എസ്.ഭാസുരചന്ദ്രൻ
പി.എൻ.മേനോൻ |
അരവിന്ദൻ |
ടി.വി.ചന്ദ്രൻ |
സിനിമയിലേക്ക് വരുമ്പോൾ? മുക്തകണ്ഠപ്രശംസയുടെ ഐ.എസ്.ഐ മാർക്കുള്ള ഒരു 50 സിനിമയെങ്കിലും മലയാളത്തിൽ പിറന്നുകഴിഞ്ഞിട്ടുണ്ട്. മിനക്കെട്ട് ഇരുന്നാൽ ഒരു 100 സിനിമകളുടെ ലിസ്റ്റുണ്ടാക്കാൻ കഴിയുമെന്നു തോന്നുന്നു. ഉദ്ദേശക്കുന്നത് ആ പഴയ ഭാർഗ്ഗവിനിലയവും ചെമ്മീനും പണിതീരാത്തവീടും ഒന്നുമല്ല. എഴുപതുകൾ മുതൽ ഇവിടെ പുറത്തുവന്ന്, പുതിയ സിനിമ എന്ന പേരിൽ അറിയപ്പെട്ട്, തീയേറ്ററിൽ തോറ്റെങ്കിലും പുരസ്കാര സ്റ്റേഡിയത്തിൽ വിജയിച്ച്...ആ സിനിമകൾ ഏതെന്നു' നിങ്ങൾക്ക് കിട്ടിക്കഴിഞ്ഞു.
ഗൗരവമേറിയ പ്രമേയം. നൂതനമായ ആവിഷ്കാരരീതി. 'പാട്ടും കീട്ടു'മൊന്നുമില്ലാതെ സംശുദ്ധമായ മാധ്യമ പൂജ. സിനിമയുടെ പണ്ഡിതസങ്കൽപങ്ങളെ സംപ്രീതമാക്കാനൊരു കലാസൃഷ്ടി.
കവി ക്യാമറയിൽ നിന്നിറങ്ങി എഡിറ്റിംഗ് ടേബിളിലൂടെ, ഡബ്ബിംഗ് തീയേറ്ററിലൂടെ കറങ്ങിത്തിരിഞ്ഞ് തീയേറ്ററിൽ വന്ന് ആ സിനിമ ജനങ്ങളിൽ പ്രവർത്തിച്ചു തുടങ്ങുകയാണ്. അവിടെ പ്രശ്നം ഉദ്ഘാടനം ചെയ്യപ്പെടുകയായി.
കാശുമുടക്കി ടിക്കറ്റെടുത്തു 'ഒരു തീയേറ്ററിൽ ഒത്തു കൂടിയിരിക്കുന്ന സദസ്സിനു മുന്നിൽ സ്ക്രീൻ ചെയ്യുന്നതോടെയാണ് ഒരു സിനിമ ജനങ്ങളുമൊത്ത് ജീവിക്കാൻ തുടങ്ങുന്നത്. ഒരു സിനിമ ഏതു രൂപഭാവങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നു എന്നതിൽ നിന്ന് വ്യത്യസ്തമായി, ഒരു പക്ഷേ പാടെ വ്യത്യസ്തമായി ഒരു പക്ഷേ പാടെ വ്യത്യസ്തമായി, ആ സിനിമ അതിനു മുമ്പിലെത്തുന്ന പ്രേക്ഷകരോട് എങ്ങനെ പെരുമാറുന്നു എന്ന ചോദ്യമുണ്ട്. മനുഷ്യരുടെ കാര്യത്തിലെന്ന പോലെ തന്നെ ഒരു സിനിമയുടെ ക്യാരക്ടറിൽ നിന്ന് ഭിന്നമായി അതിന്റെ ബിഹേവിയർ ഏന്ന ഒന്നുണ്ട്. അരവിന്ദന്റെ 'കാഞ്ചനസീത' എടുക്കൂ. എത്ര ഒറിജിനലായ ഒരു സിനിമ! പക്ഷേ അടുക്കുവാൻ പറ്റുമോ ആർക്കെങ്കിലും? 'തമ്പ്' നോക്കുക. അത്യുന്നമായ ചലച്ചിത്രം. പക്ഷേ തീയേറ്ററിൽ കയറുന്ന പാവങ്ങൾ ബോറടിച്ചു മരിച്ചുപോവില്ലേ? അടൂരിന്റെ 'അനന്തരം' നോക്കുക. ചലച്ചിത്ര സംവിധാനത്തിലെ ഐവാൻ ദ ടെറിബിൾ ആയ പി.എൻ.മേനോനും നാടകകലയിലെ ഇടവെട്ടായ എൻ.എൻ.പിള്ളയും 'അനന്തര'ത്തെപ്പറ്റി മിഴികൾക്ക് വിസ്താരം കൂട്ടുന്ന ആശ്ചര്യത്തോടെ എന്നോടു സംസാരിച്ചിട്ടുണ്ട്. സിനിമ എന്ന നിലയിൽ മലയാളത്തിന് സ്വപ്നം കാണാൻ കഴിയുന്നതിനും അപ്പുറമാണ് അടൂരിന്റെ അനന്തരവും മുഖാമുഖവും എലിപ്പത്തായവും നിൽക്കുന്നത്.
