കെ.ദിലീപ്കുമാർ
കള്ളന്മാരുടെ ലോകം ഇപ്പോൾ പൂർവ്വാധികം വിപുലമാണ്. അവരുടെ ചര്യകൾ വലിയ വാർത്തകളാണ്. സൈബർ മേഖലയിൽ വിലസുന്നവർ, ജൂവലറികളിലും ബാങ്ക്ലോക്കറിലും മാത്രം നോട്ടമിടുന്നവർ, വാഹനക്കവർച്ചക്കാർ, ആളില്ലാത്ത വീടുകളെ ലക്ഷ്യം വയ്ക്കുന്നവർ, വിവിധതരം വാഗ്ദാനങ്ങൾ നൽകി ലക്ഷങ്ങളോ കോടികളോ കവർന്നെടുക്കുന്നവർ എന്നിങ്ങനെ കവർച്ചയുടെ ലോകം വൈവിധ്യപൂർണ്ണമാണ്. പുതിയ സാദ്ധ്യതകൾ തെരഞ്ഞുകൊണ്ടിരിക്കുന്നതുമാണ്.
വില കൂടിയ കാറുകളിൽ സഞ്ചരിക്കുന്നവരും മുന്തിയ ഹോട്ടലുകളിൽ താമസിക്കുന്നവരും ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്നവരുമാണവർ. എന്നാൽ ചെറിയ കളവുകൾ നടത്തി, ഇരുണ്ട തടവറകളിലേക്ക് മറയുകയും പിന്നെയും പുറത്തിറങ്ങി അതുതന്നെ ആവർത്തിക്കുകയും ചെയ്യുന്ന കള്ളന്മാരുടെ മറ്റൊരു ലോകവുമുണ്ട്.
വില കൂടിയ കാറുകളിൽ സഞ്ചരിക്കുന്നവരും മുന്തിയ ഹോട്ടലുകളിൽ താമസിക്കുന്നവരും ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്നവരുമാണവർ. എന്നാൽ ചെറിയ കളവുകൾ നടത്തി, ഇരുണ്ട തടവറകളിലേക്ക് മറയുകയും പിന്നെയും പുറത്തിറങ്ങി അതുതന്നെ ആവർത്തിക്കുകയും ചെയ്യുന്ന കള്ളന്മാരുടെ മറ്റൊരു ലോകവുമുണ്ട്.
പഴയകാലത്തെ ആർഭാടരഹിതമായ മോഷണങ്ങളുടെ ലോകത്തിലൂടെ സഞ്ചരിക്കുന്ന, കുറ്റിക്കാടുകൾ നിറഞ്ഞ ഏതോ വെളിമ്പറമ്പിൽ മറ്റുള്ളവരുറങ്ങുവോളം കാത്തിരിക്കുന്ന ഒരു കള്ളൻ എന്റെ ഓർമ്മകളിലുണ്ട്. ജീവിതത്തിൽ ഞാനറിഞ്ഞ ആദ്യത്തെ കള്ളനാണയാൾ. ഗോപാലകൃഷ്ണൻ.
ഒരു ദിവസം രാത്രി, ഉറക്കത്തിനുമുമ്പ് അച്ഛനും അമ്മയും നടത്തിയ ഒരു സംഭാഷണത്തിലാണ് ഗോപാലകൃഷ്ണനെക്കുറിച്ചുള്ള ഓർമ്മകളുടെ ആരംഭമെന്നു തോന്നുന്നു.
അന്നെനിക്ക് നാലോ അഞ്ചോ വയസ്സേ ആയിട്ടുള്ളൂ.
അച്ഛൻ അമ്മയോട് പറഞ്ഞു, ഗോപാലകൃഷ്ണൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ടെന്ന്. പിച്ചളപ്പാത്രങ്ങളോ, അതുപോലെയുള്ള വിലപിടിപ്പുള്ള എന്തെങ്കിലും വീട്ടു സാധനങ്ങളോ അലക്ഷ്യമായി വീടിനു പുറത്തിടരുതെന്ന്. ഉറങ്ങുന്നതിനുമുമ്പ് വാതിലുകളിലെ സാക്ഷകളൊക്കെ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന്!
ഞങ്ങളുടെ വീട്ടിലെ പുറം ജോലികളിൽ സഹായിക്കുന്ന പാറുപ്പണിക്കത്തിയുടെ മകനാണ് ഗോപാലകൃഷ്ണൻ. കൊതിച്ചിപ്പാറു, നുണച്ചിപ്പാറു എന്നിങ്ങനെ സ്വകാര്യമായും, പണിക്കത്തിയെന്ന് നേരിട്ടും വീട്ടമ്മമാർ അവരെ സംബോധന ചെയ്തിരുന്നു. ഐ ജി ഓഫീസിൽ ഉദ്യോഗസ്ഥനായ എന്റെ അച്ഛന് ഓഫീസിൽ നിന്നു കിട്ടിയ അറിവാണ്, ഗോപാലകൃഷ്ണൻ ജയിലിൽ നിന്നും പുറത്തിറങ്ങുന്നുവേന്ന വിവരം.
