21 Aug 2014

കാഫ്ക - പ്രിയപ്പെട്ട മിലേന

പരിഭാഷ:
വി രവികുമാർ


Milena_Jesenská

പ്രിയപ്പെട്ട ഫ്രൗ മിലേന,
(ഈ തരം സംബോധന മുഷിപ്പനായി വരികയാണ്‌; പക്ഷേ കാലുറയ്ക്കാത്ത ഈ ലോകത്ത് സുഖമില്ലാത്തവർക്കു വീഴാതെ നടക്കാനുള്ള ഊന്നുവടികളിൽ ഒന്നാണത്; ഊന്നുവടിയ്ക്കു ഭാരം തോന്നിത്തുടങ്ങുന്നു എന്നത് ആരോഗ്യം തിരിച്ചുകിട്ടുകയാണെന്നതിനു തെളിവായി എടുക്കാറായിട്ടുമില്ല.) ഞാൻ ഇന്നേ വരെ ജർമ്മൻകാർക്കിടയിൽ താമസിച്ചിട്ടില്ല, ജർമ്മനാണ്‌ എന്റെ മാതൃഭാഷയെങ്കിലും അതിനാൽ എനിക്കതു സ്വാഭാവികമാണെങ്കിലും. എനിക്കു കൂടുതൽ അടുപ്പം തോന്നുന്നത് ചെക്ക് ഭാഷയോടാണ്‌; അതുകൊണ്ടാണ്‌ നിങ്ങളുടെ കത്ത് പല അനിശ്ചിതത്വങ്ങളെയും ദൂരീകരിച്ചതും. എനിക്കിപ്പോൾ നിങ്ങളെ കൂടുതൽ വ്യക്തമായി കാണാം;  നിങ്ങളുടെ ഉടലിന്റെ ചലനങ്ങൾ, കൈകളുടെ ചലനങ്ങൾ- എത്ര ചുറുചുറുക്കും നിശ്ചയദാർഢ്യവുമാണവയ്ക്ക്. നിങ്ങളെ ഞാൻ നേരിട്ടു കാണുമ്പോലെയാണത്. എന്നാൽ വായനക്കിടയിൽ നിങ്ങളുടെ മുഖത്തേക്കൊന്നു കണ്ണുയർത്താൻ നോക്കുമ്പോൾ - എന്താ കഥ!- തീ ആളിപ്പടരുകയാണ്‌, തീയല്ലാതെ പിന്നെ ഞാനൊന്നും കാണുന്നുമില്ല.
(മേയ്1920)
*

