അല്ല, നമ്മുടെ ഭാവി ഒട്ടും ഇരുണ്ടതല്ല!


സി.രാധാകൃഷ്ണൻ

    മാർച്ച്‌ 9 എനിക്ക്‌ അപൂർവസന്തോഷത്തിന്റെ അവിസ്മരണീയ ദിവസമായിരുന്നു. കണ്ടും കേട്ടും ഇരിക്കെ തുടരെത്തുടരെ ഉൾപ്പുളകം കണ്ണീരായി പുറപ്പെട്ടുകൊണ്ടിരുന്നു.
    കേരളത്തിലെ പതിനാലു ജില്ലകളിൽ ഓരോന്നിൽനിന്നും ഓരോ സ്കൂളിലെ കുട്ടികൾ അവരുടെ സേവനപ്രവർത്തനങ്ങൾ വിവരിക്കുകയായിരുന്നു. മലയാളമനോരമയുടെ നല്ല പാഠം എന്ന പദ്ധതിയിൽ പങ്കെടുത്തവരിൽ അതതു ജില്ലകളിൽ മുൻപന്തിയിൽ നിന്നവരായിരുന്നു ഇവർ. ഇവരിൽ നിന്ന്‌ ഏറ്റവും മികച്ച ഒന്നും രണ്ടും സ്കൂളുകളെ കണ്ടെത്തുകയായിരുന്നു വിധികർത്താക്കളായ മുൻമന്ത്രി തോമസ്‌ ഐസക്കിന്റെയും ചലച്ചിത്രകാരൻ മധുപാലിന്റെയും എന്റെയും ദൗത്യം. സത്യം പറഞ്ഞാൽ ഏറെ വിഷമിച്ചു. അത്രയേറെ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു കുരുന്നുകൈകളുടെയും മനസ്സുകളുടെയും പ്രകടനങ്ങൾ.
    നമ്മുടെ കുട്ടികളുടെയും അവരുടെ മികവുറ്റ അധ്യാപകരുടെയും കൈയ്യിൽ ഈ നാടിന്റെ ഭാവി ഭദ്രമാണെന്ന ആശ്വാസവും ഉറപ്പുമാണ്‌ കിട്ടിയത്‌. ഓരോ സ്കൂളിൽ നിന്നും ഈരണ്ട്‌ അധ്യാപകരും കുട്ടികളുടെ കൂടെ വന്നിരുന്നു. അവരിൽ എല്ലാവരും ചെറുപ്പക്കാരും ആയിരുന്നു. അവർക്ക്‌ ഇനിയും നീണ്ട വർഷങ്ങൾ കുട്ടികളെ നല്ലപാഠം പഠിപ്പിക്കാൻ ലഭ്യമാണല്ലോ. ആയുസ്സും ആരോഗ്യവുമുണ്ടാകട്ടെ!
    ഒരു സ്കൂൾ അവിടത്തെ എല്ലാ കുട്ടികളുടെയും ജീവിതപരിസരം ഒരു സർവെയിലൂടെ കണ്ടെത്തി. വീടില്ലാത്തവർ. വീട്ടിൽ വൈദ്യുതി ഇല്ലാത്തവർ. അച്ഛനോ അമ്മയോ ഇരുവരും തന്നെയോ ഇല്ലാത്തവർ, അത്താഴത്തിന്‌ വകയില്ലാത്തവർ. രോഗങ്ങളുള്ളവർ, ഉടുപ്പും പുസ്തകവുമില്ലാത്തവർ എന്നിങ്ങനെ ഇല്ലായ്മകളുടെ നീണ്ട പട്ടിക അവർ കണ്ടെത്തി. എന്നിട്ട്‌, തങ്ങളുടെ മിഠായിപ്പണവും വീടുകളിൽ നിന്ന്‌ ചോദിച്ചു വാങ്ങാവുന്നതും സമാഹരിച്ചു. വീടില്ലാത്ത മൂന്നു കുട്ടികൾക്ക്‌ വീടുണ്ടാക്കിക്കൊടുത്തു. വൈദ്യുതി ഇല്ലാത്ത 23 വീടുകളിൽ വൈദ്യുതി എത്തിക്കാൻ മന്ത്രിമാരെ വിളിച്ചും കണ്ടും പ്രേരിപ്പിച്ചു. ഡെപ്പോസിറ്റടയ്ക്കാനും വയറിങ്ങിനും ധനസഹായം ചെയ്തു. തുടർന്ന്‌, ഇതിൽ ഏതാനും വീടുകളുടെ ബില്ലടച്ചുകൊണ്ടുമിരിക്കുന്നു.
