എന്റെ ‘കാമുകി’

ഷിയാസ് ചേന്നാട്ട് 

ആമുഖം:ഇത് എന്റെ രണ്ടാമത്തെ ബ്ലോഗ് ആണ്.ആദ്യത്തെതിനു ‘തരക്കേടില്ലാത്ത പ്രതികരണം’ കിട്ടിയതിന്റെ ക്ഷീണം ഉണ്ട്.എങ്കിലും രണ്ടാമത് ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത് ഓഫീസില്‍ വെറുതെയിരുന്ന് ബോറടിയുടെ സുഖം ആവോളം അനുഭവിച്ചതുകൊണ്ടും, മനസ്സില്‍ പുതിയൊരു കഥാ തന്തു (അതെന്ത് കുന്താമാണാവോ) പൊട്ടി മുളച്ചതും കൊണ്ട് മാത്രം.
എന്റെ കാമുകി സംഗീതമോ പുസ്തകങ്ങളോ കലാകായികരൂപങ്ങളൊ ഒന്നുമല്ല.സാക്ഷാല്‍ പെണ്ണ് തന്നെയാണ് !!. അതെ പെണ്ണ് തന്നെ..(ആയിരിക്കും എന്നാണ് വിശ്വാസം). ഇതിലെന്താണ് ഇത്ര പുതുമ എന്നോര്‍ക്കണ്ട.കക്ഷി വെറുമൊരു സാധാരണ പെണ്ണല്ല, 5 കിലോയുള്ള ഡംബല്‌സ് എട്ടു സെക്കന്റ് വരെ ഉയര്‍ത്താന്‍ കഴിവുള്ള അസാമാന്യ പ്രതിഭയുടെ ഉടമയാണ് അവള്‍ !.അഞ്ചടിയിലേറെ പൊക്കവും അതിനൊത്ത വണ്ണവും കൂടാതെ സത്സ്വഭാവിയും സുന്ദരിയും സുമുഖിയും സുശീലയും സര്‍വോപരി സമര്‍ത്ഥയും ആണവള്‍ (ഇങ്ങനെയൊക്കെ പറയണമെന്ന്! ആഗ്രഹം ഉണ്ടായിരുന്നു. :( )ഇനി ഇവള്‍ എങ്ങനെ എന്റെ കാമുകിയായതെന്നല്ലേ..അതൊരു വല്യ കഥയാണ്.ചുരുക്കി പറയാം.
ഉദ്ദേശം 21 വര്‍ഷങ്ങള്‍ക്ക് മുന്പ്, മാസം തികയാഞ്ഞിട്ടും വയറ്റില്‍ കിടന്നു ശല്യം സഹിക്കാതെ വന്നപ്പോള്‍ ഒരു പാവം ഉമ്മ ജന്മം നല്‍കിയതാണ് എന്റെ കാമുകിയെ. ഞാന്‍ അന്ന് സ്ഥലത്തില്ലാത്തത് കൊണ്ടും പെട്ടെന്ന് വന്നു കാണാന്‍ വിസ കിട്ടാത്തത് കൊണ്ടും എനിക്ക് കാണാന്‍ പറ്റിയില്ല.എങ്കിലും സംഭവം നടന്നു 48 ആമത്തെ മണിക്കൂറില്‍ ഞാന്‍ നാട്ടിലെത്തി.പക്ഷെ എന്നെക്കാണാന്‍ ഒരുപാട് പേര്‍ വന്നതുകൊണ്ടും നടക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടയിരുന്നത് കൊണ്ടും അന്നെനിക്ക് അവളെ കാണാന്‍ പറ്റിയില്ല.എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണല്ലോ.. അങ്ങനെ അവള്‍ വളര്‍ന്നു വലുതായി.തല്ലുകൊള്ളി തരത്തിന് കയ്യും കാലും വെച്ച് ഒരു മൊഞ്ചത്തിയായി അവള്‍ വളര്‍ന്നു.ഞാന്‍ എന്റെ ചെറിയ ചെറിയ തിരക്കുകളുമായി അങ്ങനെ നടന്നു.നീണ്ട 20 വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.ഒരിക്കല്‍ ഫേസ്ബുക്കില്‍ എനിക്കൊരു മെസ്സേജ് വന്നു, പരിചയപ്പെടുന്നവര്‍ മിക്കവരും ഫെയക്ക് അക്കൗണ്ട് കള്‍ ആയതു കൊണ്ട് ഞാന്‍ അതത്ര കാര്യമാക്കിയില്ല.എങ്കിലും ഒരു പെണ്ണായത് കൊണ്ട് മറുപടി കൊടുത്തു. അങ്ങനെ പതിയെ പതിയെ ഞങ്ങള്‍ ഫ്രണ്ട്‌സ് ആയി.