എനിക്കൊരു ചെറിയ പ്രഹരം: എന്റെ ഒരമ്മാവൻ വരുന്നുവെന്നറിയിച്ചുകൊണ്ട് പാരീസിൽ നിന്നൊരു ടെലഗ്രാം; എനിക്കദ്ദേഹത്തെ വളരെ കാര്യമാണ്‌, ആൾ മാഡ്രിഡിലാണു താമസിക്കുന്നത്, അദ്ദേഹം ഇവിടെ വന്നിട്ടു വർഷങ്ങൾ കഴിഞ്ഞുമിരിക്കുന്നു. എന്നാലും അതൊരു പ്രഹരമാണ്‌, കാരണം അതെന്റെ സമയം അപഹരിക്കും; എനിക്കാണെങ്കിൽ ഉള്ള സമയമൊക്കെ വേണം, എനിക്കുള്ള സമയത്തിന്റെ ആയിരമിരട്ടി എനിക്കു വേണം, എനിക്കുള്ള സമയം മൊത്തം നിനക്കു വേണ്ടി എനിക്കു വേണം, നിന്നെക്കുറിച്ചോർത്തിരിക്കാൻ, നിന്നിൽ ശ്വസിച്ചുകൊണ്ടു കിടക്കാൻ. ഞാൻ താമസിക്കുന്ന സ്ഥലം എന്നെ അസ്വസ്ഥനാക്കുകയാണ്‌, സായാഹ്നങ്ങൾ എന്നെ അസ്വസ്ഥനാക്കുകയാണ്‌, വ്യത്യസ്തമായൊരു സ്ഥലത്തായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു, പലതും വ്യത്യസ്തമായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ഓഫീസ് എന്നൊരു സംഗതി ഉണ്ടായിരുന്നില്ലെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. പിന്നെ എനിക്കു തോന്നുകയാണ്‌, ഈ നിമിഷത്തിന്‌, നിനക്കു മാത്രം സ്വന്തമായ ഈ നിമിഷത്തിനപ്പുറത്തുള്ളതിനെക്കുറിച്ചു സംസാരിച്ചതിന്‌ എനിക്കു മുഖത്തൊരടി കിട്ടേണ്ടതാണെന്ന്.
എന്തുകൊണ്ടോ മറ്റൊന്നിനെക്കുറിച്ചുമെഴുതാൻ എനിക്കു കഴിയുന്നില്ല, ഈ തിങ്ങിയ ലോകത്ത് നമ്മെ, നമ്മെ മാത്രം സംബന്ധിക്കുന്നതിനെക്കുറിച്ചല്ലാതെ. മറ്റെല്ലാം എനിക്കന്യമായിരിക്കുന്നു. തെറ്റ്! തെറ്റ്! പക്ഷേ എന്റെ ചുണ്ടുകൾ പുലമ്പുകയാണ്‌, എന്റെ മുഖം നിന്റെ മടിയിലും.
(1920 ജൂലൈ 6)

ഇന്നലെ ഞാൻ എന്റെ ഡോക്ടറെ കണ്ടു; മെരാനിൽ പോകുന്നതിനു മുമ്പുള്ള അവസ്ഥയിൽ നിന്നു വലിയ വ്യത്യാസമൊന്നും അദ്ദേഹം കാണുന്നില്ല: എന്റെ ശ്വാസകോശങ്ങളിൽ യാതൊരു പ്രഭാവവും ചെലുത്താതെ മൂന്നു മാസങ്ങൾ കടന്നുപോയിരിക്കുന്നു; ഇടതു ശ്വാസകോശത്തിനു മുകളറ്റം രോഗം പഴയപടി പച്ചയോടെ നില്ക്കുന്നുമുണ്ട്. അതത്ര നല്ലതായി അദ്ദേഹത്തിനു തോന്നുന്നില്ല; അതു നല്ല കാര്യമായിട്ടാണു പക്ഷേ, എനിക്കു തോന്നുന്നത്: ഈ സമയം ഞാൻ പ്രാഗിലാണു കഴിച്ചതെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി? എനിക്കു ഭാരം കൂടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു; എന്റെ കണക്കനുസരിച്ചു പക്ഷേ, എനിക്കു മൂന്നു കിലോ കൂടിയിട്ടുണ്ട്. ശരത്കാലമാവുമ്പോൾ ഇൻജക്ഷൻ തുടങ്ങിയാലോ എന്ന് അദ്ദേഹം ആലോചിക്കുന്നു; അതു താങ്ങാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.
ഇതും നീ സ്വന്തം ആരോഗ്യം ധൂർത്തടിക്കുന്നതുമായി (നിനക്കു വേറേ വഴിയില്ല, അതു ഞാൻ പറയേണ്ടല്ലോ) താരതമ്യം ചെയ്യുമ്പോൾ ചിലനേരം എനിക്കു തോന്നുന്നു, എന്നെങ്കിലുമൊരിക്കൽ ഒരുമിച്ചു ജീവിക്കാമെന്നു നാം മോഹിക്കേണ്ടെന്ന്; സുഖത്തോടെ, തൃപ്തിയോടെ ഒരുമിച്ചു മരിക്കാൻ അടുത്തടുത്തു കിടക്കാൻ നമുക്കു കഴിഞ്ഞെങ്കിലായെന്ന്. എന്തു നടന്നാലും പക്ഷേ, അതു നിനക്കരികിൽ വച്ചായിരിക്കും.