    രോഗികളെ ചികിത്സിക്കാൻ സഹായിച്ചു. ഉടുപ്പും പുസ്തകവും ആവശ്യക്കാർക്ക്‌ നൽകി. അച്ഛൻ ഇല്ലാത്ത വീടുകളിൽ അമ്മമാർക്ക്‌ കൈത്തൊഴിൽ ചെയ്യാൻ സാഹചര്യമൊരുക്കി. അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സഹായിച്ചു.
    വേറൊരു സ്കൂൾ അവിടത്തെ കുട്ടികളിൽ പഠിക്കാൻ പിന്നോക്കം നിൽക്കുന്നവരെ പഠിപ്പിക്കാൻ അതതു ക്ലാസുകളിലെ മിടുക്കരായ കുട്ടികളെത്തന്നെ ഒഴിവുസമയങ്ങളിൽ നിയോഗിച്ചു.
    എല്ലാ സ്കൂളുകളും പൊതുവെ ചെയ്ത കാര്യങ്ങൾ നോക്കുക. വീട്ടിലും സ്കൂളിലും പൂന്തോപ്പുകളും പച്ചക്കറിത്തോട്ടങ്ങളും ഉണ്ടാക്കി. പരിസ്ഥിതി മോശമാകാതിരിക്കാൻ ജാഗ്രത പുലർത്തി. അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ചു. പ്രായത്താലും രോഗത്താലും അവശരായ ആളുകളെ ചെന്നുകണ്ട്‌ സാന്ത്വനവും ശുശ്രൂഷയും നൽകി. കാലാവധി കഴിയാത്ത മരുന്നുകൾ ശേഖരിച്ച്‌ ആവശ്യക്കാർക്ക്‌ എത്തിച്ചു. ചില സ്കൂളുകളിലെ കുട്ടികൾ തങ്ങളുടെ ഉച്ചഭക്ഷണത്തിന്റെ പങ്ക്‌ യാചകർക്കും ആശുപത്രികളിൽ ഭക്ഷണമില്ലാതെ വിഷമിക്കുന്നവർക്കും കൊണ്ടുചെന്നു കൊടുത്തു. ലഹരിപദാർത്ഥങ്ങൾക്കെതിരെ പ്രതിരോധം തീർത്തു. ഇതു തുടങ്ങിയത്‌ അവരവരുടെ വീടുകളിൽ നിന്നുതന്നെയാണ്‌. മദ്യം ശീലിച്ച അച്ഛനെ അത്‌ ഉപേക്ഷിക്കാൻ കരഞ്ഞും കെഞ്ചിയും നിർബന്ധിച്ചു വിജയിച്ചു എന്നുമാത്രമല്ല താൻ ഇനി ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞ എഴുതിവാങ്ങി സ്കൂളിലെത്തിച്ചു.
    കൊച്ചുകുട്ടികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാണാവുക? അതിനാൽ, ചില ഗ്രാമങ്ങൾ മൊത്തമായി മദ്യവിമുക്തമായി. ഊർജ്ജത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാനും കുട്ടികൾ പഠിപ്പിച്ചു. ആളുകളെ പ്രേരിപ്പിച്ചു. പഠിപ്പിച്ചു.
