അക്കിത്തത്തിന്റെ കവിതയിലെ നവാദ്വൈതപൊരുളുകളിലൂടെ
നഷ്ടപ്പെട്ട ലോകങ്ങൾ കവികൾ തേടുകയാണ്.എന്തിനാണ് തേടുന്നത്? ആ ലോകങ്ങൾ കൊണ്ട് പുതിയ ലോകമൊന്നും ഉണ്ടാക്കാനാവില്ല. അഥവാ ഉണ്ടാക്കിയാൽതന്നെ ആർക്ക്? എത്ര ശുഭചിന്തയുള്ള വ്യക്തിയും ഇന്ന് അത്ര സംതൃപ്തനായിരിക്കില്ല. എന്തിനെയും സംശയിക്കുന്ന തലത്തിലേക്ക് മനുഷ്യന്റെ സമാധാനം വഴുതിപ്പോയിരിക്കുന്നു. ലോകങ്ങൾ ഇനി നേടിയാൽതന്നെ, അതിലെല്ലാം കരിനിഴൽ വീണിട്ടുണ്ടായിരിക്കും. എങ്കിലും കവികൾ പുതുലോകം തേടുന്നു. അതേസമയം നഷ്ടപ്പെട്ട ലോകങ്ങളെയും 'കളയാതെ' നോക്കുന്നു. അതിന്റെയർത്ഥം നിലനിൽപിന്റെ നിമിഷത്തിലെ സൗന്ദര്യത്തിൽ അവർ നിത്യമായ അശാന്തിയും അസന്തുഷ്ടിയും അനുഭവിക്കുന്നു എന്നാണ്. അക്കിത്തം ഇങ്ങനെ രണ്ടുലോകങ്ങളും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ കരയുകയും ചിലപ്പോൾ ചിരിക്കുകയും ചെയ്യുന്ന കവിയാണ്. അതിന്റെ അർത്ഥം ഇങ്ങനെ വിശദീകരിക്കാം. നഷ്ടപ്പെടാനും നേടാനും ഒന്നുമില്ല; പോയ ലോകങ്ങൾ ഇനിവരില്ല. അഥവാ വന്നാലും, അതുകൊണ്ട് ഒന്നും നേടാനില്ല.
എല്ലാത്തിന്റെയും വരുംവരായ്കകൾ കണ്ടുകഴിയുമ്പോഴും, കവിക്ക് താൻ ഉത്ഭവിച്ചുപോന്ന ലോകങ്ങൾ പ്രലോഭനമാണ്. അതായത് തന്റെ ലോകങ്ങളുടെ പ്രാചീനമായ അസ്തിത്വത്തിൽ തന്നിലേയെന്തോ അടങ്ങിയിട്ടുണ്ടെന്ന ചിന്തയാണത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. കവി ഇന്നലത്തെ ലോകത്തിലല്ല നിലനിൽക്കുന്നത്. ഓർമ്മയിലൂടെയുള്ള സഞ്ചാരം മാത്രമേയുള്ളു. എല്ലാ കോശങ്ങളും മാറുകയാണ്; പുതിയതൊന്നാകാൻ. ഒരു മടങ്ങിപ്പോക്ക്, എപ്പോഴുമുണ്ട്. അക്കിത്തത്തിന്റെ 'ശംഖിൽ നിന്ന് ഒരു പുഴ' എന്ന കവിതയിലെ ഈ വരികളിൽ അതുണ്ട്.
"മറക്കാനാവാഞ്ഞല്ലോ വന്നു ഞാൻ കുടവടി ചെരിപ്പും
കുപ്പായവുമില്ലാത്തൊരാത്മാവോടെ"
ഇടയ്ക്ക് പൂർവ്വകാലങ്ങളിലേക്ക് പോകുന്നത് പ്രാണരക്ഷാർത്ഥമാണ്. മനസ്സിന്റെ ജീനുകൾ പൂർവ്വദേശങ്ങളിലേക്ക് കടന്ന്, പിന്നെയും പിന്നെയും പൊയ്ക്കൊണ്ടിരിക്കുന്ന, ആദിമമായ പ്രേരണപോലെ, ഏതോ പ്രാചീനതയുടെ ജനിതകഘടനകൾ പരിണാമത്തിലൂടെ നമ്മെത്തന്നെ നിർമ്മിക്കുന്നു, പരിഷ്കരിക്കുന്നു.