അതിനിടയ്ക്കു പറയട്ടെ, എനിക്കറിയാം -ഡോക്ടർ പറയുന്നതിനെതിരുമാണത്- ആരോഗ്യം വീണ്ടെടുക്കാൻ (പാതിയെങ്കിലും) എനിക്കു വേണ്ടത് ശാന്തിയാണെന്ന്, ഒരു പ്രത്യേക തരം ശാന്തി- ഇനി മറ്റൊരു വിധം നോക്കുകയാണെങ്കിൽ, ഒരു പ്രത്യേക തരം അശാന്തി.
(1920 ജൂലൈ 14)
*


നിങ്ങൾക്കൊരു സ്വദേശമുണ്ട്, അതിനാൽ നിങ്ങൾക്കതിനെ പരിത്യജിക്കാം; ഒരു സ്വദേശമുള്ളതുകൊണ്ടുള്ള ഏറ്റവും വലിയ ഉപയോഗം അതാണെന്നും വരാം, പരിത്യജിക്കാനാവാത്തതിനെയല്ല നിങ്ങൾ വേണ്ടെന്നു വയ്ക്കുന്നതെന്നതിനാൽ വിശേഷിച്ചും. പക്ഷേ അയാൾക്ക് ഒരു സ്വദേശമില്ല, അതിനാൽ അയാൾക്കു പരിത്യജിക്കാനും ഒന്നുമില്ല; അതിനാൽ അയാൾക്ക് നിരന്തരം അതിനെക്കുറിച്ചു തന്നെ ചിന്തിക്കേണ്ടിവരുന്നു, അതിനെ അന്വേഷിച്ചു നടക്കേണ്ടിവരുന്നു, അല്ലെങ്കിൽ അതു പണിതെടുക്കേണ്ടിവരുന്നു...
(1920 ജൂലൈ 31- ജൂതന്മാർക്ക് ഒരു ജന്മദേശത്തിനു വേണ്ടി വാദിച്ചിരുന്ന മാക്സ് ബ്രോഡിനെക്കുറിച്ച്)
*

നിന്റെ ടെലഗ്രാം ഇപ്പോൾ കിട്ടിയതേയുള്ളു. നീ പറയുന്നതു തീർത്തും ശരിയാണ്‌, ഞാനതിനെ കൈകാര്യം ചെയ്തത് വളരെ വിലക്ഷണമായിട്ടാണ്‌. പക്ഷേ മറ്റൊന്നും സാധ്യമായിരുന്നില്ല, കാരണം നാം ജീവിക്കുന്നത് തെറ്റിദ്ധാരണകളിലാണ്‌; നമ്മുടെ ചോദ്യങ്ങൾ നമ്മുടെ ഉത്തരങ്ങളാൽ വില കെട്ടതാവുകയും ചെയ്യുന്നു. ഇനി നമുക്ക് അന്യോന്യം കത്തെഴുതുന്നതു നിർത്താം, ഭാവിയെ ഭാവിക്കു വിട്ടുകൊടുക്കാം.
(1920 സെപ്തംബർ 10)
*


നാളെ ഞാൻ ആ അച്ഛൻ കത്ത് വീട്ടിലേക്കയക്കാം; അതിനെ കാര്യമായി സൂക്ഷിക്കണം. ഒരുപക്ഷേ ഒരു ദിവസം എനിക്കത് അച്ഛനെ കാണിക്കണമെന്നു തോന്നിയേക്കാം. കഴിയുമെങ്കിൽ മറ്റാരും അതു വായിക്കാൻ ഇട വരരുത്. വായിക്കുമ്പോൾ അതിലുള്ള എല്ലാ വക്കീൽസൂത്രങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക; അതൊരു വക്കീലിന്റെ കത്താണ്‌.
*


