14 Aug 2011

വായന:മലയാളസമീക്ഷ കഴിഞ്ഞ ലക്കം




 എ. എസ്‌. ഹരിദാസ്‌


ജൂലൈ ലക്കം മലയാളസമീക്ഷയിൽ പ്രസിദ്ധീകരിച്ച എല്ലാ രചനകളെയും ശ്രീ എ.എസ്.ഹരിദാസ് വിലയിരുത്തുന്നു

നഗരങ്ങൾ വളർന്നു വരികയും ഗ്രാമങ്ങൾ ചുരുങ്ങി വരികയും ചെയ്യുമ്പോൾ മനുഷ്യസ്നേഹികൾ ഗ്രാമങ്ങളോട്‌ പക്ഷം പിടിക്കും. ക്രിസ്തുവർഷം  നൂറ്റാണ്ടിൽ യൂറോപ്യൻ കുടിയേറ്റക്കാർ അമേരിക്കയിലെത്തുകയും അവിടെയുണ്ടായിരുന്ന റെഡ്‌ ഇൻഡ്യൻ വംശജരെ കാട്ടിലേയ്ക്കോടിക്കുകയും ചെയ്തുവെന്ന്  ചരിത്രം പറയുന്നു.


ഒരു പക്ഷേ, ഗ്രാമീണതയുടെ സൗഭാഗ്യത്തിനേറ്റ ആദ്യത്തെ പരുക്ക്‌ അതായിരിക്കാം. മുതലാളിത്തവൾക്കരണത്തിന്റെയും വർഗ്ഗവൈരുദ്ധ്യത്തിന്റെയും പ്രാഗ്‌രൂപവും അതാവാം.
പി. വത്സലയുടെ കഥ "ഹോം സ്റ്റേ" ഈ ഓർമ്മകളുണർത്തുമ്പോൾ, എന്നും ബലമില്ലാത്തവരുടെ ബലമായ ഒരെഴുത്തുകാരിയെ നമുക്കു കാണാനാവുന്നു. ഒരന്തിമ വിജയത്തിന്റെ രുചിക്കായി കാത്തുകിടക്കുന്ന നമ്മളെ അമ്പരപ്പിക്കുന്ന അനുഭവങ്ങൾ വീണ്ടും വീണ്ടും വേട്ടയാടുന്നു.
ലാഘവത്തോടെ വാർന്നു വീഴുന്ന കഥ ആനുകാലിക ജീവിതസംസ്കാരത്തിന്റെ നേർപകർപ്പാണ്‌.
മലയാളഭാഷയുടെ ക്ലാസിക്കൽ പദവിയെക്കുറിച്ച്‌ പ്രാഗൽഭമതികൾ പങ്കെടുക്കുന്ന ചർച്ച, ഈ വിഷയത്തിലുള്ള ആശയപരമായ ക്ലിഷ്ടതയ്ക്കു പരിഹാരമാവുന്നു. മലയാള ഭാഷയ്ക്കല്ല, സാഹിത്യത്തിനാണു ക്ലാസിക്കൽ പദവി വേണ്ടതെന്ന സുകുമാർ അഴിക്കോടിന്റെ വ്യാഖ്യാനം ഈ വ്യക്തത്ത കൈവരുത്താൻ സഹായിച്ചു. കെ. പി. രാമനുണ്ണിയുടെ വ്യാഖ്യാനവും ഈ വിഷയത്തിലെന്നല്ല, ജീവിതസമീപനത്തിലെ സമഗ്രതയും ഉൾകൊള്ളുന്നു. ഓ.വി. ഉഷയുടേയും, പി. കെ. ഹരികുമാറിന്റേയും അഭിപ്രായങ്ങളും ഏറെ ശ്രദ്ധേയം.


