ജനാർദ്ദനൻ വല്ലത്തേരി
അടുത്ത വീട്ടിൽ ഒരു കൊല നടന്നു. മോൻ അച്ഛനെ കുത്തിക്കൊന്നു. ഇരുചെവി അറിയാതെ നടന്ന ആ പിതൃഹത്യ കണ്ടത് അയലത്ത് വാടകയ്ക്കു താമസിച്ചിരുന്ന ഒരു യുവാവു മാത്രമാണ്. അയാൾ സ്വയമറിയാതെ ആ അരും കൊലയ്ക്കു ദൃക്‍സാക്ഷിയായിപ്പോയി. അയാൾക്കു ആരുമേതുമില്ല. ജന്മനാ അനാഥൻ. സങ്കടങ്ങളിൽ നിന്ന്, സങ്കടങ്ങളിലേക്ക് ഊരും പേരുമില്ലാത്ത ഒരു അഗതിയുടെ അലച്ചിലായിരുന്നു ആ യുവാവിന്റെ ജീവിതം. വാടകയ്ക്കുള്ള ഒരു താമസം മാത്രമായിരുന്നു, ഈ ജന്മം. അയാൾ തന്റെ അച്ഛനെ കണ്ടിട്ടേയില്ല. പക്ഷേ, സ്വന്തം മകന്റെ കുത്തേറ്റു വീണു പിടയ്ക്കുന്ന അച്ഛന്റെ മോനേ എന്നുള്ള അന്ത്യനിലവിളികേട്ടപ്പോൾ അയാൾ രണ്ടു മനുഷ്യർക്കിടയിൽ ഒരച്ഛനേയും മോനേയും തിരിച്ചറിഞ്ഞു. ആ കാഴ്ച കണ്ട് തന്റെ കണ്ണുകളെ വിശ്വസിക്കാൻ അയാൾക്കു കഴിഞ്ഞില്ല. പരിഭ്രാന്തിയോടെ നോക്കി നിൽക്കുമ്പോൾ, കുത്തേറ്റുവീണു പിടയ്ക്കുന്ന അച്ഛൻ താൻതന്നെയാണെന്ന് അയാൾക്കു തോന്നി. അടുത്ത നിമിഷം അച്ഛന്റെ ചോര പുരണ്ട കത്തിയുമായി നിൽക്കുന്ന മോനല്ലേ താൻ എന്നും അയാൾ സംശയിച്ചു. താൻ കൊന്നവനോ കൊല്ലപ്പെട്ടവനോ അല്ലെന്നും കൊലയ്ക്കു സാക്ഷിമാത്രമാണെന്നും അയാൾക്കു ബോദ്ധ്യപ്പെട്ടത്, കൊലയാളി അയാളെത്തേടിയെത്തിയപ്പോഴാണ്. അച്ഛന്റെ മാറിടം പിളർന്ന മകൻ അയാളുടെ മുമ്പിൽ വന്നുനിന്നു. നേർക്കുനേരെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ. എന്നിട്ടും നോക്കെത്താതത്തത്ര അകലത്തു നിന്ന് എത്തിനോക്കുന്നതുപോലെയാണ് ഇരുവരും പരസ്പരം കണ്ടത്. രണ്ടു മനുഷ്യർ തമ്മിൽ ഇത്രത്തോളം അകലയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. മനുഷ്യബന്ധങ്ങളുടെ പൊരുൾ പോലെ, തെല്ലിട...മൗനം.
നീ കണ്ടത് ഞാൻ കണ്ടു; കൊലപ്പുള്ളി പറഞ്ഞു; കണ്ട കാര്യം പുറത്തു മിണ്ടിപ്പോകരുത്. നീയാണ് , ഏകദൃക്സാക്ഷി.
കണ്ടത് പറഞ്ഞുകൂടെ?
കണ്ടത് പറഞ്ഞാൽ കണ്ണിന് കേട്. കൊലപ്പുള്ളി ഭീഷണി മുഴക്കി; കത്തിമുന യുവാവിന്റെ കണ്ണിന് നേരെ ചൂണ്ടിക്കൊണ്ട്: ഈ കണ്ണു കൊണ്ടല്ലേ, നീ കണ്ടത്. എന്നാൽ നോക്കിക്കോ - ഈ കത്തികൊണ്ടു തന്നെ ഞാനീ കണ്ണു കുത്തിപ്പൊട്ടിക്കും, കണ്ടത് നീ പുറത്തു പറഞ്ഞാൽ.
അയാൾക്കു മറ്റെന്തെങ്കിലും മിണ്ടാൻ ഇട കിട്ടുന്നതിനു മുമ്പ് കൊലപ്പുള്ളി ഇരുട്ടത്തു മറഞ്ഞുകഴിഞ്ഞിരുന്നു. അയാളുടെ കണ്ണിമകൾ തല്ലി. കണ്ണുകൾ കണ്ണിൽത്തന്നെയുണ്ട്. കാഴ്ചയുമുണ്ട്. എന്നിട്ടും കണ്ണുപൊട്ടിപ്പോയ അനുഭവം. പെട്ടെന്നു കുരുടനായതുപോലെ; ഊമയും ബധിരനുമായതുപോലെ. വായ് മൂടപ്പെട്ടിരിക്കുന്നു; നാക്കൂ കെട്ടപ്പെട്ടിരിക്കുന്നു. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ, എന്തെങ്കിലും കേട്ടില്ലെങ്കിൽ തനിക്കിനി ഒരിക്കലും അതിനു കഴിയില്ല; മിണ്ടാനോ, പറയാനോ, കാണാനോ, കേൾക്കാനോ!
നേരം വെളുത്തപ്പോൾ ആദ്യമായി അയാൾ പോലീസ് സ്റ്റേഷനിൽച്ചെന്നുകണ്ടതുമുഴു
നന്ദി, നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാം. അഡ്രസ്സ്?
എനിക്ക് അഡ്രസ്സ് ഇല്ല-കണ്ണുകൾ ഇപ്പോൾ തന്നെ നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഡോക്ടർ.
ഇപ്പോഴോ- നിങ്ങളൊരു ചെറുപ്പക്കാരനല്ലേ. ജീവിതം മുഴുവനും ബാക്കി കിടപ്പില്ലേ.
എനിക്കൊന്നും കാണണ്ട.
സോറി. ജീവിച്ചിരിക്കുന്ന ആളുടെ കണ്ണെടുക്കുവാൻ നിയമതടസ്സമുണ്ട്.
ഇപ്പോൾ എന്റെ കണ്ണ് എടുക്കുന്നതിനുള്ള നിയമതടസ്സം ഞാൻ ജീവിച്ചിരിക്കുന്നതാണോ, ഡോക്ടർ?
കണ്ണില്ലാതെ, കുരുടനായി നിങ്ങൾ പിന്നെ ജീവിച്ചിട്ടെന്ത് കാര്യം?
ഡോക്ടറുടെ ഗൗരവം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ, ആ യുവാവ് അറിയാതെ പുഞ്ചിരിച്ച് പോയി.
പിറ്റേന്ന്, ഒരു വാടകവീടിന്റെ മേൽവിലാസത്തിൽ താമസിച്ചിരുന്ന ആ യുവാവിന്റെ മൃതശരീരത്തിൽ നിന്ന് അയാളുടെ കാഴ്ചയുള്ള കണ്ണുകൾ ഡോക്ടർ മുറിച്ചെടുക്കുമ്പോഴും ആ പുഞ്ചിരിമാഞ്ഞിരുന്നില്ല.