ഉണ്ണിക്കുട്ടന്റെ യാത്ര
ഇസ്മയിൽ മേലടി

പൂമുഖത്തും
മുറ്റത്തും
തൊടിയിലുമൊക്കെ
കയറിയിറങ്ങി കളിച്ചുകൊണ്ടിരുന്ന
ഉണ്ണിക്കുട്ടൻ
നടയിറങ്ങിപ്പോയി
നേരെ ചെന്നുകയറിയത്‌
ഡിസ്നി ലാന്റിലായിരുന്നു
മൂവാണ്ടൻ മാവിലെ
കളിയൂഞ്ഞാൽ
ഉണ്ണിക്കുട്ടനെ
ആടി മാടി വിളിച്ചു
അപ്പോഴേയ്ക്ക്‌
ഉണ്ണിക്കുട്ടൻ
വൈൽഡ്‌ സ്വിംഗ്‌ റൈഡിൽ
കയറിക്കഴിഞ്ഞിരുന്നു
കണ്ണൻചിരട്ട
ഉണ്ണിക്കെത്ര അപ്പംവേണം
എന്നു ചോദിക്കുമ്പോഴേയ്ക്ക്‌
അവൻ രസംപിടിച്ച്‌
റോളർ കോസ്റ്ററിനകത്ത്‌
വട്ടം കറങ്ങുകയായിരുന്നു
കിണ്ണം നിറയെ
ഉണ്ണിയപ്പവുമായി
നാണിയമ്മ അണച്ചുകൊണ്ട്‌
ഓടിയണയുമ്പോഴേയ്ക്ക്‌
കെ.എഫ്‌.സി
ചിക്കൻ ഫില്ലറ്റ്‌
അകത്താക്കി
ടിഷ്യു പേപ്പറിൽ
കൈ തുടയ്ക്കുകയായിരുന്നു
ഉണ്ണിക്കുട്ടൻ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