പിന്നീട് ഒരുപാട് നാളത്തെ ചാറ്റിംഗ് നു ഒടുവിലാണ് ഞാന്‍ മനസ്സിലാക്കിയത് 21 കൊല്ലം മുന്പ് എനിക്ക് കാണാന്‍ പറ്റാതെ പോയ പെണ്‍കുട്ടിയാണിതെന്ന്. ആ സത്യാവസ്ഥ അറിഞ്ഞു ഞാന്‍ ഞെട്ടിപ്പോയി (അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ).അങ്ങനെ ഞങ്ങളുടെ സുഹൃത്ത് ബന്ധം വളര്‍ന്നു വലുതായി.ഒരിക്കല്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടുമുട്ടുന്നത്.അന്നവളുടെ കൂടെ ഉമ്മയും ആങ്ങളയും ഉണ്ടായത് കൊണ്ട് വേണ്ടത്ര പരിചയപ്പെടാന്‍ സാധിച്ചില്ല.തലയ്ക്ക് എന്തോ അസുഖം ഉള്ളത് പരിഹരിക്കാന്‍ വന്നതാണെന്ന് ഉമ്മ പറഞ്ഞ് അറിഞ്ഞു.ഞാന്‍ പതുക്കെ അവളെ നോക്കി, കാലില്‍ ചങ്ങലയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അടുത്തേക്ക് ചെന്നു .ഭാഗ്യത്തിന് പ്രതീക്ഷിച്ചത്ര കുഴപ്പമൊന്നും തോന്നിയില്ല.

പിന്നെ മനസ്സില്‍ ഭയം ഉള്ളത് കൊണ്ടാവാം അധികം നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ആദ്യത്തെ കൂടിക്കാഴ്ച അങ്ങനെ കഴിഞ്ഞു.
യാദൃച്ഛിക മല്ലെങ്കിലും രണ്ടാമത് അവളെ കണ്ടപ്പോള്‍ ഒത്തിരി മാറ്റം തോന്നി.ഞാന്‍ ജോലി ആവശ്യത്തിനു തിരുവനന്തപുരത്ത് വന്നപ്പോളായിരുന്നു സംഭവം.ആദ്യം കണ്ട പെണ്‍കുട്ടി തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന വിധം പര്‍ദ്ദയൊക്കെ ഇട്ടു സുന്ദരിയായി ചെറിയൊരു നാണം മുഖത്ത് ഫിറ്റ് ചെയ്തു അവള്‍ വന്നപ്പോള്‍ ഇതവള്‍ തന്നെയാണോ എന്ന് ഞാന്‍ അതിശയിച്ചു.അന്ന് കുറെ നേരം അവളുമായി സംസാരിച്ചു.ഒരുമിച്ച് യാത്ര ചെയ്തു.ജീവിതത്തില്‍ അധികം പെന്നുങ്ങലുമായി ഇടപഴകിയില്ലാത്ത എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
കഥയുടെ പ്രധാന ട്വിസ്റ്റ് നടന്നത് മൂന്നാമത് ഞാന്‍ അവളെ കണ്ടപ്പോളാണ്.ഈയിടെ കൊച്ചിയില്‍ മുസിരിസ് ബിനാലെ കാണാന്‍ പോയപ്പോളാണ് സംഭവം.എന്നെപോലെ സുന്ദരനായ ഒരാളുടെ കൂടെ അവള്‍ നടക്കുന്നത് കണ്ട അസൂയ മൂത്ത അവളുടെ ഏതോ ഒരു സുഹൃത്ത് ഞങ്ങള്‍ക്കിട്ട് പാരവെച്ചു.ഞങ്ങള്‍ കാമുകി കാമുകന്മാരാണെന്നും കറങ്ങി നടക്കുകയാണെന്നും അവള്‍ വീട്ടുകാരെ പറഞ്ഞു പറ്റിച്ചു.തുടര്‍ന്നുണ്ടായ കൊലാഹലങ്ങല്‍ക്കൊടുവില്‍ എനിക്ക് അവളുടെ കാമുകന്‍ ആവേണ്ടി വന്നു.(ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നതിന്റെ അര്‍ഥം അന്നാണ് എനിക്ക് മനസ്സിലായത്).നാടൊട്ടുക്ക് സുഹൃത്തുക്കളും അതിലേറെ ആങ്ങളമാരും ഇക്കാമാരും ഒക്കെയുള്ള അവളുടെ കാമുകന്‍ പോസ്റ്റ് എത്ര റിസ്‌ക് ഉള്ളതാണെന്ന് പറയാതെ തന്നെ അറിയാല്ലോ..