'നാടക ചരിത്രരചനയിലെ ചില കൗതുകങ്ങൾ' എന്ന സാമാന്യം ദീർഘമായ പ്രബന്ധം ഭാഷയുടെ ക്ലിഷ്ടതകൊണ്ട്‌ വീർപ്പുമുട്ടിക്കുന്നു. ഡോ. മഹേഷ്‌ മംഗലാട്ട്‌, അക്കാദമിക ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ, 'വെബ്ബി'ന്റെ സാങ്കേതിക തകരാറുകൾ മൂലം മുഴുവൻ വായിക്കാനും കഴിയാത്തത്തായി. രൂപകൽപന ചെയ്തവർ ശ്രദ്ധിക്കണം. പ്രബന്ധത്തിന്റെ കാതലിൽ കൗതുകങ്ങളൊന്നും കാണാനും കഴിഞ്ഞില്ല. '60 കളിലെ നിരൂപണത്തെ ഓർമ്മപ്പെടുത്തുന്നതായി അത്‌!
കെ. പി. അപ്പനെക്കുറിച്ചുള്ള ചാത്തന്നൂർ മോഹനന്റെ അനുസ്മരണം, വിസ്തൃതമായ ഒരു പഠനത്തിനുള്ള ആമുഖമായി തോന്നി. വെബ്‌ മാസികയുടെ പരിമിതിയിൽനിന്നുകൊണ്ട്‌, എന്നാൽ കൂടുതൽ വായിക്കാൻ ആഗ്രഹം ജനിപ്പിക്കുന്നു മോഹൻ. അദ്ദേഹം അതിനു തുനിയുമെന്നു പ്രതീക്ഷിക്കട്ടെയോ?


പുസ്തകപരിചയത്തിൽ ടി. പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള ഡോ. പി. സരസ്വതിയുടെ കൃതിയെ മനോഹരമായ ഭാഷയിൽ ശ്രീ. കെ. പി. മോഹനൻ പരിചയപ്പെടുത്തുന്നു. പരാമർശിക്കപ്പെടുന്ന ഗ്രന്ഥം വായിക്കാൻ ഇത്‌ ആരേയും പ്രേരിപ്പിക്കും.
ശ്രീ. ജോസ്‌ പനച്ചിപ്പുറത്തിന്റെ പുസ്തകപരിചയക്കുറിപ്പ്‌ (കാഴ്ചയുടെ ചാരുതകൾക്കപ്പുറം) സാഹിത്യസംബന്ധിയായ ചില മൗലികച്ചിന്തയിലേയ്ക്കു നയിക്കുന്നതായി. കാഴ്ചകൾ എല്ലാവരും കാണുകയും കുറച്ചുപേർ ആസ്വദിക്കുകയും ചെയ്യുമ്പോൾ, എഴുത്തുകാർ അത്‌ മറ്റുള്ളവരുമായി  പങ്കുവയ്ക്കാനും കാഴ്ചയുടെ അനുഭവങ്ങൾക്ക്‌ വർണ്ണപ്പൊലിമയുടെ ചാരുത നൽകുകയും ചെയ്യുന്നു. ഈ പങ്കുവയ്ക്കലിനിണങ്ങുന്ന, ഉപയോഗ്യമായ ഭാഷ സ്വായത്തമായർക്കേ അതു കഴിയൂ. ചിമിഴിലെ അമൂല്യമായ രത്നത്തെപ്പോലെ, ഏതാനും വാക്കുകളിൽ ലോകത്തെ മുഴുവൻ ഉൾകൊള്ളാൻ കഴിയുന്നവരാരോ, അവർ എഴുത്തുകാർ.


ഭാഷയെ കയ്യിലെടുത്തമ്മാനമാടുന്ന അപൂർവ്വ സുഗഭമായ ശേഷിയുടെ ആവിഷ്കാരമാണ്‌ സന്തോഷ്‌ എച്ചിക്കാനത്തിന്റെ 'കാട്ടെള്ളിന്റെ സുഗന്ധന്ധം. കഥ പറയുന്നയാൾ കഥയെക്കുറിച്ചു പറയുമ്പോൾ കേൾക്കാൻ (വായിക്കാൻ) ഏറെ ഇമ്പം. തെരഞ്ഞെടുത്ത പുസ്തകവും (രാജേന്ദ്രപ്രസാദിന്റെ "മാശാണിണി") ഏറെ ആനുകാലിക പ്രമേയങ്ങൾ തന്നെ കൈകാര്യം ചെയ്യുന്നു.