    വീടിനു ചുറ്റുമുള്ള അക്ഷരമറിയാത്തവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. വൃത്തിയും വെടിപ്പും ശീലമാക്കാൻ ബോധവൾക്കരണം നടത്തി. സോപ്പും പളുങ്കുമാലയും മറ്റും ഉണ്ടാക്കി വിറ്റ്‌ പ്രവർത്തനങ്ങൾക്ക്‌ പണം സ്വരൂപിച്ചു. ആശുപത്രികളിലെ ശിശുവാർഡുകളുടെ ചുവരിൽ ചന്തമുള്ള ചിത്രങ്ങൾ വരച്ചും ഒട്ടിച്ചും വച്ചു. തങ്ങൾ തിന്നാതെ മിഠായി രോഗികളായ കുട്ടികൾക്ക്‌ കൊടുത്തു. രോഗികളായ കുട്ടികളുടെ കൂടെയിരിക്കുന്ന അച്ഛനമ്മമാരെ ആശ്വസിപ്പിച്ചു.
    ~ഒരു മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ ചുറ്റുമായുള്ള ഗ്രാമത്തെ അവിടത്തെ സ്കൂളിലെ കുട്ടികൾ സമ്പൂർണ്ണ രക്തദാനഗ്രാമമാക്കി. ഓരോ വീട്ടിലും കയറിയിറങ്ങി രക്തദാനം എന്ന മഹാദാനത്തിന്റെ ആവശ്യവും സമ്പ്രദായവും ഫലങ്ങളും വിശദീകരിച്ചു. പരിശീലനം നേടി എല്ലാ വീടുകളിലേയും എല്ലാവരുടെയും രക്തം പരിശോധിച്ച്‌ ഗ്രൂപ്പ്‌ നിശ്ചയിച്ചു. രക്തം നൽകാൻ ആരോഗ്യവും സന്നദ്ധതയുമുള്ളവരുടെ പട്ടിക തയ്യാറാക്കി ആശുപത്രി അധികൃതർക്ക്‌ കൈമാറി. ആപത്തിൽ പെട്ട്‌ എത്തുന്ന എത്രയോ പേർ ഈ പട്ടിക കാരണം മരണത്തെ മറികടക്കുന്നു.
    ഇതോടൊപ്പം അവയവദാനത്തിനും കുട്ടികൾ ആളുകളെ ബോധവൾക്കരിക്കുന്നു. ആർക്കുമുപകരിക്കാതെ പാഴാകുന്ന ഒരവയവം ആരുടെയെങ്കിലും ജീവൻ രക്ഷിക്കുമെങ്കിൽ ദാതാവിന്‌ ഒരു പുതിയ ജന്മമാണ്‌ കിട്ടുന്നതെന്ന നേര്‌ കുട്ടികളുടെ വായിൽനിന്നു കേൾക്കുമ്പോൾ മറുത്തുപറയാൻ ആർക്കാവും?
    സ്കൂളിൽ അസംബ്ലിക്കു നിൽക്കുന്നത്‌ കഠിനമായ വെയിലിലാണെന്നുകണ്ട ഒരു സ്കൂളിലെ കുട്ടികൾ കമാനാകൃതിയിൽ പാവലിന്റെയും കോവലിന്റെയും നീളൻ പന്തലുകൾ ഉണ്ടാക്കി. തണലുമായി, ഉച്ചഭക്ഷണത്തിന്റെ കറിക്കുള്ള വകയും ഒത്തു!
    റെയിൽവെ സ്റ്റേഷനായാലും അങ്ങാടിയായാലും കുട്ടികൾ അതൊക്കെ വൃത്തിയാക്കി. ഗാന്ധിജയന്തിക്കു മാത്രമല്ല, നിത്യേന, വൃത്തിയാക്കാൻ ആരും മടിക്കുന്ന റെയിൽട്രാക്കുപോലും ശുചീകരിച്ചുകളഞ്ഞു.
