒരടക്കിപ്പിടിച്ച ചിരിയുടെ കഷണമുണ്ടായിരുന്നോ? ജാക്സനെ അവിടെത്തന്നെ നിര്‍ത്തി ടീച്ചര്‍ ഹെഡ്മാസ്റ്റരുടെ റൂമിലേക്ക് ചെന്നു. ഹെഡ്മാസ്റ്റര്‍ ഗൗരവത്തിലായിരുന്നു.
                       “ടീച്ചര്‍ ഇരിക്കൂ.”
                        ഹെഡമാസ്റ്റര്‍ ഗൗരവം വിടാതെ തുടര്‍ന്നു.
                 “പലപ്പോഴായി ഞാന്‍ ശ്രദ്ധിക്കുന്നു. ടീച്ചര്‍ ഒരുകുട്ടിയോടുമാത്രം പ്രത്യേക പരിഗണനകൊടുക്കുന്നതു ശരിയല്ല. പല പരാതികളും കുട്ടികളുടെ ഭാഗത്തുനിന്നും ടീച്ചേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല...”
                 “സാറിന് വിശ്വസിക്കാമായിരുന്നില്ലേ?”- ടീച്ചര്‍ മനസ്സില്‍ പറഞ്ഞു.
ഹെഡ്മാസ്റ്റര്‍ തുടര്‍ന്നു..
                    “ഏതു ബന്ധത്തിന്റെ പേരിലായാലും ഇതനുവദിക്കാന്‍ പറ്റില്ല. ഇപ്പോള്‍ത്തന്നെ എന്തിനാണ് സ്റ്റാഫ്റൂമില്‍ ആരുമില്ലാത്തനേരത്ത് അവനെവിളിച്ചു വരുത്തിയിരിക്കുന്നത്? നിങ്ങളുടെ തോന്ന്യാസം നടത്താനുള്ളതാണോ സ്റ്റാഫ്റൂം?”
                  സതംഭിച്ചുപോയ ടീച്ചര്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
                    “അത്...”
               ടീച്ചറുടെ വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു.
                “വിശദീകരണമൊന്നും വേണ്ട. വേഗംതന്നെ അവനെ സ്റ്റാഫ്റൂമില്‍നിന്നും പറഞ്ഞുവിട്...”
ഹെഡ്മാസ്റ്റരുടെ ശബ്ദമുയര്‍ന്നു. ടീച്ചര്‍ തലകുമ്പിട്ട് സ്റ്റാഫ്റൂമിലേക്കു ചെന്നു. ജാക്സണ്‍ നിഷ്കളങ്ക ചിരിയോടെ നില്‍ക്കുന്നു. അവനെ ക്ലാസ്സിലേക്ക് പറഞ്ഞുവിട്ട് ടീച്ചര്‍ മേശമേല്‍ തലചായ്ച്ചിരുന്നു. ഇവിടെയെല്ലാര്‍ക്കും ഭ്രാന്തുപിടിച്ചോ?
                 “ഊം...? എന്തുപറ്റി?”
                  ആരോ തട്ടിവിളിച്ചപ്പോഴാണെഴുനേറ്റത്. ജാക്സന്റെ ക്സാസ്സ് ടീച്ചറായ ഹൃദ്യട്ടീച്ചറാണ്.
                      “ചെറിയൊരു തലവേദന..” മേഘട്ടീച്ചര്‍ വീണ്ടും മേശമേല്‍ തലചായ്ച്ചു.
                    “ഊം...”
       ഹൃദ്യട്ടീച്ചര്‍ അമര്‍ത്തിമൂളുന്നു. ആരൊക്കെയോ അടക്കിച്ചിരിക്കുന്നു. എല്ലാവരോടും കാര്യം തുറന്നുപറഞ്ഞാലോ? മേഘട്ടീച്ചര്‍ ആലോചിച്ചു. അല്ലെങ്കില്‍ വേണ്ട. പുതിയ ഗോസിപ്പിനു തിരികൊളുത്തണ്ട. ഈ വര്‍ഷം മുഴുവന്‍ കളിയാക്കിച്ചിരിക്കാന്‍ ഈയൊരൊറ്റക്കാര്യം മതി. മിണ്ടാതിരിക്കുകയാണ് ഭേദം.
ഉച്ചയക്കുശേഷത്തെ ഹാഫ്ഡേ ലീവ് എഴുതിവച്ച് മേഘട്ടീച്ചര്‍ ബാഗുമെടുത്തിറങ്ങി. മുറ്റത്ത് അപ്പോഴും ചെളി കെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
                 “നശിച്ച ചെളി.”
                  മേഘട്ടീച്ചര്‍ ആദ്യമായി പ്രാകി.
                  “മുറ്റത്തുമാത്രമല്ല ഈ സ്കൂള്‍ മുഴുവന്‍ ചെളിയാണ്. നാറുന്ന ചെളി...!!”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...