സാജിത അബ്ദുൾ റഹ്‍മാന്റെ ചിന്ത രവി അനുസ്മരണം, ഒരാരാധികയുടെ കുറിപ്പായിത്തോന്നി. ഇതുപോരാ. സാജിതയുടെ അനുസ്മരണക്കുറിപ്പ്‌ അദ്ദേഹത്തെ വ്യക്തിപരമായി അടുത്തറിയാവുന്നവർക്കു മാത്രമുള്ളതായി തോന്നി. കാലം ഏറെ ആവശ്യപ്പെടുന്ന രവീന്ദ്രന്റെ ആശയങ്ങളിലേയ്ക്ക്‌ ഇറങ്ങി ചെല്ലാനും, അവയെ പരിചയപ്പെടുത്താനും സാജിത ശ്രമിക്കണം.


തടാകം, ഇടവഴി, മിന്നാരം, നഗരം, തീവണ്ടി: ഇവയുടെ സന്ദർഭങ്ങളിൽനിന്നും കവിതയുടെ സാധ്യതകൾ തേടി കണ്ടെത്തിയ കെ. ദിലീപ്കുമാർ, കഴിഞ്ഞുപോയ സ്വച്ഛമായ ബാല്യത്തിന്റെ സ്മരണകൾ അയവിറക്കുന്നു; സ്മരണകൾ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു. കേവലം സ്മരണകളല്ല, കാവ്യാത്മകമാണ്‌  ആവിഷ്കാരം. നമുക്കേറെ ഇഷ്ടപ്പെട്ട അനുഭവങ്ങളും വസ്തുതകളും അസാധാരണമായ, അപരിമേയമായ ഒരു തലത്തിൽ കാണുമ്പോൾ, മനസ്സ്‌ സ്വർഗ്ഗതുല്യമായ ഭാവത്തിലേയ്ക്കണയുന്നു. അത്തരം അനുഭവങ്ങൾ ഓർത്തു വയ്ക്കാനും ഇടയ്ക്കൊന്നാസ്വദിക്കാനും ദിലീപിന്റെ കവിതകൾ നമുക്കു കരുതി വയ്ക്കാം. അനുഭവങ്ങളെ കാവ്യമാക്കുന്ന സിദ്ധിയാണല്ലോ കവിയുടെ കൈമുതൽ! അത്‌ വായനക്കാർക്കായി പങ്കുവയ്ക്കുമ്പോൾ നമ്മളും കവി മനസ്സിനൊപ്പം ഉയരുന്നു.


മലയാളത്തിലെ സമാന്തരസിനിമയുടെ ഹ്രസ്വമായ ചരിത്രം പുതിയ സിനിമാസ്വാദകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്രദമാവും. ഫിലിം സൊസൈറ്റികളുടെ ആദ്യകാല സംഘാടകരെ കണ്ടെത്തി അവരുടെ അനുഭവങ്ങൾ ശേഖരിക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു. എം. സി. രാജനാരായണന്‌ അതിനാവട്ടെ എന്നു ആശിക്കാം, ആശംസിക്കാം
.
കവിതകൾ:
വാക്കുകളാൽ അനുവാചകഹൃദയത്തെ പുതിയ വിതാനങ്ങളിലേയ്ക്കുയർത്താൻ ശേഷിയുള്ള ദേശമംഗലം രാമകൃഷ്ണന്‌ അവ (വാക്കുകൾ) എത്ര വേഗത്തിൽ മെരുക്കിക്കൊടുക്കുന്നു! കവിയുടെ തൂലികത്തുമ്പിൽ പിറക്കാൻ കഴിഞ്ഞ വാക്കുകൾ പുണ്യം ചെയ്തവയത്രെ. അതുതന്നെ പി. കെ. ഗോപിയും, എഴുതാതിരിക്കാൻ വയ്യ. മരണം വരിച്ച പിതൃതലമുറയെ മനസ്സിലേയ്ക്കാവഹിക്കുകയും കണ്ണിൽ നീർക്കെട്ടിക്കുകയും ചെയ്ത കവിത. കാവ്യസങ്കേതങ്ങളുടേയും അനുവാചകഹൃദയത്തിന്റേയും ആഴങ്ങളേ സ്പർശിച്ചു അദ്ദേഹം.


