ഏറെച്ചിത്രം...സി.രാധാകൃഷ്ണൻ

എത്ര കട്ടിയുള്ള കടലാസിലായാലും ഏറെ തവണ വരച്ചും മായ്ച്ചുമാണ്‌ രചനയെങ്കിൽ ചിത്രം മുഴുവനാകുകയല്ല, കടലാസ്‌ ഓട്ടപ്പെടുകയാവും ഫലം. ഏറെച്ചിത്രം ഓട്ടപ്പെടുമെന്ന പഴമൊഴി കൂടുതൽ ബാധകമാവുക ചിന്തയ്ക്കാണ്‌. തിരിച്ചും മറിച്ചും ആലോചിച്ചു തല പുകച്ചാൽ തീരുമാനം ഉണ്ടാകാതിരിക്കയും, ഉണ്ടായാലും പിഴയ്ക്കാൻ ഇടയാവുകയും ചെയ്യും. എന്നാൽ, ഒട്ടും ആലോചിക്കാതെ തീരുമാനമെടുത്താലോ? മിക്കവാറും അവിവേകവുമാവും!
    ആലോചിക്കുന്നത്‌ നമ്മെപ്പറ്റിയായാലും മറ്റുള്ളവരുടെ കാര്യമായാലും ഇതു ശരിയാണ്‌. കൊലക്കുറ്റത്തിന്‌ വിചാരണ ചെയ്യപ്പെടുന്ന ഒരു നിരപരാധി, ആ വിചാരണ അവസാനമില്ലാതെ നീണ്ടുപോയപ്പോൾ, ന്യായാധിപനോടു പറഞ്ഞത്രെ-ഒന്നുല്‌ തൂക്കാൻ വിധിക്ക്‌, തമ്പ്രാ! അല്ലേല്‌ അടിയന്‌ ചെത്താൻ പോണം! മക്കള്‌ പട്ടിണീലാ!
    എപ്പോഴാണ്‌ ആലോചന ആവശ്യത്തിന്റെ പരിധി കടന്ന്‌ നമുക്കോ മറ്റുള്ളവർക്കോ ഇരുകൂട്ടർക്കും  ഒരുമിച്ചോ ഗുണത്തിലേറെ ദോഷം ചെയ്യുക? ആ അതിർത്തി എങ്ങനെ കണ്ടുപിടിക്കാം? നിമിഷാർദ്ധത്തിൽ എടുക്കേണ്ട തീരുമാനങ്ങളുടെ കാര്യത്തിൽ ഇത്തരം ചിന്തയ്ക്ക്‌ സാവകാശം കിട്ടില്ല. വിമാനത്തിന്റെ കോക്പിറ്റിൽ ഇരിക്കുന്ന പെയിലറ്റിന്‌ സന്നിഗ്ദ്ധാവസ്ഥകളിൽ ആലോചിച്ചിരിക്കാൻ അര നിമിഷംപോലും കിട്ടാതെ വരാം. ചില സന്ദർഭങ്ങളിൽ ഒരു ഡോക്ടർ എടുക്കുന്ന തീരുമാനവും പൊടുന്നനെ വേണ്ടിവരാം.
    പക്ഷെ, ഇത്തരത്തിൽ അല്ലാതെയുള്ള സാഹചര്യങ്ങളിൽ ചിന്താകുലത ഒഴിവാക്കാൻ ശീലിച്ചാൽ ഏത്‌ അടിയന്തിരാവസ്ഥയിലും ഉടനടി ശരിയായ തീരുമാനം കൈക്കൊള്ളാൻ ആവശ്യമായ കഴിവ്‌ താനെ വികസിച്ചുവരും. ഒന്നേ ഓർക്കാനുള്ളു- സംശയാത്മാ വിനശൃതി!
    സംശയം എന്തിന്റെ ഫലമാണ്‌? ഒരു സംശയവും വേണ്ട, അറിവില്ലായ്മയുടെ! ഈ അറിവില്ലായ്മയുടെ ഉടവിടം എന്താണ്‌? തെറ്റായ യാഥാർത്ഥ്യബോധം. സ്ഥലജലഭ്രാന്തി, മരീചിക, കയർ പാമ്പാകുന്ന അനുഭവം എന്നിവ ഉദാഹരണം. പ്രത്യക്ഷ യാഥാർത്ഥ്യത്തെ പരമയാഥാർത്ഥ്യമെന്ന്‌ കരുതാനിടവരികയോ അക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്കാതെ വരികയോ ചെയ്താൽ സംശയം ഫലം. തീരുമാനിക്കാൻ വൈകിയാൽ പാമ്പു കടിച്ചെന്നിരിക്കും. മണ്ടത്തരം കണ്ടു പാഞ്ചാലി ചിരിച്ചെന്നും ഒരു ഭാരതയുദ്ധംതന്നെ അനിവാര്യമായെന്നും വരാം!