സിനിമ ഒരുപാട് അപ്പുറവും പ്രേക്ഷകർ ഏറെ ഇപ്പുറവും നിൽക്കുമ്പോൾ തിയേറ്ററിൽ സംഭവിക്കുന്നത് ആ സിനിമകളുടെ കാര്യത്തിലും ഉണ്ടായി. ആ സിനിമകൾ തീർച്ചയായും അവരുടെ രചയിതാവിനെ ലോകസിനിമയിലെ മാസ്റ്റർമാരുടെ നിരയിലേക്ക് എടുത്തുയർത്തുന്നുണ്ട്. അപ്പോഴും ആ മാസ്റ്റർ രചനകൾ അവ പിറന്നുവീണ മണ്ണിലെ മനുഷ്യരാൽ സ്നേഹിക്കപ്പെടാതെ പോകുന്നു. ഷാജിയുടെ ഉജ്ജ്വലമായരചനകളായ പിറവിയുടെയോ സ്വമ്മിന്റെയോ മുന്നിലെത്തിയ നാട്ടുകാർ എന്താണനുഭവിച്ചതു? നാട്ടുംപുറത്തുകാർ ചില വലിയ കക്ഷികളെപ്പറ്റി നിഷ്കളങ്കമായ ഒരു പരിഭവം പറയും. കണ്ടിട്ട് ഒന്നും മിണ്ടിയില്ല എന്ന്. ഒന്നു നോക്കുകപോലും ചെയ്തില്ല എന്ന്.
നമുക്ക് അങ്ങോട്ടുകയറിചെല്ലാനും ഇടപഴകാനും ഹൃദയം കൈമാറാനും പ്രേരിപ്പിക്കുന്നൊരു സൗഹൃദം, ഒരു ഊഷ്മളത, നാടൻമട്ടിൽതന്നെ പറഞ്ഞാൽ എന്തോ 'ഒരിത്' കൈവശമില്ലെങ്കിൽ എത്രഗംഭീരമായ സിനിമയും അതിന്റെ പ്രേക്ഷകരാൽ തഴുകപ്പെടാതെ, ആശ്ലേഷിക്കപ്പെടാതെ, ചുംബിക്കപ്പെടാതെ കടന്നു പോകുന്നു. കഷ്ടമല്ലേ അത്? ചില മിനിമം കരുതലുകൾ കൊണ്ട് പരിഹരിക്കാവുന്നതല്ലേ?
എനിക്ക് തോന്നുന്നത് ഒരു വലിയ സിനിമ, അത്രയും വലിപ്പമൊന്നും സ്വയംഭാവിക്കാതെ 'ഓഡിയൻസ് ഫ്രണ്ട്ലി' ആയി പെരുമാറിയാലും ആ വിസ്താരം, ആ ആഴം, അങ്ങനെ തന്നെ ഉണ്ടാവുകയും അത് ഫലപ്രദമായി വിനിമയം ചെയ്യപ്പെടുകയും ആവാം എന്നാണ്. മസ്തിഷ്കഭാരം കൊണ്ട് കനംതൂങ്ങി നിൽക്കുന്ന ഒരു നൂറു ക്ലാസിക്കുകളുടെ പേരുകളെടുത്ത ഈ തോന്നലിനെ വെട്ടാൻ വരുന്നവരോടും രണ്ട് വാക്ക്: സത്യജിത്‌റായിയുടെ 'പഥേർ പാജ്ഞാലി' ക്ലാസിക്കാണെന്ന കാര്യത്തിൽ സംശയമില്ലൊല്ലോ. പ്രേക്ഷകരോട് ഏറ്റവും ഫ്രണ്ട്ലി ആയ സിനിമ കൂടിയാണത്. ചാർളി ചാപ്ലിൻ സിനിമകളുടെ പ്രമേയഗൗരവത്തെപ്പറ്റി ആർക്കാണ് തർക്കം? പക്ഷേ ലോകം ആ ഗൗരവത്തിനകത്തിരുന്നു ചിരച്ചുവശം കെടുകയല്ലേ ചെയ്തത്?