ബിന്ദു അനിൽ ആകട്ടെ, സാമാന്യം ദീർഘമായ ജീവിതം മുഴുവൻ ഒരു കവിതയിൽ കെട്ടിയിടാൻ ശ്രമിച്ച്‌ അനുവാചകനെ വേദനിപ്പിക്കുന്നു. ഇത്‌ കവിതയെന്നു പറയുക ദുഃസാധ്യം. എന്നാൽ പി. എ. അനീഷ്‌ ആവട്ടെ, 'കൊച്ചിയിൽനിന്നും കോഴിക്കോട്ടേയ്ക്കെ'ന്ന ചൊല്ലിൽ കവിതയുടെ സാധ്യതകൾ കണ്ടെത്തി. തീർത്തും നീതിമത്തായ കവിത. സനൽ ശശിധരനും അതു സാധിച്ചു. ഇത്തരം നുറുങ്ങു കാര്യങ്ങളിൽ കവിതയും കഥയും കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്നവരാണ്‌ പ്രതിഭാശാലികൾ. കാളിദാസനെ ഗുരു അനുഗ്രഹിച്ചതുപോലെ ("നിന്റെ വാക്കുജ്ജയ്നിയെ കീഴടക്കുന്ന നാൾവരരും).

എം. എൻ. പ്രസന്നകുമാറും, അബ്രാഹം ജോസും വാക്കുകൾ നിരത്തിവച്ച്‌ കവിതയെഴുതാൻ ബുദ്ധിമുട്ടുന്നു. വൃത്തനിബന്ധമായാലും അവ കവിതയാവില്ല. അടുത്തടുത്ത വാക്കുകൾ ഒന്നിൽനിന്ന്‌ മറ്റൊന്നെന്നപോലെ വിടർന്നു വരണം. അതേ കവിതയാവൂ. എം. കെ. സാനു മാസ്റ്ററുടേയും ഡോ. ലീലാവതിയുടേയും പ്രബന്ധങ്ങൾ കാവ്യാസ്വാദനത്വരയെ തൃപ്തിപ്പെടുത്തുന്നതുപോലെ. അവയിൽ കൃതികൾ കവിതയെന്നോ കഥയെന്നോ പ്രബന്ധമെന്നോ വ്യത്യാസം കാണാനാവില്ല.
ശ്രീദേവി നായരും, രാജനന്ദിനിയും, ഇന്ദിരാ ബാലനും ക്ഷണികജീവിതത്തിന്റെ തത്വചിന്തയെ ഓർമ്മിപ്പിക്കുന്ന കവിതകൾ ആവിഷ്കരിക്കുമ്പോൾ, നിറഞ്ഞ മനസ്സിലും ചിന്തയുടെ വേദന നരപ്പിക്കുന്നു.