പിന്നീട് എന്റെ ‘കാമുകി’ യെയും കൊണ്ട് കറങ്ങി നടക്കുമ്പോള്‍ ഒക്കെ ഞാന്‍ മനസ്സില്‍ പറയും ‘ദൈവമേ എന്നാലും എന്നോട് വേണായിരുന്നോ ഇത് ‘ എന്ന്. ‘ഇതൊക്കെ ഒരു പരീക്ഷണമല്ലെടാ മോനെ ..അനുഭവിക്കെടാ..’ എന്ന മട്ടില്‍ പുള്ളി ഒരു കള്ളച്ചിരി ചിരിക്കും.അതെങ്ങനെയാ അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ വിഷമം മനസ്സിലാകൂ..എവിടെപ്പോയാലും വഴിയില്‍ വായനോക്കി നടക്കും, വഴിയിലുള്ള കടയില്‍ മുഴുവന്‍ കേറി ആവശ്യമില്ലതതൊക്കെ എടുത്തു നോക്കും.പിന്നെ അത് വാങ്ങണം ഇത് വാങ്ങണം എന്ന് പറഞ്ഞ് ചിലക്കാന്‍ തുടങ്ങും.വിശന്നു കഴിഞ്ഞാല്‍ പിന്നെ പരിസരബോധം ഉണ്ടാവില്ല ( അല്ലെങ്കിലും അങ്ങനെ തന്നെയാണ്) ‘എനിക്ക് വിശക്കണേ …..’ എന്ന് പറഞ്ഞ് അലറാന്‍ തുടങ്ങും.പിന്നെ ചോക്ലെയ്റ്റ് കളോട് വല്യ താല്പര്യമില്ലാത്തതിനാല്‍ ദിവസവും വളരെ കുറച്ച് , അതായത് ഒരു അഞ്ചാറെണ്ണം മാത്രമേ കഴിക്കുകയുള്ളൂ.
ചില നേരങ്ങളില്‍ ഞാന്‍ അവളുടെ കാമുകിയും അവള്‍ എന്റെ കാമുകനും ആണെന്ന് എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ ദിവസം ജീന്‍സും ഷര്‍ട്ടും ഇട്ടോണ്ട് വന്ന് ബൈക്ക് സ്റ്റണ്ട് കാണാന്‍ വന്ന അനേകം പുരുഷ ജനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറി അവരോടൊപ്പം കൂവിയും ആര്‍പ്പുവിളിച്ചും നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ എനിക്കങ്ങനെ തോന്നിയതാണ്.പറഞ്ഞിട്ടെന്തു കാര്യം.. അനുഭവിച്ചല്ലേ മതിയാവൂ..കക്ഷിക്ക് ഈയിടെ കുറച്ച കല്യാണാലോചനകള്‍ വന്നപ്പോള്‍ ഈയുള്ളവന്‍ കുറച്ചൊന്നു ആശ്വസിച്ചതാണ്.എന്നാല്‍ വന്നവരെല്ലാം ജീവനും കൊണ്ടോടിയപ്പോള്‍ ആ പ്രതീക്ഷയും അസ്തമിച്ചു. ഇനി ഈ പറഞ്ഞ കക്ഷി ഇത് വായിച്ച് എന്നെ കൊലപ്പെടുത്താന്‍ സാധ്യത ഉള്ളതിനാല്‍ ഇതിനോടൊപ്പം ഒരു അടിക്കുറിപ്പ് ചേര്‍ക്കുന്നു.
അടിക്കുറിപ്പ് : ഈ കഥയും അതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ഇനി ജീവിക്കാന്‍ പോകുന്നവരോ ആയി യാതൊരു സാമ്യവുമില്ല എന്നറിയിച്ചുകൊള്ളട്ടെ (സ്വയരക്ഷയ്ക്ക് )

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