    ഒരു സ്കൂൾ അവരുടെ ചുറ്റുവട്ടത്ത്‌ സമൃദ്ധമായുള്ള ചക്കയുടെ വിപണനസാധ്യതകൾ കണ്ടെത്തി. ചക്ക കട്ലറ്റും ജിലേബിയും ലഡുവും നിർമ്മിച്ചു വിറ്റു. അധികമുള്ള ചക്ക ഉണക്കിസൂക്ഷിക്കാമെന്ന്‌ തെളിയിച്ചു. ഉപയോഗശൂന്യമെന്ന്‌ വെട്ടിമാറ്റപ്പെടുന്ന പ്ലാമരങ്ങളിൽ ശേഷിക്കുന്നവ ഈ കുട്ടികളെ കാണുമ്പോൾ ആശീർവദിക്കാതിരിക്കില്ല, തീർച്ച.
    തൈകൾ നടാത്ത സ്കൂളുകളില്ല. ഭൂമിയെ വീണ്ടും പച്ചപിടിപ്പിക്കാൻ കച്ചകെട്ടി ഇവർ ഇറങ്ങിയിരിക്കുന്നു. കൂട്ടത്തിൽ നീർത്തടങ്ങളെ സംരക്ഷിക്കാനും ആളുകളെ ട്രാഫിക്‌ നിയമം ഉൾക്കൊള്ളാൻ പഠിപ്പിക്കാനും ശ്രദ്ധിക്കുന്നു. ചുരുക്കത്തിൽ, തനിക്കു മാത്രം വേണ്ടി അല്ലാതെ എന്തെങ്കിലുമൊക്കെ ചെയ്യാതെ ഒരു ദിവസവും കടന്നുപോകരുതെന്ന്‌ നമ്മുടെ ഈ പ്രിയപ്പെട്ട കുട്ടികൾ ശഠിക്കുന്നു.
    ഇതിൽ ജാതിയോ മതമോ കക്ഷിയോ നിറമോ ദേശമോ ഒന്നും പരിഗണനയാകുന്നില്ല. കൊട്ടും കുരവയുമില്ലാതെ, വാർത്തയും സചിത്രവാഴ്ത്തലുകളുമില്ലാതെ, പാരിതോഷികങ്ങളോ ഗ്രേസ്മാർക്കോ പ്രതീക്ഷിക്കാതെ, പഠനത്തിൽ അലംഭാവം കാട്ടാതെയും കുട്ടികൾ ഇതൊക്കെയും ചെയ്യുന്നു എന്ന അറിവ്‌ നൽകുന്ന ആനന്ദം അളവറ്റതാണ്‌. അതൊരു കായകൽപചികിത്സയുടെ ഫലം ചെയ്യുന്നു. മുന്നോട്ടു നോക്കുമ്പോൾ ഇരുട്ടാണെന്ന്‌ ഭയപ്പെടുന്ന നമുക്ക്‌ ഇതാ പ്രത്യാശയുടെ മനോഹര വെളിച്ചം!
    ഈ വെളിച്ചത്തെ കൈക്കുടന്നകൊണ്ട്‌ തടപിടിച്ചു കാത്ത്‌ ഇവരോടൊപ്പം പുതിയ തലമുറയിലെ ഗുരുനാഥന്മാരും ഗുരുനാഥമാരുമുണ്ട്‌. അവർ പറയുന്നു. എല്ലാം കുട്ടികൾ തന്നെയാണ്‌ ചെയ്യുന്നതെന്ന്‌. കുട്ടികൾ പറയുന്നു. എല്ലാം ഞങ്ങളുടെ ഗുരുനാഥന്മാരുടെ സാന്നിദ്ധ്യം കാരണമാണെന്ന്‌. ഗുരുവും ശിഷ്യവും ചേർന്ന്‌ ഏകമാകുന്ന അത്ഭുതം ഇവിടെ കാണാം!
    സ്വാതന്ത്ര്യത്തിനു മുമ്പ്‌ നൂറ്റാണ്ടുകളായും അതിൽപ്പിന്നെ പതിറ്റാണ്ടുകളായും നശിപ്പിക്കാൻ ആരൊക്കെ അറിഞ്ഞോ അറിയാതെയോ എത്രയൊക്കെ ശ്രമിച്ചിട്ടും ഇന്നും തളിർക്കുന്ന കേരളീയജനജീവിതത്തിലെ ഗുരുപ്രഭാവത്തിന്‌ ശാഷ്ടാംഗപ്രണാമം!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