8 Jul 2011

ലൈംഗികത പ്രശ്നമാകുന്നു

സുധാകരൻ ചന്തവിള






പ്രണയത്തിനു പ്രായവും കാലവും ദേശവുമില്ലെന്നു പറയാറുണ്ട്‌. പ്രണയം എപ്പോൾ തുടങ്ങുന്നു, എവിടെ തുടങ്ങുന്നു, എന്നതും പ്രവചനാതീതമാണ്‌. യാദൃച്ഛികതകളുടെ കൂടിച്ചേരലാണ്‌ ജീവിതത്തെ സമ്പന്നമാക്കുന്നതെങ്കിൽ, അത്തരം യാദൃച്ഛികതകൾ പലതും പ്രണയസമ്പന്നമായി തീരാറുണ്ട്‌. സർവ്വവ്യാപിയായ പ്രണയം, പ്രായാനുസാരിയായി ലോകത്തിന്‌ മാധുര്യവും മഹത്വവും നൽകിക്കൊണ്ടിരിക്കുന്നു. ഒരാൾ വിവാഹിതനോ  അവിവാഹിതനോ എന്നതല്ല പ്രശ്നം, ഒരാളിൽ പ്രണയം എന്ന വികാരം എത്രമാത്രം ജൈവസാന്നിദ്ധ്യമാകുന്നു എന്നതാണ്‌.

വികാരവും വിചാരവും ക്രമമായി ഉദ്ബുദ്ധമാകുന്ന ജീവിതമാണല്ലോ ശ്രേഷ്ഠമാകുന്നത്‌.
പ്രണയം, ഒരാളിൽ ദർശനത്തിന്റെയും ജീവിത സ്വപ്നസാക്ഷാത്ക്കാരത്തിന്റെയും പ്രതീകമായി തീരുന്നത്‌ കൗമാരത്തിലാണ്‌. കൗമാരം കൗതുകത്തിന്റെയും കാതരമായ അലച്ചിലിന്റെയും കാലം കൂടിയാണല്ലോ? വെറും തമാശയിൽ നിന്നും വെല്ലുവിളിയിൽ നിന്നും ആരംഭിക്കുന്ന പ്രണയം പലപ്പോഴും വാസ്തവമായിത്തീരുന്നു. കലാലയ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന ഇത്തരം പ്രണയത്തിൽ  സ്വപ്നവും ഉന്മേഷവും ഉന്മാദവും കൂടിക്കലരുന്നു. ചിലപ്പോഴൊക്കെ അത്‌ കടുത്ത എതിർപ്പിന്റെ കവചം അണിയേണ്ടിവരികയും അതുവഴി നിരാശയുടെ നീർച്ചുഴികളായി മാറുകയും ചെയ്യും.

