ഷഹീറ നസീർ
തണുപ്പിന്റെ മേലങ്കി ആർദ്രമായ ഭൂമിക്കുമേൽ സർവാധിപത്യം സ്ഥാപിച്ച ഡിസംബറിലെ ഒരു കുളിരാർന്ന രാത്രിയിലാണ് അയാൾ അവറ്റകളെ ർറൂമിൽ കൊണ്ടുവന്നത്. കളിക്കാനുള്ള സാഹചര്യങ്ങൾ കുറവായതുകൊണ്ട് മക്കൾക്ക് അതൊരു വലിയ ആശ്വാസമായിരുന്നു. നിരയൊത്ത കമ്പികൾ നീണ്ടും കുറുകിയും പാകിയ നീളൻ പല്ലക്ക് പോലെ തോന്നിച്ച ഒരു കൂട്ടിലാണ് ഇണകളെന്നു തോന്നിയ കുഞ്ഞിക്കുരുവികളുടെ താമസം. അവളതിനെ അടയ്ക്കാകുരുവികളെന്നു വിളിച്ചു.മക്കളുടെ അസാന്നിധ്യത്തിൽ സാകൂതം നോക്കിക്കണ്ടു. നാട്ടിലൊക്കെ പകൽ വെളിച്ചത്തിൽ ഈ കുസൃതികൾ പണെ്ടാക്കെ അവളുടെ തലയ്ക്കുമീതെ ശരവേഗത്തിൽ പറന്നുവന്നിട്ടുണ്ട്. ചെമ്പകക്കൊമ്പിലിരുന്ന് നിറയെ പൂമ്പൊടിയുണ്ട് ഉച്ചത്തിൽ കലപില കൂട്ടി കൂട്ടംചേർന്ന് വയലിറമ്പിലേക്കും, അവയുടെ അതിരുകളിലേക്കും പറന്നു പോയിട്ടുണ്ട് അവ. ഒരടയ്ക്കാ വലിപ്പത്തിൽ കണ്ണിന് പിടിതരാതെ മറ്റുള്ളവർക്കൊപ്പം മത്സരിച്ച് ചിറകടിച്ച് അനന്തത്തയിലേക്ക് ഊളിയിട്ടിട്ടു#്. ഇളം മഞ്ഞയും തവിട്ടും കലർന്ന തുന്നിച്ചേർത്ത പട്ട് പോലെയുള്ള കുപ്പായം കണ്ണിനാനന്ദകരാമാംവിധം വിടർത്തി അവളെ കൊതിപ്പിച്ചിട്ടുണ്ട്.
ഇവിടെ ഇന്നിപ്പോൾ തണുപ്പിന്റെ അതിരുകവിഞ്ഞ കൈകടത്തൽ അവറ്റകളെ കൂടുതൽ സമയവും കൂടിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തിരുകിയ നീളൻ റൂൾത്തടിമേൽ പരസ്പരം ചിറകുരുമ്മി നേരം കഴിച്ചുകൂട്ടാനാണ് തോന്നിച്ചതു. അവയ്ക്കായ് വിളമ്പിവച്ച തിനകൾ കാഷ്ഠം വീണ് കുതിർത്തും കമ്പികളിൽ തവിട്ട് ചുണ്ടുകളാൽ പ്രതിഷേധത്തിന്റെ ആഘാതങ്ങൾ ഏൽപ്പിച്ചും അവർ രക്ഷയുടെ പഴുതുകൾക്കായ് ചിറകിട്ടടിച്ചു. നീളൻ തൂവലുകൾ കോർത്തെടുത്ത കൂർത്തുനീണ്ട പിൻ?ാഗത്തുള്ള ഒരു കിളി, അവൻ ഇടയ്ക്കൊക്കെ പൗരുഷത്തിന്റെ ആധിപത്യം ഇണയുടെമേൽ സ്വാതന്ത്ര്യത്തോടെ അടിച്ചേൽപ്പിച്ചിരുന്നു. അവൻ തന്റെ ഇണയായ അവളോട് വലിയ ശകാരമെന്നോണം എന്തെല്ലാമോ ഉച്ചത്തിൽ കലപില കൂട്ടുകയും അവളാകട്ടെ അടുക്കളയിൽ ജന്മം തുലച്ച തറവാടിയായ വീട്ടമ്മയെ പോലെ നിൽക്കുമ്പോൾ അവനെന്തെല്ലാമായിരിക്കും ശകാരരൂപേണ അവളോട് ചോദിച്ചിട്ടുണ്ടാവുക? വലയിലകപ്പെട്ട ആ കറുത്ത ദിവസത്തെ കുറിച്ചാകുമോ അവനിങ്ങനെ അവളോട് ചോദ്യങ്ങളുടെ മുൾമുനയിൽ നിർത്തി വിസ്തരിക്കുന്നത്?