അക്കിത്തത്തിന്റെ കവിതയുടെ ഈ ഉഭയജീവിതം, അതിന്റെ നവാദ്വൈതാത്മകമായ അനേകം നിലങ്ങളിലേക്ക് നമ്മെ നയിക്കുകയാണ്. കവി ഇന്നലെകളിൽ നിന്ന് വേർപെടുത്തപ്പെട്ടവനാണ്. എന്നാൽ ഇന്നലെകളിലേക്ക് അയാൾക്ക് പോകാതിരിക്കാനാവില്ല. നിശ്ചയമായും അയാൾ ഇന്നലെകളിൽ ജീവിക്കുന്നില്ല. മാറുന്ന ജീവിതപ്പാതകളിൽ അയാൾ, വാസ്തവത്തിൽ വർത്തമാനകാലത്തെ അഗാധമാക്കുന്നതിങ്ങനെയാണ്. വർത്തമാനകാലം, പൊതുവേ ആഴം കുറഞ്ഞതാണ്. പലതും മനസ്സിലാക്കാൻ കഴിയില്ല. പ്രതീകങ്ങളും സൂചനകളുമാണ് പ്രധാനമായും ഉള്ളത്. പല അനുഭവങ്ങളും ക്ഷണികമാണ്. അവയെപ്പറ്റിയുള്ള വിലയിരുത്തലുകൾ വ്യക്തിപരമായിരിക്കും. എത്രകോണുകളിൽ നിന്നു നോക്കുന്നുവോ അത്രയും ലോകങ്ങൾ ഉണ്ടാകും. നമ്മുടെ സ്വാർത്ഥമായ ആശയവാദങ്ങളുടെ ആകെത്തുകയാണ് അഗാധതയില്ലാത്ത വർത്തമാനകാലം.
അക്കിത്തത്തിന്റെ 'ഏകാവലംബം' എന്ന കവിതയിലെ ഈ വരികൾ ശ്രദ്ധിക്കൂ:- "എനിക്കാണെങ്കിൽ, തീരെമടുത്തു, പലവട്ടം മടുത്തു,
രമണീയമെങ്കിലും പഴതാമീയുദയാസ്തമയങ്ങൾ ചൊരിയും ധാരാളിത്തം,
മഴവില്ലുകളിലെയേകതാനത, താരാ-
നിരകൊണ്ടിളിക്കുന്ന ഭീകരനിശീഥത്തെ
വിലയിപ്പിപ്പോരുദ്യച്ചന്ദനസുശീ
കൗമുദീപ്രവാഹങ്ങൾപോലും, ഹാ, പരതന്ത്ര-
ജീവമാതൃകകളിൽ കിളരും കണ്ണീർമാത്ര-
മെന്റെ മുത്തെന്നാവേശമെൻ വാളെൻ തൂവൽത്തുമ്പും!"
അക്കിത്തം എഴുതിയതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികളാണിത്. ഇതിൽ അക്കിത്തം എന്ന കവിയുടെ നവാദ്വൈതം ഞാൻ വായിക്കുകയാണ്. ഉണ്മ അതിനോടുതന്നെ അർത്ഥപരമായ വിയോജിപ്പും സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്നതാണ് നവാദ്വൈതം. നവാദ്വൈതത്തിൽ ,നിരാസത്തിൽ നിർമ്മാണവുമുണ്ട്. നിരസിക്കുന്നതിലൂടെ പുതിയത് നിർമ്മിക്കുന്നതാണ്, ഇവിടെ രീതി. ഉദയാസ്തമയങ്ങൾ കവിയെ ബോറടിപ്പിക്കുകയാണ്, മഴവില്ലുകൾ ഏകതാനമായി തോന്നിത്തുടങ്ങുന്നു. ഇത് ആശയം അതിന്റെ തന്നെ രൂപത്തോട് നടത്തുന്ന സമരമാണ്. ഏത് ആശയവും, ഉദാഹരണത്തിന്,ആനന്ദം അതിന്റെ സമഗ്രാധിപത്യ വ്യവസ്ഥയ്ക്കകത്താണ്. സൗന്ദര്യം എന്താണോ അത് അതിന്റെ തന്നെ പദമാണ്, രൂപമാണ്, ചിന്തയാണ്. അതിനെ അതിനു തന്നെ നിരാകരിക്കാൻ കഴിയില്ല. പകരം, അതിനു വെളിയിലുള്ള എല്ലാ ആശയങ്ങളെയും നിരാകരിക്കുന്നു. 