ഗോപാലകൃഷ്ണന് ഒരു പ്രത്യേകതയുണ്ട്. അമ്മ ജോലിക്കു നിൽക്കുന്ന വീടുകളാണ് അയാൾ ഓപ്പറേഷന് തെരഞ്ഞെടുക്കാറുള്ളത്. അങ്ങനെയെങ്കിൽ ഞങ്ങളുടെ വീട്ടിലും അവർ പുറം ജോലിക്ക് സഹായിക്കുന്ന മറ്റു രണ്ടു വീടുകളിലും മോഷണത്തിനുള്ള സാദ്ധ്യത കൂടുതലാണ്.
ഒരു ദിവസം ഉച്ചയ്ക്ക് ഗോപാലകൃഷ്ണൻ ഞങ്ങളുടെ വീട്ടിൽ വന്നു. പാറുപ്പണിക്കത്തിയെ കാണാനാണ് വന്നത്. വീട്ടിലെ കൊട്ടിയമ്പലത്തിനുള്ളിൽ കയ്യാലയോട് ചേർന്ന് അയാൾ നിൽക്കുന്നതിന്റെ ദൃശ്യം എന്റെ ഓർമ്മയിലുണ്ട്. ഒരു പക്ഷേ ഗോപാലകൃഷ്ണൻ ആ ഒരൊറ്റ ദൃശ്യത്തിൽ മാത്രമേ എന്റെ ഓർമ്മയിലെവിടെയുമുള്ളൂ.
അയാൾ ഒരു ചെറുപ്പക്കാരനായിരുന്നു. മുപ്പതുവയസ് പ്രായം കാണും. മുഷിഞ്ഞ വെള്ള ഷർട്ടും മുണ്ടുമായിരുന്നു വേഷം. മുഖത്ത് ക്ഷീണമോ നിരാശയോ ഉണ്ട്. അവശമായ ശരീരം, ചീകിയൊതുക്കാത്ത മുടി.
അയാൾ കൊട്ടിയമ്പലത്തിനടുത്ത് ഏറെനേരം കാത്തുനിന്നു. എല്ലാവരും അയാളെ അവഗണിച്ചു.
എപ്പോഴാണ് അയാൾ അവിടെ നിന്ന് പോയത്?
ഏതായാലും അന്നു രാത്രി ഞങ്ങളുടെ വീട്ടിൽ മോഷണം നടന്നു. പൈറ്റ് ദിവസം രാവിലെ കോഴിക്കൂട് തുറന്നു കിടന്നിരുന്നു. രണ്ടു കോഴികളെയാണ് അയാൾ പിടിച്ചുകൊണ്ടുപോയത്. അവശേഷിച്ച മൂന്നു കോഴികൾ രക്ഷപ്പെട്ടതാണോ, അതോ അവയെ അയാൾ ഞങ്ങൾക്കായി ബാക്കിവച്ചതാണോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയം അവശേഷിക്കുന്നു.
?ഇതങ്ങനെ വിട്ടുകൂടാ. പോലീസ് സ്റ്റേഷനിൽ ഞാനൊരു പരാതി എഴുതിക്കൊടുക്കും?. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിൽ അച്ഛൻ ഉറക്കെ പ്രസ്താവിച്ചു. പാത്രം കഴുകുന്ന പാറുപ്പണിക്കത്തി അതു കേട്ടു കാണുമെന്ന് ഞാൻ വിചാരിക്കുന്നു.
മോഷണം നടത്തിയത് ഗോപാലകൃഷ്ണനാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെന്ന തരത്തിലായിരുന്നു, അച്ഛന്റെയും അമ്മയുടെയും മട്ടും ഭാവവുമൊക്കെ.
എന്നാൽ ഇതൊന്നും തന്നെ സ്പർശിക്കുന്നതല്ലെന്ന നാട്യത്തോടെ പാറുപ്പണിക്കത്തി ജോലികൾ തുടർന്നുകൊണ്ടിരുന്നു. അവരുടെ മുഖത്ത് നിർവ്വികാരതമാത്രം.
അമ്മ ചേച്ചിയോട് രഹസ്യമായി പറഞ്ഞു: ?ആ തള്ളയുടെ ഭാവം കണ്ടില്ലേ. ഒന്നും അറിയാത്തതുപോലെ!?
?അതിന് മോഷണക്കാര്യമൊക്കെ തള്ളയോട് അയാൾ പറഞ്ഞുകാണുമോ??
?മോഷണപ്പങ്ക് പണിക്കത്തിക്കും കിട്ടിക്കാണും. കള്ളിയാണവർ. തള്ളയുടെ സ്വഭാവം തന്നെ മകനും കിട്ടിയത്.?
?അതിന് മോഷ്ടിച്ചതു അയാൾ തന്നെയാണെന്ന് എന്താണൊരുറപ്പ്??
?അവനല്ലാതെ ആരാണ് ഇവിടെ കോഴി മോഷ്ടിക്കാൻ വരുന്നത്? പോലീസുകാരുടെ അടിയും തൊഴിയും കൊണ്ട് അവൻ എല്ലും തോലുമായി. എന്നിട്ടും പഠിച്ചിട്ടില്ല.?