ആൺകിളി: നീ കാരണം ഞാനും ഇതിനകത്തായി. നിന്റെ അതിര് കവിഞ്ഞ ആഗ്രഹങ്ങൾ. കൂട്ടിനകത്തെ ഇളം ചൂടിനെക്കാൾ നിനക്കിഷ്ടം പുറത്ത് മരക്കൊമ്പിലെ കടും തണുപ്പിൽ മുട്ടിയിരുമ്മി ഇരിക്കാനായി രുന്നു.
പെൺകിളി: ശരിയാണ്, ഞാൻ സമ്മതിക്കുന്നു ചങ്ങാതീ. എങ്കിലും പെണ്ണായ എന്റെ അതിര് കടന്ന ആഗ്രഹങ്ങൾക്ക് മേൽ അങ്ങേയ്ക്ക് കടിഞ്ഞാണിടാമായിരുന്നുവല്ലോ. വലയുമായി പൈന്തുടർന്ന ആ തസ്കരനെ അങ്ങല്ല ആദ്യം കണ്ടത്? അങ്ങ് തന്നെയല്ലേ ആദ്യമാ കുരുക്കിൽ വീണതും. എന്നിട്ടിപ്പോ?..
ആൺകിളി : ശരിയായിരിക്കാം. തീരുമാനമെടുക്കാൻ പലപ്പോഴും ഞാൻ പലയിടത്തും വൈകിപ്പോയിട്ടുണ്ട്. ഒരു പെണ്ണായ നിന്റെ വാക്ക് കാമാന്ധനായ എന്നെ തീരുമാനങ്ങളിൽ നിന്നും അകലെയെത്തിച്ചിട്ടുണ്ട്.
നമ്മുടെ മക്കൾ, അവരുടെ അവസ്ഥ? ഈ കൊടുംതണുപ്പിൽ അവരെങ്ങനെ പിടിച്ചുനിൽക്കും ? ?
നിന്നെ കരയിപ്പിക്കാൻ വേണ്ടിയല്ല പെണ്ണേ ? അവളുറക്കെ നിലവിളിച്ചുകൊണ്ട് കമ്പികളിൽ മുഖമമർത്തി എന്തൊക്കെയോ അവനോട് പരിതപിക്കുന്നുണ്ട്. കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം അവർ വീണ്ടും റൂൾത്തടിയിലേക്ക് പറന്നിരുന്ന് ശരീരത്തോട് ഒട്ടിനിന്ന തൂവലുകൾ മുള്ളുപോലെ വിടർത്തി തണുപ്പിനെ അതിജീവിക്കുംവിധം ചേർന്നിരുന്നു.
ഇന്നലെ ഉച്ച കഴിഞ്ഞ നേരം മുതൽ രണ്ടുപേരും കൂടിന്റെ രണ്ടറ്റത്തായി കണ്ണടച്ച് ഉള്ളുറങ്ങാതെ ചിന്തിച്ചു കൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കൂട്ടിലെ പരി?വങ്ങൾക്കും പരസ്പരമുള്ള പഴിചാരലുകൾക്കും മാറ്റം വന്നതും ഇണകളായ അവർ അപരിചിതരെപ്പോലെ രണ്ടറ്റത്തും സ്ഥാനം പിടിച്ചതും അവൾ വേദനയോടെ കണ്ടുനിന്നു. ഇടയ്ക്കെപ്പോഴെങ്കിലും മരവിച്ച വിശപ്പിലേക്ക് വറുത്തെ കൊത്തിനിവർന്ന തിനയുടെ വിത്തുകൾ തീർത്തും തിരിഞ്ഞുനോക്കാതെയായി.