ജീവിതത്തിന്റെ മധ്യാഹ്നമായ യൗവ്വനം പ്രണയത്തിന്റെയും മധ്യാഹ്നമാണ്‌. മധ്യാഹ്ന ജീവിതത്തിലാണ്‌ പ്രണയം പൂത്തുലഞ്ഞു സുന്ദരമാകുന്നത്‌. വിവാഹമെന്ന സാമ്പ്രദായിക ചട്ടക്കൂടിനപ്പുറത്താണ്‌ യഥാർത്ഥ പ്രണയം കുടികൊള്ളുന്നത്‌. പക്ഷേ പലരുടെയും പ്രണയം വിവാഹാനന്തര ജീവിതത്തിന്റെ ഔപചാരികതകളിൽ മാത്രം തളം കെട്ടിനിൽക്കുന്നു. കുട്ടികളുണ്ടാകുന്നതിനു വേണ്ടിമാത്രം ലൈംഗികവേഴ്ചയിലേർപ്പെടുന്നവരും കുട്ടികളുടെ ജീവിതത്തിനു വേണ്ടിമാത്രം പിന്നീടു ജീവിക്കുന്നവരുമായ ദമ്പതികൾ നമ്മുടെ നാട്ടിൽ ധാരാളമാണ്‌. അവരെയാണ്‌ മാതൃകാദമ്പതികളെന്നു നാം വാഴ്ത്തിക്കൊണ്ടിരിക്കുന്നത്‌. യൗവ്വനജീവിതം സ്നേഹാദിവികാരങ്ങളാൽ തീക്ഷ്ണവും സമ്പന്നവുമാകേണ്ടതിനു പകരം, ജീവിതത്തിന്റെ നിത്യമായ പ്രശ്നച്ചൂടിൽപ്പെട്ടുകരിയുന്നു
. ലോകത്തിന്റെ പൊതുവായ ജീവിതരീതിക്കനുസരിച്ചു ജീവിക്കാനുള്ള വ്യാമോഹം, സമ്പത്തിനെക്കുറിച്ചുള്ള ഉൽക്കണ്ഠ, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആഡംബരസമൃദ്ധമായ ഭാവിക്കും വേണ്ടിയുള്ള നെട്ടോട്ടം ഇങ്ങനെ പല ദാമ്പത്യങ്ങളും ജീവിക്കാതെ ജീവിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിനെല്ലാം അപ്പുറത്തേക്ക്‌ ജീവിതത്തെയും യൗവ്വനത്തെയും നിലനിർത്താൻ ആഗ്രഹിക്കുന്നവരും ഇല്ലാതില്ല. എന്നാൽ അത്തരക്കാരെ സമൂഹം അംഗീകരിക്കണമെന്നില്ല.
  ദാമ്പത്യജീവിതത്തെ സുഖകരമാക്കിത്തീർക്കുന്നതിലാണ്‌ ജീവിതത്തിന്റെ മഹത്ത്വമെന്ന്‌ ചിലർ പറയാറുണ്ട്‌. അത്‌ എത്രയോ ശരിയുമാണ്‌. ഒരു സമയവിവരപ്പട്ടികയോ, എഴുതിയുണ്ടാക്കിയ കരാറോ കൊണ്ട്‌ ഒരിക്കലും ജീവിക്കാൻ കഴിയില്ല. രണ്ടുവ്യത്യസ്തരായ വ്യക്തികളുടെ രണ്ടു സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവരുടെ കൂട്ടായ ജീവിതമാണല്ലോ ദാമ്പത്യം. ഒരുപാട്‌ ഒത്തുതീർപ്പുകളും സമ്മതക്കേടുകളും സഹിക്കലുകളും ഉണ്ടാകാം. ഇതിനെയെല്ലാം താങ്ങിനിർത്തുന്നത്‌ സംശയരഹിതമായ വിശ്വാസവും സ്നേഹവുമായിരിക്കണം.

ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ പൊട്ടിത്തെറികൾ അധികമുണ്ടാകാറില്ല. കയ്പും മധുരവും കൂടുതലറിയുന്നത്‌ കുറച്ചുകാലം ഇടപഴകുമ്പോഴാണ്‌. ലൈംഗികാസക്തി കുറയുന്നതായുള്ള തോന്നൽ ആദ്യമുണ്ടാകുന്നത്‌ സ്ത്രീക്കാണ്‌. ഇത്‌ പുരുഷനെ കൂടുതൽ അസ്വസ്ഥനാക്കുന്നു. പ്രായത്തെക്കുറിച്ചും ജരാനരയെക്കുറിച്ചുമുള്ള ബോധം ആദ്യം കീഴ്പ്പെടുത്തുന്നതും സ്ത്രീകളെത്തന്നെയാണ്‌. പ്രണയവിവാഹങ്ങളുടെ എണ്ണം കൂടുന്ന ഇക്കാലത്ത്‌ പല ദമ്പതികളും തുല്യപ്രായക്കാരോ വലിയ പ്രായവ്യത്യാസമില്ലാത്തവരോ ആയിത്തീർന്നിട്ടുണ്ട്‌. ഇത്‌ ഒരു പ്രധാനഘടകമാണ്‌. നാൽപത്തഞ്ച്‌, അൻപത്‌ വയസ്സോടെ കെട്ടടങ്ങുന്ന ലൈംഗികാസക്തിയാണ്‌ സ്ത്രീകളിൽ കണ്ടുവരുന്നത്‌. പുരുഷനിൽ ലൈംഗികത കൂടുതൽ തീക്ഷ്ണമാകുന്നത്‌ മിക്കവാറും ഈ പ്രായത്തിലുമാണ്‌. അതുകൊണ്ടാകാം ശാസ്ത്രീയമായ വലിയ അറിവൊന്നുമില്ലാതിരുന്ന പഴയ ആളുകൾ,പത്തുപതിനഞ്ചുവയസ്സിന്റെ വ്യത്യാസത്തിൽ വിവാഹബന്ധം സ്ഥാപിച്ചിരുന്നത്‌.
നമ്മുടെ പത്രമാധ്യമങ്ങളിൽ ഏറെ ഇടം നേടിക്കൊണ്ടിരുന്ന വാർത്തകൾ ലൈംഗികതയുമായി ബന്ധപ്പെട്ടതാണല്ലോ? 'മധ്യവയസ്കൻ പരസ്ത്രീയുമായീ ഒളിച്ചോടി', 'യുവതി ഭർത്താവിനെയും കുട്ടികളെയുമുപേക്ഷിച്ച്‌ കാമുകനോടൊപ്പം കടന്നു'- തുടങ്ങി എത്രയെത്ര വാർത്തകളാണ്‌ പുറത്തു വരുന്നത്‌?. ആരെയാണ്‌ ഇവിടെ പഴിപറയേണ്ടത്‌. ലൈംഗിക പൂർവ്വ ജീവിതത്തെയും സ്വതന്ത്രലൈംഗിക സമൂഹത്തെയും  കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഇക്കാലത്ത്‌, ഇവ എന്തുകൊണ്ടുണ്ടാകുന്നു എന്നു കൂടുതൽ  പഠിക്കേണ്ടിയിരിക്കുന്നു.

പഴയകാലത്ത്‌ പുരുഷന്മാർ മാത്രമായിരുന്നു ഇത്തരം സംഭവങ്ങളിൽ കുരുങ്ങിക്കൊണ്ടിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും അതിൽ ഉൾപ്പെട്ടുകൊണ്ടിരിക്കുന്നു. പുറം ലോകവുമായുള്ള സ്ത്രീകളുടെ സഹവാസം, മാധ്യമങ്ങളുടെ സ്വാധീനം വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റം തുടങ്ങി പല ഘടകങ്ങളും സ്ത്രീയെ അത്തരം ചിന്തകളിലേക്ക്‌ എത്തിക്കുവാൻ കൂടുതൽ സഹായിച്ചു. താൽകാലികമായുള്ള വേർപിരിയലുകൾ, പിണക്കങ്ങൾ, എന്നിവ വളരെ പെട്ടെന്ന്‌, വിവാഹ മോചനക്കേസുകളായി മാറുന്നതു കാണാം. നമ്മുടെ കുടുംബ കോടതികളിലെ കേസുകളിൽ നല്ലൊരു ശതമാനവും ദാരിദ്ര്യവും പട്ടിണിയും കൊണ്ടുണ്ടാകുന്ന കുടുംബപ്രശ്നങ്ങളല്ലെന്നു മനസിലാക്കാവുന്നതാണ്‌. മിക്കവാറും കേസുകളുടെ ഉത്ഭവവും ലൈംഗികതയുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്‌. ഭർത്താവു നാട്ടിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും  ഭാര്യയിൽ നിന്നുണ്ടാകുന്ന ചലനങ്ങൾ, സംസാരങ്ങൾ, സംശയങ്ങൾ തുടങ്ങി നിരവധി ലൈംഗിക പ്രശ്നങ്ങൾ കുടുംബ കോടതി  കേസുകളായി എത്തപ്പെടുന്നു. അതുപോലെ തന്നെ ഭർത്താവിൽ നിന്നുള്ള ചെറുവാക്കുകൾ, സംസാരങ്ങൾ എല്ലാം വലിയ പ്രശ്നങ്ങളായി ഭാര്യ കണക്കിലെടുത്തു വലിയ പൊട്ടിത്തെറിക്ക്‌ ഇടവരുത്തുന്നു. പണം കൊണ്ടും പദവികൊണ്ടുമുള്ള ലൈംഗിക പ്രശ്നങ്ങൾ മറ്റൊരുവശത്ത്‌ ഉണ്ടാകുന്നുണ്ട്‌. ചുരുക്കത്തിൽ കുടുംബ കോടതികളിലെ കേസുകളിൽ അധികവും സാധാരണയിൽ കവിഞ്ഞ നിലവാരമുള്ള സ്ത്രീപുരുഷന്മാർക്കിടയിൽ നിന്നുമാണ്‌ വരുന്നതെന്ന്‌ മനസ്സിലാക്കാം.
 കത്തിയമരുന്ന യൗവ്വന തൃഷ്ണകളെ പൂർണ്ണമായി മറച്ചുവച്ചുകൊണ്ട്‌ ഒരു പുരുഷനും സ്ത്രീക്കും ജീവിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ മതിയാകു. പണത്തെയും പദവിയേയും മാറ്റിവച്ച്‌  ജീവിതത്തെ മാനിക്കേണ്ടതാണ്‌. ചിലരൊക്കെ പറയുന്നത്‌ കേൾക്കാമല്ലോ "അവൾക്കെന്താ ഒരു കുറവ്‌ അയാൾ വിദേശത്തുനിന്നും ധാരാളം പണവും പൊന്നുമെല്ലാം യഥാസമയത്ത്‌ എത്തിച്ചുകൊടുക്കുന്നില്ലേ, അവൾക്ക്‌ അടങ്ങി ഒതുങ്ങി കഴിഞ്ഞാലെന്താ"?-ഇങ്ങനെ ജീവിക്കാൻ കഴിയുന്നതല്ല ജീവിതം. മൂക്കുകയറിട്ടാലും പൊട്ടിപ്പോകുന്ന ഒന്നാണ്‌ ലൈംഗികതയെന്ന്‌ അറിഞ്ഞേ മതിയാകൂ. കേരളത്തിലെ കുടുംബപ്രശ്നങ്ങൾക്കു കാരണവും അതുതന്നെയാണ്‌.