വി. ജയദേവിന്റെ ഹാസ്യാത്മക കാവ്യവും മേരി ലില്ലിയുടെയും മാത്യു നെല്ലിക്കുന്നിന്റേയും പ്രേമകാവ്യങ്ങളും മലയാള കവിതയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക്‌ ആശ്വാസമേകുന്നു. ഡോ. കെ. ജി. ബാലകൃഷ്ണന്റെ 'സ്വയം സംസാരം' കാവ്യശൈലിയുടെ പഴകിയ ഗന്ധം വമിപ്പിക്കുന്നു. ക്രൂരനായ ഇറച്ചിവെട്ടുകാരന്റെ പ്രവൃത്തിയിലും കാവ്യം കണ്ടെത്താൻ കഴിയുന്ന കവിതകൾ നമുക്കുള്ളപ്പോൾ, അങ്ങനെയൊരു ശൈലി നിലനിൽക്കുമ്പോൾ, എന്തിന്‌ നാം ഉള്ളിലേയ്ക്കു തിരിയുന്നു? അതും, ഭാവനാശൂന്യമായ അന്തരാളങ്ങളിലേയ്ക്ക്‌?

ബാല്യകാലസ്മരണകളെ കവിതയ്ക്കുപാധിയാക്കിയ സുരേഷ്‌ മൂക്കണ്ണൂർ, കെ. എസ്‌. ചാർവ്വാകനും, ണല്ലോരു ഭാവതലം മനസ്സിലുണർത്തുന്നു. ഹ്രസ്വ കവിതകളാണെങ്കിലും, ടി. ബി. ലാലും സത്താർ ആദൂരും, പി. ഡി. സുദർശനൻ, ഗീതാരാജൻ, മണർകാട്‌ ശശികുമാർ, രാജേഷ്‌ ചിത്തിര, ശ്രധരൻ എൻ. ബല്ല എന്നിവരും നന്നായി എഴുതി. കുറച്ചു സമയം കൂടി കവിതയ്ക്കായി ഇവർ നീക്കിവയ്ക്കുമെങ്കിൽ, "മലയാള സമീക്ഷ" ഇനിയും കാവ്യസമ്പന്നമാവും. സാഹിത്യവൃത്തിയെ തൊഴിലാക്കാനുള്ള മനസ്സുണ്ടെങ്കിൽ നന്നാകുമായിരുന്നു. കാരണം, വാക്കുകൾ ഇവർക്കു വഴങ്ങുന്നു.
സാമൂഹ്യവിമർശനം പ്രമേയമാക്കിയ രണ്ടു കവിതകളാണ്‌ മുയ്യം രാജന്റേതും, ഗിരീഷ്‌ വർമ്മയുടേയും. വി. കെ. സുധാകരന്റെ സ്വാസ്ഥ്യചിന്തയും കാവ്യാത്മകമത്രെ.


കേരളത്തിന്റെ നാളെകളിൽ കവിത പടർന്നു പന്തലിക്കുമെന്നു സന്തോഷിക്കാൻ ഈ പറഞ്ഞ കവികൾ ഇടയാക്കിയിട്ടുണ്ട്‌. കാവ്യമുകളങ്ങൾ അങ്ങിങ്ങു പൊടിക്കുന്നത്‌ ചൂണ്ടിക്കാട്ടാനുള്ള വേദിയായി "മലയാള സമീക്ഷ" വളരുമെന്നു മറ്റൊരു സന്തോഷം; പ്രതീക്ഷ.
കഥകൾ:

സാമൂഹ്യാനുഭവത്തെ കഥയ്ക്കു പ്രമേയമാക്കുന്ന എഴുത്തുകാരനാണ്‌ ജനാർദ്ദനൻ വല്ലത്തേരി. കേരളത്തിന്റെ ആദ്യ തലമുറയിലെ സാമൂഹ്യപ്രവർത്തകരുടേയും, ചിന്തകരുടേയും ഇടയിൽ കാണാവുന്ന മാനസികമായ ധീരത തെളിഞ്ഞു നിൽക്കുന്ന ദേഹം കൂടിയാണ്‌ ശ്രീ. വല്ലത്തേരി. വ്യക്തിപരമായ സംസാരത്തിൽ, ഇഷ്ടമില്ലാത്തത്‌ വെട്ടിത്തുറന്നു പറയും. ഇതേ സ്വാതന്ത്ര്യം തിരിച്ചും പ്രയോജനപ്പെടുത്തി പറയട്ടെ, ഒരു സാമൂഹ്യാനുഭവത്തിന്റെ വിവരണം കഥയാവുന്നില്ല. അതിലൊന്നായിപ്പോയി പരാമൃഷ്ടമായ ചെറുകഥ.