അഴുക്കാണു ഞാൻ മിലേന, ആകെ അഴുക്കാണ്‌. അതു കാരണമാണു ഞാൻ ശുദ്ധിയെക്കുറിച്ച് ഇത്രയധികം ബഹളമുണ്ടാക്കുന്നതും. നരകത്തിന്റെ ഏറ്റവും അഗാധമായ തലങ്ങളിൽ ജീവിക്കുന്നവരെപ്പോലത്ര തെളിഞ്ഞ തൊണ്ടയോടെ പാടുന്നവർ ആരുമില്ല; മാലാഖമാരുടെ ഗാനമെന്നു നാം കരുതുന്നത് അവരുടെ ഗാനത്തെയാണ്‌.
*


എനിക്കേറ്റവും ഇഷ്ടപ്പെട്ടവൾ നീയാണ്‌ എന്നു ഞാൻ പറയുമ്പോൾ അതു ശരിക്കും പ്രണയമാകണമെന്നുമില്ല; ഞാൻ സ്വയം എന്റെയുള്ളിൽ കടത്തി തിരിയ്ക്കുന്ന കത്തിയാണു നീ; അതാണു പ്രിയേ, പ്രണയം.
(1920 സെപ്തംബർ 4)
*


ഇന്നലെ ഞാൻ നിന്നെ സ്വപ്നം കണ്ടു.എനിക്കതിന്റെ വിശദാംശങ്ങൾ വലിയ ഓർമ്മയില്ല; പക്ഷേ ഒരാൾ മറ്റൊരാളിൽ നിരന്തരം വിലയിച്ചുകൊണ്ടിരുന്നു എന്നു ഞാനോർക്കുന്നു. ഞാൻ നീയായി, നീ ഞാനായി. ഒടുവിൽ എങ്ങനെയോ നിനക്കു തീ പിടിച്ചു. തുണി കൊണ്ടു പൊതിഞ്ഞ് തീ കെടുത്താമെന്ന് ഓർമ്മ വന്ന ഞാൻ ഒരു പഴയ കോട്ടെടുത്ത് നിന്നെ തല്ലാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും നമ്മുടെ രൂപപരിണാമങ്ങൾ വീണ്ടും തുടങ്ങുകയും നീ അദൃശ്യയാവുന്നിടത്തോളം അതു നീണ്ടുപോവുകയും ചെയ്തു. ഇപ്പോൾ തീ പിടിച്ചിരിക്കുന്നത് എനിക്കാണ്‌, കോട്ടു കൊണ്ട് തീ തല്ലിക്കെടുത്താൻ നോക്കുന്നതും ഞാൻ തന്നെ. അതു കൊണ്ടു പക്ഷേ, ഫലമുണ്ടായില്ല; അത്തരം കാര്യങ്ങൾ കൊണ്ട് തീയ്ക്ക് ഒരു ചേതവും വരാനില്ലെന്ന എന്റെ പഴയ പേടിയ്ക്ക് അതൊരു സ്ഥിരീകരണമായി എന്നു മാത്രം. ഈ നേരമായപ്പോഴേക്കും അഗ്നിശമനസേന വന്നെത്തുകയും നിന്നെ എങ്ങനെയോ രക്ഷപ്പെടുത്തുകയും ചെയ്തു. പക്ഷേ പണ്ടത്തേതിൽ നിന്നു വ്യത്യസ്തയായിരുന്നു നീ, ഒരു പ്രേതത്തെപ്പോലെ, ഇരുട്ടിൽ ചോക്കു കൊണ്ടു വരച്ചപോലെ; ജീവനില്ലാതെ നീ എന്റെ കൈകളിലേക്കു വന്നുവീണു, അതല്ലെങ്കിൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷം കൊണ്ട് നീ മോഹാലസ്യപ്പെട്ടതാണെന്നും വരാം. പക്ഷേ ഇവിടെയും അ രൂപപരിണാമം കടന്നുവന്നു: മറ്റാരുടെയോ കൈകളിലേക്കു വീണതു ഞാനായിരിക്കാം.
(1920 സെപ്തംബർ)