ലൈംഗികസദാചാരത്തെക്കുറിച്ചും ലൈംഗിക ജീവിതാവബോധത്തെക്കുറിച്ചുമുള്ള കേരളീയരുടെ ധാരണകളെ പൊളിച്ചെഴുതേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. അതിനർത്ഥം കുത്തഴിഞ്ഞ ലൈംഗിക ജീവിതം ഉണ്ടാകണമെന്നല്ല. മറിച്ച്‌ പ്രായപൂർത്തിയായ ഒരു പുരുഷൻ പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം പരസ്പര ഇഷ്ടത്തോടെ ഒന്നോ രണ്ടോ മണിക്കൂറോ, ദിവസമോ എവിടെയെങ്കിലും താമസിച്ചാൽ അതിനെ ചികഞ്ഞു കണ്ടുപിടിച്ച്‌ കേസാക്കി മാറ്റുന്ന രീതിയാണ്‌ നമ്മുടെ നാട്ടിൽ ഇപ്പോഴുമുള്ളത്‌. പോലീസ്‌ കേസെടുക്കുമെന്നുറപ്പാകുമ്പോൾ സ്ത്രീ മിക്കവാറും കാലുമാറുകയും കുറ്റം മുഴുവനും പുരുഷന്റെമേൽ ചുമത്തപ്പെടുകയും ചെയ്യുന്നു. അങ്ങനെ അയാൾ സ്ത്രീ പീഡനക്കഥയിലെ ഇരയായി-സാമൂഹ്യ ദ്രോഹിയായിത്തീരുന്നു. ഒരുപക്ഷേ സ്വന്തം ഭാര്യയോടുള്ള സ്നേഹക്കുറവോ, ഭാര്യക്ക്‌ ഭർത്താവിനോടുള്ള ഇഷ്ടക്കുറവോ, ലൈംഗിക താൽപര്യക്കുറവോ, സമാനപ്രണയ സൗഹൃദയക്കുറവോ ഒക്കെയാവാം അയാളുടെ പ്രശ്നങ്ങൾ. ഒരു കൊലപാതകക്കേസിലെ പ്രതിക്ക്‌ പോലും ഉണ്ടാകാത്തത്തരത്തിലുള്ള മാനക്കേട്‌ സ്ത്രിപീഡനക്കേസ്സിലെ പ്രതിക്ക്‌ നൽകി നാം മാധ്യമങ്ങളെ വാഴ്ത്തുന്നതെന്തിന്‌?. മതപരവും രാഷ്ട്രീയവും ഭീകരവാദപരവുമായ ആക്രമണങ്ങളെക്കാളും കൂട്ടക്കൊലകളെക്കാളും വലുതാണോ ഇത്തരം സ്ത്രീപീഡനക്കേസുകൾ?