സണ്ണി തായങ്കരിയാവട്ടെ, കഥ കിളിർക്കുവാനുള്ള സാമൂഹ്യാന്തരീക്ഷത്തിന്റെ വിവരണത്തിലൂടെ, ഒരു സ്വാഭാവിക ക്രിയപോലെ പ്രമേയം വാർന്നുവീഴാൻ കഴിയുന്ന സങ്കേതമാണുപയോഗിച്ചതു. വിവരണങ്ങൾക്ക്‌ അൽപം ഒതുക്കമാകാമായിരുന്നു. കഥാരചനയുടെ ഭാഷാശൈലി നേരിട്ടുള്ള സംസാരത്തിന്റേതിൽനിന്നും വ്യത്യസ്തമാവണം. വിവരണമാണെങ്കിലും ഗോപ്യമായി വേണം.
പരിചയ സമ്പന്നനായ ഒരെഴുത്തുകാന്റെ പക്വതയും പാകതയും തെളിയിക്കുന്ന കഥയാണ്‌ ശ്രീ. മുകതാർ ഉദരംപൊയിലിന്റേത്‌. അച്ചടക്കമുള്ള കഥാശൈലി. ഈ കഥയെക്കുറിച്ച്‌ നല്ലതേ പറയാനുള്ളൂ.

എം. കെ. ഖരീമിന്റെ പ്രണയധ്യാനവും, സുധാകരൻ ചന്തവിളയുടെ ലൈംഗികതയെക്കുറിച്ച പ്രബന്ധവും 'മലയാള സമീക്ഷ'യുടെ മാറ്റുകൂട്ടുന്നു. ഭക്തമീരയെപ്പോലെ, കൃഷ്ണന്റെ രാധയെപ്പോലെ, പ്രണയം നമ്മുടെ ജീവിതത്തെ ധവള സമ്പന്നമാക്കുമെന്ന്‌ ഓർമ്മിപ്പിക്കുന്നു, ശ്രീ. ഖരീം. ലൈംഗികതയെക്കുറിച്ചുള്ള സുധാകരന്റെ അഭിപ്രായപ്രകടനങ്ങൾ പലതിനോടും യോജിക്കാനാവില്ലെങ്കിലും അതിനെ ചർച്ചാവിഷയമാക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ട്‌.
സാമൂഹ്യവിമർശനം:

ഈ തലക്കുറിപ്പു കൊടുക്കാവുന്ന ആറു പ്രബന്ധങ്ങളുണ്ട്‌ ആദ്യത്തെ 'മലയാള സമീക്ഷ'യിൽ. ഓരോ പ്രബന്ധവും പ്രത്യേകമെടുത്ത്‌ ചർച്ച ചെയ്യേണ്ടതുണ്ടെങ്കിലും, വലുപ്പം ഭയന്ന്‌, ഇപ്പോൾ അതിനു  മുതിരുന്നില്ല. ജോർജ്ജ്‌ ജോസഫ്‌, സിബി പടിയറ, ജി. ആർ. കവിയൂർ, ടി. എൻ. ജോയ്‌, നന്ദകുമാർ ചെല്ലപ്പനാശാരി, എ.ബി.കെ. മണ്ടായി എന്നിവർ വ്യത്യസ്ത വിഷയങ്ങളാണ്‌ അവരവരുടെ പ്രബന്ധങ്ങൾക്കു വിഷയമാക്കിയിട്ടുള്ളത്‌. എല്ലാം നല്ല നിലവാരമുള്ളവയുമത്രെ. (കാടടച്ചു വെടിവെയ്പല്ല).


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...