അനശ്വരമാക്കുക ആത്മാവിനെ.

ത്രേസ്സ്യാമ്മ തോമസ് നാടാവള്ളിൽ

ഇത്രമേല്‍ ഗോപ്യമായാരാണു പൂവെയീ
പത്രങ്ങള്‍ കൊണ്ടു മറച്ചു നിന്നെ?

കോമള വക്ത്രവും നീലക്കടക്കണ്ണും
കാര്‍മേഘജാലങ്ങള്‍ കൊണ്ടുമൂടി!

അംബരം കൊണ്ടു നീയെന്നും മറയ്ക്കുന്നു
നിന്‍സ്നിഗ്ധ മേനി വെളിപ്പെടാതെ.

എന്നിട്ടുമേതൊരു മത്തഭൃംഗം നിന്നെ
ചുമ്പിച്ചു കാമിച്ചു പ്രേമഭാവേ.

നീയറിയാതെ നിന്‍ പൂമേനിയെയന്ന്
കാട്ടിക്കൊടുത്തളി വ്യൂഹങ്ങളെ.

ആ ഹേതുവാല്‍ത്തന്നെ ഹോമിച്ചു നിന്നെയും
നശ്വരമാക്കി നീ ആത്മാവിനേം.

ലക്കില്ലാതെത്തിയാ വണ്ടത്താന്‍ നിന്റെയാ
സുന്ദര മേനിയേ തീണ്ടിയുള്ളൂ.

നിന്മനസ്സപ്പൊഴും ശുദ്ധമാര്‍ന്നല്ലയൊ
ആശ്വസിക്കതെ നീ പോയതെന്തേ?

ക്ഷേത്രക്കുളത്തിലെ തങ്കത്തെളിനീരില്‍
ആമഗ്നമാകേണ്ട കുഞ്ഞു മേനി

സര്‍വ്വസ്വരൂപനാം ഈശ്വരന്‍ മുന്‍പിലൊ
പ്രാര്‍ഥന ചെയ്യേണ്ടോളിറനായി.

നഗ്ന വപുസ്സുമീ നഗ്ന മനസ്സുമീ
ഈശ്വരന്‍ ഹൃത്തില്‍ വഹിക്കുന്നില്ലെ?

വര്‍ണ്ണച്ചിറകുള്ള ഷഡ്പ്പദമെത്രയൊ
നിന്നെയറിയുന്നു, സ്നെഹിക്കുന്നു.

ഒന്നുമെ കാക്കാതെ ക്ഷാന്തിയുമില്ലാതെ
ആത്മാവു ഹത്യ ചെയ്തെന്തിനായി?

    നവ്യസൂനങ്ങളെ താന്തരായീടൊലാ
കൈക്കൊള്‍ക ശക്തിയും ധീരതയും;

നീര്‍ച്ചുഴിയുണ്ടു ചതിയുണ്ടു വീഴാതെ
ബുദ്ധിയില്‍ നാഗത്തെ പൊലെയാക;

പ്രാവിനെപോലെ കളങ്കമില്ലാതെയും
ജീവിച്ചു കാലങ്ങള്‍ മുന്നേറണം.

ജീവിത വേദിയില്‍ സൌരഭ്യമാകുക
ഭാസ്ക്കര രശ്മിയാല്‍ തപ്തമാക.

പുതുമഴയേറ്റു തളിര്‍ക്കുകയാവണം
കുളിരണം നീഹാര ബിന്ദുവാലും!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?