...ഞാൻ നിങ്ങൾക്കൊരു കത്തയച്ചിട്ട്‌ ഏറെനാളുകൾ കഴിഞ്ഞിരിക്കുന്നല്ലോ, ഫ്രൗ മിലേന; ഇന്ന്‍ ഈ കത്തയക്കുന്നതു തന്നെ യാദൃച്ഛികമായിട്ടാണ്. ശരിക്കു പറഞ്ഞാൽ, കത്തെഴുതാത്തതിന്റെ പേരിൽ ഇങ്ങനെയൊരു ക്ഷമാപണത്തിന്റെ ആവശ്യം തന്നെയില്ല; കത്തെഴുന്നത്‌ എനിക്കെത്ര വെറുപ്പുള്ള കാര്യമാണെന്ന് നിങ്ങൾക്കു നന്നായിട്ടറിയാവുന്നതാണല്ലോ. എന്റെ ജീവിതത്തിലെ സകല നിർഭാഗ്യങ്ങൾക്കും കാരണം- പരാതിപ്പെടുകയല്ല ഞാൻ, എല്ലാവർക്കും ഗുണപാഠമാകുന്ന ഒരഭിപ്രായം നടത്തുന്നുവെന്നേയുള്ളു- കത്തുകളോ, ഞാനെഴുതിയേക്കാവുന്ന കത്തുകളോ ആയിരുന്നു. മനുഷ്യർ ഇതേവരെ എന്നെ ചതിച്ചിട്ടില്ലെന്നു തന്നെ പറയാം, പക്ഷേ കത്തുകൾ എപ്പോഴുമെന്നെ ചതിക്കുകയാണ്‌- അക്കാര്യത്തിൽ അന്യരുടെ കത്തുകളെന്നോ, എന്റെ കത്തുകളെന്നോ ഉള്ള ഭേദമില്ലെന്നും പറയേണ്ടിയിരിക്കുന്നു. എന്റെ കാര്യത്തിൽ വിശേഷിച്ചുള്ളൊരു നിർഭാഗ്യം തന്നെയായിരുന്നു അത്‌; അതിനെക്കുറിച്ച്‌ ഞാനിനി അധികമൊന്നും പറയുന്നില്ല; പക്ഷേ ഇതൊരു പൊതുനടപ്പാണെന്നും പറയട്ടെ. കത്തെഴുതുക എന്നത്‌ അത്ര അനായാസമായ ഒരു സാധ്യതയാണെന്നു വന്നതോടെ- സൈദ്ധാന്തികമായി നോക്കുമ്പോൾ- ആത്മാക്കളുടെ ഭയാനകമായ ഒരപചയം ഈ ലോകത്തു കടന്നുവന്നിട്ടുണ്ടാവണം. യഥാർത്ഥത്തിലത്‌ പ്രേതങ്ങൾ തമ്മിലുള്ള ഒരു വ്യവഹാരമത്രെ; കത്തു കിട്ടുന്നയാളിന്റെ പ്രേതവുമായിട്ടു മാത്രമല്ല, താനെഴുതുന്ന കത്തിന്റെ വരികൾക്കിടയിലൂടെ വളരുന്ന സ്വന്തം പ്രേതവുമായിട്ടുകൂടിയുള്ള ഒരിടപാട്‌; കത്തുകൾ തുടർച്ചയായിട്ടെഴുതുന്നയാളാണെങ്കിൽ അത്രയ്ക്കു കൃത്യവുമാണത്‌; ഇവിടെ ഓരോ കത്തും മറ്റൊരു കത്തിനെ സാധൂകരിക്കാനുണ്ടാവും, സാക്ഷ്യം നിൽക്കാനും മറ്റൊന്നുണ്ടാവും.  കത്തു വഴി മനുഷ്യർക്കു തമ്മിൽത്തമ്മിൽ ബന്ധപ്പെടാമെന്ന ആശയം എങ്ങനെയുണ്ടായോ ആവോ! അകലത്തുള്ള ഒരാളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാം; അടുത്തുള്ള ഒരാളാണെങ്കിൽ കടന്നുപിടിക്കുകയും ചെയ്യാം- മനുഷ്യന്റെ ബലം കൊണ്ട്‌ ഇതിനപ്പുറമൊന്നും സാധ്യമേയല്ല. കത്തെഴുതുക എന്നാൽ പ്രേതങ്ങൾക്കു മുന്നിൽ സ്വയം നഗ്നനാവുക എന്നാണർത്ഥം; അതിനായിത്തന്നെ ആർത്തി പിടിച്ചു കാത്തിരിക്കുകയുമാണവ. എഴുതിയയച്ച ചുംബനങ്ങൾ ഒരിക്കലും ലക്ഷ്യം കാണാറില്ല, വഴിയിൽ വച്ച് അവയെ കുടിച്ചുവറ്റിക്കുകയാണു പ്രേതങ്ങൾ. സമൃദ്ധമായ ആ തീറ്റയിന്മേലാണ്‌ അവ പെറ്റുപെരുകുന്നതും. മനുഷ്യരാശി അതു കണ്ടറിയുന്നുണ്ട്‌, അതിനെതിരെ പൊരുതുന്നുണ്ട്‌; മനുഷ്യർക്കിടയിലെ ആ പ്രേതസാന്നിദ്ധ്യത്തെ കഴിയുന്നത്ര നിർമ്മാർജ്ജനം ചെയ്യാനും, സ്വാഭാവികമായ ഒരിടപെടൽ, ആത്മശാന്തി, സൃഷ്ടിക്കാനുമായി അതു റയിൽവേ കണ്ടുപിടിച്ചിരിക്കുന്നു, മോട്ടോർക്കാറും വിമാനവും കണ്ടുപിടിച്ചിരിക്കുന്നു. പക്ഷേ അതു കൊണ്ടിനി പ്രയോജനമില്ല, കാരണം, തകർച്ചയുടെ വക്കത്തെത്തി നിൽക്കുമ്പോൾ കണ്ടെത്തിയ ഉപായങ്ങളാണവ. കൂടുതൽ കരളുറപ്പും ശേഷിയുമുള്ളതാണു മറുകക്ഷി; തപാലിനു ശേഷം അവർ ടെലഗ്രാഫ്‌ കണ്ടുപിടിച്ചു, ടെലഫോൺ കണ്ടുപിടിച്ചു, റേഡിയോഗ്രാഫ്‌ കണ്ടുപിടിച്ചു. പ്രേതങ്ങൾക്കു പട്ടിണി കിടക്കേണ്ടിവരില്ല, പക്ഷേ നമ്മൾ തുലഞ്ഞുപോകും.
(1922 മാര്‍ച്ച്)
 