    എന്നാൽ, പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഉണ്മ അവിനാശിയും അവ്യയവും ആകയാലും ഈ  ഞാനും സത്യത്തിൽ അതുതന്നെ ആകയാലും എന്നിലെ സത്യവസ്തുവിന്‌ ഒന്നും പ്രശ്നമല്ല എന്ന ഉറപ്പുണ്ടായാൽ പിന്നെ സംശയലേശവും ശേഷിക്കില്ല. അങ്ങനെ ചെയ്താൽ ഇങ്ങനെ ആയാലോ, ഇങ്ങനെ ചെയ്താൽ അങ്ങനെ ആയാലോ എന്ന പേടിയേ പിന്നെ ഉണ്ടാവില്ല. നശ്വരപ്രപഞ്ചത്തിനും അതിനു പിന്നിലെ അനശ്വരമാധ്യമത്തിനും അതിനും നിദാനമായ അക്ഷരാതീതത്തിനും ആ ക്രമത്തിൽ കൂടിക്കൂടി വരുന്ന പ്രാധാന്യം അനുവദിച്ചാൽ എവിടെ പിഴച്ചാലും ആത്യന്തികമായി പിഴയ്ക്കുന്നില്ല എന്ന ഉറപ്പുകിട്ടും. എന്നുവച്ചാൽ സംശയം അവസാനിക്കുന്നു. വിഷാദയോഗം വിഷാദരോഗമാകാതെ ഒഴിഞ്ഞുപോകുന്നു. ഒന്നുകൂടി തെളിച്ചുപറഞ്ഞാൽ വരും വരായ്കകളെപ്പറ്റി നമുക്കുള്ള ആശങ്കയാണ്‌ സംശയത്തിന്‌ അടിത്തറ. വൈകാരികബന്ധങ്ങളാണ്‌ ഈ ആശങ്കകൾ മുളപ്പിച്ചു പെരുപ്പിക്കുന്നത്‌. ഇവ അകമെ പെരുകുമ്പോൾ എത്ര ആലോചിച്ചാലും എങ്ങുമെത്തില്ല എന്നു മാത്രമല്ല, കൂടുതൽ കുഴപ്പത്തിൽ കലാശിക്കുകയും ചെയ്യും. കമ്പ്യൂട്ടർ വൈറസ്സിന്റെ പൊതുസ്വഭാവം തന്നെയാണ്‌ ഇതിനുമുള്ളത്‌. ഓരോ തവണയും നാം നമ്മുടെ ചിന്താമണ്ഡലം റീ ഓപ്പൺ ചെയ്ത്‌ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമ്പോഴും വൈറസ്സ്‌ അത്രയ്ക്കത്രയ്ക്ക്‌ പടരുന്നു! ക്രമേണ നമ്മുടെ വിലയേറിയ കമ്പ്യൂട്ടർ പ്രവർത്തനക്ഷമമല്ലാതാവുകയും അതിലെ അറിവും ആലോചനയും കൂടിക്കുഴഞ്ഞ്‌ തകിടംമറിഞ്ഞ്‌ ഭ്രാന്ത്‌ എന്ന അവസ്ഥയിലാവുകയും ചെയ്യുന്നു.
    ഒരു തീരുമാനവും എടുക്കാനാവാതെ മനസ്സിൽ ഇരുവശത്തേക്കുമെന്നല്ല നാനാവശങ്ങളിലേക്കും പിടിവലി നടന്നാൽ ഉള്ളം പിച്ചിക്കീറിപ്പോവും. എടുക്കാവുന്ന ഓരോ തീരുമാനവും അനിഷ്ടകരമായാൽ മഹാകഷ്ടംതന്നെ. വഴക്കിടുന്ന അച്ഛനമ്മമാരുടെ കുട്ടികളുടെ മനസ്സുതന്നെ നോക്കൂ. താൻ സ്നേഹിക്കുന്ന അവർ ഇരുവരെയും കുട്ടിക്ക്‌ ഒപ്പം ഇഷ്ടമാണ്‌. ഏതെങ്കിലുമൊരാളെ കൈയൊഴിയണം. എന്നുവന്നാൽ ആരെ? ഹൃദയഭേദകമാണ്‌ ആ അവസ്ഥ. ഇനി, നിർബന്ധത്തിനോ നിയമത്തിനോ വഴങ്ങി ഒരു വശം ചേർന്നാലോ, അതിന്റെ ദുഃഖവും കുറ്റബോധവും ഒഴിയാബാധകളുമാവും. ഇങ്ങനെയുള്ള കുട്ടികൾക്ക്‌ ജീവിതത്തിലൊരിക്കലും ഒരു ശരിയായ തീരുമാനവും എടുക്കാൻ കഴിവില്ലാതെ വന്നാൽ അത്ഭുതമെന്തിന്‌?