'സൗന്ദര്യ'ത്തിനു പുറത്തുള്ള ഒന്നിനെയും അതിനു സ്വീകരിക്കാനാവില്ല. വസ്തുവിന്റെ ഒരു സത്ത അവിടെ കെട്ടിനിർത്തപ്പെടുകയോ, സ്ഥാപിക്കപ്പെടുകയോ ചെയ്യുന്നു. ഇത് ഒഴുക്കിനു തടസ്സമാണ്. ഒഴുക്കിനെ നിരുത്സാഹപ്പെടുത്തുന്ന തരം മൗലിക സ്വഭാവമാണ് ഇവിടെ കാണാനാവുക. കവിയും അദ്ദേഹത്തിന്റെ അറിവുകളുടെ, അനുഭവങ്ങളുടെ തനിയാവർത്തനങ്ങളെ നിഷേധിച്ചുകൊണ്ട്, മറ്റൊന്നാകാൻ ശ്രമിക്കുകയാണ്. ഇതിലൂടെയേ, ജീവനും അസ്തിത്വവും നിലനിൽക്കുന്നുള്ളൂ. ഏതോ മറ്റൊന്നിലേക്കുള്ള സഞ്ചാരമാണിത്. ഇതിനെ അറിയുകയും സാക്ഷാത്കരിക്കുകയും ചെയ്യുമ്പോഴാണ് നവാദ്വൈതമുണ്ടാകുന്നത്. ഒന്നിൽതന്നെ തുടരാനോ നിലനിൽക്കാനോ കഴിയില്ല എന്നബോധ്യം വളർച്ചയുടെ അനിവാര്യതയാണ് ബോധ്യപ്പെടുത്തുന്നത്.
സ്വയം നിരസിച്ച് മറ്റൊന്നിനെ നിർമ്മിക്കുന്നു. അക്കിത്തം ദൃശ്യങ്ങളെ അവയുടെ ആവർത്തനങ്ങളെ, അന്തസ്സാര ശൂന്യമായ നാടകങ്ങളെ ,ശുഷ്കമായ ആട്ടങ്ങളെ തന്നിലേക്ക് നിരന്തരം വന്ന് കൂടുകെട്ടാൻ അനുവദിക്കാതെ കുതറിമാറുന്നു. ഒരു ചെടിയെപ്പോലെയോ, മത്സ്യത്തെപ്പോലെയോ, വെള്ളത്തെപ്പോലെയോ, കവി ഭാവിയുടെ അദൃശ്യതകളിലേക്ക് സഞ്ചരിച്ച് അവിടെ ഒരു സ്പെയ്സ് ഉണ്ടാക്കുന്നു. ഇതാണ് നിരന്തര ചലനത്തിന് കാരണമാകുന്നത്. ഇതിന്റെ ഫലമായി, ഒരിടത്തും സ്ഥിരമായി നിൽക്കാനാവില്ല. നിമിഷംപോലും വലിയൊരു പ്രവാഹമാണ്.
അക്കിത്തം കുതറിമാറുന്നത്, ഭൂതകാലത്തിൽനിന്ന് മാത്രമല്ല; സ്ഥിരമായ കാഴ്ചകളുടെ നിശ്ചലതയിൽ നിന്നുമാണ്. മടുപ്പ് എന്ന വികാരം ഇവിടെ, ഒന്നും സ്ഥിരമല്ലെന്ന സന്ദേശം നൽകുകയാണ്. അക്കിത്തത്തിന്റെ മടുപ്പ്, ജീവിത നിശ്ചലതയിൽ നിന്നുള്ള വിമോചനസാമഗ്രിയാണ്.
താൻ ഏത് അനുഭവമാണോ, അതിനോടുതന്നെയുള്ള നിരാസമാണ്. ഭൂതവും ഭാവിയും നഷ്ടപ്പെടുമെന്നറിഞ്ഞുകൊണ്ടുതന്നെ ഒരാൾ വർത്തമാനകാലത്ത് നിരന്തരം മാറാനും പുതുതാകാനും യത്നിക്കുന്നു! ഇതാണ് നവാദ്വൈതത്തിന്റെ അവസാനിക്കാത്ത ലീല. ലീലയിൽ തൂവലും വാളുമുണ്ട്. സ്നിഗ്ദ്ധതയും സംഘട്ടനവുമുണ്ട്. എല്ലാം നശിക്കുന്ന ലോകത്ത് ഉള്ളിൽ മരിക്കാതിരിക്കാനുള്ള ആണവപലായനങ്ങളാണ് അക്കിത്തത്തിന്റെ നിമിഷങ്ങളെ അർത്ഥവത്താക്കുന്നത്.
എം.കെ.ഹരികുമാർ