അസംതൃപ്തവിവാഹം എന്നൊന്നില്ല, ഉള്ളത് അപൂർണ്ണവിവാഹമാണ്‌; അതപൂർണ്ണമാകുന്നതാവട്ടെ, അപൂർണ്ണരായ മനുഷ്യരാണ്‌ അതിൽ പങ്കാളികളാകുന്നത് എന്നതു കാരണവും. ഇനിയും പക്വതയെത്താത്ത മനുഷ്യജീവികൾ, വിളവെടുക്കും മുമ്പേ പറിച്ചുകളയേണ്ട കളകൾ. അത്തരം മനുഷ്യരെ വിവാഹത്തിലേക്കു പറഞ്ഞയക്കുന്നത് ഒന്നാം ക്ളാസ്സിൽ ആൾജിബ്ര പഠിപ്പിക്കുന്നതു പോലെയാണ്‌. ഉയർന്ന ക്ളാസിൽ ആൾജിബ്ര ഒന്നാം ക്ളാസിലെ ഒന്നേ ഗുണം ഒന്നിനെക്കാളും എളുപ്പമാണ്‌, ശരിക്കുമത് ഒന്നേ ഗുണം ഒന്നു തന്നെയുമാവുന്നു; പക്ഷേ ഇങ്ങു താഴെ അതു സാദ്ധ്യമാവുകയില്ല, കുട്ടികളുടെ ലോകത്തെയാകെ അതു കുഴപ്പിക്കുകയാണ്‌, ഒരുപക്ഷേ മറ്റു ലോകങ്ങളെയും. ..
(1923 ജനുവരി-ഫെബ്രുവരി)
*
ജീവിച്ചിരിക്കുന്ന എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകങ്ങളുമായി ഒരു സജീവബന്ധമുണ്ടാവും. അവയ്ക്കു വേണ്ടിയോ അവയ്ക്കെതിരായോ അവർ പൊരുതിക്കൊണ്ടിരിക്കും. എഴുത്തുകാരന്റെ മരണത്തോടെയല്ലാതെ പുസ്തകത്തിന്റെ യഥാർത്ഥമായ, സ്വതന്ത്രമായ ജീവിതം തുടങ്ങുന്നില്ല. ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ അവരുടെ മരണം നടന്ന് അല്പകാലം കഴിയുകയും വേണം; കാരണം മരണം കഴിഞ്ഞ് കുറച്ചു നാൾ കൂടി ഈ ഉത്സാഹികൾ തങ്ങളുടെ പുസ്തകങ്ങൾക്കായി പൊരുതിക്കൊണ്ടിരിക്കും. പിന്നീടു പക്ഷേ പുസ്തകം ഒറ്റയ്ക്കാവുന്നു, സ്വന്തം ഹൃദയസ്പന്ദനത്തിന്റെ ബലത്തെ മാത്രമേ അതിനാശ്രയിക്കാനുള്ളു എന്നുമാകുന്നു.
(1923 ഫെബ്രുവരി)