    അപ്രധാനമായതിനെ കൈയൊഴിയാൻ കഴിയാത്തത്താണ്‌ തീരുമാനമെടുക്കാൻ സാധിക്കാതെ വരുന്നതിനു കാരണം. അമ്മാത്തു നിന്ന്‌ പോകാനും വയ്യ. ഇല്ലത്തെത്തുകയും വേണം എന്നായാൽ നടുവഴിയിൽ നട്ടംതിരിയുകതന്നെ ഫലം. സംശയക്കുന്തോറും തെറ്റായ തീരുമാനം എടുക്കാനാണ്‌ സാധ്യത എന്ന വിശേഷവുമുണ്ട്‌. അൽപ്പം മദ്യപിക്കണൊ വേണ്ടയോ എന്ന സംശയമേ ഉണ്ടാകരുതാത്തത്താണെന്നാലും പലർക്കും ഇതുണ്ടായിപ്പോകുന്നു. ഇനി മദ്യപിക്കില്ല എന്നൊരു തീരുമാനം തലേന്നാൾ രാത്രി കൈക്കൊള്ളുകയും മക്കളെപ്പിടിച്ച്‌ ഭാര്യയോട്‌ സത്യം ചെയ്യുകവരെയും ഉണ്ടായിട്ടുമുണ്ട്‌ എന്നുകൂടി ഇരിക്കട്ടെ. അപ്പോഴാണ്‌ ബാറിന്റെ മുന്നിൽ എത്തിപ്പെടുന്നത്‌. അവിടെ നിൽക്കുന്നു, ചിന്തിക്കാൻ തുടങ്ങുന്നു - നല്ലപോലെ ആലോചിച്ച്‌ തീരുമാനിക്കാം, വേണോ വേണ്ടയോ? വേണ്ട എന്നതാണ്‌ ശരി. പക്ഷെ, ഇത്രകാലവും കുടിച്ചിട്ട്‌ ഒരു ചുക്കും സംഭവിച്ചില്ല എന്നിരിക്കെ ഇന്നുകൂടി ആയാൽ ഒരു തകരാറുമില്ല!...എന്നാലും, മക്കൾ!... ഓ, അതൊക്കെ വെറും അന്ധവിശ്വാസം!... എന്തൊക്കെയായാലും, ഞാനൊരു ആണല്ലേ, പറഞ്ഞ വാക്കിന്‌ വില വേണ്ടേ?...
    തീരുമാനമാകാതെ അങ്ങനെ നിൽക്കെ ബാറിലെ കറികളുടെയും ചാരായത്തിന്റെയും പരിചിതഗന്ധവും ഒരു ഗ്ലാസ്മേറ്റിന്റെ വരവും സംശയാലുവിനെ വീണ്ടും ആ പഴയ താവളത്തിലേക്കുതന്നെ കൈപിടിച്ചു കയറ്റുന്നു. ഈ പിഴച്ച തീരുമാനത്തിന്റെ കുറ്റബോധം തലയിൽ കനംതൂങ്ങുന്നതിനു പരിഹാരമായി നാലു പേഗ്ഗ്‌ കൂടുതൽ സേവിക്കുന്നു!
    ചിത്തവൃത്തിയെ നിയന്ത്രിക്കാതെ സംശയം നീങ്ങിക്കിട്ടില്ല. എത്ര വശ്യവും ആകർഷകവുമായ ഒരു കാര്യം മുന്നിൽ വന്നുപെട്ടാലും, വേണ്ട എന്നു നിശ്ചയിക്കാൻ ഒക്കണമെങ്കിൽ മറിച്ചാണ്‌ ശരി എന്നു ശഠിക്കുന്ന വൈകാരികസമ്മർദ്ദങ്ങളെ അതിജീവിക്കാൻ പറ്റണം. ഇതിനു കഴിയാഞ്ഞാണ്‌ ലഹരിയടിമകളും ചൂതുകളിക്കാരും കുതിരപ്പന്തയക്കാരും മുടിയുന്നത്‌. ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ പിച്ചക്കാരും സവാരി പോയേനെ എന്ന്‌ ഷേക്സ്പിയർ പറഞ്ഞത്‌, ധർമ്മപുത്രരായാലും കുതിരപ്പന്തയത്തിനു പോയാൽ ഭാര്യയെവരെ പണയം വച്ചും കളിക്കാൻ തീരുമാനിച്ചേക്കാം എന്നറിഞ്ഞും ചൂണ്ടിക്കാണിച്ചു കൊണ്ടുമാണ്‌.
    ജീവിതം എന്ന മനോഹരമായ ചിത്രം ഓട്ടപ്പെടാതിരിക്കാൻ ഒരു വഴിയേയുള്ളു-ശരിയായ തീരുമാനങ്ങൾ പെട്ടെന്നെടുക്കുക. എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുക, എന്നിട്ട്‌ വരുന്നതെല്ലാം അപേക്ഷിച്ചു വാങ്ങിയതാണെന്നും നഷ്ടമാകുന്നതെല്ലാം ത്യജിച്ചതാണെന്നും കരുതുക. ഈ ധർമ്മം ആർ ആചരിക്കുന്നുവോ അയാൾക്കേ ജയമുള്ളു!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