അവളും വെറുതെ പഴയ ചെമ്പകപ്പടർപ്പിനെയും കലപില കൂട്ടുന്ന അടയ്ക്കാക്കുരുവികളെയും പിന്നീട് സദാ സ്വപ്നം കണ്ടു. ഫ്ലാറ്റിലെ വായു കടക്കാത്ത കിടപ്പുമുറിയിൽ അവ അവളുടെ മനസ്സിന്റെ ശിഖിരങ്ങളിൽ പറന്നുകയറിയും ചിറകിട്ടടിച്ചും കുതൂഹലം കാട്ടി. പിന്നെ അതിവേഗത്തിൽ പറന്നു പോവുകയും അസ്ത്രവേഗത്തിൽ തിരികെ വന്ന് വീണ്ടും പഴയപടി തിരിഞ്ഞു പറക്കുകയും ചെയ്തു.
ഉറക്കം വരാത്ത തണുത്ത രാത്രികളിൽ, മൂടിക്കിടന്ന കനത്ത പുതപ്പിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്ന മറ്റൊരു അടയ്ക്കാ കുരുവിയായി അവൾ ദിവസങ്ങൾ കഴിച്ചുകൂട്ടി.
മക്കളുടെ വാശിപിടിച്ച ആവശ്യങ്ങളിലേക്കോ കൊഞ്ചലുകളിലേക്കോ എന്തുകൊണ്ടോ അവളുടെ ചിന്തയുടെ വൃക്ഷച്ചില്ലകൾ മുഖം തിരിഞ്ഞു നിന്നു. മഴ നിറഞ്ഞേന്തിയ നനഞ്ഞ പകലുകളിലൊന്നിൽ പണ്ട് പേരമരക്കൊമ്പിൽ കുളിർത്ത് വിറച്ച് ഒറ്റപ്പെട്ടുപോയ അടയ്ക്കാക്കുരുവിക്ക് അവളുടെ മുഖമായി രുന്നു.
തനിച്ചായി ആ പകളിൽ തറവാട്ടിലെ അകത്തളത്തിലെവിടെയോ, ആരുടെയോ കനത്ത കരങ്ങൾ അവളുടെ നിലവിളിയെ ചേർത്തമർത്തിയതും അജ്ഞാതമായ ഒരായിരം അനു?ൂതികൾ നിശ്ചലമായ അവളിൽ നിന്നും പറിച്ചെടുത്തതും അവശേഷിക്കുന്ന വിങ്ങുന്ന വേദനയാകുമ്പോൾ അവൾ അയാളിലേക്ക് മുഖമൊളിപ്പിച്ച് ഇരുട്ടിലേക്ക് ആരുടെയോ നനഞ്ഞ കാൽപ്പെരുമാറ്റങ്ങൾക്കായി, പേടിയോടെ ഉണർന്ന് കാതോർത്ത് കിടന്നു.
ദിവസങ്ങൾ കഴിയവേ തണുപ്പിന്റെ താണ്ഡവം മലമുകളിൽ നിന്നും കനത്ത പാളികളായി വീണു തുടങ്ങുകയും തൂവെള്ള ഹിമസാന്ദ്രിമയിൽ നഗരം വിറങ്ങലിച്ചുണരുകയും ചെയ്തു. അയാൾ പുലർച്ചേ നിറഞ്ഞ തണുപ്പിൽ ഓഫീസിലേക്ക് പോവുകയും കുഞ്ഞുങ്ങൾ മൂടിക്കെട്ടിയ മഴക്കോട്ടിനുള്ളിൽ ഈറൻ മനസ്സോടെ, തുറക്കാൻ മടിക്കുന്ന കണ്ണുകൾ വലിച്ചുണർത്തി സ്കൂളിലേക്ക് യാത്രയാവുകയും ചെയ്യവേ വീണ്ടും അവളൊറ്റക്കാവുകയും ഇളം കൂട്ടിലേക്ക് മനക്കണ്ണുകൾ തുറന്നുവെക്കുകയും ചെയ്തു.