ഗുരുതരമായൊരു പ്രമേയം അത്രയും തന്നെ കടുപ്പത്തിൽ ആവിഷ്കരിക്കാൻ ഏതു കലാരൂപത്തിലും വലിയൊരു കലാകാരൻ ആവശ്യമില്ല. ഗൗരവത്തിൽ നിന്ന് ഗൗരവം നീക്കം ചെയ്തശേഷവും അത്രതന്നെ ഗൗരവം അവശേഷിപ്പിക്കാനാണ് വലിയ ആർട്ടിസ്റ്റ് വേണ്ടത്. ആ തലത്തിലെത്തുമ്പോഴെ ഒരു ചലച്ചിത്രകാരൻ സുപ്രീംഫിലിം മേക്കറാവുകയുള്ളൂ എന്ന് ഞാൻ വിചാരിക്കുന്നു. ഇതിനായുള്ള വിദ്യകളൊന്നും ഫിലിം ഇൻസ്റ്റിട്ട്യൂട്ടുകളിൽ പഠിപ്പിക്കുന്നുണ്ടാവില്ല. ഇവിടെയൊക്കെ ചുമ്മാ വള്ളം ഉണ്ടാക്കാൻ പഠിപ്പിക്കുകയാവണം. ഉറങ്ങാൻ കള്ളു വേറെ വേണം എന്നു പറഞ്ഞതുപോലെ കടലിൽ ഇറക്കിയാൽ മുങ്ങാത്തവള്ളം ഉണ്ടാക്കാൻ വേറെ പഠിക്കണം.
എനിക്ക് തോന്നുന്നു, ക്ലിക്ക് ചെയ്യുന്ന ഒരു സിനിമയുടെ പ്രേക്ഷകർ ആഡിറ്റോറിയത്തിലല്ല ഇരിക്കുന്നത് എന്ന്. പ്രേക്ഷകന് ഇരിക്കാനും നിൽക്കാനും ഒന്നു നടക്കാനുമൊക്കെ അയാൾ കാണുന്ന സിനിമയ്ക്കകത്തു തന്നെ സ്ഥലം ഉണ്ടാവണം. അവിടേക്കു കയറി ചെല്ലാൻ അയാൾക്കു തോന്നണം.
പ്രേക്ഷകന്റെ സ്പേസ് എന്നത് സിനിമയ്ക്കകത്തു തന്നെയാണ്, അല്ലാതെ അതിനു പുറത്തല്ല. അതില്ലാതെ വരുമ്പോഴാണ് അയാൾ സിനിമയ്ക്കു പുറന്തിരിഞ്ഞ് നടന്നു പോവുന്നത്. അപ്പോൾ പറയും, ഉത്തരാധുനിക സിനിമ-അതുവളരെ കുറച്ചുപേർ മാത്രം കണ്ടാൽമതി എന്ന്. ഇവിടെ ഞാൻ താൽക്കാലികമായി ഒരു തീവ്രവാദിയാവുന്നു. കുറച്ചുപേർക്ക് മാത്രം കാണാനുള്ള സിനിമ സിനിമയേ അല്ല. ടിക്കറ്റ് കൗണ്ടറിനുമുന്നിൽ നീണ്ട ക്യൂ രൂപപ്പെടാത്ത സിനിമാതിയേറ്റർ സിനിമാതിയേറ്ററേ അല്ല. ഇതൊക്കെ സിനിമയേക്കാൾ ഗഹനവും തിയേറ്ററിനെക്കാൾ മഹത്തും ആയ വേറെ എന്തോ സംഭവമാവുകയേ ഉള്ളൂ. നിർഭാഗ്യവശാൽ ജനാരണ്യപരത എന്നത് സിനിമയുടെ ഡി.എൻ.എയിൽ ഉള്ളതാണ്. നമ്മുടെ ടി.വി.ചന്ദ്രൻ ശ്രമിച്ചാൽപോലും അതിനു മാറ്റാൻ ബാധിക്കില്ല. പത്തൊൻപതാം നൂറ്റാണ്ടിനൊടുവിൽ സിനിമയായി പിറന്ന ആദ്യത്തെ ദൃശ്യങ്ങളിലൊന്ന് ഒരു ഫാക്ടറി വിട്ട് ജനങ്ങൾ കൂട്ടത്തോടെ ഇറങ്ങിവരുന്നതാണ്. മറ്റൊന്ന് ചടുലമായി പാഞ്ഞു പോകുന്നൊരു കുതിര. ആദ്യത്തേതിനകത്തു തന്നെയുണ്ട് ജനം. രണ്ടാമത്തേത് ജനകീയമായ ഒരു കൗതുകകാഴ്ചയും.