ലൈംഗികതയെക്കുറിച്ചുള്ള ഇടുങ്ങിയ മാനസിക ചിന്തകൾ മാറേണ്ടിയിരിക്കുന്നു. സ്ത്രീപുരുഷന്മാർ, വിദ്യാർത്ഥികളായാലും, യുവതീയുവാക്കളായാലും സൗഹൃദപൂർവ്വം  സംസാരിക്കാനും ഇടപഴകാനുമുള്ള അവസരം കൂടണം. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ സംസാരിച്ചാൽ അതെല്ലാം ശാരീരിക ബന്ധത്തിലധിഷ്ഠിതമായ ലൈംഗികയാണ്‌ എന്ന്‌ പറയുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. പ്രണയമെന്നത്‌ പലപ്പോഴും നിർവ്വചിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണെന്നും അത്‌ ജീവിതത്തെ, സമ്പന്നമാക്കുന്ന നന്മയുടെ നിറവാണെന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. ഇണകളുടെ പ്രായം,താൽപര്യം, സമ്മതം എന്നിവയെല്ലാം വ്യക്തമാക്കി ഒരു വിശ്രമംപോലെ, വിനോദം പോലെ അംഗീകരിക്കപ്പെടുന്ന സൗഹൃദ ചങ്ങാത്തസ്ഥലങ്ങൾ (ഞലറ ടൃലല​‍േ നു സമാനമല്ല) ഉണ്ടാകേണ്ടിയിരിക്കുന്നു. ലൈംഗികത പാപമല്ലെന്നും കുറ്റമല്ലെന്നും എന്നാൽ അത്‌ വിവാഹപൂർവ്വബന്ധമായി തീരേണ്ടതല്ലെന്നും ഉറപ്പിക്കണം.

ഇത്തരം തുറന്ന സംവാദങ്ങളും ചർച്ചകളും സൗഹൃദങ്ങളും ഉണ്ടാകാത്തതിന്റെ കുറവാണ്‌, മലയാളികൾ അധികമായി ലൈംഗിക വാർത്തകൾ ശ്രദ്ധിക്കാനും ലൈംഗികച്ചിത്രങ്ങൾ കാണാനുമുള്ള കാരണങ്ങൾ. സ്ത്രീപ്രതിജ്ഞാവാദികളും സ്ത്രീശാക്തീകരണവാദികളുമെല്ലാം ഗൗരവമായി ചർച്ചചെയ്യേണ്ടുന്ന വിഷയമാണിത്‌. പലതരത്തിലും സ്ത്രീകൾ പുരുഷന്മാരോടൊപ്പം എത്തിക്കഴിഞ്ഞ സ്ഥിതിയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. എന്നാൽ സ്ത്രീ ലൈംഗികത എന്നത്‌ പുരുഷന്‌ പീഡിപ്പിക്കാനുള്ള എന്തോ ഒരു അമൂല്യ സാധനമാണെന്ന ചിന്ത ഇപ്പോഴും നിലനിൽക്കുന്നു.

സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള സ്ത്രീ മുതൽ ഐ. എ. എസ്സുകാരിവരെ പീഡനക്കഥകളുമായി ഇപ്പോഴും പുറത്തുവരുന്നതിന്റെ ഉള്ളുകള്ളികൾ നാം തിരിച്ചറിയണം. പീഡനങ്ങൾക്ക്‌ ശിക്ഷ വിധിക്കപ്പെടുമ്പോഴും പീഡനം എന്തുകൊണ്ടുണ്ടാകുന്നുവേന്നു നാം കൂടുതൽ ചിന്തിക്കുന്നില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...