22 Sept 2013

ഭൂതഭാവികൾക്കിടയിലെ അദൃശ്യരേഖ

നടരാജഗുരു
    കാലത്തിന്റെ ഗതിയെ മുന്നോട്ടെന്നപോലെ തന്നെ പിന്നോട്ടും ആക്കാമെന്നു ശാസ്ത്രജ്ഞന്മാർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും അനശ്വരവും അനുസ്യൂതവുമായ പ്രപഞ്ചപ്രവാഹഗതി മുന്നോട്ടു തന്നെയാണെന്നാണ്‌ നമ്മുടെ അനുഭവം. കുറെക്കൂടി ശരിയായി പറഞ്ഞാൽ യേശുക്രിസ്തു പറയുന്നതുപോലെ കാറ്റ്‌ ഇഷ്ടമുള്ളിടത്തേക്കാണ്‌ വീശുന്നതെങ്കിലും ജീവിതത്തിന്റെ പട്ടുപായിൽ കാറ്റിന്റെ തള്ളലുണ്ടാകുന്നതു മുന്നോട്ടുതന്നെയാണ്‌.
    വിശ്വാത്മാവിന്റേതായ ഒരു പ്രാണസഞ്ചാരം അതിവിപുലമായി നടക്കുന്നുണ്ട്‌. അതിൽ നിന്നാണ്‌ ഓരോരുത്തരും പ്രാണവായു ശ്വസിക്കുന്നത്‌. ജീവിതത്തെ അത്‌ അൽപാൽപം മുന്നോട്ടു തള്ളിക്കൊണ്ടിരിക്കുകയാണ്‌.
അതിന്റെ ഗതിയെ തലതിരിച്ചു പിന്നോക്കമാക്കുക എന്നാൽ ജീവിതമാകുന്ന തേരോട്ടത്തിന്റെ ഗതി തലതിരിക്കുക എന്നാണർത്ഥം. അത്തരം തലതിരിക്കലിൽ അവശ്യം അന്തർഗതമായിരിക്കുന്നതു ദുരന്തമായിരിക്കും. ഈ അർത്ഥത്തിൽ തന്നെയായിരിക്കണം ഭൂതകാലാഭിമുഖമായുള്ള ജീവിതമൂല്യങ്ങളെല്ലാം കൊടിയ ദുരിതമോ ദുരന്തമോ ആണെന്നു നീഷേ എന്ന ചിന്തകൻ പറഞ്ഞത്‌.
    ഈ ഓർമ്മക്കുറിപ്പുകൾ എഴുതുമ്പോൾ ഈ ദുരന്താംശം എന്റെ ഉള്ളിൽ ഏറിവരുന്നതിന്റെ തീക്ഷ്ണത എനിക്കനുഭവപ്പെടുന്നുണ്ട്‌. കഴുത്ത്‌ ഞെരിച്ച്‌ ശ്വാസംമുട്ടിക്കുന്ന മാതിരിയാണത്‌. എന്റെ ജീവിതകഥയിലെ ഭൂതകാലത്തെയും ഭാവികാലത്തെയും വേർതിരിക്കുന്ന ഒരു അതിർത്തിരേഖയുണ്ടല്ലോ. നിത്യവർത്തമാനമെന്നോ അനശ്വരനിമിഷമെന്നോ ഒക്കെപ്പറയാവുന്ന കേന്ദ്രബിന്ദുവാണത്‌. അതിനോടടുക്കുന്തോറും നേരത്തെ പറഞ്ഞ ദുരന്തച്ഛായയുടെ തീക്ഷ്ണതയും ഏറിവരുന്നുണ്ട്‌. ഇവിടെ തെറ്റിദ്ധാരണയോ ആശയക്കുഴപ്പമോ ഉണ്ടാകാതിരിക്കാൻ വേണ്ടി ഒരു വിശദീകരണം നൽകാനായി ഈ കഥാകഥനം ഒരു നിമിഷം നിർത്തിക്കൊള്ളട്ടെ.
    ഈ തലമുറയിലെ ഒരു സാധാരണ മനുഷ്യൻ വരയ്ക്കുന്ന, തന്റെ തന്നെ ചിത്രമെന്ന നിലയിലാണ്‌ ഈ ആത്മകഥ ഞാനെഴുതുന്നത്‌. അധ്യാത്മജീവിതം പല കപടവേഷങ്ങളുമണിഞ്ഞു പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി കണ്ടിട്ടുണ്ട്‌. അതിന്റെ മേന്മയെ പെരുപ്പിച്ചുകാണിക്കാൻ വേണ്ടി വില കുറഞ്ഞതരം ആടയാഭരണങ്ങളും അലുക്കുകളും അതിന്‌ വച്ചുപിടിപ്പിക്കാറുമുണ്ട്‌. എന്നാൽ യഥാർത്ഥമനുഷ്യത്വമുള്ള സ്വാഭാവികമനുഷ്യന്‌ ഒരു തേച്ചു മിനുക്കലും അലങ്കാരവും ആവശ്യമില്ല. പൊന്നുംകുടത്തിനു പൊട്ടുവേണോ? താമരപ്പൂവിനു ചായം വേണോ?
    വേണ്ടതിലധികം സത്യസന്ധത പുലർത്തി കുറ്റസമ്മതം (Confession) എഴുതിയ റൂസ്സോ ആണെന്നു തോന്നുന്നു ഇങ്ങനെയൊരു ചിത്രം വരയ്ക്കേണ്ടതെങ്ങനെയെന്ന്‌ ആവശ്യത്തിലധികം നന്നായി ആദ്യമായിട്ടു കാണിച്ചുതന്നത്‌
. മഹാത്മാഗാന്ധിയും ചെയ്തത്‌ അതുതന്നെയാണ്‌. എന്നാൽ സ്വാഭാവികമായ മനുഷ്യപ്രകൃതിയെ വിലയിടിച്ചുകളയുന്ന പലതും അദ്ദേഹം പറഞ്ഞുകളഞ്ഞു. എന്റെയും ഉദ്ദേശ്യം അതു തന്നെയാണെങ്കിലും ഞാൻ സ്വീകരിച്ചതു ഒരു മധ്യമാർഗ്ഗമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...