?കഷ്ടം!?
?എന്തു കഷ്ടം? എന്തെങ്കിലും ജോലി ചെയ്തു കൂടേ? ഇനി അവന് ജോലിചെയ്യാനും വയ്യ! അടികൊണ്ട് ക്ഷയം പിടിച്ചെന്നാണ് പണിക്കത്തി പറയുന്നത്.?
ചേച്ചിയും അമ്മയും തമ്മിലുള്ള സംഭാഷണം ആവർത്തിക്കുന്ന മനസ്സുമായി ഞാൻ തൊടിയിലൊക്കെ ചുറ്റി നടന്നു. അണ്ണാന്മാർ, ചിത്രശലഭങ്ങൾ, ചുണ്ടയ്ക്കാ കുരുവികൾ, എല്ലാം ചുറ്റിനും ഉണ്ടായിരുന്നെങ്കിലും എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല. വെറുതെ തൊടിയിലൂടെ ഞാൻ നടന്നുകൊണ്ടേയിരുന്നു. മാമരങ്ങൾക്കും പ്ലാവുകൾക്കും മുകളിൽ ആകാശത്തിന്റെ ആകൃതി എന്റെ നടത്തയ്ക്കൊപ്പം മാറിക്കൊണ്ടിരുന്നു. ആകൃതി മാറുന്ന മേഘങ്ങളും, ഇടയ്ക്കിടെ വെള്ളം കുടിക്കാൻ പോകുന്ന വെയിലും എനിക്കുചുറ്റും ചിത്രങ്ങൾ വരച്ചുമായ്ച്ചു.
അന്നത്തെ ഉച്ചയൂണു കഴിഞ്ഞ് വരാന്തയിലെ സിമന്റുതറയിൽ കിടന്ന് ഞാൻ ഉറങ്ങി. ഉറക്കെയുള്ള പതം പറച്ചിലുകളും കരച്ചിലുമാണ് ആ ഉറക്കത്തിൽ നിന്നും എന്നെ ഉണർത്തിയത്.
ഞാൻ പിടഞ്ഞെണീറ്റ് കരച്ചിൽകേട്ട ദിക്കിലെത്തി. പാറുപ്പണിക്കത്തി അടുക്കളക്കു പുറത്തുള്ള വരാന്തയിലിരുന്ന് കരയുന്നു. എന്നെ കണ്ടപ്പോൾ അവരുടെ കരച്ചിൽ അധികരിച്ചതുപോലെ തോന്നി. കരയുന്നവരെ കാണുമ്പോൾ എനിക്കും കരച്ചിൽ വരും. എങ്കിലും ഞാനത് നിയന്ത്രിച്ചു.
പാറുപ്പണിക്കത്തിക്കരികിൽ ഒരു *കടവമിരിപ്പുണ്ട്. കടവത്തിൽ നീളൻ ചോറ്റുപാത്രങ്ങളുണ്ട്. തൊട്ടരികിൽ, ഒരു സഞ്ചിയിൽ ഞങ്ങളുടെ മോഷണംപോയ കോഴികളെ കെട്ടിവച്ചിട്ടുണ്ട്.
അക്കാലത്തൊക്കെ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കുമുള്ള ഉച്ചഭക്ഷണം, നീളൻ ചോറ്റുപാത്രങ്ങളിൽ അടുക്കിവച്ച് വീടുകളിൽ നിന്നും എത്തിക്കുന്ന പതിവുണ്ടായിരുന്നു. അച്ഛന്റെയും മറ്റു നാലഞ്ചുദ്യോഗസ്ഥന്മാരുടെയും ഉച്ചഭക്ഷണം കൊണ്ടുപോയി കൊടുത്തിരുന്നത് പാറുപ്പണിക്കത്തിയായിരുന്നു.
ഉച്ചഭക്ഷണമെത്തിച്ച പണിക്കത്തിയോട്, മോഷണമുതൽ പോലീസ് സ്റ്റേഷനിലുണ്ടെന്നും, മടങ്ങിപ്പോകുമ്പോൾ അതുകൂടി വീട്ടിലെത്തിക്കണമെന്നും അച്ഛൻ പറഞ്ഞുവത്രെ.
പോലീസ് സ്റ്റേഷനിൽ നിന്നും മോഷണമുതലുമായി എത്തിയിരിക്കുകയാണ്, പാറുപ്പണിക്കത്തി. മോഷ്ടാവ് അവരുടെ മകൻ തന്നെ!
ഒന്നു രണ്ടു മാസത്തിനകം ഗോപാലകൃഷ്ണൻ വിവാഹം കഴിച്ചു. ഗോമതി എന്നുപേരുള്ള സുന്ദരിയായ ഒരു പതിനാറുകാരിയായിരുന്നു വധു.
ആ ദാമ്പത്യത്തിന്റെ കഥ മറ്റൊരു ദാരുണമായ ഓർമ്മയാണ്.
*കടവം - പനയോലകൊണ്ട് നിർമ്മിതമായ വട്ടി.