കുറിച്ചുവച്ചോളൂ. ലോകമൊട്ടാകെ തന്നെ കടുംഗൗരവ സിനിമയുടെ കാലം കഴിയുകയാണ്. സംസ്ഥാനത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കഴിഞ്ഞ പത്തുപതിനഞ്ചുവർഷങ്ങൾ എടുത്താൽ തന്നെ ഇതു വ്യക്തമാവും. ഭാരമേറിയ സിനിമകളുടെ വംശം അന്യംനിന്നു. അർത്ഥവത്തായ സിനിമകൾ തുടരുകയും ചെയ്യും. ഫ്രഞ്ച് സിനിമയിൽ ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയ്ക്ക് അരിഞ്ഞെടുത്തുവയ്ക്കുന്ന 'ന്യു വേവി'നെയും 'സിനിമാവെരിഞ്ഞ'യെയും പിന്തള്ളി ഇപ്പോൾ സിനിമാ ദു ലുക്കി ന്റെ യുഗമാണ്. ഉള്ളടക്കത്തേക്കാൾ ശൈലിക്ക് മുൻതൂക്കം നൽകുന്ന തരം സിനിമ. രചനയിൽ നിന്ന് പരുക്കത്തരം നീക്കാനും അതിനെ ജനപ്രിയങ്കരമാക്കും വിധം ദൃശ്യഹൃദ്യമാക്കാനും തന്നെയാണ് 'ലുക്കി'ൽ ശ്രദ്ധിക്കുന്നത്. ഴാങ്ങ് ജാക് ബിൻഡക്ഡ് സംവിധാനം ചെയ്ത 'ദിവ' (1981) എന്ന സിനിമയോടെ അവിടെ പ്രസ്ഥാനം എന്ന നിലയിൽ ലുക് നിലവിൽ വന്നു. 'ഴാങ്ങ് പിയേ ജ്യൂനൈറ്റ്, മാർക്ക് കാറോ തുടങ്ങിയ ചലച്ചിത്രകാരന്മാർ അതിനെ മുന്നോട്ടുകൊണ്ടു പോയി. ജീവിതം അതിന്റെ അസ്സൽ രൂപത്തിൽ ഫ്രഞ്ച് സിനിമയ്ക്ക് വേണ്ടാതായിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞു.
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാനതു നേടിയെടുക്കുകയും ചെയ്യും എന്ന ആചാര്യൻ ബാലഗംഗാധരതിലകിന്റെ പ്രശസ്തമായ രാഷ്ട്രീയ ഉദ്ധരണിയെ നമസ്കരിച്ചുകൊണ്ട് ഏതു ജീനിയസ്സായ ചലച്ചിത്രകാരനും ഇങ്ങനെ പ്രതിജ്ഞയെടുക്കുക; തീയേറ്റർ കവാടത്തിലെ ഉന്തും തള്ളും എന്റെയല്ലെങ്കിലും സിനിമയുടെ ജന്മാവകാശമാണ്; എനിക്ക് വേണ്ടിയല്ലെങ്കിൽ സിനിമയ്ക്കു വേണ്ടി, ഞാനതു നേടിയെടുക്കുകയും ചെയ്യും
.
ഓർക്കുക, നേടിയെടുത്തില്ലെങ്കിൽ അത് അയാളുടെ പ്രശ്നമാണ്. അല്ലാതെ സിനിമയുടെ അല്ല.