*

ചില ദിവസങ്ങളിൽ ഉറക്കമുണരുമ്പോൾ നിങ്ങൾക്കു തോന്നുകയാണ്‌, യാഥാർത്ഥ്യം നിങ്ങളുടെ കിടക്കയ്ക്കു തൊട്ടടുത്തു കിടപ്പുണ്ടെന്ന്, നിങ്ങളെ കൈയേല്ക്കാനായി, വാടിയ ചില പൂക്കളുമായി, ഒരു തുറന്ന ശവക്കുഴി പോലെ...

(മിലേന ജസെൻസ്ക (1896-1944) - ചെക്ക് പത്രപ്രവർത്തകയും വിവർത്തകയും. കാഫ്കയുടെ കഥകൾ ആദ്യമായി ചെക്കുഭാഷയിലേക്ക്, മറ്റൊരു ഭാഷയിലേക്കു തന്നെ, ആദ്യമായി വിവർത്തനം ചെയ്യുന്നത് മിലേനയാണ്‌. ഗ്രന്ഥകാരന്റെ അനുവാദം ചോദിച്ചുകൊണ്ടു തുടങ്ങിയ കത്തിടപാട് വികാരതീവ്രമായ ഒരു ബന്ധത്തിലേക്കു നയിച്ചു. വിയന്നയിൽ അവർ നാലു ദിവസം ഒരുമിച്ചുകഴിയുകയും ചെയ്തു. 1920ൽ ആ ബന്ധം പെട്ടെന്നവസാനിച്ചു. 1939ൽ ഗെസ്റ്റപ്പോ അറസ്റ്റു ചെയ്ത മിലേന 1944ൽ റാവൻസ്ബ്രക്കിലെ നാസി ക്യാമ്പിൽ വച്ച് വൃക്കരോഗം മൂർച്ഛിച്ചു മരിച്ചു.)


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...