ഏതെങ്കിലും പുസ്തകത്താളിലേക്ക് മനസ്സിനെ മൂടിവെയ്ക്കാൻ ശ്രമിച്ചുവേങ്കിലും വായനയിലുടനീളം മഞ്ഞയും തവിട്ടും നിറമുള്ള കുഞ്ഞിപ്പക്ഷികൾ അക്ഷരക്കൂട്ടിൽ നിന്നും പറന്നിറങ്ങി വായനയെ തടസ്സപ്പെടുത്തുംവിധം അവളെ ആക്രമിച്ചുകൊണ്ടേയിരുന്നു. അതുമല്ലെങ്കിൽ നനഞ്ഞ പേരമരക്കൊമ്പിലിരുന്ന് അവറ്റകൾ പഴുത്ത് സ്വർണ്ണനിറം പൂണ്ട പേരക്കകൾ വാശിയോടെ കൊത്തിവിഴുങ്ങുകയും തൂവലുകളിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ കുടഞ്ഞെറിഞ്ഞ് ആകാശക്കപ്പലിലേക്ക് മുങ്ങാംകുഴിയിടുകയും ചെയ്തു. അപ്പോഴൊക്കെ തൊണ്ടയിൽ കുരുങ്ങിപ്പോയ അവളുടെ നിലവിളി ദൂരെയെവിടെയോ ചെന്ന് പ്രതിധ്വനിക്കുകയും അവസാനിക്കാത്ത മാറ്റൊലികൾ മനസ്സിൽ വന്ന് നിറഞ്ഞ് ?യത്തിന്റെ മുൾമുനയിൽ തറഞ്ഞിരുന്ന ഒരു മനസ്സിന്റെ ആകുലതകൾ അവളെ വന്ന് അകാരണമായി മൂടുകയും ചെയ്തു.
രാത്രിയിൽ ഉറക്കത്തിലേക്ക് മനസ്സ് വീഴാതിരിക്കുമ്പോൾ അവൾ അയാളോട് ചേർന്നുകിടന്നു. എന്തുപറ്റി?, കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്ക് വല്ലാത്തൊരു സങ്കടം, സുഖമില്ലേ?കുഞ്ഞിനെയെന്ന പോലെ അയാൾ അവളെ നെഞ്ചോട് ചേർത്ത് നെറ്റിയിൽ ഉമ്മവച്ചു. അവളപ്പോൾ നിറഞ്ഞ കണ്ണുകൾ തുടക്കുകയും സങ്കടം വന്നുമൂടിയ തൊണ്ടയിൽ നിന്നും നിറഞ്ഞ വേദനയോടെ ഇങ്ങനെ പറയുകയും ചെയ്തു. ? എനിക്ക് വല്ലാത്ത ഭയമാകുന്നു. നമുക്കവറ്റകളെ തുറന്നു വിട്ടാലോ. എനിക്കെന്തോ സഹിക്കാനാകുന്നില്ല. മനസ്സ് നുറുങ്ങിപ്പോകുന്ന പോലെ? തുടർന്നവൾ ഏങ്ങിയേങ്ങിക്കരയുകയും അയാളുടെ നെഞ്ചിലേക്ക് മുഖമമർത്തി സുരക്ഷിതത്വത്തിന്റെ സുദൃഢതയിലേക്കെന്ന പോലെ അയാളെ ഗാഢമായി ചേർത്തു പിടിക്കുകയും ചെയ്തു.
?എന്താണിങ്ങനെ സങ്കടപ്പെടുന്നത്. നിനക്കിഷ്ടമില്ലെങ്കിൽ വേണ്ടല്ലോ.. അതിനിങ്ങനെ കരയണോ പൊന്നേ.. ദാ ഇപ്പോ തന്നെ നമുക്കതിനെ തുറന്ന് വിട്ടാലോ?. അയാളവളുടെ നീണ്ടമുടിയിഴകളിൽ മെല്ലേ തലോടി. ശേഷം അയാൾ മുറിവിട്ട് പോവുകയും പുറത്തെ പരന്ന ഇരുട്ടിലേക്ക് ചിറകടിച്ചുയർന്ന അടയ്ക്കാക്കുരുവികളുടെ ചിറകടിയൊച്ച അകത്ത് അവളെ പതിയെ ഉറക്കത്തിലേക്ക് ഉന്തിവിടുകയും ചെയ്തു. അപ്പോഴേക്കും പുറത്ത് കട്ട പിടിച്ച ഇരുളിനു മേൽ ഒരു വൻ മഴയുടെ കേളികൊട്ട് പോലെ കാറ്റും തണുപ്പും ചങ്ങല പൊട്ടിച്ചു.